Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202105Thursday

കുട്ടികൾക്ക് ഏതുസമയത്തും നിർഭയരായി പരാതി നൽകാം; സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ശിശുസൗഹൃദമാക്കുമെന്ന് ഡിജിപി

കുട്ടികൾക്ക് ഏതുസമയത്തും നിർഭയരായി പരാതി നൽകാം; സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ശിശുസൗഹൃദമാക്കുമെന്ന് ഡിജിപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുട്ടികൾക്ക് ഏത് സമയത്തും നിർഭയരായി പരാതി നൽകാനുള്ള അന്തരീക്ഷം പൊലീസ് സ്റ്റേഷനുകളിൽ സൃഷ്ടിക്കാനാണ് കേരള പൊലീസ് ശ്രമിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സംസ്ഥാനത്തെ 15 പൊലീസ് സ്റ്റേഷനുകളിൽ പുതുതായി ആരംഭിച്ച ശിശുസൗഹൃദ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് മുഖേന നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ആവശ്യങ്ങൾക്കായി പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നവരുടെ മക്കൾക്ക് സന്തോഷകരമായി സമയം ചെലവഴിക്കാൻ ലക്ഷ്യമിട്ടാണ് 2006 ൽ ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ എന്ന ആശയം നടപ്പിൽ വരുത്തിയത്. പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനവും പൊലീസുകാരുടെ ജോലിയും മനസിലാക്കാനും അതുവഴി കുട്ടികൾക്കും സമൂഹത്തിനും അവരോടുള്ള അകൽച്ച ഇല്ലാതാക്കാനും ഇത്തരം കേന്ദ്രങ്ങൾക്ക് കഴിയും. നിലവിൽ 85 പൊലീസ് സ്റ്റേഷനുകളിലാണ് ഇത്തരം കേന്ദ്രങ്ങൾ നിലവിലുള്ളത്. മൂന്ന് മാസത്തിനുള്ളിൽ 12 പൊലീസ് സ്റ്റേഷനുകളിൽ കൂടി ഈ സംവിധാനം നടപ്പിലാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഈ സംവിധാനം നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

കൊല്ലം റൂറലിലെ ചടയമംഗലം, പത്തനാപുരം, അഞ്ചൽ, എറണാകുളം സിറ്റിയിലെ ഇൻഫോപാർക്ക്, സൈബർ പൊലീസ് സ്റ്റേഷൻ, വനിതാ പൊലീസ് സ്റ്റേഷൻ, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, മലമ്പുഴ, മലപ്പുറത്തെ ചങ്ങരംകുളം, നിലമ്പൂർ, താനൂർ, കണ്ണൂരിലെ പാനൂർ, കാസർഗോഡ് ജില്ലയിലെ ആധൂർ, രാജപുരം, ബദിയടുക്ക എന്നിവയാണ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളായി മാറിയത്.

കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2019 ലെ അവാർഡ് തൃശൂർ സിറ്റിയിലെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ 2019 ലെ ട്രോഫി പങ്കിട്ട പത്തനംതിട്ട, മണ്ണുത്തി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. കോട്ടയം ജില്ലയിലെ പാമ്പാടി പൊലീസ് സ്റ്റേഷൻ രണ്ടാം സമ്മാനവും തിരുവനന്തപുരം സിറ്റിയിലെ തമ്പാനൂർ പൊലീസ് സ്റ്റേഷൻ മൂന്നാം സമ്മാനവും നേടി.

പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ പരാജയപ്പെടുന്ന കുട്ടികളെ വീണ്ടും പരീക്ഷയ്ക്ക് സജ്ജരാക്കാൻ പൊലീസ് മുൻകൈയെടുത്ത് നടപ്പിലാക്കുന്ന ഹോപ്പ് എന്ന പദ്ധതിയുടെ ഇക്കൊല്ലത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി നിർവ്വഹിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ട 522 കുട്ടികൾക്കാണ് കഴിഞ്ഞ വർഷം ഈ പദ്ധതി പ്രകാരം വീണ്ടും പരീക്ഷയെഴുതാൻ പരിശീലനം നൽകിയത്. അവരിൽ 465 പേർ എല്ലാ വിഷയങ്ങൾക്കും വിജയിക്കുകയുണ്ടായി.

ആവശ്യക്കാരായ കുട്ടികളെ കണ്ടെത്തി അവർക്ക് പഠനോപകരണങ്ങളും പുസ്തകങ്ങളും വസ്ത്രങ്ങളും നൽകുന്ന പുത്തനുടുപ്പും പുസ്തകവുമെന്ന പദ്ധതിയും സംസ്ഥാന പൊലീസ് മേധാവി ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം നേടിയ പൂർവ്വവിദ്യാർത്ഥികളെ ഉൾപ്പെടുത്തി രൂപീകരിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വോളന്റിയർ കോർ എന്ന സന്നദ്ധ സംഘടന മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ദേശീയ പൊലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോർട്ട്ഫിലിം, ഫോട്ടോഗ്രാഫി മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനവും സംസ്ഥാനപൊലീസ് മേധാവി നിർവ്വഹിച്ചു. സൈബർ ലോകത്തെ ചതിക്കുഴികളിലേയ്ക്ക് വെളിച്ചം വീശുന്ന തരത്തിൽ സൈബർ ഡോമിന്റെ ആഭിമുഖ്യത്തിൽ ആർട്ടിസ്റ്റ് നന്ദൻപിള്ള തയ്യാറാക്കിയ പ്രൊഫസർ പോയിന്റർ - ദി ആൻസർ ടു സൈബർ ഇഷ്യൂസ് എന്ന പുസ്തകത്തിന്റെ പ്രകാശനവും സംസ്ഥാന പൊലീസ് മേധാവി നിർവ്വഹിച്ചു. വിവിധ ജില്ലകളിൽ നിന്ന് മുതിർന്ന പൊലീസ് ഓഫീസർമാരും എസ്‌പി.സി കേഡറ്റുകളും ചടങ്ങിൽ ഓൺലൈനായി സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP