Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആയിരത്തിലധികം ലഹരി ഗുളികകളുമായി യുവാവ് പൊലീസ് പിടിയിൽ; കോഴിക്കോട് സിറ്റി ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡും ചേർന്ന് പിടികൂടിയ മരുന്നുകൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി വിൽപ്പനക്ക് കൊണ്ടു വന്നപ്പോൾ

ആയിരത്തിലധികം ലഹരി ഗുളികകളുമായി യുവാവ് പൊലീസ് പിടിയിൽ; കോഴിക്കോട് സിറ്റി ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡും ചേർന്ന് പിടികൂടിയ മരുന്നുകൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി വിൽപ്പനക്ക് കൊണ്ടു വന്നപ്പോൾ

കോഴിക്കോട്: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ വില്പനയ്ക്കായി കൊണ്ടുവന്ന 1100 സ്പാസ് വോ പ്രോക്‌സി വോൺ ലഹരി ഗുളികകളുമായി പരപ്പിൽ തങ്ങൾസ് റോഡ് സ്വദേശി ഇബ്രാഹിം ബാദുഷ ( 29 വയസ്സ്) യെ ആണ് വെള്ളയിൽ പൊലീസും കോഴിക്കോട് സിറ്റി ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡും ചേർന്ന് കോഴിക്കോട് സി.എച്ച് ഓവർ ബ്രിഡ്ജ് പരിസരത്തു നിന്നും പിടികൂടിയത്.

യുവാക്കൾക്കിടയിൽ എസ്‌പി എന്ന ഓമനപേരിലറിയപ്പെടുന്ന സ്പാസ്‌മോ പ്രോക്‌സിവോൺ പ്ലസ് ക്യാപ്‌സ്യൂൾ കോഴിക്കോട് നഗരത്തിലെ വിദ്യാർത്ഥികളും ഷോപ്പിങ് മാളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന യുവാക്കളുമാണ് പ്രധാനമായും ഉപയോഗിച്ച് വരുന്നത്. ഉപയോഗിച്ച് കഴിഞ്ഞാൽ തിരിച്ചറിയാൻ പറ്റുന്ന രീതിയിലുള്ള ഗന്ധമോ മറ്റോ ഇല്ലാത്തതിനാൽ ഇത്തരം ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ വളരെ പ്രയാസമാണ്.

ചെറിയ അളവിൽ ഉപയോഗിച്ച് തുടങ്ങുന്ന പലരും ചെറിയ കാലയളവിനുള്ളിൽ തന്നെ ഈ ലഹരിക്ക് അടിമപ്പെടാറുണ്ട്. കഠിനമായ വേദനസംഹാരിയായ സ്പാസ്‌മോ പ്രോക്‌സിവോൺ പ്ലസ് ക്യാപ്‌സ്യൂൾ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ഈ ലഹരി ഉപയോഗിക്കാതിരിക്കുമ്പോൾ ശരീരവേദനയും വിഷാദവും പോലുള്ള വൈഷമ്യങ്ങൾ ഉണ്ടാവാറുണ്ട്. ഒരു ദിവസം 24 ക്യാപ്‌സ്യൂൾ വരെ ഉപയോഗിക്കുന്ന നിരവധി യുവാക്കൾ കോഴിക്കോട് ഉള്ളതായി പൊലീസ് അറിയിച്ചു.

മുൻപ് നിരോധിത മരുന്നുകളുടെ പട്ടികയിൽ ഇല്ലാതിരുന്ന സ്പാസ്‌മോപ്രോക്‌സിവോൺ പ്ലസ് കഴിഞ്ഞ ഏപ്രിൽ 26 മുതൽ ആണ് വീണ്ടും നിരോധിത മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് മുതൽ കേരളത്തിൽ ഈ ലഹരി ഗുളികയുമായി പിടിയിലാവുന്ന നാലാമത്തെ വ്യക്തിയാണ് ഇബ്രാഹിം ബാദുഷ എന്ന് പൊലീസ് പറഞ്ഞു.

24 ഗുളികകൾ അടങ്ങിയ ഒരു സ്ട്രിപ്പിന് 138 രൂപയാണ് മെഡിക്കൽ ഷോപ്പിലെ വില. നിരോധിത മരുന്നായതിനാൽ സ്ട്രിപ്പിന് 500 രൂപയ്ക്കാണ് വില്പന നടത്തുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വർഷങ്ങളായി ഈ ഗുളിക ഉപയോഗിച്ചു വരുന്ന ബാദുഷ തനിക്ക് ലഹരി ഉപയോഗിക്കാൻ ആവശ്യമായ പണം കണ്ടെത്തുന്നതിനും അമിത ആദായത്തിനുമാണ് ലഹരിവില്പനയിലേക്ക് കടന്നതെന്നും പൊലീസ് പറഞ്ഞു.

വെള്ളയിൽ എസ്‌ഐ ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ വെള്ളയിൽ പൊലീസും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ ജോമോൻ കെ.എ, നവീൻ.എൻ, രജിത്ത്ചന്ദ്രൻ.കെ, ജിനേഷ്.എം, സുമേഷ് എ.വൈ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP