Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദേവികയുടെ ആത്മഹത്യ: മലപ്പുറത്ത് പ്രതിഷേധപ്രകടനം നടത്തിയ എം.എസ്.എഫുകാരെ അടിച്ചോടിച്ച് പൊലീസ്; നേതാക്കളെയും പ്രവർത്തകരേയും പൊതിരെ തല്ലി; നിരവധി പേർക്ക് പരിക്ക്

ദേവികയുടെ ആത്മഹത്യ: മലപ്പുറത്ത് പ്രതിഷേധപ്രകടനം നടത്തിയ എം.എസ്.എഫുകാരെ അടിച്ചോടിച്ച് പൊലീസ്;  നേതാക്കളെയും പ്രവർത്തകരേയും പൊതിരെ തല്ലി; നിരവധി പേർക്ക് പരിക്ക്

ജംഷാദ് മലപ്പുറം

മലപ്പുറം: ദേവികയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് മലപ്പുറത്ത് പ്രതിഷേധപ്രകടനം നടത്തിയ എം.എസ്.എഫുകാരെ അടിച്ചോടിച്ച് പൊലീസ്. നേതാക്കളെയും പ്രവർത്തകരേയും പൊതിരെ തല്ലി. ബാരിക്കേഡ് പോലും തീർക്കാതെ നിലയുറപ്പിച്ച പൊലീസ് പ്രകടനമായി എത്തിയ പ്രവർത്തകർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതെ മനംനൊന്ത് ദളിത് വിദ്യാർത്ഥിനി ദേവിക തീകൊളുത്തി മരിച്ച സംഭവത്തിൽ സർക്കാർ വീഴ്‌ച്ചക്കെതിരെയാണ് എം.എസ്.എഫ് മലപ്പുറം ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

മാർച്ച് ഡി.ഡി.ഇ ഓഫീസ് കവാടത്തിന് മുന്നിലേക്ക് എത്തുന്നതിന് മുന്നെ ചാടി വീണ പൊലീസ് നേതാക്കളെയും പ്രവർത്തകരേയും പൊതിരെ തല്ലി. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരേയും പൊലീസ് തടഞ്ഞു. സിഐ പ്രംജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യാതൊരു പ്രകോപനവും കൂടാതെ സമരക്കാരെ തല്ലിചതച്ചത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്ക് പറ്റിയത്. എല്ലാവർക്കും തലക്കും കൈക്കുമാണ് പരിക്ക്. കവാടത്തിന് മുന്നിൽ ബാരിക്കേഡ് പോലും തീർക്കാതെ നിലയുറപ്പിച്ച പൊലീസ് പ്രകടനമായി എത്തിയ പ്രവർത്തകർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സമരക്കാരെ പൊതിരെ തല്ലിയ പൊലീസ് നിലത്ത് വീണു കിടക്കുന്നവരേയും തല്ലിച്ചതച്ചു. തലക്ക് നോക്കിയായിരുന്നു പൊലീസ് ക്രൂരത.

ഗുരുതര പരിക്കേറ്റ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി കബീർ മുതുപറമ്പ്, വൈസ് പ്രസിഡന്റ് കെ.എം ഇസ്മായിൽ, ഷബീർ കോഡൂർ എന്നിവരെ പെരിന്തൽമണ്ണ എം.ഇ.എഎസ് മെഡിക്കൽ കോളജിലും ദേശീയ സെക്രട്ടറി എൻ.എ കരീം, സംസ്ഥാന വൈസ് പ്രസിഡന്റ് ഷറഫു പിലാക്കൽ, വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂർ, സെക്രട്ടറി അസ്ഹർ പൊന്നാനി, ജില്ലാ വൈസ് പ്രസിഡന്റ്ുമാരായ വി.എ വഹാബ്, പി.എ ജവാദ്, ഷബീർ പൊന്മള എന്നിവരെ മലപ്പുറം സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മലപ്പുറം മുനിസിപ്പൽ ബസ്സ്റ്റാന്റ് പരിസരത്തുനിന്നും 12.15 ഓടെ പ്രകടനമായി എത്തിയ പ്രവർത്തകർ 12.30ഓടെയാണ് ഡി.ഡി.ഇ ഓഫീസ് പരിസരത്ത് എത്തിയത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ മാത്രമാണ് പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്.

മുപ്പതോളം വരുന്ന പൊലീസ് ചേർന്നാണ് ഇവരെ ക്രൂരമായി മർദിച്ചത്. എം.എസ്.എഫ് ജില്ലാ വർക്കിങ് പ്രസിഡന്റ് ഹക്കീം തങ്ങൾ, സെക്രട്ടറി മുറത്ത് പെരിന്തൽമണ്ണ, ടി.പി നബീൽ, വി എം ജുനൈദ്, ജസീൽ പറമ്പൻ, അഫ്ലഹ് സി.കെ, സഹൽ, ഹാഫിദ് പരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതിൽ മനംനൊന്ത് ദളിത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെതിരെയാണ് എം.എസ്.എഫ് സമരം ചെയ്തത്.

ഓൺലൈൻ പഠനം മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്‌ച്ച സംസ്ഥാന വ്യാപകമായി ഡി.ഡി.ഇ ഓഫീസുകളിലേക്ക് എം.എസ്.എഫ് മാർച്ച് നടത്തിയിരുന്നു. പരിക്ക് പറ്റി ആശുപത്രിയിൽ കഴിയുന്നവരെ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സെക്രട്ടറി മുജീബ് കാടേരി, എംഎ‍ൽഎമാരായ കെ.കെ ആബിദ് ഹുസൈൻ തങ്ങൾ, പി ഉബൈദുല്ല, ടി.വി ഇബ്രാഹിം, പി അബ്ദുൽ ഹമീദ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷറഫലി, മുസ്ലിംയൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അൻവർ മുള്ളമ്പാറ എന്നിവർ സന്ദർശിച്ചു. ജനാധിപത്യ രീതിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടും എംഎ‍ൽഎമാരായ കെ.കെ ആബിദ്ഹുസൈൻ തങ്ങൾ, ടി.വി ഇബ്രാഹിം എന്നിവർ ജില്ലാ പൊലീസ് മേധാവിയെ കണ്ടു. പൊലീസ് ഭീകരതയിൽ പ്രതിഷേധിച്ച് മുനിസിപ്പൽ, പഞ്ചായത്ത് കേന്ദ്രങ്ങളിൽ യൂത്ത്ലീഗ് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ മുസ്ലിം യൂത്ത്ലീഗ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP