Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സാക് ഏജൻസി' കൃഷ്ണൻകുട്ടിയിൽ നിന്നും മൂന്നു ലക്ഷം രൂപ വാങ്ങിയത് മകൾക്ക് ചൈനയിൽ മെഡിസിന് സീറ്റ് തരപ്പെടുത്തി നൽകാമെന്നേറ്റ്; അത് നടക്കാതെ വന്നപ്പോൾ വീണ്ടും ആറരലക്ഷം രൂപ കൂടി വാങ്ങി പൂജയ്ക്ക് യുക്രയിനിൽ അഡ്‌മിഷൻ തരപ്പെടുത്തിയത് ഇന്ത്യയിൽ അംഗീകാരമില്ലാത്ത സ്ഥാപനത്തിൽ; പണം തിരികെ ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ കളക്ടർ ഇടപെട്ടതോടെ സ്ഥാപനം പൂട്ടി മുങ്ങി പാർടണർമാരായ തിരൂരങ്ങാടി റസീൻ താപ്പിയും ചേളന്നൂർ സ്വദേശിനി കെ. ബിന്ദ്യയും

'സാക് ഏജൻസി' കൃഷ്ണൻകുട്ടിയിൽ നിന്നും മൂന്നു ലക്ഷം രൂപ വാങ്ങിയത് മകൾക്ക് ചൈനയിൽ മെഡിസിന് സീറ്റ് തരപ്പെടുത്തി നൽകാമെന്നേറ്റ്; അത് നടക്കാതെ വന്നപ്പോൾ വീണ്ടും ആറരലക്ഷം രൂപ കൂടി വാങ്ങി പൂജയ്ക്ക് യുക്രയിനിൽ അഡ്‌മിഷൻ തരപ്പെടുത്തിയത് ഇന്ത്യയിൽ അംഗീകാരമില്ലാത്ത സ്ഥാപനത്തിൽ; പണം തിരികെ ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ കളക്ടർ ഇടപെട്ടതോടെ സ്ഥാപനം പൂട്ടി മുങ്ങി പാർടണർമാരായ തിരൂരങ്ങാടി റസീൻ താപ്പിയും ചേളന്നൂർ സ്വദേശിനി കെ. ബിന്ദ്യയും

കെ വി നിരഞ്ജൻ

കോഴിക്കോട്: ഒന്നും രണ്ടുമല്ല ഒമ്പതര ലക്ഷം രൂപയാണ് മകളുടെ ഉപരിപഠനത്തിന് സഹായിക്കാം എന്ന് പറഞ്ഞ് എജ്യുക്കേഷണൽ ഏജൻസി കൃഷ്ണൻകുട്ടിയിൽ നിന്നും തട്ടിയെടുത്തത്. പണം തട്ടിയവർ സ്ഥാപനവും പൂട്ടി മുങ്ങി. കണ്ടെത്താൻ കഴിയില്ലെന്നാണ് പൊലീസിന്റെ മറുപടി. ഗതികേടുകൾക്കിടയിലും മകൾ പഠിച്ച് നല്ലൊരു നിലയിലെത്തണമെന്ന ആഗ്രഹത്തിൽ കടംവാങ്ങിയും ഉള്ളതെല്ലാം വിറ്റുപെറുക്കിയും നൽകിയ പണം നഷ്ടമായതിന്റെ വേദനയിലാണ് കോഴിക്കോട് എരഞ്ഞിപ്പാലത്ത് കരുണ നിവാസിൽ ഒ എം കൃഷ്ണൻ കുട്ടിയും ഭാര്യ കെ പി സബിതയും. അതേസമയം, തട്ടിപ്പ് സംഘം കൂടുതൽ വലിയ തട്ടിപ്പുകൾക്ക് കോപ്പുകൂട്ടുന്നതായി കൃഷ്ണൻകുട്ടി പറയുന്നു.

കൃഷ്ണൻകുട്ടിയുടെ മകൾ പൂജാ കൃഷ്ണന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മെഡിസിൻ പഠനം. സാമ്പത്തികമായി പ്രയാസത്തിലാണെങ്കിലും മകളുടെ ആഗ്രഹത്തിനൊപ്പം നിൽക്കുകയായിരുന്നു കൃഷ്ണൻകുട്ടി. അങ്ങിനെയാണ് ഇദ്ദേഹം കോഴിക്കോട് പുതിയറക്കടുത്തുള്ള സ്വകാര്യ വിദ്യാഭ്യാസ ഏജൻസിയായ 'സാക് ഏജൻസി'യെ സമീപിക്കുന്നത്. വിദേശത്ത് മെഡിക്കൽ സീറ്റിനായി സമീപിച്ച ഈ അച്ഛനോട് മൂന്നു ലക്ഷം രൂപയാണ് ആദ്യം ഏജൻസി അധികൃതർ വാങ്ങിയത്. ചൈനയിലെ സിൻജിയാങ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ അഡ്‌മിഷൻ ശരിയാക്കി നൽകാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. എന്നാൽ പിന്നീട് ഇതിനെപ്പറ്റി യാതൊരു വിവരവും ഉണ്ടായില്ല.

തുടർന്ന് ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ ചൈനയിൽ സീറ്റ് ശരിയായില്ലെന്നും യുക്രയിനിൽ സീറ്റ് റെഡിയാണെന്നും പറഞ്ഞ് ആറര ലക്ഷം രൂപ കൂടി വാങ്ങി. നേരത്തെ ചൈനയിലേക്ക് വേണ്ടി വാങ്ങിയ പണം തിരികെ നൽകുമെന്നായിരുന്നു ഏജൻസിയുടെ വാഗ്ദാനം.
'ഞങ്ങൾ അത്രവലിയ പണക്കാരൊന്നുമല്ല. പോസ്റ്റ് ഓഫീസ് ഇ ഡി ജീവനക്കാരനാണ് ഞാൻ. മകളുടെ ആഗ്രഹമായതുകൊണ്ട് പ്രയാസം സഹിച്ചും പണമുണ്ടാക്കി. ജില്ലാ പട്ടികജാതി വികസനവകുപ്പ്, ജില്ലയിലെ വിവിധ ബാങ്കുകൾ എന്നിവടങ്ങളിലെല്ലാം ലോണിനായി ചെന്നിരുന്നു. എന്നാൽ ആരും ലോൺ അനുവദിച്ചില്ല. തുടർന്ന് സ്ഥലം വിറ്റും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കടം വാങ്ങിയും ഇത്രയും തുക ഉണ്ടാക്കി. എന്നാൽ അവർ ഇത്തരത്തിൽ ചതിക്കുമെന്ന് കരുതിയിരുന്നില്ല' - കൃഷ്ണൻ കുട്ടി പറഞ്ഞു.

പണമെല്ലാം നൽകി പൂജ യുക്രയിനിലേക്ക് പോവുകയും ചെയ്തു. ഇനിയാണ് വഞ്ചനയുടെ കഥ പുറത്തുവരുന്നത്. കഴിഞ്ഞ സെപ്റ്റംബർ 23 നാണ് പൂജ യുക്രയനിലെ സർവ്വകലാശാലയിൽ എം ബി ബി എസിന് ചേർന്നത്. ആദ്യ സെമസ്റ്റർ പരീക്ഷയ്ക്ക് ശേഷമാണ് വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കുന്നത്. ഇന്ത്യയിൽ അംഗീകാരമില്ലാത്ത സ്ഥാപനത്തിലായിരുന്നു എം ബി ബി എസിന് പ്രവേശനം തരപ്പെടുത്തി നൽകിയിരുന്നത്. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. അറിയാത്ത രാജ്യത്ത് പൂജ നിസ്സഹായയായി. അവിടെ തുടർന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയപ്പോൾ മറ്റ് സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചുപോന്നു. പിന്നീട് പൂജ അവിടെ നിന്നുള്ള ആളുകളുടെ സഹായത്തോടെ യുക്രയിനിലെ തന്നെ മറ്റൊരു സർവ്വകലാശാലയിൽ പ്രവേശനം നേടിയിട്ടുണ്ട്. അവിടേക്ക് തിരിച്ചുപോയി പഠനം തുടരുകയാണ് അവൾ. ആഗ്രഹിച്ചുപോയി. ഇനി അതിൽ മാറ്റം വരുത്തേണ്ട എന്നതുകൊണ്ടാണ് പഠനം തുടരാൻ സമ്മതിച്ചതെന്ന് കൃഷ്ണൻ കുട്ടി പറയുന്നു.

പഠനത്തിന് ഇനി നല്ലൊരു തുക വേണം. എന്നാൽ ആദ്യതവണ ഏജൻസിക്ക് ഒമ്പതര ലക്ഷമാണ് നൽകിയത്. അത് പലരിൽ നിന്നും കടം വാങ്ങിയതും സ്ഥലം വിറ്റതുമാണ്. ഇനി പഠനത്തിനുള്ള തുക ഉണ്ടാക്കാൻ പ്രയാസമാണ്. തട്ടിപ്പ് നടത്തിയ ഏജൻസി തുക തിരിച്ചു തന്നിരുന്നെങ്കിലും വലിയ ആശ്വാസം ആകുമായിരുന്നുവെന്നാണ് കൃഷ്ണൻ കുട്ടി വ്യക്തമാക്കുന്നത്. എന്നാൽ, കൃഷ്ണൻ കുട്ടിയുടെ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്‌ത്തിക്കൊണ്ട് പ്രതികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം ഉന്നത രാഷ്ട്രീയ ബന്ധമുള്ള പ്രതിയെ പൊലീസ് പിടികൂടാത്തതാണെന്ന് കൃഷ്ണൻ കുട്ടിയും വ്യക്തമാക്കുന്നു. ജില്ലാ കലക്ടർ, നടക്കാവ് പൊലീസ്,സിറ്റി പൊലീസ് കമ്മീഷണർ എന്നിവർക്കെല്ലാം കൃഷ്ണൻ കുട്ടി പരാതി നൽകിയിരുന്നു.

കലക്ടർ പ്രശ്നത്തിൽ ഇടപെടുകയും തുക തിരിച്ചു നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് സാക് ഏജൻസിയുടെ പാർട്ണർമാരായ തിരൂരങ്ങാടി റസീൻ താപ്പിയും ചേളന്നൂർ സ്വദേശിനി കെ. ബിന്ദ്യയും പുതിയറ പി കെ ടവേഴ്സിലെ ഓഫീസ് പൂട്ടി മുങ്ങിയത്. ഇവരോട് നേരത്തെ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിയായിരുന്നു മറുപടി. പിന്നീട് ഫോൺ വിളിച്ചാലും കിട്ടാതായി. ഒടുവിൽ അവർ സ്ഥാപനം പൂട്ടി മുങ്ങുകയും ചെയ്തു. പ്രതികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പൊലീസ് പറയുമ്പോഴും സംഘം മറ്റ് പലയിടങ്ങളിലും സമാനമായ തട്ടിപ്പിന് ശ്രമം നടത്തുന്നതായി അറിയാൻ കഴിഞ്ഞതായി കൃഷ്ണൻ കുട്ടി പറയുന്നു.

സാക് ഏജൻസിയുടെ കോഴിക്കോട്ടെ ഓഫീസിപ്പോൾ അടഞ്ഞു കിടക്കുകയാണ്. വലിയ രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളയാളാണ് സ്ഥാപനം നടത്തിയിരുന്നത്. പത്രങ്ങളിൽ വലിയ പരസ്യങ്ങൾ നൽകുകയും പ്രമുഖ പത്രങ്ങളുമായി ചേർന്ന വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഇവർ. അതുകൊണ്ട് തന്നെ പ്രമുഖ പത്രങ്ങളിലൊന്നും ഇതുമായി ബന്ധപ്പെട്ട വാർത്തകളൊന്നും വരുന്നുമില്ല. വലിയ വാഗ്ദാനങ്ങൾ നൽകിയാണ് ഇവർ ആളുകളെ വിദഗ്ധമായി കബളിപ്പിച്ചിരുന്നത്. വിദേശത്ത് പഠിക്കാൻ ചെലവ് കുറവാണെന്ന് പറഞ്ഞാണ് ആളുകളെ സമീപിച്ചിരുന്നത്. എം ബി ബി എസിന് പുറമെ മറ്റ് നിരവധി കോഴ്സുകളിലേക്കും ഇവർ സീറ്റ് തരപ്പെടുത്തിക്കൊടുക്കാറുണ്ട്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ശാഖകളുള്ള സ്ഥാപനമാണ് സാക് ഏജൻസി. എന്നാൽ ഈ സ്ഥാപനങ്ങളിൽ വിളിക്കുമ്പോൾ അതെല്ലാം ട്രാവൽ ഏജൻസികളും മറ്റുമാണന്ന് വ്യക്തമായി. തങ്ങൾക്കാർക്കും അവരുമായി യാതൊരു ബന്ധവുമില്ലെന്നാണ് അവരെല്ലാം പറയുന്നത്. സംസ്ഥാനത്ത് നിരവധി പേരെ സാക് ഏജൻസി കബളിപ്പിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. കൂടുതൽ പരാതികളുമായി ആളുകൾ വരുമെന്ന് തന്നെയാണ് കൃഷ്ണൻ കുട്ടി വിശ്വസിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP