Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇറങ്ങേണ്ട സ്ഥലം ചോദിച്ചപ്പോൾ ഡ്രൈവറും കണ്ടക്ടറും കോപിച്ചു; അസഭ്യം പറഞ്ഞ് കെഎസ്ആർടിസി ബസിൽ നിന്നും രാത്രി ഇറക്കിവിട്ടു; ലോകപ്രശസ്ത സാമൂഹ്യപ്രവർത്തക ദയാ ബായിക്ക് ആലുവയിൽ വച്ച് കടുത്ത അപമാനം

ഇറങ്ങേണ്ട സ്ഥലം ചോദിച്ചപ്പോൾ ഡ്രൈവറും കണ്ടക്ടറും കോപിച്ചു; അസഭ്യം പറഞ്ഞ് കെഎസ്ആർടിസി ബസിൽ നിന്നും രാത്രി ഇറക്കിവിട്ടു; ലോകപ്രശസ്ത സാമൂഹ്യപ്രവർത്തക ദയാ ബായിക്ക് ആലുവയിൽ വച്ച് കടുത്ത അപമാനം

തൃശ്ശൂർ: പ്രശസ്ത സമൂഹികപ്രവർത്തക ദയാ ബായിയെ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കിട്ടതായി പരാതി. ഇന്നലെ രാത്രി തൃശൂരിൽ നിന്ന് ആലുവയിലേക്ക് യാത്ര ചെയ്യുമ്പാണ് സംഭവം. ഇന്നലെ രാത്രിയാണ് തൃശ്ശൂരിൽ നിന്നും ദയാ ബായി ആലുവയിലേക്ക് യാത്ര ചെയ്തത്. പാവറട്ടിയിലെ സ്‌കൂളിൽ സ്റ്റുഡന്റ്‌സിന് ക്ലാസെടുത്തിയ ശേഷം ആലുവയിൽ വരുമ്പോഴായിരുന്നു സംഭവം. മോശമായ പദപ്രയോഗങ്ങൾ നടത്തി കണ്ടക്ടറും ഡ്രൈവറും ചേർന്ന് ദയാബായിയെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്ന് ദയാബായി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഫാ. വടക്കൻ മെമോറിൽ അവാർഡ് ഏറ്റുവാങ്ങാൻ തൃശൂരിലെ പാവറട്ടിയിൽ എത്തിയ ദയാബായി അവിടെ ഒരു സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് ക്യാമ്പിൽ ക്‌ളാസെടുക്കാനും പോയിരുന്നു. അവിടെ നിന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ വൈകീട്ട് അഞ്ചോടെ ദയാബായിയെ തൃശൂർ ബസ് സ്റ്റാൻഡിൽ വാഹനത്തിൽ എത്തിച്ചു. ആലുവയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനായിരുന്നു അവരുടെ യാത്ര. ബസിൽ കയറുമ്പോൾ പലപ്പോഴും മോശമായ പെരുമാറ്റമുണ്ടായിട്ടുള്ളതിനാൽ ട്രെയിനിൽ പോകാനാണ് തനിക്ക് താൽപര്യമെന്ന് അവർ പൊലീസുകാരോട് പറഞ്ഞു. എന്നാൽ, അവധിയുടെ തിരക്കായതിനാൽ ട്രെയിൻ യാത്ര ദുരിതപൂർണമാകുമെന്നും ഒന്നര മണിക്കൂറിനുള്ളിൽ ആലുവയിൽ എത്തുമെന്നും പൊലീസുകാർ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ പൊലീസുകാർ തന്നെ ബസിനുള്ളിൽ കയറി സീറ്റ് തരപ്പെടുത്തി അവരെ യാത്രയാക്കി.

ആലുവയിൽ ഇറങ്ങാനാണ് താൻ ടിക്കറ്റെടുത്തെന്ന് അവർ പറഞ്ഞു. വടക്കാഞ്ചേരി ഡിപ്പോയിൽനിന്ന് എറണാകുളത്തേക്കുള്ള ബസായിരുന്നു. ബസ് ആലുവയിൽ എത്താറായപ്പോൾ അവിടത്തെ പരിപാടിയുടെ സംഘാടകർ വിളിച്ച് ആലുവ സ്റ്റാൻഡിൽ ഇറങ്ങാൻ നിർദ്ദേശിച്ചു. ആലുവ സ്റ്റാൻഡ് എത്താറായോ എന്ന് താൻ ഡ്രൈവറോട് ചോദിച്ചപ്പോൾ വളരെ മോശമായ പെരുമാറ്റമാണ് അയാളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ദയാബായി പറഞ്ഞു. കുറച്ചു കഴിഞ്ഞ് കണ്ടക്ടർ എത്തിയപ്പോൾ തനിക്ക് സ്റ്റാൻഡിലാണ് ഇറങ്ങേണ്ടതെന്നും അവിടെ ഇറക്കാമോയെന്നും ചോദിച്ചുവെന്ന് അവർ പറഞ്ഞു. എന്നാൽ, ആലുവ വരെയുള്ള ടിക്കറ്റാണ് താൻ തന്നിട്ടുള്ളതെന്നും അതിനാൽ ആലുവ ജങ്ഷനിൽ ഇറങ്ങിക്കോളണമെന്നും ഭീഷണി കലർന്ന ഭാഷയിൽ കണ്ടക്ടർ പ്രതികരിച്ചു. സ്റ്റാൻഡിൽ ഇറങ്ങാനുള്ള ടിക്കറ്റ് എടുക്കാമെന്ന് പറഞ്ഞിട്ടും കണ്ടക്ടർ കൂട്ടാക്കിയില്ലത്രേ. തുടർന്ന് വളരെ മോശമായ പദപ്രയോഗങ്ങൾ അയാൾ നടത്തിയെന്നും ദയാബായി പറഞ്ഞു.

തുടർന്ന് മറ്റ് യാത്രക്കാർ ഇടപെട്ട് ഇറക്കിക്കൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ആലുവ ജങ്ഷൻ കഴിഞ്ഞ് അൽപം മുന്നിലെ റോഡിൽ വൈകീട്ട് ഏഴോടെ തന്നെ ഇറക്കി വിടുകയായിരുന്നുവെന്ന് അവർ പറഞ്ഞു. പ്രായമൊന്നും കണക്കാക്കില്ല നല്ലത് തരുമെന്നും മിണ്ടാതെ ഇരിക്കാനും കണ്ടക്ടർ ആക്രോശിച്ചുവെന്നും പരിചയമില്ലാത്തിടത്ത് തന്നെ ഇറക്കിവിട്ടുവെന്നും ദയാഭായി പറഞ്ഞു.ആളുകൾ നോക്കി നിൽക്കേ നേരിടേണ്ടി വന്ന അപമാനത്തിൽ അതിയായ സങ്കടം ഉണ്ടായതായും കരച്ചിലിന്റെ വക്കോളമെത്തിയതായും ദയാഭായി പ്രതികരിച്ചു.

സാംസ്‌കാരിക കേരളത്തിൽ നിന്നും തനിക്ക് അനുഭവിക്കേണ്ടിവന്ന തിക്താനുഭവമാണിതെന്നും ഇത് മറക്കാനാകില്ലെന്നും അവർ പറഞ്ഞു. തന്റെ വസ്ത്രവിധാനം കണ്ടാണോ ഇങ്ങനെ പെരുമാറുന്നതെന്ന് ചോദിച്ചപ്പോഴും കണ്ടക്ടർ മോശമായാണ് പ്രതികരിച്ചതെന്ന് അവർ കൂട്ടിച്ചേർത്തു. തന്നോട് മോശമായി പെരുമാറിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ ശിക്ഷാനടപടികൾ വേണമെന്നല്ല താൻ ഉദ്ദേശിക്കുന്നതെന്നും ഉപഭോക്താക്കളോട് ഇനിയെങ്കിലും മാന്യമായി പെരുമാറാൻ കെ.എസ്.ആർ.ടി.സി ജീവനക്കാർ തയാറാകണമെന്ന് മാത്രമാണ് താൻ ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുമെന്നും താൻ ഞായറാഴ്ച മടങ്ങിപ്പോകുമെന്നും ദയാ ബായി പറഞ്ഞു.

അതേസമയം കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ദയാ ബായിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന് കേരളത്തിന്റെ പേരിൽ മാപ്പു ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന മലയാളിയായ സാമൂഹ്യപ്രവർത്തകയാണ് ദയാബായി എന്ന പേരിൽ അറിയപ്പെടുന്ന മേഴ്‌സി മാത്യു. കോട്ടയം പൂവരഞ്ഞി സ്വദേശിയായ ഇവർ ആദിവാസി മേഖയിൽ നടത്തുന്ന പ്രവർത്തനം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജലദൗർബല്യം നേരിടുന്ന മേഖലയിലെ ആദിവാസികൾക്ക് വേണ്ടി പ്രവർത്തിച്ച ദയാബായി 2007സെ വുമൺ ഓഫ് ദ ഇയർ പുരസ്‌ക്കാര ജേതാവുമാണ്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP