Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202005Saturday

അക്ഷയ കേന്ദ്രത്തിലൂടെ ഇ റേഷൻ കാർഡിന് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ അനുമതി; നടപടി റേഷൻ കാർഡ് വിതരണം വേഗത്തിലാക്കാൻ

അക്ഷയ കേന്ദ്രത്തിലൂടെ ഇ റേഷൻ കാർഡിന് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ അനുമതി; നടപടി റേഷൻ കാർഡ് വിതരണം വേഗത്തിലാക്കാൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇ റേഷൻ കാർഡിന് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ അനുമതി. അപേക്ഷ സ്വീകരിക്കുന്ന അക്ഷയ കേന്ദ്രത്തിലൂടെത്തന്നെ ഇനി ഇ റേഷൻ കാർഡ് ലഭ്യമാക്കും. നിലവിൽ ഓൺലൈൻ റേഷൻ വിതരണമായതിനാൽ ഇ റേഷൻ കാർഡിന് അകത്തെ ഷീറ്റുകൾ ഉണ്ടാകില്ല. ബുക്ക് രൂപത്തിലുള്ള റേഷൻ കാർഡ് ഉപയോഗിക്കുന്ന എല്ലാ ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കാം.

കോവിഡ് കാലത്ത് അർഹരായ പല കുടുംബങ്ങൾക്കും റേഷൻ കാർഡ് ഇല്ലാത്തതിനാൽ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചില്ലെന്ന പരാതികളെത്തുടർന്നു റേഷൻ കാർഡ് വിതരണം വേഗത്തിലാക്കാനാണിത്. ഇപ്രകാരം റേഷൻ കാർഡ് പ്രിന്റ് ചെയ്തു നൽകുന്നതിനുള്ള ഫീസായി 25 രൂപയും കാർഡിന്റെ വിലയായി 50 രൂപയും ഈടാക്കാം. എഎവൈ പട്ടികവർഗ വിഭാഗത്തിനു പ്രിന്റിങ് നിരക്കു മാത്രമാകും ഈടാക്കുക. ഇതിന് ആവശ്യമായ മാറ്റങ്ങൾ സോഫ്റ്റ്‌വെയറിൽ വരുത്തുന്നതിനു നാഷനൽ ഇൻഫർമാറ്റിക് സെന്ററിനെ ചുമതലപ്പെടുത്തി.

അക്ഷയ കേന്ദ്രങ്ങൾവഴി ലഭിക്കുന്ന അപേക്ഷകൾ താലൂക്ക് സപ്ലൈ ഓഫിസുകളിൽ പരിശോധിച്ച് അംഗീകരിക്കുന്ന മുറയ്ക്ക് അപേക്ഷകർക്കു സന്ദേശം നൽകും. പരിശോധനയിൽ ന്യൂനത കണ്ടെത്തിയാൽ അതും അറിയിക്കും. താലൂക്ക് സപ്ലൈ ഓഫിസിൽ നേരിട്ടെത്തി ഇതു പരിഹരിക്കാൻ അവസരം നൽകും. അപേക്ഷകൾ താലൂക്ക് സപ്ലൈ ഓഫിസർ ഡിജിറ്റൽ സിഗ്‌നേച്ചർ വഴിയാണ് അംഗീകരിക്കുക.

ആധാർ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, പ്രദേശവാസിയാണെന്നു തെളിയിക്കാൻ കൗൺസിലർ/പഞ്ചായത്ത് അംഗത്തിന്റെ കത്ത്, സത്യവാങ്മൂലം, ഫോൺ നമ്പർ എന്നിവ അടക്കമാണു കാർഡിനായി അപേക്ഷിക്കേണ്ടത്. റേഷൻ കാർഡില്ലാത്തവർ കുടുംബാംഗങ്ങളുടെ ആധാർ വിവരങ്ങൾ രേഖപ്പെടുത്തി സത്യവാങ്മൂലം നൽകിയാൽ ആധാർ നമ്പർ ഇപോസ് മെഷിൻ വഴി പരിശോധിച്ച് സൗജന്യ റേഷൻ നൽകാൻ സർക്കാർ നിർദേശിച്ചിരുന്നു. ഇപ്രകാരം മുപ്പതിനായിരത്തിലേറെ കുടുംബങ്ങൾ റേഷൻ വാങ്ങിയെന്നാണു സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP