Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാക്‌സിൻ വിരുദ്ധരുടെ കുപ്രചരണങ്ങൾ കേട്ട് സ്വന്തം കുരുന്നുകളെ കുരുതി കൊടുക്കരുതേ! വാക്‌സിൻ വിരുദ്ധ പ്രചരണങ്ങൾ ശക്തിപ്പെടുമ്പോൾ മലപ്പുറത്തും കണ്ണൂരും ഡിഫ്തീരിയ; രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിൽ; മലപ്പുറത്ത് ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ കഴിഞ്ഞ വർഷം മത്രം ചികിത്സ തേടിയത് 216 പേർ

വാക്‌സിൻ വിരുദ്ധരുടെ കുപ്രചരണങ്ങൾ കേട്ട് സ്വന്തം കുരുന്നുകളെ കുരുതി കൊടുക്കരുതേ! വാക്‌സിൻ വിരുദ്ധ പ്രചരണങ്ങൾ ശക്തിപ്പെടുമ്പോൾ മലപ്പുറത്തും കണ്ണൂരും ഡിഫ്തീരിയ; രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിൽ; മലപ്പുറത്ത് ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ കഴിഞ്ഞ വർഷം മത്രം ചികിത്സ തേടിയത് 216 പേർ

കോഴിക്കോട്: വാക്‌സിൻ വിരുദ്ധരുടെ പ്രചരണങ്ങൾ നമ്മുടെ കുട്ടികളെയും സാരമായി ബാധിച്ചു തുടങ്ങിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മലപ്പുറത്തും കണ്ണൂരും ഡിഫ്തീരിയ കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് സർക്കാറിനെ വീണ്ടും ആശങ്കയിലാക്കുന്നത്. മലപ്പുറം സ്വദേശിയായ 12 വയസുകാരനും കണ്ണൂർ മണത്തന സ്വദേശിനിയായ 14 വയസുകാരിയുമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

ചികിത്സയിൽ കഴിയുന്ന 14 വയസുകാരിയുടെ ഹൃദയത്തിന്റേയും വൃക്കയുടേയും പ്രവർത്തനത്തെയാണ് ബാധിച്ചിരിക്കുന്നത്. വെന്റിലേറ്ററിലാണ് കുട്ടിയിപ്പോൾ. ഈ കുട്ടിയുടെ രക്തത്തിലാണ് ഡിഫ്തീരിയ കണ്ടെത്തിയിരിക്കുന്നത്. സാധാരണ തൊണ്ടയിലെ പാടയിലാണ് ഇത് കാണാറുള്ളത്. ജീവൻ രക്ഷാ മരുന്നതായ ആന്റി ഡിഫ്തീരിയ സിറം നിലയിൽ സ്വകാര്യ ആശുപത്രിയിൽ ലഭ്യമല്ല. തുടർന്ന് ആശുപത്രി അധികൃതർ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിൽ നിന്നും മരുന്നെത്തിക്കുകയായിരുന്നു.

മലപ്പുറത്ത് കഴിഞ്ഞ വർഷം മാത്രം 216 പേർ ഡിഫ്തീരിയയുടെ ലക്ഷണങ്ങളോടെ ചിക്തിസ തേടിയിരുന്നു. രണ്ട് മരണം റിപ്പോർട്ട് ചെയ്തു. പത്ത് വർഷത്തിനിടെ 341 പേർക്ക് ഡിഫ്തീരിയ പിടിപെട്ടപ്പോൾ പതിനൊന്ന് ജീവനുകൾ മരണത്തിന് കീഴടങ്ങി. എം.ആർ വാക്സിനേഷൻ കാമ്പയിനെതിരെ ശക്തമായ എതിർപ്പാണ് മലപ്പുറത്തും കണ്ണൂരിലെ ചിലയിടങ്ങളിലും നടക്കുന്നത്.

മലപ്പുറം കോഴിക്കോട് ജില്ലകളാണ് കുത്തിവെപ്പിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത്. രാജ്യത്തുനിന്ന് മീസിൽസും റുബെല്ലയും തുടച്ചുമാറ്റുക എന്ന ലക്ഷ്യവുമായി തുടക്കമിട്ട എം.ആർ വാക്സിനേഷൻ കാമ്പയിനിന്റെ കാലയളവ് അവസാനിക്കാനിരിക്കെ ലക്ഷ്യമിട്ടതിന്റെ 50 ശതമാനം മാത്രംമാണ് കൈവരിക്കാനായത്. ചൊവ്വാഴ്ച വരെയായി 51.5 ശതമാനം പേർക്കാണ് സംസ്ഥാനത്ത് കുത്തിവെപ്പെടുത്തത്. മൂന്ന് മാസത്തിനും 15 വയസ്സിനും ഇടയിലുള്ള 75,62,886 കുട്ടികളിൽ 38,95,674 പേർക്കുമാത്രമാണ് ഇതുവരെ കുത്തിവെപ്പെടുത്തിട്ടുള്ളതെന്ന് ആരോഗ്യവകുപ്പിന്റെ പട്ടികയിൽ പറയുന്നു. ഒക്ടോബർ മൂന്നിന് തുടങ്ങിയ കുത്തിവെപ്പ് യജ്ഞം നവംബർ മൂന്നിന് അവസാനിക്കാനിരിക്കെ 50 ശതമാനത്തോളം പേർ ഇനിയും കുത്തിവെപ്പെടുക്കാനുള്ളത് ആരോഗ്യവകുപ്പിന്റെ പരാജയമാണ് വ്യക്തമാക്കുന്നത്.

മലപ്പുറം ജില്ലയിലാണ് കുത്തിവെപ്പ് യജ്ഞത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. 28.7 ശതമാനം കുട്ടികളിൽ മാത്രമാണ് ഇതുവരെയും കുത്തിവെപ്പെടുത്തത്. 12,60,493 കുട്ടികളുള്ള ജില്ലയിൽ ഇതുവരെ കുത്തിവെപ്പെടുത്തത് 3,61,613 പേരിൽ മാത്രം. സംസ്ഥാനത്ത് ഏറ്റവുമധികം കുത്തിവെപ്പെടുക്കാനുള്ള കുട്ടികളുള്ളതും മലപ്പുറത്തുതന്നെ. ജില്ലയിൽ ഏറെക്കാലമായി കുത്തിവെപ്പിനോട് ആളുകൾ കാണിക്കുന്ന വിമുഖതയെ ചെറുക്കാൻ ആരോഗ്യവകുപ്പിന് ഫലപ്രദമായി സാധിച്ചിട്ടില്ല.

മലപ്പുറം കഴിഞ്ഞാൽ ഏറ്റവും പിറകിൽ കോഴിക്കോട് ജില്ലയാണ്. 7,38,694 കുട്ടികളുള്ള ജില്ലയിൽ ഇതുവരെ 2,84,171 പേർക്കുമാത്രം കുത്തിവെപ്പെടുത്തു. അതായത് 38 ശതമാനം മാത്രം. സാമൂഹികമായും മറ്റും ഏറെ മുന്നിൽ നിൽക്കുന്ന കോഴിക്കോട് ജില്ലയിൽ കുത്തിവെപ്പ് പദ്ധതി പിറകോട്ടുപോവാൻ കാരണം ആരോഗ്യവകുപ്പിന്റെ കാര്യക്ഷമമല്ലാത്ത പ്രവർത്തനങ്ങളാണെന്ന് ആക്ഷേപമുണ്ട്. കുത്തിവെപ്പിന് നേതൃത്വം നൽകുന്ന ആരോഗ്യവകുപ്പ് ജീവനക്കാർക്ക് മതിയായ സുരക്ഷയോ സാഹചര്യമോ ഒരുക്കുന്നില്ലെന്നാണ് പരാതി.

ജില്ലയിലെ ചില സ്‌കൂളുകളിൽ അദ്ധ്യാപകർപോലും വാക്സിൻവിരുദ്ധത പ്രചരിപ്പിക്കുന്നതായി ആരോഗ്യവകുപ്പുതന്നെ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങളെ ഫലപ്രദമായി ബോധ്യപ്പെടുത്തുന്നതിലുള്ള പരാജയമാണ് ഇതിനുകാരണമെന്നാണ് ആരോപണം. ജില്ലയിൽ പദ്ധതി ഏറെ പിന്നോട്ടായതിനെത്തുടർന്ന് ജില്ല കലക്ടർ നേരിട്ട് ഇടപെട്ടിരുന്നു. 78 ശതമാനം ലക്ഷ്യം കൈവരിച്ച് പത്തനംതിട്ട ജില്ലയും 72 ശതമാനം പൂർത്തിയാക്കി ആലപ്പുഴ ജില്ലയുമാണ് കുത്തിവെപ്പ് യജ്ഞത്തിൽ സംസ്ഥാനത്ത് മുന്നിട്ടുനിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP