Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒരു ബന്ധവും ഇല്ല എന്ന മുഖ്യമന്ത്രിയുടെ വാദം പൊളിച്ചടുക്കി സരിത; കൈമാറിയ നാല് സിഡികളിൽ തമ്പാനൂർ രവിയും ബെന്നി ബെഹന്നാനുമായി നിരവധി സംഭാഷണങ്ങൾ; പുറത്തായത് സരിതയുമായുള്ള ഇടപാടുകൾ ശരിവയ്ക്കുന്ന സിഡികൾ; ഇടനിലക്കാരനായി സലിം രാജും ഒപ്പം നിന്നു; വ്യവസായി സ്വാധീനിക്കാൻ ശ്രമിച്ചതും പുറത്ത്

ഒരു ബന്ധവും ഇല്ല എന്ന മുഖ്യമന്ത്രിയുടെ വാദം പൊളിച്ചടുക്കി സരിത; കൈമാറിയ നാല് സിഡികളിൽ തമ്പാനൂർ രവിയും ബെന്നി ബെഹന്നാനുമായി നിരവധി സംഭാഷണങ്ങൾ; പുറത്തായത് സരിതയുമായുള്ള ഇടപാടുകൾ ശരിവയ്ക്കുന്ന സിഡികൾ; ഇടനിലക്കാരനായി സലിം രാജും ഒപ്പം നിന്നു; വ്യവസായി സ്വാധീനിക്കാൻ ശ്രമിച്ചതും പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സോളാർ കേസിൽ സരിത എസ് നായരെ സ്വാധീനിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചിരുന്നുവെന്ന് വ്യക്തം. മുഖ്യമന്ത്രിയുടെ വിശ്വസ്തരായ തമ്പാനൂർ രവിയും ബെന്നി ബെഹന്നാൽ എംഎൽഎയും സരിതയുമായി നിരന്തര സംഭാഷണങ്ങൾ നടത്തിയിരുന്നു. സോളാർ കേസിലെ ഗൂഡാലോച വ്യക്തമാകുന്ന തെളികുൾ സരിത പുറത്ത് വിട്ടതോടെയാണ് ഇക്കാര്യത്തിന് സ്ഥിരീകരണമുണ്ടാകുന്നത്. പുറത്ത് വിട്ട രേഖകളിൽ കാതലായ ഒന്നുമില്ലെങ്കിലും സോളാർ കേസിലെ പ്രതിക്ക് സരിതയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇടപടലുകൾ നടന്നിരുന്നുവെന്നും വ്യക്തമാണ്.

സോളാർ കേസിൽ സരിത എസ് നായർ കമ്മീഷനു നൽകിയ ഡിജിറ്റൽ തെളിവുകളാണ് പുറത്തായത്. കമ്മീഷനു മുന്നിൽ സമർപ്പിച്ച സിഡിയിലെ വിവരങ്ങളാണു പുറത്തുവന്നത്. സരിതയുമായും സഹായിയായ വിനുകുമാറുമായും കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നതിന്റെ ഓഡിയോയും ദൃശ്യങ്ങളുമാണു പുറത്തുവന്നത്. കേരള കോൺഗ്രസ് നേതാവും വ്യവസായിയുമായ എബ്രഹാം കലമണ്ണിൽ തെളിവു നശിപ്പിക്കാൻ സമീപിച്ചുവെന്നു ചാനലുകൾ പുറത്തുവിട്ട സംഭാഷണങ്ങൾ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ സരിതയുമായും അഡ്വ. ഫെനി ബാലകൃഷ്ണനുമായും നടത്തിയ സംഭാഷണവും പുറത്തായി. സലിം രാജും സരിതയും തമ്മിലുള്ള ഫോൺ സംഭാഷണവും ചാനലുകൾ പുറത്തുവിട്ടു. തമ്പാനൂർ രവിയുമായി വിനുകുമാർ നടത്തിയ സംഭാഷണത്തിന്റെയും ശബ്ദരേഖ പുറത്തുവന്നു. എബ്രഹാം കലമണ്ണിലും വിനുകുമാറും തമ്മിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും ചാനലുകളിലൂടെ പുറത്തുവിട്ടു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു സോളാർ കേസുമായി ബന്ധമുണ്ടെന്ന തരത്തിലാണു തെളിവുകൾ സൂചന നൽകുന്നത്. സരിതയുടെ സഹായി വിനുവും എബ്രഹാം കലമണ്ണിലും തമ്മിലുള്ള സംഭാഷണമാണ് ഒരു സിഡിയിലുള്ളത്. സോളാർ കമ്മീഷന് മൊഴി നൽകിയ ശേഷം സരിത തിരുവനന്തപുരത്തേക്ക് പോകുന്നതിനിടയിൽ നിലമേലിൽ വച്ചായിരുന്നു സംഭാഷണം. ഇനി കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന മൊഴികൾ നൽകരുതെന്ന് എബ്രഹാം കലമണ്ണിൽ സരിതയുടെ സഹായിയോട് ആവശ്യപ്പെടുന്നുണ്ട്. മൂന്ന് സിഡികളും മറ്റു രേഖകളുമാണ് ഇന്ന് സോളാർ കമ്മീഷന് മുന്നിൽ ഹാജരാക്കിയത്. ഒരു സിഡിയിൽ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ബെന്നി ബെഹന്നാനുമായി 2014 മുതൽ 2016 വരെ നടത്തിയ ടെലഫോൺ സംഭാഷണങ്ങളാണുള്ളത്. കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജ് എന്നിവരുമായുള്ള ഫോൺ സംഭാഷണമാണ് മറ്റു സിഡികളിൽ. ഇതാണു പുറത്തുവന്നത്.

ബെന്നിയും സരിതയുമായുള്ള ഫോൺ സംഭാഷണവും മുഖ്യമന്ത്രിക്ക് തിരിച്ചടിയാണ്. പ്രായോഗിക നിലപാട് സ്വീകരിക്കാനാണു സരിതയ്ക്ക് ബെന്നി ബഹന്നാൻ ഉപദേശം നൽകുന്നത്. സരിതയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് സരിതയ്ക്ക് ബെന്നി ബഹന്നാൻ ഉറപ്പുനൽകുന്നതും രേഖകളിലുണ്ട്. എല്ലാത്തിനും താന്മാത്രം കുടുങ്ങുമെന്ന് സരിത പറയുമ്പോൾ അങ്ങനെ ഒരിക്കലും സംഭവിക്കല്ലെന്നായിരുന്നു ബെന്നി ബഹന്നാൻ പറയുന്നത്. ശ്രീധരൻ നായരുമായി മുഖ്യമന്ത്രി കാണുന്നതിന്റെ ഡിജിറ്റൽ രേഖകളുണ്ടെന്നത് സരിത പറയുമ്പോൾ ബെന്നി ബഹന്നാൻ ശരി വെക്കുന്നുണ്ട്. സർക്കാരിനെ സംരക്ഷിക്കാൻ ഇത്രയൊക്കെ ചെയ്ത തനിക്കെന്താണ് തിരിച്ചുകിട്ടിയതെന്ന് സരിത ചോദിക്കുന്നുണ്ട്. പറഞ്ഞ കാര്യങ്ങളൊന്നും തനിക്ക് ചെയ്തുതന്നില്ലെന്ന് സരിത പറയുമ്പോൾ എല്ലാം ശരിയാക്കാമെന്നും ബെന്നി ബഹന്നാൻ പറയുന്നു.

അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് ബെന്നി ബഹന്നാൻ ആവശ്യപ്പെടുന്ന ശബ്ദരേഖയും പുറത്തുവന്നു. മുഖ്യമന്ത്രി തനിക്കെതിരെ തരം താണ രീതിയിൽ വിശേഷിപ്പിക്കുന്നെന്ന പരാതി സരിത പറയുന്നതും രേഖകളിലുണ്ട്. സർക്കാരിനെ സംരക്ഷിക്കാൻ താനെന്തിന് ഇങ്ങനെ അനുഭവിക്കണമെന്നും സരിത ചോദിക്കുന്നു. മുഖ്യമന്ത്രിയോട് ഇക്കാര്യം പറയാമെന്ന് ബെന്നി ബഹന്നാൻ സരിതയ്ക്ക് ഉറപ്പുനൽകുന്നുണ്ട്. സലീംരാജ് സരിതയെ മൊഴി പഠിപ്പിക്കുന്ന രേഖകളും ചാനലുകളിലൂടെ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോൺ ദുരുപയോഗം ചെയ്‌തെന്ന കേസിൽ സരിതയുടെ മൊഴിയെടുക്കുന്നതിന് തൊട്ടുമുൻപ് സലീം രാജ് ഓരോ ചോദ്യങ്ങളായി പരിചയപ്പെടുത്തി ഉത്തരം പഠിപ്പിക്കുന്നതാണ് ഈ ഫോൺ സംഭാഷണത്തിലുള്ളത്.

സരിതാ-ബെന്നി ബെഹന്നാൻ സംഭാഷണം ഇങ്ങനെ

അബ്ദുള്ളക്കുട്ടിക്കെതിരായ എഫ്‌ഐആർ റദ്ദാക്കാൻ സരിതയോട് ബെന്നി ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രി അടക്കമുള്ളവർ സരിതയ്ക്ക് വാഗ്ദാനങ്ങൾ നൽകിയതും സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്.

ഫോൺ റിങ് ചെയ്യുന്നു...
ബെന്നി: ഞാൻ ഒരു മീറ്റിംഗിലാണ്.

സരിത: അബ്ദുള്ളക്കുട്ടിക്കെതിരായ എഫ്‌ഐആർ റദ്ദാക്കണോ അതോ അത് തുടരണോ എന്ന് സാറു പറയണം.

ബെന്നി: അയ്യോ അത് റദ്ദാക്കണം. ചതിക്കല്ലേ.

സരിത: അയാള് ഒന്നും ചെയ്തിട്ടില്ല എന്നൊക്കെ പറയുന്നു. ഓരോന്നു ഇതായിട്ടൊക്കെ സംസാരിക്കുന്നു. വി എസ് പിന്തുണയ്ക്കുന്നു. പിന്നെ ഞാനെന്തിനാ. ഞാൻ മാത്രം നാണംകെടുന്നത് എന്തിനാ? എല്ലാവർക്കും സ്വന്തം കാര്യം മാത്രം നോക്കിയാൽ മതി. എനിക്കും ജീവിക്കണ്ടേ. ഞാനെന്താ തറയിൽ കിടക്കുന്ന വല്ലതുമാണോ?

ബെന്നി: ഞാൻ പറഞ്ഞില്ലേ ഞാൻ സംസാരിച്ചോളാം

സരിത: ഇന്നു വൈകുന്നേരം അറിയണം. രാവിലെ പത്തുമണിക്ക് മൊഴി കൊടുക്കാനുള്ളതാ. പ്രിപ്പയർ ചെയ്യാൻ സമയം വേണം.

ഫോൺ കട്ടാകുന്നു.

വീണ്ടും വിളിക്കുന്നു.

ഏറെ നേരം സംസാരം ക്ലിയർ അല്ല.

ബെന്നി: തമ്പാനൂരോ ആരെങ്കിലും ബന്ധപ്പെട്ടാരുന്നോ?

സരിത: ഞാൻ ആരെയും ബന്ധപ്പെട്ടിട്ടില്ല. ഞാൻ സാറിനെ മ്രോത വിളിച്ചിട്ടുള്ളു. സാറിനോടു മാത്രമേ സംസാരിക്കൂ.

ബെന്നിഏതായാലും സഹായകമായ നിലപാടെടുക്കുക.

സരിത: സഹായകമായ നിലപാട് എടുക്കുക എന്നു പറഞ്ഞാൽ ഒരു സൈഡ് മാത്രം മതിയോ? ഞാൻ ഈ കേസുകളിൽ എല്ലാം അത് ഫെയ്‌സ് ചെയ്യണ്ടേ? ആകെ 48 കേസുകളുണ്ട്. അതിലെല്ലാം ഈ മൊഴി വാലീഡ് ആകും.

ബെന്നി: അതുതന്നെ പറഞ്ഞത്. ഞങ്ങൾ എല്ലാവരും ഇതുകഴിഞ്ഞിട്ട് അവിടെയുണ്ടല്ലോ. കേട്ടോ.

സരിത: എല്ലാം കഴിഞ്ഞ് ഞാൻ മാത്രം എല്ലാത്തിനും മറുപടി പറയേണ്ട സിറ്റുവേഷൻ ഉണ്ടാകുമോ?

ബെന്നി: അതൊന്നും ഉണ്ടാവത്തില്ല

സരിത: എന്തുകണ്ടു വിശ്വസിക്കണം? ഓരോരുത്തരോട് എന്തെല്ലാം വാഗ്ദാനങ്ങൾ പറഞ്ഞാണ് മാറി നിൽക്കുന്നത്. സാറു തന്നെ ആലോചിച്ചു നോക്ക്. അവസാനം ഞാൻ തന്നെ പ്രഷറിൽ ആകും. തരാതരം പോലെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മാറ്റി പറഞ്ഞ്. എനിക്ക് ബുദ്ധിമുട്ടുണ്ട്. അവസാനം എല്ലാവരും എന്നെ പറയും. ഞാൻ ആ മൊഴി പറഞ്ഞില്ല. ആ മൊഴി മാറ്റി പറഞ്ഞു. പത്രക്കാരും സമൂഹവും ഉദ്ദേശിക്കുന്നതൊന്നും ഞാൻ പറഞ്ഞിട്ടില്ലെങ്കിൽ ഞാൻ മാത്രം മോശക്കാരിയാകും.

എനിക്കും ജീവിക്കണ്ടേ. ഞാനെന്തു ചെയ്യണം?

ബെന്നി ഇടയ്ക്കു കയറുന്നു. നമുക്ക് ചിന്തിക്കാം.

സരിത: വേണ്ട സാറേ. ഞാനെന്തു വേണമെന്നു ഞാനും ചിന്തിക്കാം. ഈ ഉദ്ദേശിച്ച പോലൊന്നും നടക്കാൻ പോകുന്നില്ലെന്ന് എനിക്കറിയാം. സാറിനും അറിയാം. ഉമ്മൻ ചാണ്ടി സാറു പറയുന്നതു പോലെ അബ്ദുള്ളക്കുട്ടിയുടെ കാര്യത്തിൽ ഇനി ഞാനെന്തെങ്കിലും പറഞ്ഞാൽ അതും ഇതുപോലെ തള്ളിക്കളയും.

ശ്രീധരൻ നായരെ കണ്ടില്ലെന്നാണ് പറയുന്നത്. അങ്ങനെയാണ് പറയേണ്ടതെന്ന് എന്നോടു പറഞ്ഞു. യഥാർത്ഥത്തിൽ കണ്ടിട്ടുണ്ടെന്ന് സാറിനറിയാം. എന്റെ കയ്യിൽ തെളിവും ഉണ്ട്. വീഡിയോയും ഉണ്ട്. അവർ സംസാരിക്കുന്നതിന്റെ. ഞാൻ അതിന്റെ രീതിക്ക് എടുത്തതല്ല.


എബ്രഹാം കലമണ്ണിലുമായി നടന്ന സംഭാഷണത്തിന്റെ പൂർണരൂപം ഇങ്ങനെ:

എബ്രഹാം കലമണ്ണിൽ: ആ പറഞ്ഞിട്ടാണെന്നു മാത്രം വച്ച് എന്നോടു സംസാരിക്ക്

വിനുകുമാർ: ഓകെ.. അതുമാത്രം അറിഞ്ഞാൽ മതി

എബ്രഹാം: ഒരുകാര്യമാണ്. ഞാൻ അറിഞ്ഞതും പറഞ്ഞതും, അവിടുന്ന് കാശു പോയിട്ടുണ്ട്. അതു നിങ്ങളുടെ കയ്യിൽ വന്നിട്ടുണ്ടാകില്ല.

വിനു: വന്നിട്ടില്ല സാറേ. വന്നിട്ടുണ്ടെങ്കിൽ ഇതിനുവേണ്ടി ഇറങ്ങേണ്ട കാര്യമില്ലല്ലോ.

എബ്രഹാം: ഓകെ. അപ്പോ അത് ആയിക്കോട്ടെ. ഒന്ന്, എങ്കിൽ ന്യായമായിട്ട് ഒരു ലിമിറ്റഡ് വേ, അതായത്., ഇതിൽ വച്ച് അവസാനിപ്പിക്കണം. പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞുവെന്നാണ് അവർ പറയുന്നത്.

വിനു: പറയേണ്ടതു പറഞ്ഞു കഴിഞ്ഞിട്ടില്ല സാറേ. ഇനിയും ഒത്തിരി കാര്യങ്ങളുണ്ട്. മെയ്‌നായിട്ടുള്ള ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. അതാണു പറഞ്ഞു വരുന്നത്. ജനങ്ങൾക്കറിയാം.

എബ്രഹാം: ന്യായമായിട്ടാണെങ്കിൽ നമുക്ക് ഇതങ്ങു തീർക്കാം. നിങ്ങൾക്കും അതങ്ങു തീർന്നു പോട്ടെ. വെറുതെ നമ്മൾ ഒരു മുഖ്യമന്ത്രി; ഇപ്പോ ശ്രീധരൻ നായരോടു ഞാൻ പറഞ്ഞു., ശരിയാണ് കാശു കൊടുത്തത് പുള്ളി പറഞ്ഞിട്ടാ. ഏതായാലും സംഭവിച്ചു. നാണം കെടാനുള്ളത് നാണംകെട്ടു. പറയാനുള്ളതെല്ലാം പറഞ്ഞു. എങ്കിലും ഇനിയും പ്രശ്‌നങ്ങളിലേക്ക്

വിനു: നമുക്കു പല പ്രശ്‌നങ്ങളാണ്. വെറുതെ പറയുന്നതല്ലാതെ അവർ, അതുപോട്ടെ. ഞാനൊന്നും പറയുന്നില്ല. ഓകെ. ഞാൻ സംസാരിക്കാം.

എബ്രഹാം: കണ്ടിട്ടു പറഞ്ഞാൽ തീർക്കാനാണെങ്കിൽ ഞാൻ തീർക്കാം. ആദ്യം നിങ്ങൾ പറയണം. ഇങ്ങോട്ട്. എങ്കിലേ എനിക്ക് അങ്ങോട്ടു പറയാനാകൂ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP