Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

51 വെട്ട് വെട്ടിയില്ലെങ്കിലും നിശ്ശബ്ദരാക്കുമെന്ന് തുറന്നടിച്ചതോടെ പിണറായിയുടെയും സർക്കാരിന്റെയും മുഖം കറുത്തു; ഓഖി ദുരന്തത്തിലെ പ്രസംഗത്തിൽ സസ്‌പെൻഷന് പിന്നാലെ പാഠം ഒന്ന് കണക്കിലെ കളികളുമായി സർക്കാരിനെ വെട്ടിലാക്കി; ജേക്കബ് തോമസിന്റെ വിശദീകരണം തള്ളിയതോടെ അച്ചടക്ക നടപടിയുമായി സർക്കാർ മുന്നോട്ട്; പാറ്റൂർ കേസിൽ സർക്കാരിനേറ്റ തിരിച്ചടിക്ക് കാരണം വിജിലൻസിന്റെ പിടിപ്പുകേടെന്ന് ജേക്കബ് തോമസ്

51 വെട്ട് വെട്ടിയില്ലെങ്കിലും നിശ്ശബ്ദരാക്കുമെന്ന് തുറന്നടിച്ചതോടെ പിണറായിയുടെയും സർക്കാരിന്റെയും മുഖം കറുത്തു; ഓഖി ദുരന്തത്തിലെ പ്രസംഗത്തിൽ സസ്‌പെൻഷന് പിന്നാലെ പാഠം ഒന്ന് കണക്കിലെ കളികളുമായി സർക്കാരിനെ വെട്ടിലാക്കി; ജേക്കബ് തോമസിന്റെ വിശദീകരണം തള്ളിയതോടെ  അച്ചടക്ക നടപടിയുമായി സർക്കാർ മുന്നോട്ട്; പാറ്റൂർ കേസിൽ സർക്കാരിനേറ്റ തിരിച്ചടിക്ക് കാരണം വിജിലൻസിന്റെ പിടിപ്പുകേടെന്ന് ജേക്കബ് തോമസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടിയുമായി എൽഡിഎഫ് സർക്കാർ മുന്നോട്ട്. ഓഖി ദുരന്തത്തിലെ വിമർശനത്തിൽ സസ്‌പെൻഡ് ചെയ്തതിനെ തുടർന്ന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് അച്ചടക്ക നടപടി തുടരുന്നത്. ജേക്കബ് തോമസ് നൽകിയ വിശദീകരണം സർക്കാർ തള്ളി. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി.

സർക്കാരിനെ വിമർശിച്ച് പ്രസംഗിച്ചതിന് ജേക്കബ് തോമസിന് സസ്പെൻഷനും കുറ്റപത്രവും നൽകിയിരുന്നു. മുൻ വിജിലൻസ് ഡയറക്ടറും ഐ.എം.ജി. മുൻ മേധാവിയുമായ ഡി.ജി.പി. ജേക്കബ് തോമസ് തന്റെ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ടാണ് കുറ്റപത്രത്തിന് മറുപടി നൽകിയത്.
അതേസമയം, പാറ്റൂർ കേസിൽ സർക്കാരിനേറ്റ തിരിച്ചടിയിൽ വിജിലൻസിനെ വിമർശിച്ചും ജേക്കബ് തോമസ് രംഗത്തെത്തി. എഫ്‌ഐആർ ഇട്ട് ഒന്നരമാസത്തിനകം വിജിലൻസ് ഡയറക്ടർ പദവി ഒഴിഞ്ഞതിനാൽ കേസിൽ ഉത്തരവാദിയല്ല. തെളിവ് ശേഖരിക്കുന്നതിലും കോടതിയെ ധരിപ്പിക്കുന്നതിലും തുടർന്ന് വന്ന വിജിലൻസ് നേതൃത്വത്തിന് വീഴ്ച പറ്റി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം അഞ്ച് പേർക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കിയ കോടതി വിധിയിലാണ് ടെലിവിഷൻ ചാനലിനോട് ജേക്കബ് തോമസ് പ്രതികരിച്ചത്.

പാവപ്പെട്ടവന്റെ ഭൂമിയെങ്കിൽ പൈപ്പ് ലൈൻ മാറ്റുമായിരുന്നോയെന്നും തുടർ നടപടി വിജിലൻസിന്റെ ഉത്തരവാദിത്തമെന്നും ജേക്കബ് തോമസ് പറയുന്നു. വിജിലൻസ് ഡയറക്ടറുടെ തസ്തിക മാറ്റ ശുപാർശക്കെതിരെ ജേക്കബ് തോമസ് പ്രതികരിച്ചു. കേന്ദ്ര നിയമമനുസരിച്ച് വിജിലൻസ് ഡയറക്ടറാകേണ്ടത് ഡിജിപി തന്നെയാണെന്നും ജേക്കബ് തോമസ് പറയുന്നു. ഏത് ഉന്നതനെതിരെയും അന്വേഷണം നടത്തണമെങ്കിൽ ഡിജിപി റാങ്ക് വേണമെന്നും അദ്ദേഹം പറയുന്നു.

പാറ്റൂർ ഭൂമി ഇടപാടിലെ വിജിലൻസ് കേസ് ഭാവനാ സൃഷ്ടിയെന്ന് പറഞ്ഞാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസെടുത്തപ്പോൾ വിജലൻസ് തലപ്പത്തുണ്ടായിരുന്ന ജേക്കബ് തോമസിനെതിരെയും രൂക്ഷ വിമർശനമുണ്ടായി. കേസെടുത്ത് അഴ്ചകൾക്കകം വിജിലൻസ് ഡയറക്ടർ പദവി ഒഴിഞ്ഞതിനാൽ അന്വേഷണത്തിലും തെളിവ് ശേഖരണത്തിലും പങ്കില്ലെന്നാണ് ജേക്കബ് തോമസിന്റെ വിശദീകരണം

സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായി തകർന്നുവെന്ന ജേക്കബ് തോമസിന്റെ അഭിപ്രായപ്രകടനം അക്ഷന്തവ്യമായ കുറ്റകൃത്യമാണെന്നാണ് സർക്കാർ കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. നിയമവാഴ്ച തകർന്നാൽ അഴിമതി വർധിക്കുമെന്ന അന്താരാഷ്ട്ര പഠനറിപ്പോർട്ട് അടിസ്ഥാനമാക്കിയായിരുന്നു തന്റെ പ്രസംഗമെന്ന് ജേക്കബ് തോമസ് മറുപടിയിൽ പറയുന്നു.

താൻ സർക്കാരിനെ വിമർശിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ വസ്തുതകളാണ്. മുന്നറിയിപ്പ് നൽകിയിട്ടും മത്സ്യത്തൊഴിലാളികളെ അറിയിക്കാൻ അധികൃതർ പരാജയപ്പെട്ടു.

വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പ്രസംഗിച്ചത്. ഓഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെന്നത് തന്റെ വാദത്തിനു തെളിവായി മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. ഓഖി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് ലഭിച്ച തീയതി അടക്കം മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. താൻ പറഞ്ഞ കാര്യങ്ങളെല്ലാം സർക്കാരും സമ്മതിച്ചതാണെന്ന് മറുപടിയിലുണ്ട്.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഡിസംബർ ഒമ്പതിനു അഴിമതിവിരുദ്ധ ദിനാചരണയോഗത്തിൽ പങ്കെടുത്തുകൊണ്ടുള്ള പ്രസംഗമാണ് വിവാദമായത്. ജനുവരി 18-നാണ് സർക്കാർ കുറ്റപത്രം നൽകിയത്. സർക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി പോൾ ആന്റണി നൽകിയ അഞ്ചുപേജുള്ള കുറ്റപത്രത്തിൽ കൃത്യവിലോപവും സർവീസ് ചട്ടങ്ങളുടെ ലംഘനവും എടുത്തുപറയുന്നുണ്ട്. ഓഖി ദരന്തവുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കെതിരേയാണ് ഗുരുതരമായ ആരോപണം.

ഓഖി ദുരിതബാധിതർക്കിടയിൽ സർക്കാർവിരുദ്ധ വികാരം ആളിക്കത്തിച്ചു. ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകുംവിധം ഒരുവിഭാഗം ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചു. തീരപ്രദേശത്തെ സൗഹാർദാന്തരീക്ഷം തകർക്കാൻ ശ്രമിച്ചു. ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചു തുടങ്ങിയ നടപടികൾ സർവീസ് ചട്ടങ്ങൾ അനുസരിച്ച് മാത്രമല്ല, ഇന്ത്യൻ ശിക്ഷാനിയമം 153 എ വകുപ്പ് പ്രകാരം ക്രിമിനൽ കേസെടുക്കേണ്ട കുറ്റകൃത്യമാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

അഴിമതിയും നിയമവാഴ്ചയുമായുള്ള ബന്ധം തെളിയിക്കുന്ന അന്താരാഷ്ട്ര പഠനത്തിന്റെ അടിസ്ഥാനത്തിലാണ് താന് പ്രസംഗിച്ചതെന്നും ഓഖി ദുരന്തം സംബന്ധിച്ച് പ്രസംഗത്തിൽ പറഞ്ഞത് വസ്തുതകളാണെന്നും പത്തു പേജുള്ള മറുപടിയിൽ ജേക്കബ് തോമസ് വ്യക്തമാക്കിയിട്ടുണ്ട്.
ഓഖി സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ച തീയതിയടക്കം മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നുവെന്നും ദുരന്തത്തിൽ എത്രപേര് മരിച്ചെന്ന് ഇനിയും അറിയില്ലെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതെല്ലാം സംസ്ഥാന സർക്കാരും സമ്മതിക്കുന്ന കാര്യങ്ങളാണെന്നും കൂട്ടിച്ചേർത്തു.

ജേക്കബ് തോമസിനെ പിരിച്ചുവിടാനുള്ള നീക്കത്തിന് മുന്നോടിയാണ് കടുത്തഭാഷയിലുള്ള കുറ്റപത്രം.. സസ്പെൻഡ് ചെയ്യപ്പെട്ടതിനുശേഷം ജേക്കബ് തോമസ് പലതവണ ഫേസ്‌ബുക്കിൽ പോസ്റ്റുകളിട്ടിരുന്നു. ഈ കുറിപ്പുകൾ എതിരാളികൾ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് നടപടികൾ വൈകിക്കേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

ജേക്കബ് തോമസിന്റെ വിശദീകരണം സർക്കാർ തള്ളിയതോടെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ പാനലിനെ നിയോഗിച്ച് ചട്ടലംഘനങ്ങളെക്കുറിച്ച് കൂടുതൽ പരിശോധനകൾ നടത്തും. 1985 ബാച്ചിൽപ്പെട്ട ജേക്കബ് തോമസ്, നിലവിൽ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. 2020 മെയ്‌ 31 വരെ അദ്ദേഹത്തിന് സർവീസുണ്ട്.

സർക്കാർ നയങ്ങളെ പരസ്യമായി വിമർശിച്ചും പ്രകോപനപരമായ പ്രസ്താവന നടത്തിയും ജേക്കബ് തോമസ് അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്നാണ് സസ്‌പെൻഷൻ ഉത്തരവിൽ പറഞ്ഞിരുന്നത്. ഓഖി ദുരിതബാധിതരുടെ വികാരങ്ങൾ ആളിക്കത്തിക്കാൻ പ്രസ്താവന ഇടയാക്കി. തീരദേശത്തെ ജനങ്ങളിൽ സർക്കാരിനോട് അതൃപ്തി ഉളവാക്കുന്നതാണു പരാമർശം. സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഓഫിസർ എന്ന നിലയിൽ ആ പദവിയുടെ യശസ്സിനു കളങ്കമുണ്ടാക്കിയെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ഉടൻ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ മുഖമായാണു ജേക്കബ് തോമസിനെ ഉയർത്തിക്കാട്ടിയത്. അതേ സർക്കാരാണ് അദ്ദേഹത്തിനെ സസ്‌പെൻഡ് ചെയ്തതും. 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകരചനയിൽ സർവീസ് നിയമം ലംഘിച്ചെന്ന പേരിൽ നേരത്തേ ക്രിമിനൽ, വകുപ്പുതല നടപടികൾ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി ശുപാർശ ചെയ്തിരുന്നു. പിന്നീട് വകുപ്പുതല നടപടി മാത്രം മതിയെന്നു മുഖ്യമന്ത്രി ഉത്തരവിട്ടു.

ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിന്റെ വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് ഏറെ വിവാദമായിരുന്നു. ഇതേത്തുടർന്ന് ഐപിഎസ് ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ശീതസമരം രൂപപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ സമരം മാറുകയുമുണ്ടായി. ലോക അഴിമതിവിരുദ്ധ ദിനമായ കഴിഞ്ഞ ഒൻപതിനു പ്രസ്‌ക്ലബിൽ നടന്ന സംവാദത്തിലാണ് ജേക്കബ് തോമസ്, താൻ കൂടി ഭാഗമായ സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.

സംസ്ഥാനത്തു നിയമവാഴ്ചയും ക്രമസമാധാനവും തകർന്നു. അഴിമതിക്കെതിരെ നിലകൊള്ളാൻ ജനം ഭയക്കുന്നു. അഴിമതിക്കാർ ഇവിടെ ഐക്യത്തിലാണ്. അഴിമതിവിരുദ്ധരെ ഇല്ലാതാക്കുകയാണ്. 51 വെട്ട് വെട്ടിയില്ലെങ്കിലും നിശ്ശബ്ദരാക്കും. ഭരണത്തിനു നിലവാരമില്ലാതാകുമ്പോഴാണു വലിയ പ്രചാരണം വേണ്ടിവരുന്നത്. പരസ്യം കാണുമ്പോൾ ഗുണനിലവാരമില്ലെന്ന് ഓർക്കണം. ഓഖി ദുരന്തബാധിതരെ സഹായിക്കുന്നതിൽ സർക്കാർ വീഴ്ചവരുത്തി. പണക്കാരുടെ മക്കളാണു കടലിൽ പോയതെങ്കിൽ ഇതാകുമായിരുന്നോ പ്രതികരണമെന്നും അദ്ദേഹം ചോദിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP