Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡെങ്കിപ്പേടിയിൽ കൊച്ചി നഗരം; നഗരത്തിലെ പത്ത് ഡിവിഷനുകളിൽ ഡെങ്കിപ്പനി സ്ഥീരികരിച്ചതായി ആരോഗ്യവകുപ്പ്; പ്രതിരോധ പ്രവർത്തനം ദ്രുതഗതിയിലാക്കാൻ 256 വോളണ്ടിയർ ടീമും; ജാഗ്രതപാലിക്കണമെന്ന നിർദേശവും

ഡെങ്കിപ്പേടിയിൽ കൊച്ചി നഗരം; നഗരത്തിലെ പത്ത് ഡിവിഷനുകളിൽ ഡെങ്കിപ്പനി സ്ഥീരികരിച്ചതായി ആരോഗ്യവകുപ്പ്; പ്രതിരോധ പ്രവർത്തനം ദ്രുതഗതിയിലാക്കാൻ 256 വോളണ്ടിയർ ടീമും; ജാഗ്രതപാലിക്കണമെന്ന നിർദേശവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി :ഡെങ്കിപ്പനി ഭീതിയിൽ കൊച്ചി നഗരം! നഗരത്തിന്റെ പല ഭാഗങ്ങളിലും ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകളുടെ ലാർവകളെ കണ്ടെത്താൻ സാധിച്ചു എന്നാണ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനകൾക്ക് ശേഷം അറിയിച്ചത്. ഇതുവരെ മുന്നൂറിലധികം ആളുകൾ ഡെങ്കിപ്പനിക്ക് ചികിത്സ തേടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഡെങ്കിപ്പനി പടരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ . അതേസമയം ആരോഗ്യ വിഭാഗം നടത്തിയ പരിശോധനകളിൽ രോഗം പടരുന്നതിനുള്ള സാധ്യതകളാണ് കാണുന്നത്. നഗര ഹൃദയഭാഗത്തെ പത്ത് ഡിവിഷനുകളിൽ ഡെങ്കിപ്പനി പടരുന്നതായുള്ള റിപ്പോർട്ടുകൾ വന്നതിനാലാണ് ആരോഗ്യവിഭാഗം ഭവന സന്ദർശനം നടത്തിയത്. എന്നാൽ ഭവന സന്ദർശനത്തിലൂടെ നഗരത്തിൽ വലിയ തോതിൽ ഡെങ്കിപ്പനി വരാനുള്ള സാധ്യത കണ്ടെത്തുകയായിരുന്നു.

ഈഡിസ് കൊതുകുകളുടെ ലാർവ ഡെങ്കിപ്പനി വരാൻ ഇടയാക്കുമെന്നതിനാൽ തന്നെ ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനായി നഗരത്തിന്റെ ഭാഗങ്ങളിലും വീടുകളിലും മറ്റുമായി വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ആരോഗ്യ വകുപ്പ് ഒരുങ്ങുന്നത്. അതിനാൽ തന്നെയാണ് ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, നഴ്സിങ് വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന 265 ടീമുകൾ വീടുകളിൽ പരിശോധന നടത്തിയത്. മാത്രമല്ല പരിശോധനയെ തുടർന്ന് ഈഡിസ് കൊതുകിന്റെ ലാർവയെ കണ്ടെത്തിയ പ്രദേശങ്ങളിൽ ബോധവൽക്കരണ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

അതേസമയം ഈഡിസ് കൊതുകിന്റെ ലാർവകളെ ഇല്ലാതാക്കിയാൽ മാത്രമേ ഡെങ്കിപ്പനി പടരുന്നത് തടയാൻ സാധിക്കുകയുള്ളൂവെന്നും. അതിന് ഏതെങ്കിലും ഒരു വിഭാഗം മാത്രം വിചാരിച്ചാൽ പോരായെന്നും, നഗരത്തിലെ എല്ലാവരുടെയും സഹകരണം വേണമെന്നും ഉള്ളതിനാൽ എല്ലാ ജനങ്ങളുടെയും സഹകരണം തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഇതിനായി ഞായറാഴ്ച നഗരസഭാ പ്രദേശത്തെ മുഴുവൻ സ്ഥലത്തും സമ്പൂർണ ഈഡിസ് ലാർവ ഉറവിട നിർമ്മാർജന പരിപാടി 'ഒരുമ' സംഘടിപ്പിച്ചിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി എല്ലാ നഗരവാസികളും അന്നേ ദിവസം വീടിന് ചുറ്റും കൊതുക് വളരുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണം. മാത്രമല്ല അത്തരം സാഹചര്യങ്ങൾ കണ്ടെത്തുകയാണെങ്കിൽ അവ നീക്കം ചെയ്യുകയും വേണം. എല്ലാവരുടെയും ജാഗ്രതയോടെയുള്ള ഇടപെടലുകളാണ് ഡെങ്കിപ്പനിയെ തുടച്ചുമാറ്റാനുള്ള ഏക പോംവഴി.

അതേസമയം റോഡുകളിലും വീടിന്റെ പരിസരങ്ങളിലും മാത്രം കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയല്ല ഈഡിസ് കൊതുകുകൾ പെരുകുന്നത്. വീടിന്റെ സൺസൈഡിലും, ഫ്രിഡ്ജിന്റെ പിന്നിലെ ട്രേകളിലും, ചെടിച്ചട്ടിയിൽ വെള്ളം ഒഴിക്കുമ്പോൾ താഴെ വീഴാതെയിരിക്കാൻ വയ്ക്കുന്ന ട്രേകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയും കൊതുകുകൾ പെരുകും. അതിനാൽ പെട്ടെന്ന് ശ്രദ്ധ ലഭിക്കാത്ത ഇത്തരം ഭാഗങ്ങൾ വൃത്തിയാക്കൻ ശ്രദ്ധിക്കണം.

വീടുകൾ, സ്ഥാപനങ്ങൾ, കാനകൾ എന്നിവയ്ക്ക് പുറമേ എറണാകുളം മഹാരാജാസ് കോളേജിലും ഡെങ്കിപ്പനി പടരാനുള്ള സാധ്യതകൾ ഉണ്ട്. കോളേജിലെ ബോട്ടണി വിഭാഗത്തിലുള്ള ചെടിച്ചട്ടികളിലാണ് ഈഡിസ് ലാർവകളെ കണ്ടെത്തിയത്. എന്തായാലും ആരോഗ്യവകുപ്പിന്റെയും, നഗരസഭയുടെയും നേതൃത്വത്തിൽ ഡെങ്കിപ്പനിയെ തടയാനുള്ള ശ്രമങ്ങൾ തുടരുകയാണ്

എന്താണ് ഈഡിസ് കൊതുകുകൾ അഥവാ ഈഡിസ് ഈജിപ്തി ?

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രം മുട്ടയിടുന്ന കൊതുകുകളാണ് ഈഡിസ് ഈജിപ്തി. അതായത് ശുദ്ധജലത്തിൽ മാത്രം വളരുന്ന കൊതുകുകളാണ് ഇവ. പെൺകൊതുകുകളാണ് രോഗം പരത്തുന്നത്. ഒരു പ്രദേശം മുഴുവൻ മുട്ടയിടുന്നതാണ് ഇവയുടെ രീതി. മുട്ടയിടുന്നതിലൂടെ വൈറസിനെ അടുത്ത തലമുറയിലേക്ക് ഇവ കൈമാറുകയാണ് ചെയ്യുന്നത്. എന്നാൽ വെള്ളത്തിലല്ലാതെ മുട്ടകൾക്ക് ആറുമാസം വരെ നിലനിൽക്കാനാകും.

വെള്ളം ലഭിക്കുന്ന ഉടനെ ഇവ പെരുകുകയും ചെയ്യും. ഒരു വർഷം വരെ നശിക്കാതിരിക്കാനുള്ള കഴിവുണ്ട് ചില മുട്ടകൾക്ക്. അതേസമയം പകൽ മാത്രമേ ഈഡിസ് കൊതുകുകൾ കടിക്കുകയുള്ളൂ. സൂര്യോദയത്തിന് ശേഷമുള്ള രണ്ട് മണിക്കൂറും, സൂര്യാസ്തമയത്തിന് മുമ്പുള്ള നാല് മണിക്കൂറുമായിരിക്കും ഇവ സജീവമാകുക.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP