Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രിമാരുടെ ചീറിപ്പായൽ നിയമം തെറ്റിച്ചായാൽ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രി; ട്രാഫിക്ക് നിയമങ്ങൾ പാലിക്കാതെയുമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ചീറിപ്പായലിന് കടിഞ്ഞാണിട്ട് ഡിജിപി സെൻകുമാറും; ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥർ മാതൃകയാകണമെന്ന് സർക്കുലർ

മന്ത്രിമാരുടെ ചീറിപ്പായൽ നിയമം തെറ്റിച്ചായാൽ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രി; ട്രാഫിക്ക് നിയമങ്ങൾ പാലിക്കാതെയുമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ചീറിപ്പായലിന് കടിഞ്ഞാണിട്ട് ഡിജിപി സെൻകുമാറും; ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥർ മാതൃകയാകണമെന്ന് സർക്കുലർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാക്കി കുപ്പായം എടുത്തണിഞ്ഞാൽ പിന്നെ ഞങ്ങൾ നിയമത്തിന് അതീതരാണ് എന്ന ധാരണയുള്ള വിഭാഗമാണ് കേരളത്തിലെ പൊലീസുകാർ. ട്രാഫിക്ക് കുരുക്കിൽ ജനങ്ങൾ എത്രവലഞ്ഞാലും നിയമങ്ങളൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് പറഞ്ഞ് സിഗ്‌നലുകളെ അവഗണിച്ച് ചീറിപ്പായുന്ന പൊലീസ് ജീപ്പുകൾ കേരളത്തിലെ നിരത്തുകളിൽ സാധാരണയാണ്. നിയമം നടപ്പിലാക്കേണ്ടവർ തന്നെ നിയമവിരുദ്ധമായി പെരുമാറുമ്പോൾ പൊതുജനം കടുത്ത അമർഷത്തോടെയാണ് നോക്കുന്നതും. ഉന്നത ഉദ്യോഗസ്ഥരുടെ വാഹനം വരുമ്പോൾ തിരക്കുകൂട്ടി വഴിയൊരുക്കുന്ന പൊലീസുകാരെയും കാണാവുന്നതാണ്. എന്നാൽ, അത്യാവശ്യ ഘട്ടത്തിൽ അല്ലാതെ ഇത്തരം സംവിധാനങ്ങൾ ഒരുക്കി നൽകരുത് എന്നതടക്കം പൊലീസ് ഉദ്യോഗസ്ഥർ എങ്ങനെ പ്രവർത്തിക്കണമെന്ന് കാണിച്ച് ഡിജിപി സെൻകുമാർ പുതിയ സർക്കുലർ പുറപ്പെടുവിച്ചു.

ഇത് കൂടാതെ മന്ത്രിമാരുടെ കാര്യവും ഇങ്ങനെ തന്നെയാണ് മന്ത്രിമാറുടെ അമിത വേഗതയിലുള്ള ചീറിപ്പായലിൽ ജീവൻ പൊലിഞ്ഞ സംഭവം അടുത്തിടെ വർദ്ധിച്ചുവന്നതോടെ മന്ത്രി വാഹനങ്ങളുടെ ചീറിപ്പായലിന് മൂക്കുകയറിടാൻ ആഭ്യന്തര മന്ത്രിയും പച്ചക്കൊടി നൽകി. മന്ത്രി വാഹനങ്ങളുടെ അമിതവേഗം ക്യാമറയിൽ പെട്ടാൽ മന്ത്രിമാരിൽ നിന്ന് അടക്കം പിഴ ഈടാക്കുമെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. ശുഭയാത്രാ പദ്ധതി വിലയിരുത്തുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം പറഞ്ഞതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ആഭ്യന്തര സെക്രട്ടറി നിളിനി നെറ്റോ ,ഡിജിപി ടി.പി.സെൻകുമാർ, എഡിജിപി അരുൺകുമാർ സിൻഹ, ഐജി മനോജ് ഏബ്രഹാം എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഗതാഗത നിയമം കാര്യക്ഷമമായി നടപ്പാക്കാൻ എല്ലാ പ്രധാന നിരത്തുകളിലും ക്യാമറ സ്ഥാപിക്കാൻ യോഗത്തിൽ തീരുമാനമായി. ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങൾ കേന്ദ്രീകരിച്ച് ദേശീയപാതയിൽ ആംബുലൻസ് ലഭ്യമാക്കും. സ്‌കൂൾ പരിസരങ്ങളിൽ രാവിലെയും വൈകിട്ടും പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു.

ഗതാഗത നിയമങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ തന്നെ കർശനമായി പാലിക്കണം എന്നുകാണിച്ച് ് സംസ്ഥാന പൊലീസ് മേധാവി ടി പി സെൻകുമാർ ഇന്ന് സർക്കലുർ പുറപ്പെടുവിക്കുകയും ചെയ്തു. സംസ്ഥാനത്തെ പൊലീസുകാർ നിയമം ലംഘിക്കുന്നത് പൊലീസ് വകുപ്പിന് അവമതിപ്പുണ്ടാക്കിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഡിജിപിയുടെ പുതിയ സർക്കുലർ. ഗതാഗതനിയമങ്ങൾ പാലിക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ സാധാരണക്കാർക്ക് മാതൃകയാകണം. നോപാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്യുക, ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുക, ചുവന്ന ലൈറ്റുകൾ ഉള്ളപ്പോൾ ജങ്ഷനുകൾ ക്രോസ് ചെയ്യുക തുടങ്ങി പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളുടെ നിയമലംഘനം പൊതുജനമധ്യത്തിൽ പലപ്പോഴും പൊലീസിനെക്കുറിച്ച് അവജ്ഞയും അവമതിപ്പും ഉണ്ടാക്കുവാൻ ഇടയാക്കുന്നുണ്ടെന്നും ഡി.ജി.പി ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

ഉന്നത ഉദ്യോഗസ്ഥരുടെ നിയമലംഘന യാത്രകൾക്കെതിരെയാണ് ഡിജിപിയുടെ സർക്കുലർ. പല സന്ദർഭങ്ങളിലും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ കാണുമ്പോൾ വളരെ പെട്ടെന്ന് സിഗ്‌നലുകൾ മാറ്റി കാണിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം സർക്കുലറിൽ പറയുന്നു. ചുവന്ന സിഗ്‌നലുകൾ കിടക്കുമ്പോഴും അവിടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ മറ്റു വാഹനങ്ങളെ തടഞ്ഞു നിർത്തി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മാത്രം കടത്തി വിടുവാൻ ശ്രമിക്കാറുണ്ട്. ഇത് ഒരു കാരണവശാലും പാടില്ല. ചുവന്ന ലൈറ്റ് കിടക്കുമ്പോൾ ഒരു ആംബുലൻസ് വാഹനം പോലും അതിനെതിരെ പോകുന്നത് കൂടുതൽ ഗുരുതരമായ അപകടങ്ങളിലേയ്ക്ക് വഴിവയ്ക്കും. അതുകൊണ്ട് തന്നെ ഒരു കാരണവശാലും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ കാണുമ്പോൾ ട്രാഫിക് പോയിന്റിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ ട്രാഫിക് നിയന്ത്രണം മാറ്റി സിഗ്‌നൽ ലൈറ്റിന് എതിരായ രീതിയിലുള്ള പ്രവേശനം അനുവദിക്കുവാൻ പാടുള്ളതല്ലെന്നു ഡി.ജി.പി നിർദ്ദേശിച്ചു.

ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന് അടിയന്തിരമായി യാത്രചെയ്യേണ്ട ക്രമസമാധാന പ്രശ്‌നമോ അടിയന്തരമായ ആശുപത്രി ആവശ്യമോ എന്നിങ്ങനെ അത്യാവശ്യമുണ്ടായാൽ ഹെഡ് ലൈറ്റുകളും ടോപ് ലൈറ്റുകളും ആവശ്യമെങ്കിൽ സയറണും നൽകി മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇത്തരം മുന്നറിയിപ്പ് ലഭിച്ചാൽ ഗതാഗതം നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ അതിനനുസൃതമായി ഗതാഗത സിഗ്‌നൽ മാറ്റി അടിയന്തര സ്വഭാവത്തിലുള്ള വാഹനം കടത്തി വിടണം. സാധാരണ നിലയിൽ ക്യൂ പാലിച്ച് മാത്രമേ ഇത്തരം ജംഗ്ഷനുകളിലൂടെ വാഹനങ്ങൾ കടന്നു പോകുവാൻ പാടുള്ളൂ.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരുടെ കാര്യത്തിൽ പ്രത്യേക നടപടി ക്രമങ്ങൾ ഉള്ളതിനാൽ അവർക്കുള്ള ഗതാഗത സംവിധാനം പ്രത്യേക സെക്യൂരിറ്റി സ്‌കീമുകൾ പ്രകാരം പ്രവർത്തിക്കണം. മറ്റു വി.വി.ഐ.പികൾക്ക് സുരക്ഷാ കാരണങ്ങളാൽ ട്രാഫിക് ലൈറ്റ് ജങ്ഷനുകളിൽ നേരെ പ്രവേശനം വേണ്ടിവന്നാൽ അവരുടെ യാത്രാ പരിപാടി മുൻകൂട്ടി ട്രാഫിക് കൺട്രോൾ റൂമിൽ നൽകുകയും അവരെത്തുന്ന സമയത്തിന് തൊട്ടുമുൻപായി അവർക്ക് സുഗമമായി കടന്നു പോകുന്നതിനാവശ്യമായ സിഗ്‌നലുകൾ നൽകുകയും വേണം. സെക്യൂരിറ്റി വിഭാഗം അതത് പൊലീസ് കൺട്രോൾ റൂമുകളും ട്രാഫിക് വിഭാഗങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം കാര്യങ്ങളിൽ ശരിയായ നടപടിയെടുക്കണം. എന്നാൽ ഇത്തരം സന്ദർഭങ്ങളിലും ചുവന്ന ലൈറ്റുകൾ നിലനിർത്തി അവയ്‌ക്കെതിരെ പ്രവേശിക്കുവാൻ ഇടയുണ്ടാക്കരുത്. അങ്ങനെയുണ്ടായാൽ അത് ഗുരുതരമായ അപകടങ്ങളിൽ എത്തിച്ചേർന്നേയ്ക്കാം.

മറ്റെല്ലാ സന്ദർഭങ്ങളിലും പാർക്കിങ്,ഓവർടേക്കിങ്, ഹോൺ ഉപയോഗം എന്നിവയിലെല്ലാം ഗതാഗത നിയമങ്ങൾ അനുസരിച്ചുള്ള, ജനങ്ങൾക്ക് പൊലീസിനെ പറ്റി നല്ല പ്രതിച്ഛായ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉറപ്പാക്കണം. നിയമവാഴ്ച നടപ്പാകുന്നു എന്ന ബോധ്യം എല്ലാ റോഡ് ഉപയോക്താക്കളിലും ഉണ്ടായാൽ തന്നെ എല്ലാവരും ഗതാഗത നിയമങ്ങൾ അനുസരിക്കുന്നതിന് സ്വയം മുന്നോട്ട് വരുന്ന സാഹചര്യമുണ്ടാകും. എല്ലാ പൊലീസ് ഉദ്യോഗസ്ഥരും പ്രത്യേകിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു.

പൊലീസിലെ അഴിമതിക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി സെൻകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടക്കമെന്ന നിലയിലുള്ള നടപടികളും അദ്ദേഹം സ്വീകരിച്ചിരുന്നു. ഏത് പൊലീസ് സ്‌റ്റേഷനിലും ഏതുസമയത്തും പരിശോധന നടത്താൻ അധികാരമുള്ള ആഭ്യന്തര പൊലീസ് വിജിലൻസ് സെൽ പുനരുജ്ജീവിപ്പിച്ച് അദ്ദേഹം കഴിഞ്ഞദിവസമാണ് ഉത്തരവിറക്കിയത്. െ്രെകംബ്രാഞ്ച് എ.ഡി.ജി.പി എസ്. അനന്തകൃഷ്ണനാണ് സെല്ലിന്റെ തലവൻ. ചീഫ് വിജിലൻസ് ഓഫീസർ പദവിയാണ് അനന്തകൃഷ്ണന് നൽകിയത്. പൊലീസ് അക്കാഡമി ഡയറക്ടർ ഐ.ജി സുരേഷ്‌രാജ് പുരോഹിത്, ഇന്റലിജൻസ് ഡി.ഐ.ജി പി. വിജയൻ, എസ്.ബി.സിഐഡി എസ്‌പി ജെ. ജയനാഥ്, കോട്ടയം െ്രെകംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം എസ്‌പി എൻ. രാമചന്ദ്രൻ, മലപ്പുറം എസ്.ബി.സിഐഡി ഡിവൈ.എസ്‌പി എംപി. മോഹനചന്ദ്രൻനായർ, തിരുവനന്തപുരം സ്‌പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണർ റെജി ജേക്കബ് എന്നിവരടങ്ങിയതാണ് വിജിലൻസ് സെൽ.

സ്‌റ്റേഷനുകൾക്ക് പുറമേ ഡി.ജി.പിയുടെ കീഴിലുള്ള ഏത് പൊലീസ് സംവിധാനത്തിലും ആഭ്യന്തര വിജിലൻസ് സെല്ലിന് അപ്രതീക്ഷിത പരിശോധന നടത്താം. മികച്ച പ്രതിച്ഛായയും കാര്യക്ഷമതയുമുള്ള ഉദ്യോഗസ്ഥരെയാണ് സെല്ലിലേക്ക് നിയോഗിച്ചത്. ഡി.ജി.പി നേരിട്ടാണ് ഇവരെ തിരഞ്ഞെടുത്തത്. കേസന്വേഷണത്തിൽ വീഴ്ചവരുത്തുക, പരാതികൾ അന്വേഷിക്കാതിരിക്കുക, കൈക്കൂലി വാങ്ങുക, രേഖകൾ സൂക്ഷിക്കാതിരിക്കുക എന്നിവയെല്ലാം സെല്ലിന്റെ അന്വേഷണ പരിധിയിൽവരും. പൊലീസിനുള്ളിലെ ക്രിമിനലുകൾക്കെതിരെ നീങ്ങുന്ന സെൻകുമാറിന്റെ പരിഷ്‌ക്കരണങ്ങൾ ജനങ്ങൾക്കിടയിൽ കൈയടി നിടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP