Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ ജീവനക്കാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വിലക്കില്ല; പ്രതിഷേധം ശക്തമായതോടെ ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ഉത്തരവ് മുഖ്യമന്ത്രി മരവിപ്പിച്ചു; ഉത്തരവ് പഠിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം

സർക്കാർ ജീവനക്കാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വിലക്കില്ല; പ്രതിഷേധം ശക്തമായതോടെ ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ഉത്തരവ് മുഖ്യമന്ത്രി മരവിപ്പിച്ചു; ഉത്തരവ് പഠിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തിയ ഉത്തരവ് മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തുന്ന ഉത്തരവിനെതിരെ പ്രതിഷേധം ശഖ്തമായ സാഹചര്യത്തിലാണ് നടപടി. ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ഉത്തരവ് മരവിപ്പിച്ച മുഖ്യമന്ത്രി അടിയന്തിരമായി ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.

ഇക്കഴിഞ്ഞ 11ാം തീയതിയാണ് സർക്കാർ ജീവനക്കാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തുന്ന ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവ് പ്രകാരം ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുകയായിരുന്നു. സ്വകാര്യ റേഡിയോ, ടെലിവിഷൻ ചാനലുകൾ നടത്തുന്ന കലാ,കായിക, വിനോദ, ഭാഗ്യാന്വേഷണ പരിപാടികളിൽ പങ്കെടുക്കണമെങ്കിൽ മേലുദ്യോഗസ്ഥന്റെ അനുമതി വേണമെന്ന വിധത്തിലായിരന്നു പരിഷ്‌ക്കാരം. ഓരോന്നും വെവ്വേറെ പരിശോധിച്ച ശേഷമാകും അനുമതി നൽകുക. സിവിൽ സർവീസിന്റെ തലപ്പത്തുള്ളവരുൾപ്പടെയുള്ള ജീവനക്കാർ സർക്കാരിനെ വിമർശിക്കുന്നതും നവ മാദ്ധ്യമങ്ങളിൽ സജീവമാകുന്നതുമൊക്കെ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നതു കൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

സർക്കാർ ജീവനക്കാർ ഇനി മുതൽ അവരുടെ സാഹിത്യ സൃഷ്ടികളോ ഗവേഷണ പ്രബന്ധങ്ങളോ ലേഖന സമാഹാരങ്ങളോ പഠനസഹായികൾ എന്നിവ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കണമെങ്കിൽ അതിന്റെ പ്രസാധകൻ അവതാരികാകാരൻ തുടങ്ങിയവരുടെ വിവരങ്ങൾ വരെ സർക്കാരിന് മുൻകൂട്ടി നൽകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. പുസ്തകത്തിന് നിശ്ചയിക്കുന്നതിനുള്ള വില എത്രയെന്നും വ്യക്തമാക്കി സർക്കാരിൽ നിന്നും മുൻകൂർ അനുമതി തേടണം. മാത്രമല്ല, പ്രസ്തുതപുസ്തകത്തിൽ ദേശതാൽപ്പര്യങ്ങൾക്ക് വിരുദ്ധവും സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നതുമായ യാതൊന്നുമില്ലെന്നും പുസ്തകത്തിന് ലാഭേച്ഛ കൂടാതെ ന്യായവില മാത്രമേ നിശ്ചയിച്ചിട്ടുള്ളുവെന്ന സത്യവാങ്മൂലം നൽകേണ്ടതുമാണ്.

സ്വകാര്യ റേഡിയോകളിലും ടെലിവിഷൻ ചാനലുകളിലും വാർത്താധിഷ്ഠിതമോ അല്ലാതെയോ ആയുള്ള പരിപാടികൾ അവതരിപ്പിക്കുന്നതിനും വിലക്കുണ്ട്. സിനിമ, സീരിയൽ, പ്രൊഫഷണൽ നാടകം എന്നിവയിൽ അഭിനയിക്കുന്നതിനും അണിയറ പ്രവർത്തനം നടത്തുന്നതിനും അനുമതി നൽകുക ഇനി ഓരോ അപേക്ഷയും പരിശോധിച്ചാകും. എന്നാൽ ആരാവും ഇക്കാര്യങ്ങൾ പരിശോധിക്കുക എന്നത് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. മേലുദ്യോഗസ്ഥന്റെ തന്നിഷ്ടത്തിന് വിധേയമായി്ട്ടാകും പരിശോധന.

നിലവിൽ സർക്കാർ ജീവനക്കാർക്ക് അനുമതി ഇല്ലാതെ തന്നെ കാലാസാഹിത്യ ശാസ്ത്ര, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് അനുമതിയുണ്ട്. ജോലിക്കാര്യത്തിൽ വീഴ്ചവരാതെയും പ്രതിഫലേച്ഛയില്ലാതെയും വേണമെന്ന ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിൽ വ്യവസ്ഥയുണ്ട്. പുസ്തക പ്രസിദ്ധീകരണത്തിനും മറ്റും വ്യവസ്ഥയില്ലെന്നു കണ്ടാണ് പുതിയ പരിഷ്‌ക്കാരം കൊണ്ട് വരുന്നത്.

അതേസമയം ഉന്നത ഉദ്യോഗസ്ഥരും ഐഎഎസ്, ഐപിഎസുകാരും സർക്കാർ നയങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കാൻ തുടങ്ങിയതോടെയാണ് ഈ ഉത്തരവിറക്കിയതെന്ന് ആരോപണം ശക്തമായിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും മറ്റും കടുത്ത വിമർശനമാണു ചില ഉദ്യോഗസ്ഥർ സർക്കാരിനെതിരെ നടത്തുന്നത്. അനുമതി വാങ്ങി കാര്യങ്ങൾ ചെയ്യാമെങ്കിലും അത് നിഷേധിക്കാനുള്ള അവസരം ഏറെയാണ്. അതായത് സർക്കാരിന് താൽപ്പര്യമുണ്ടെങ്കിലേ അനുവാദം കിട്ടൂ. ഇതിനെതിരെയാണ് ജീവനക്കാർ പ്രതിഷേധം ശക്തമാക്കുന്നത്. സാംസ്‌കാരിക ഫാസിസമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഉത്തരവ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. പ്രതിപക്ഷ സഹകരണത്തോടെ പ്രതിഷേധമുയർത്താനാണ് സർവ്വീസ് സംഘടനകളും തീരുമാനിച്ചിരുന്നു.

സർക്കാർ ജീവനക്കാരുടെ കലാ പ്രവർത്തനങ്ങൾകർശനമായി നിയന്ത്രിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കോരള കാർട്ടൺ അക്കാദമി ആവശ്യപ്പെട്ടു. സർക്കാരിനെതിരെയുള്ള വിമർശനങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ഈ ശ്രമം അസഹിഷ്ണുതയെയാണ് കാണിക്കുന്നതെന്നായിരുന്നു ആരോപണം. ഇതോടെയാണ് സർക്കാർ വിവാദ നീക്കത്തിൽ നിന്നും പിന്തിരിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP