Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവാഭരണ പാതയിലെ 10 ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വിശ്രമ കേന്ദ്രങ്ങൾ വികസിപ്പിക്കും;പെട്രോൾ ഡീസൽ വാഹനങ്ങൾ ഭാവയിൽ പമ്പയിലേക്ക് കടത്തിവിടാതിരിക്കുന്നതിനുള്ള സംവിധാനങ്ങൾ നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

തിരുവാഭരണ പാതയിലെ 10 ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വിശ്രമ കേന്ദ്രങ്ങൾ വികസിപ്പിക്കും;പെട്രോൾ ഡീസൽ വാഹനങ്ങൾ ഭാവയിൽ പമ്പയിലേക്ക് കടത്തിവിടാതിരിക്കുന്നതിനുള്ള സംവിധാനങ്ങൾ നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

പത്തനംതിട്ട: പന്തളം മുതൽ ശബരിമല വരെയുള്ള തിരുവാഭരണ പാതയിലെ 10 ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആധുനിക സൗകര്യങ്ങളോടെ തീർത്ഥാടക വിശ്രമ കേന്ദ്രങ്ങൾ വികസിപ്പിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. തിരുവാഭരണ പാതയിൽ വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കേണ്ട ക്ഷേത്രങ്ങളെ സംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ നടത്തുന്നതിനായി തിരുവാഭരണ പാത സംരക്ഷണ സമിതിയുടെയും ദേവസ്വം ബോർഡിന്റെയും ശബരിമല ഉന്നതാധികാര സമിതിയുടെയും നേതൃത്വത്തിൽ പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച യാത്രയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

വലിയകോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ ദീപം തെളിച്ച് തേങ്ങ ഉടച്ച ശേഷമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് , രാജകൊട്ടാരം പ്രതിനിധികൾ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, തിരുവാഭരണ പാത സംരക്ഷണ സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വ ത്തിൽ യാത്ര ആരംഭിച്ചത്. 83 കിലോമീറ്റർ ദൈർഘ്യമുള്ള തിരുവാഭരണ പാതയിലെ ഓരോ എട്ട് കിലോമീറ്ററിലും ഒരു വിശ്രമ സങ്കേതം എന്ന നിലയിൽ 10 വിശ്രമ സങ്കേതങ്ങൾ പൂർത്തിയാക്കുന്നതിനുള്ള സർവെയാണ് യാത്രയുടെ ലക്ഷ്യം.

മണ്ഡല മകരവിളക്ക് ഉത്സവ കാലയളവുകളിലും മാസപൂജാ സമയങ്ങളിലും തിരുവാഭരണപാതയിലൂടെ നടന്ന് ശബരിമലയിൽ എത്തുന്നതിന് കൂടുതൽ പ്രചരണം ഇതരസംസ്ഥാനങ്ങളിൽ ഉൾപ്പെടെ നൽകി തിരുവാഭരണ പാതയെ കാൽനടയായി ശബരിമലയിൽ എത്തുന്നതിനുള്ള പ്രധാനപാതയാക്കി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. തിരുവാഭരണ പാതയെ വിശുദ്ധ പാതയായി നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ തുടർ പ്രവർത്തനം എന്ന നിലയിലുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിക്കുന്നത്.

തിരുവാഭരണ പാതയെ തീർത്ഥാടകരുടെ സ്ഥിരം പാതയാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക കാൽവയ്പാകും പാതയിലെ ഇടത്താവളങ്ങളുടെ വികസനമെന്നും പ്രസിഡന്റ് പറഞ്ഞു. കൈപ്പുഴ, കുളനട, പൊന്നുംതോട്ടം, പാമ്പാടിമൺ, പേരൂർച്ചാൽ, പ്രയാർ, പെരുനാട്, ളാഹ തുടങ്ങിയ ക്ഷേത്രങ്ങളോടനുബന്ധിച്ചാണ് ഇടത്താവളങ്ങൾ സജ്ജീകരിക്കുന്നതിന് ആലോചനയുള്ളത്. ഇതിന്റെ ഭാഗമായി ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് സംഘം ആദ്യസന്ദർശനം നടത്തിയത്. കൈപ്പുഴ ക്ഷേത്രത്തിന് പിൻവശത്തെ സ്ഥലം വിലയ്ക്ക് വാങ്ങി ദേവസ്വം ബോർഡിന് വിട്ടുനൽകാമെന്ന് ക്ഷേത്രോപദേശക സമിതി അിറയിച്ചു.

ഇത്തരത്തിൽ സ്ഥലം ലഭിക്കുകയാണെങ്കിൽ തീർത്ഥാടകർക്ക് ആവശ്യമായ ശുചിമുറികൾ ഉൾപ്പെടെ സജ്ജീകരിക്കുന്നതിന് ദേവസ്വം ബോർഡ് ആവശ്യമായ തുക നൽകും. വിരി വയ്ക്കുന്നതിനാവശ്യമായ സഥലം കൂടി വിലയ്ക്ക് ലഭിക്കുകയാണെങ്കിൽ ഇതിനുള്ള തുകയുടെ പകുതിയും കൂടി ദേവസ്വം ബോർഡ് വഹിക്കുന്ന കാര്യം പരിഗണിക്കാവുന്നതാ െണന്നും പ്രസിഡന്റ് പറഞ്ഞു.

പമ്പയിലെ തിരക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി നിലയ്ക്കലിനെ ബേസ് ക്യാമ്പാക്കി മാറ്റി അവിടെ വാഹനങ്ങൾ പാർക്ക് ചെയ്യിച്ച് ബാറ്ററി ഓപ്പറേറ്റഡ് വെഹിക്കിളുകൾ ഉപയോഗിച്ച് തീർത്ഥാടകരെ പമ്പയിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സാധ്യത ദേവസ്വം ബോർഡ് പരിശോധിക്കും. വനത്തിനും വന്യജീവികൾക്കും ദോഷകരമാകുമെന്നതിനാൽ പെട്രോൾ ഡീസൽ വാഹനങ്ങൾ ഭാവയിൽ പമ്പയിലേക്ക് കടത്തിവിടാതിരിക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഏർപ്പെടുത്തേണ്ടത്.

വനസംരക്ഷണം മുഖ്യ അജണ്ടയായി ഏറ്റെടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളായിരിക്കും ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. നിലയ്ക്കലിൽ ഇപ്പോൾ വിവിധ സംസ്ഥാനങ്ങൾക്ക് പാർക്കിംഗിനായി സ്ഥലം നൽകിയിട്ടുണ്ട്. ഈ സംവിധാനം മാറ്റി കോമൺ പാർക്കിങ് സംവിധാനം ഏർപ്പെടുത്തും. നിലയ്ക്കലിലെ ഡാമിന്റെ ആഴം കൂട്ടി വിവിധ അരുവികളിലെ ജലം അവിടേക്കെത്തിക്കുന്നതിനുള്ള പദ്ധതിക്ക് 15 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ നിലയ്ക്കലിലെ ജലക്ഷാമത്തിന് ശാശ്വത പരിഹാരമാകും.

ശബരിമലയിൽ ദേവസ്വം ബോർഡിന്റെ കൈവശം ഇപ്പോഴുള്ളത് 69.5 ഏക്കർ സ്ഥലമാണ്. മുമ്പ് 100 ഏക്കറിലധികം സ്ഥലം ദേവസ്വം ബോർഡിന് വിട്ടുനൽകിയിരുന്നു. നഷ്ടപ്പെട്ട സ്ഥലം പുനഃസ്ഥാപിക്കുന്നതിനായി വനംവകുപ്പുമായി ചേർന്ന് സംയുക്ത സർവെ ഉടൻ നടത്തും. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പെരിയാർ കടുവ സങ്കേതത്തിനുള്ളിലാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് അയ്യപ്പന്റെ പൂങ്കാവനമാണ്. ഇത് സംരക്ഷിക്കുന്നതിനുള്ള നടപടികളാകും ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടാവുക. കൂടുതൽ കോൺക്രീറ്റ് കെട്ടിടങ്ങൾ സ്ഥാപിക്കുക എന്നത് ബോർഡിന്റ നയമല്ലെന്നും പ്രസിഡന്റ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP