Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലബാർ സിമന്റ്‌സിലെ അഴിമതി: ആരോപണം ആർക്കെതിരെ ആയാലും അന്വേഷണം വേണമെന്ന് വി എസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ; ആരോപണങ്ങൾ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള യുഡിഎഫ് തന്ത്രമെന്ന് എളമരം കരീം

മലബാർ സിമന്റ്‌സിലെ അഴിമതി: ആരോപണം ആർക്കെതിരെ ആയാലും അന്വേഷണം വേണമെന്ന് വി എസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ; ആരോപണങ്ങൾ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള യുഡിഎഫ് തന്ത്രമെന്ന് എളമരം കരീം

 തിരുവനന്തപുരം: സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗവും മുൻ വ്യവസായ മന്ത്രിയുമായ എളമരം കരീമിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും കെപിസിസി പ്രസിഡന്റ് വി എം സുധീരനും രംഗത്തെത്തി. ആരോപണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് സുധീരൻ ആവശ്യപ്പെട്ടപ്പോൾ ആർക്കെതിരെ അഴിമതി ആരോപണം ഉണ്ടെങ്കിലും അന്വേഷണം വേണമെന്നായിരുന്നു വിഎസിന്റെ അഭിപ്രായം. അതേസമയം ആരോപണങ്ങൾ നിഷേധിച്ച് എളമരം കരീമും രംഗത്തെത്തി.

എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന സമയത്ത് മന്ത്രിയായിരുന്ന എളമരം കരീം കൈക്കൂലി വാങ്ങിച്ചെന്ന് മലബാർ സിമന്റ്‌സ് മുൻ എംഡി എം സുന്ദരമൂർത്തി കഴിഞ്ഞ ദിവസം കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു. വി എം. രാധാകൃഷ്ണനാണ് (ചാക്ക് രാധാകൃഷ്ണൻ) എളമരം കരീമിന് കൈക്കൂലി നൽകിയതെന്നാണ് സുന്ദരമൂർത്തിയുടെ മൊഴി. കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് മനോരമ ന്യൂസ് ആണ് പുറത്തുവിട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം.

വിഷയം ഏറ്റുപിടിച്ച വി എം സുധീരൻ ആരോപണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. മലബാർ സിമന്റ്‌സിലെ ജീവനക്കാരനായ ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണം സിബിഐ അന്വേഷിച്ചത് ശരിയായ രീതിയിലല്ല. കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും സുധീരൻ പറഞ്ഞു.

എളമരത്തിനെതിരായ ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടു. അഴിമതി ആരോപണം ആർക്കെതിരെ ഉയർന്നാലും നടപടി വേണം. ആരോപണങ്ങൾ തനിക്കെതിരെ ആയാലും അന്വേഷിക്കണം. കെഎം മാണിയുടേയും കെ ബാബുവിന്റേയും കാര്യത്തിൽ ഇതുതന്നെയാണ് നടക്കുന്നത്. കരീമിനെതിരെ മൊഴിയുണ്ടെങ്കിൽ സ്വാഭാവികമായും അന്വേഷണം നടക്കുമല്ലോയെന്നും വി എസ് ചോദിച്ചു.

ഇതേസമയം ആരോപണങ്ങൾ നിഷേധിച്ച് എളമരം കരീം രംഗത്തെത്തി. സുന്ദരമൂർത്തിയുടെ മൊഴിയിൽ വിശ്വാസ്യതയില്ലെന്നാണ് എളമരത്തിന്റെ പ്രതികരണം. യുഡിഎഫിലെ അഴിമതികൾ മറച്ചുവെക്കാനാണ് ഇത്തരം വാർത്തകൾ മാദ്ധ്യമങ്ങൾ പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലബാർ സിമന്റ്‌സ് സന്ദർശിക്കാൻ എളമരം കരീം എത്തിയപ്പോഴായിരുന്നു പണമടങ്ങിയ കവർ അദ്ദേഹത്തിന് നൽകിയതെന്ന് സുന്ദരമൂർത്തി എറണാകുളം സിജെഎം കോടതിയിൽ നൽകിയ 164 സ്‌റ്റേറ്റ്‌മെന്റിൽ പറയുന്നു. വി എം. രാധാകൃഷ്ണൻ ആനന്ദൻ വഴി സുന്ദരമൂർത്തിയിൽ എത്തിച്ച പണം എളമരം കരീമിന് വാളയാർ ഗസ്റ്റ് ഹൗസിൽ വച്ച് കൈമാറി. ഒരക്ഷരം പോലും ചോദിക്കാതെ മന്ത്രി ഈ കവർ വാങ്ങിക്കുകയായിരുന്നുവെന്ന് മൊഴിയിൽ പറയുന്നു. എൽഡിഎഫ് ഭരണത്തിൽ വ്യവസായ മന്ത്രിയായിരുന്നു എളമരം കരീം.

2010 ജൂലൈ 24നാണ് ഗസ്റ്റ് ഹൗസിൽ വച്ച് മന്ത്രിക്ക് പണം കൈമാറിയത്. എന്നാൽ, എത്ര രൂപയാണ് കൈമാറിയതെന്ന് സംബന്ധിച്ച് വിവരം രഹസ്യമൊഴിയിൽ പറയുന്നില്ല. മലബാർ സിമന്റ്‌സ് സെയിൽസ് ഓഫീസ് ഉദ്ഘാടനം ചെയ്യാനായിരുന്നു എളമരം കരീം മലബാർ സിമന്റ്‌സിൽ എത്തിയത്. മലബാർ സിമന്റ്‌സിലെ ജീവനക്കാരനായ ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളാണ് സുന്ദരമൂർത്തിയും വി എം രാധാകൃഷ്ണനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP