Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ധൈര്യക്കുറവില്ല, ആരുടെയും സംരക്ഷണവും ആവശ്യമില്ല; ചാനൽ ചർച്ചയിൽ കരഞ്ഞുപോയത് രോ​ഗികളുടെ ജീവന്റെ കാര്യമോർത്തെന്നും ഡോ. നജ്മ

ധൈര്യക്കുറവില്ല, ആരുടെയും സംരക്ഷണവും ആവശ്യമില്ല; ചാനൽ ചർച്ചയിൽ കരഞ്ഞുപോയത് രോ​ഗികളുടെ ജീവന്റെ കാര്യമോർത്തെന്നും ഡോ. നജ്മ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തനിക്ക് ധൈര്യത്തിന് കുറവൊന്നുമില്ലെന്നും ചാനൽ ചർച്ചയിൽ കരഞ്ഞുപോയത് ജീവന്റെ കാര്യം സംസാരിക്കുന്നതിനിടയിലെന്നും കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർ നജ്മ. കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിലെ ചർച്ചക്കിടെ കരഞ്ഞ സംഭവത്തിലാണ് ഡോക്ടറുടെ വിശദീകരണം. കാര്യങ്ങൾ തുറന്ന് പറയുന്നതിന്റെ പേരിൽ തനിക്ക് ഭീഷണിയില്ലെന്നും അതുകൊണ്ട് തന്നെ ആരുടെയും സംരക്ഷണം ആവശ്യമില്ലെന്നും ഡോക്ടർ നജ്മ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

നജ്മയുടെ വാക്കുകൾ: 'ഞാൻ വീണ്ടും ഡ്യൂട്ടിക്ക് കയറുകയാണ്. കുറെ പേർക്ക് തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. അവരോട് പറയാനുള്ളത് സർക്കാർ ഒന്നും ചെയ്തില്ലെന്ന് ഞാൻ ഇതുവരെയും പറഞ്ഞിട്ടില്ല. എന്റെ കോളേജ് ശവപ്പറമ്പ് ആണെന്നും ഞാൻ പറഞ്ഞിട്ടില്ല. അതെല്ലാം അടിസ്ഥാനരഹിതമാണ്. ഞാൻ ഡ്യൂട്ടി ചെയ്യാൻ തുടങ്ങിയത് ജനുവരി മുതലാണ്. ഇന്നുവരെ കോളേജ് നല്ലതായാണ് അനുഭവപ്പെട്ടത്. രണ്ട് പേരുടെ കാര്യം മാത്രമാണ് ഞാൻ പറഞ്ഞത്. എത്രയോ രോഗികൾ അവിടെനിന്ന് സുഖപ്പെട്ട് പോയിട്ടുണ്ട്. ഈ രണ്ട് രോഗികളുടെ കാര്യത്തിൽ അനാസ്ഥ ഉണ്ടായിട്ടുണ്ട് എന്നതിൽ ഉറച്ചുനിൽക്കുന്നു. എന്ന് കരുതി രോഗികളെയും കൂട്ടിരിപ്പുകാരെയും ഭയാനകമായ അന്തരീക്ഷത്തിലേക്ക് തള്ളിയിടരുത്‌. രാഷ്ട്രീയവും മതവുമൊന്നും ഇതിൽ കൂട്ടിച്ചേർക്കരുത്. പാർട്ടികളുടെയും സംഘടനകളുടെയും ആളുകൾ ബന്ധപ്പെടുന്നുണ്ട്. ദയവു ചെയ്ത് എന്നെ ഒരു പാർട്ടിയിലേക്കും വലിച്ചിഴയ്ക്കരുത്. നിങ്ങളുടെ കരുവാക്കി എന്നെ മാറ്റരുത്. ഒറ്റയ്ക്ക് നിന്നോളാം. ഒറ്റയ്ക്ക് നിൽക്കാനുള്ള ധൈര്യം എനിക്കുണ്ട്. ഇന്നലെ കരഞ്ഞ് പോയത് ധൈര്യക്കുറവ് കൊണ്ടല്ല. ജീവന്റെ കാര്യങ്ങളാണല്ലോ സംസാരിക്കുന്നത്. അതുകൊണ്ടാണ് കരഞ്ഞുപോയത്. എനിക്ക് ഭീഷണി ഇല്ല. അതുകൊണ്ട് ആരുടെയും സംരക്ഷണം ആവശ്യമില്ല. മനുഷ്യത്വം എന്ന പേരിൽ മാത്രം തന്നെ ബന്ധപ്പെട്ടാൽ മതി.'

കഴിഞ്ഞ ​ദിവസം മാതൃഭൂമി ന്യൂസ് ചർച്ചയ്ക്കിടെയാണ് ഡോക്ടർ നജ്മ പൊട്ടിക്കരഞ്ഞത്. ചർച്ചയ്ക്കിടെ കെ.ജി.എൻ.എ. പ്രതിനിധി നിഷയും കെ.ജി.എം.സി.ടി.എ. വക്താവ് ഡോ. ബിനോയിയും നജ്മയ്‌ക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. വൺമാൻ ഷോ എന്നുവരെ നജ്മയ്‌ക്കെതിരെ വിമർശനം ഉയർന്നു. ഇതിന് മറുപടി പറയവേയാണ് നജ്മ പൊട്ടിക്കരഞ്ഞത്.

ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ വരും ദിവസങ്ങളിലും എനിക്കെതിരെ രൂക്ഷവിമർശനം ഉണ്ടാകുമെന്ന ഉറച്ച ബോധ്യമുണ്ട് എന്ന് നജ്മ ചർച്ചയിൽ‌ ചൂണ്ടിക്കാട്ടിയിരുന്നു. ഞാൻ അനുഭവിക്കുന്ന സമ്മർദ്ദം എന്താണെന്ന് അറിയുമോ? ഒറ്റയ്ക്ക് നിൽക്കുമ്പോഴെ അത് മനസിലാകൂ.. നിങ്ങൾ ഒരു സംഘടനയുടെ ബലത്തിലാണ് സംസാരിക്കുന്നത്. എനിക്ക് ആരുമില്ലാതെയാണ് ഞാൻ ഇവിടെ നിൽക്കുന്നത്. നാളെ എങ്ങനെ ഡ്യൂട്ടി എടുക്കുമെന്ന് എനിക്ക് അറിയത്തില്ല.

ബൈഹിക്കിന്റെ ശബ്ദസന്ദേശത്തിൽ കേൾക്കുന്നത് അലാറമല്ലേയെന്നു മൊബൈൽ ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് നജ്മ ചോദിക്കുന്നു. ഒറ്റയ്ക്ക് വന്ന് പുറത്ത് പറയുമ്പോഴുള്ള അവസ്ഥ എന്താണെന്ന് നിങ്ങൾക്ക് അറിയുമോ? ഇത്രയും നാൾ ഞാൻ കരയാതെ പിടിച്ചുനിന്നു. നാളെ തന്നെ അനുവദിക്കുകയാണെങ്കിൽ ഡ്യൂട്ടിക്ക് കയറും. തനിക്ക് സറ്റാഫ് സിസ്റ്റർമാരോട് ആരോടും ദേഷ്യമില്ല. പക്ഷേ, താൻ അവരെ ചീത്ത പറയുന്നത് മൂലം അവർക്ക് തന്നോട് ദേഷ്യം ഉണ്ട്. എപ്പോഴും തെറ്റുകുറ്റങ്ങൾ അവരോട് പറയുന്നത് മൂലം ദേഷ്യമുണ്ട്. ഇപ്പോഴും തന്റെ കൂടെ ഡ്യൂട്ടി എടുക്കുന്നത് ആർക്കും ഇഷ്ടമല്ല. ഞാൻ മഹത് വ്യക്തിയാണെന്ന് ആരോടും പറഞ്ഞിട്ടില്ല. പെർഫക്ട് ആണെന്നും ആരോടും പറഞ്ഞിട്ടില്ല. ഞാൻ നല്ല ഡോക്ടറാണെന്നും ആരോടും പറഞ്ഞിട്ടില്ല. രോഗികൾ മരിച്ചുവീഴുന്നത് ഇനിയും കണ്ടുനിൽക്കാനാകുന്നില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് നജ്മ പറഞ്ഞു.

ആദ്യം ജോലിക്ക് കേറിയ സമയത്ത് മനുഷ്യത്വം ഉണ്ടായിരുന്നു. ഒരു ആംബുലൻസിന്റെ ശബ്ദം കേൾക്കുമ്പോൾ പേടിയായിരുന്നു. ആർക്കെങ്കിലും വയ്യാ എന്ന് കേൾക്കുമ്പോൾ എനിക്ക് ടെൻഷനായിരുന്നു. ഇപ്പോൾ എനിക്കത് ഇല്ല. ഇടയ്ക്ക് വെച്ച് മനസിലായ കാര്യമാണത്. എവിടെയൊക്കെയൊ എന്റെ മനുഷ്യത്വം ചോർന്നുപോകുന്നതായി എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. അത് വീണ്ടെടുക്കണമെന്ന് വിചാരിച്ചപ്പോഴാണ് സിസ്റ്റർമാരെല്ലാം തന്റെ ശത്രുക്കളായത്. അതിന് ശേഷമാണ് തിരുത്താൻ തുടങ്ങിയത് എന്നും നജ്മ ചർച്ചയിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP