Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പത്തനംതിട്ടയിൽ മുങ്ങിമരണം വർധിക്കുന്നതിന് കാരണം നദികളിലെ മണൽ നിക്ഷേപം വർധിക്കുന്നത് മൂലമാണെന്ന് ഭരണകൂടം; മണൽഖനനം പുനരാരംഭിക്കുന്നതിന് വേണ്ടിയുള്ള സൈക്കോളജിക്കൽ മൂവാണെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകർ; നദികളിലെ മണലിന്റെ അളവ് ഗണ്യമായി വർധിച്ചത് മഹാപ്രളയത്തിന് ശേഷമാണെന്നും അധികൃതർ

പത്തനംതിട്ടയിൽ മുങ്ങിമരണം വർധിക്കുന്നതിന് കാരണം നദികളിലെ മണൽ നിക്ഷേപം വർധിക്കുന്നത് മൂലമാണെന്ന് ഭരണകൂടം; മണൽഖനനം പുനരാരംഭിക്കുന്നതിന് വേണ്ടിയുള്ള സൈക്കോളജിക്കൽ മൂവാണെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകർ; നദികളിലെ മണലിന്റെ അളവ് ഗണ്യമായി വർധിച്ചത് മഹാപ്രളയത്തിന് ശേഷമാണെന്നും അധികൃതർ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഓഗസ്റ്റിലെ മഹാപ്രളയത്തിന് ശേഷം ജില്ലയിലെ നദികളിൽ മണൽ നിക്ഷേപം വർധിച്ചുവെന്നും ഇതു മുങ്ങിമരണത്തിന് കാരണമാകുന്നുവെന്നും ജില്ലാ ഭരണകൂടം. നദികളിൽ മണൽഖനനം പുനരാരംഭിക്കുന്നതിന് വേണ്ടിയുള്ള സൈക്കോളജിക്കൽ മൂവ് ആണിതെന്ന് പരിസ്ഥിതി പ്രവർത്തകർ. പ്രളയത്തിൽ അടിഞ്ഞു കൂടിയ മണൽ നീക്കുന്നുവെന്ന പേരിൽ ജില്ലയിലെ നദികളിൽ മണൽ ഖനനാനുമതി വ്യാപകമായി നൽകാനുള്ള നീക്കത്തിന്റെ ഭാഗമമായിട്ടാണ് ജില്ലാ കലക്ടർ ഇത്തമൊരു പ്രസ്താവന നടത്തിയത് എന്നാണ് ആരോപണം. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തെ തുടർന്ന് ഓഗസ്റ്റ് 15 മുതൽ 27 വരെ ജില്ലയിൽ വെള്ളത്തിൽവീണ് ഏഴ് പേർ മരിച്ചു.

കുളിക്കുന്നതിനും മീൻ പിടിക്കുന്നതിനും ഉൾപ്പെടെ ഇറങ്ങിയവരാണ് മരണപ്പെട്ടത്. ഇവയൊന്നും പ്രളയവുമായി ബന്ധപ്പെട്ട് ഉണ്ടായവയല്ല. ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ഈ മരണങ്ങളും ഒഴിവാക്കാമായിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ മുങ്ങിമരണങ്ങൾ ഉണ്ടാകുന്നത് പമ്പാ നദിയിലെ പെരിനാട്, വടശേരിക്കര, കോഴഞ്ചേരി, ആറന്മുള എന്നീ ഭാഗങ്ങളിലും അച്ചൻകോവിലാറ്റിലെ കോന്നി, വള്ളിക്കോട്, പ്രമാടം, തുമ്പമൺ എന്നീ ഭാഗങ്ങളിലും കല്ലടയാറ്റിലുമാണ്. സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നത് ഈ വർഷത്തെ മുങ്ങിമരണങ്ങളുടെ ക്രമാതീതമായ വർധനയാണ്.

മുങ്ങിമരണങ്ങൾ കൂടാനുള്ള ഒരു സാധ്യത, കഴിഞ്ഞവർഷം ആഗസ്റ്റിലുണ്ടായ പ്രളയത്തിൽ അടിഞ്ഞുകൂടിയ മണലാണെന്ന് വിലയിരുത്തപ്പെടുന്നു. മണൽ അടിഞ്ഞ സ്ഥലങ്ങളിൽ ചെളിയും അടിഞ്ഞിട്ടുള്ളതിനാൽ നദിയുടെ ആഴം കണക്കാക്കാൻ പറ്റാതെ വരുന്നതാകാം ഒരു കാരണമെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയെ ഉദ്ധരി്ച്ച് കലക്ടർ പറയുന്നു. ഭൂരിപക്ഷം അപകടങ്ങൾക്കും കാരണം ജാഗ്രതക്കുറവാണെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം നടത്തിയ വിശകലനത്തിൽ വ്യക്തമായതായി ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. 2018 ജനുവരി ഒന്ന് മുതൽ 2019 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ ജില്ലയിൽ 49 മുങ്ങിമരണങ്ങൾ ഉണ്ടായി.

ആറുകളിലും തോടുകളിലും കനാലിലും പാറക്കുളങ്ങളിലുമായി 49 ജീവനുകൾ നഷ്ടപ്പെട്ടു. ഇതിൽ ഒമ്പത് വയസുള്ള കുട്ടി മുതൽ 83 വയസ് പ്രായമുള്ളവർ വരെ ഉൾപ്പെടുന്നു. ജില്ലാ ദുരന്തനിവാരണ വിഭാഗം 49 മുങ്ങിമരണങ്ങൾ സംബന്ധിച്ച് വിശകലനം നടത്തി. മരണപ്പെട്ടവരിൽ 15 പേർ 25 വയസിൽ താഴെയുള്ളവരാണ്. ഇതിൽ തന്നെ അഞ്ച് പേർ കുട്ടികളും 10 പേർ കൗമാരക്കാരുമാണ്. 25 വയസിനും 50 വയസിനുമിടയിൽ പ്രായമുള്ളവർ 11 പേരുണ്ട്. ബാക്കിയുള്ളവർ 50 വയസിന് മുകളിൽ പ്രായമുള്ളവരാണ്. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ 18 നും 50 വയസിനും ഇടയിൽ മരിച്ചവർ 17ഉം 50നും 85നും മധ്യേ പ്രായമുള്ള 16 പേരുമാണ് മുങ്ങി മരിച്ചത്.

2019 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 12 പേർ മുങ്ങിമരിച്ചെങ്കിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മരണപ്പെട്ടത് അഞ്ച് പേരാണ്. കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടിയാണ് ഈ വർഷത്തെ മുങ്ങിമരണം. 2018 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ ഉൾപ്പെടുന്ന മധ്യവേനൽ അവധിക്കാലത്ത് രണ്ട് കൗമാരക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മാത്രം നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. വർഷകാലമായി കണക്കാക്കുന്ന ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 25 പേരാണ് മുങ്ങിമരിച്ചത്. അത്രതന്നെ വേനൽകാലത്തും മരിച്ചിട്ടുണ്ട്. ഇത്തരമൊരു കണക്കുമായി കളക്ടർ രംഗത്തു വന്നിരിക്കുന്നത് തന്നെ പമ്പയിലെ മണൽ നീക്കം സംബന്ധിച്ച് യോഗം ചേരാൻ ഇരിക്കുമ്പോഴാണ്. ഇന്നലെ നടക്കേണ്ടിയിരുന്ന യോഗം മാറ്റി വച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP