Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനീതിക്കെതിരെ ശബ്ദമുയർത്തിയ ദളിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും ലീഗും കേരള കോൺഗ്രസും; വാഹനം തടയാനും കടകൾ അടപ്പിക്കാനും മുന്നിട്ടിറങ്ങി യൂത്ത് കോൺഗ്രസും യൂത്ത് ലീഗും; തെക്കൻ കേരളത്തിൽ ഹർത്താലിൽ പലസ്ഥലങ്ങളിലും അക്രമം; വടക്കൻ കേരളത്തിൽ ഹർത്താൽ സമാധാനപരം; നേതാക്കൾ ഉൾപ്പെടെ ദളിത് പ്രവർത്തകരെ പരക്കെ കസ്റ്റഡിയിലെടുത്ത് പൊലീസ്; സംസ്ഥാനത്ത് ദളിത് ഹർത്താൽ പൂർണം

അനീതിക്കെതിരെ ശബ്ദമുയർത്തിയ ദളിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും ലീഗും കേരള കോൺഗ്രസും; വാഹനം തടയാനും കടകൾ അടപ്പിക്കാനും മുന്നിട്ടിറങ്ങി യൂത്ത് കോൺഗ്രസും യൂത്ത് ലീഗും; തെക്കൻ കേരളത്തിൽ ഹർത്താലിൽ പലസ്ഥലങ്ങളിലും അക്രമം; വടക്കൻ കേരളത്തിൽ ഹർത്താൽ സമാധാനപരം; നേതാക്കൾ ഉൾപ്പെടെ ദളിത് പ്രവർത്തകരെ പരക്കെ കസ്റ്റഡിയിലെടുത്ത് പൊലീസ്; സംസ്ഥാനത്ത് ദളിത് ഹർത്താൽ പൂർണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദളിത് ഹർത്താൽ സംസ്ഥാനത്ത് പൂർണം. തെക്കൻ കേരളത്തിൽ നിരവധി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ, വടക്കൻ കേരളത്തിൽ ഹർത്താൽ സമാധാനപരമാണ്.

സംസ്ഥാനത്ത് പരക്കെ ബസ് സർവീസുകൾ തടയലും വഴിതടയലും നടന്നു. യൂത്ത് ലീഗും യൂത്ത് കോൺഗ്രസും ദളിത് സംഘടനകൾക്ക് പിന്തുണയുമായി രംഗത്തിറങ്ങിയതോടെ വ്യാപകമായി കടകൾ അടപ്പിക്കലും അരങ്ങേറി.

വാഹനം തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടനീളം ദളിത് സംഘടനാ പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുക്കുകയാണ് പൊലീസ്. റോഡ് ഉപരോധം വിജയിപ്പിക്കാൻ മിക്ക കേന്ദ്രങ്ങളിലും ദളിത് സംഘടനാ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. ഹർത്താലിനെ അനുകൂലിച്ച് കാനം പ്രതികരിച്ചതും ചർച്ചയായിട്ടുണ്ട്. ബിജെപിയും ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

തിരുവനന്തപുരത്തും കൊച്ചിയിലും ദളിത് സംഘടനാ പ്രവർത്തകർ റോഡ് തടഞ്ഞു. ഇതോടെ കെ എസ് ആർ ടി സി ബസ് സർവ്വീസും തടസ്സപ്പെട്ടു. ദളിത് സംഘടനകൾക്ക് സ്വാധീനമുള്ള ഗ്രാമീണ മേഖലയിൽ ഹർത്താൽ പൂർണ്ണ വിജയമാണ്.

ഹർത്താൽ പൂർണമാണെന്ന് മനസ്സിലായതോടെ റെയിൽവേ സ്റ്റേഷനിൽ ദീർഘദൂര യാത്ര കഴിഞ്ഞെത്തിയ യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനായി പൊലീസും സന്നദ്ധ സംഘടനകളും മുന്നോട്ട് വന്നു.രാവിലെ ആർസിസി , മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് എത്തിയ യാത്രക്കാർക്കും പ്രത്യേക വാഹനങ്ങളിൽ യാത്ര സൗകര്യമൊരുക്കിയിരുന്നു.ഹർത്താൽ പരാജയപ്പെടുത്താനാണ് രാവിലെ മുതൽ ചില നേതാക്കളെ കരുതൽ തടങ്കലിൽ വെച്ചതെന്ന ആാേപണവും ഹർത്താൽ അനുകൂലികൾ ആരോപിക്കുന്നു.

നഗര മേഖലയിൽ സമ്മിശ്ര പ്രതികരണവും. അതിനിടെയാണ് ഗീതാനന്ദനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ വാഹനം തടഞ്ഞതിനാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നു. എന്നാൽ വാഹനം തടഞ്ഞില്ലെന്ന് ഗീതാനന്ദൻ പറഞ്ഞു.

തെരുവിൽ നടക്കുന്ന കറുത്ത വർഗ്ഗക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് ഗീതാനന്ദൻ പറയുന്നു. തിരുവനന്തപുരത്ത് കെ എസ് ആർ ടി സി സർവ്വീസ് നടത്തുന്നതിനെതിരെയാണ് പ്രതിഷേധം. ഇതോടെ സർവ്വീസ് അലങ്കോലമായി. തിരുവനന്തപുരത്ത് സ്വകാര്യ ബസുകളും സർവ്വീസ് നിർത്തി. ഇതോടെ ഹർത്താൽ ജനജീവിതത്തെ ബാധിക്കുന്ന അവസ്ഥയുണ്ടായി. ചില ഓട്ടോറിക്ഷകൾ സർവ്വീസ് നടത്തുന്നുണ്ട്.

ഹർത്താൽ കൊച്ചിയിൽ ഭാഗികമാണ് കെ എസ് ആർ ടി സി സർവ്വീസ് നടത്തുന്നു. കോട്ടയത്ത് പ്രതിഷേധം ശക്തമായതോടെ കെ എസ് ആർ ടി സി സർവ്വീസ് തൽക്കാലം നിർത്തിവെച്ചു. തിരുവനന്തപുരത്ത് ഹർത്താൽ അനുകൂലികൾ വാഹനം തടയാൻ ശ്രമിക്കുന്നു. മലബാർ മേഖലയിൽ ഹർത്താൽ സമാധാന പൂർണ്ണമാണ്.

കോഴിക്കോട് കെ എസ് ആർ ടി സി ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. ചില സ്ഥലത്ത് കല്ലേറ് നടന്നതിനാൽ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തി. മലയോര മേഖലയിൽ ഹർത്താൽ പൂർണ്ണമാണ്. പലരേയും പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. മലബാറിൽ ഹർത്താൽ സംഘർഷത്തിലേക്ക് വഴിമാറുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ഇത്.

രാവിലെ ആറു മതുൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. ഉത്തരേന്ത്യയിൽ ഭാരത് ബന്ദിൽ പങ്കെടുത്ത ദളിതരെ വെടിവെച്ചുകൊന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താലിനു ആഹ്വാനം ചെയ്തിരിക്കുന്നത്. പാൽ, പത്രം ഉൾപ്പെടെ അവശ്യസർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഇന്നലെ എംഡി സർക്കുലർ ഇറക്കിയിരുന്നു. എല്ലാ ജീവനക്കാരും ഇന്നു ജോലിക്കു ഹാജരാകണമെന്ന് എംഡി സർക്കുലറിൽ ആവശ്യപ്പെട്ടിരുന്നു.

എസ്സി, എസ്ടി അതിക്രമം തടയൽ നിയമം ദുർബലപ്പെടുത്താനുള്ള നീക്കത്തിനെതിരേയാണ് ദളിത് സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം, ഹർത്താലിൽ നിയമവാഴ്ചയും സമാധാന അന്തരീക്ഷവും പാലിക്കുന്നതിനും അതിക്രമവും പൊതുമുതൽ നശീകരണവും തടയുന്നതിനു വേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

തൃശൂർ വലപ്പാട് കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറ് നടന്നു. ഡ്രൈവർക്ക് പരിക്കേറ്റു. സമരാനുകൂലികൾ പലയിടത്തും വാഹനങ്ങൾ തടയുന്നു. തിരുവനന്തപുരം തമ്പാനൂരിലും റോഡ് ഉപരോധം പുരോഗമിക്കുകയാണ്. തിരുവല്ലയിൽ ബസ്സുകൾ തടഞ്ഞിട്ടു.സംസ്ഥാനത്ത് പലയിടത്തും സർവിസ് നടത്തിയ കെ. എസ് ആർ ടി സി ബസുകൾക്കു നേരേ സംസ്ഥാന വ്യാപകമായി ആക്രമണം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതോടെ സർവീസ് നിറുത്തി വെക്കാൻ നിർദ്ദേശം നൽകി. കോട്ടയത്ത് അയർക്കുന്നത്തും തിരുവഞ്ചൂരും വാഹനങ്ങൾ തടയുന്നു

തിരുവനന്തപുരത്ത് മണക്കാട് ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. ചാലയിൽ കടകൾ അടപ്പിക്കാനും ശ്രമമുണ്ടായി. കൊല്ലത്തും ബസുകൾക്ക് നേരേ കല്ലേറുണ്ടായി. ആലപ്പുഴയിൽ ബസ് തടഞ്ഞവരെ കസ്റ്റഡിയിലെടുത്തു വലപ്പാടും ശാസ്താംകോട്ടയിലും കെഎസ്ആര്ടി്‌സി ബസിന് നേരെ കല്ലേറുണ്ടായി. കരുനാഗപ്പള്ളി ഡിപ്പോയിലെ ബസിന്റെ ചില്ല് തകര്ത്തു. വാഹനങ്ങള് തടഞ്ഞതിന് വടകരയില് 3 ഹര്ത്താളല് അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇടുക്കിയിലും കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. രാവിലെ തൊടുപുഴ ഡിപ്പോയിൽനിന്നു സർവീസ് നടത്തിയ കെഎസ്ആർടിസി ബസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. തൊടുപുഴ, ചെറുതോണി, കട്ടപ്പന എന്നിവിടങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ട്. മൂന്നാറിൽ ദലിത് സംഘടനയായ വിടുതലൈ ചിരുതൈ പ്രവർത്തകർ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ തടഞ്ഞു. കൊച്ചി ബൈപ്പാസിൽ മാടവനയിൽ പ്രകടനം നടത്തിയ 18 ദലിത് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് സംഘർഷമുണ്ടായി.

കെഎസ്ആർടിസി പാലക്കാട് ഡിപ്പോയ്ക്കു മുന്നിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു. അവധി കഴിഞ്ഞുള്ള ദിവസമായതിനാൽ കോയമ്പത്തൂരിലേക്കു യാത്രക്കാരുടെ വൻതിരക്ക് അനുഭവപ്പെട്ടതോടെ പൊലീസ് സംരക്ഷണയോടെ കെഎസ്ആർടിസി സർവീസ് തുടങ്ങി. ഇതിനായി സ്റ്റാൻഡിന്റെ പിൻവശത്തുള്ള ഗേറ്റിൽനിന്ന് പ്രതിഷേധക്കാരെ പൊലീസ് നീക്കി. അൻപതോളം പേർ പൊലീസ് കസ്റ്റഡിയിലാണ്.. കൊപ്പത്ത് സമരാനുകൂലികൾ ഓട്ടോറിക്ഷ ആക്രമിച്ചു. വിവിധ ദലിത് സംഘടനകളിലെ 19 പേരെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ടൗണിൽ വ്യാപകമായി വാഹനങ്ങൾ തടഞ്ഞവരെ പൊലീസ് ഇടപെട്ട് ഒഴിവാക്കി.

ബിഎസ്‌പി, ആദിവാസി ഗോത്രമഹാസഭ, ഡിഎച്ച്ആര്എംമ, അഖില കേരള ചേരമര് ഹിന്ദു മഹാസഭ, കേരള ചേരമര് സംഘം, സാംബവര് മഹാസഭ, ചേരമ സംബാവ ഡെവലപ്‌മെന്റ് സൊസൈറ്റി, കെപിഎംഎസ്, വേലന് മഹാസഭ, പെമ്പിളൈ ഒരുമൈ, നാഷണല് ദലിത് ലിബറേഷന് ഫ്രണ്ട്, സോഷ്യല് ലിബറേഷന് ഫ്രണ്ട്, കേരള ദലിത് മഹാസഭ, ദലിത്-ആദിവാസി മുന്നേറ്റ സമിതി, ആദിജന മഹാസഭ, ഐഡിഎഫ്, സിപിഐ(എംഎല്), റെഡ് സ്റ്റാര് തുടങ്ങിയ സംഘടനകളാണ് ഹര്ത്താമലിന് ആഹ്വാനം ചെയ്തിരിക്കുന്നത്

ഹർത്താൽ പ്രഖ്യാപിച്ചതിന്റെ പേരിൽ ദളിത് സംഘടനാ നേതാക്കളെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തത് ചർച്ചയാകുന്ന സാഹചര്യത്തിലാണ് കാനത്തിന്റെ പ്രതികരണം ചർച്ചയായത്. ഹർത്താൽ നടത്താനും പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്നും ദളിതരുടെ പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ആവില്ലെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്. മിക്കയിടത്തും നിരവധി ദളിത് പ്രവർത്തകർ അറസ്റ്റിലാണ്. പാലക്കാട് 25 ദളിത് പ്രവർത്തകരെ കരുതൽ തടങ്കലിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചി പനങ്ങാട് 13 പേരും കസ്റ്റഡിയിലായി.

കോഴിക്കോട്ട് കടകൾ തുറന്നെങ്കിലും പിന്നീട് യൂത്ത് ലീഗ് പ്രവർത്തകർ ഉൾപ്പെടെ ദളിത് സംഘടനകൾക്ക് പിന്തുണയുമായി എത്തി കടകൾ അടപ്പിച്ചു. പേരാമ്പ്രയിൽ വാഹനം തടഞ്ഞു. മുക്കത്ത് വാഹനങ്ങൾ വ്യാപകമായി തടയുന്നുണ്ട്. മേപ്പയൂരിലും കൊയിലാണ്ടിയിലും ഹർത്താൽ പൂർണ്ണമാണ്. വയനാട്ടിലും ഹർത്താൽ ശക്തമാകുന്നു. കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുന്നുണ്ട്. പയ്യന്നൂരിൽ ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിച്ചു. ശ്രീകണ്ഠപുരം, നടുവിൽ ടൗണുകളിൽ പ്രകടനമായി എത്തിയ യൂത്ത് ലീഗ് പ്രവർത്തകർ കടകളും സ്ഥാപനങ്ങളും പൂട്ടിച്ചു. കാസർകോട് ഹർത്താൽ ഭാഗികമാണ്

തിരുവനന്തപുരത്തു നിന്നുള്ള ദീർഘദൂര സർവീസുകളടക്കമുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നിർത്തിവെച്ചു. കൊച്ചിയിലും വാഹനങ്ങൾ തടഞ്ഞു. പൊലീസ് അനുമതിയില്ലാതെ സർവീസ് നടത്താൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. സർവീസ് നിർത്തിവെച്ചെങ്കിലും ബസ് ടിക്കറ്റുകൾ റദ്ദാക്കാനോ പണം തിരികെ നൽകാനോ കെ.എസ്.ആർ.ടി.സി തയാറാകുന്നില്ലെന്ന് കാണിച്ച് യാത്രക്കാരും തലസ്ഥാനത്ത് പ്രതിഷേധിക്കുന്നു. സംസ്ഥാനത്ത് മിക്ക കേന്ദ്രങ്ങളിലും ഉപരോധവും മാർച്ചും പുരോഗമിക്കുകയാണ്.

തലസ്ഥാനത്ത് സംഘടനാ പ്രവർത്തകർ സെക്രേട്ടറിയറ്റിനു മുന്നിൽ പ്രതിഷേധവുമായി തടിച്ചു കൂടിയിട്ടുണ്ട്. സ്ത്രീകളടക്കമുള്ള പ്രവർത്തകർ സെക്രേട്ടറിയറ്റിനു മുന്നിൽ കഞ്ഞിവെച്ചും പ്രതിഷേധിക്കുന്നുണ്ട്. കൊച്ചി ഹൈക്കോടതി ജംങ്ഷനിൽ പ്രതിഷേധവുമായി എത്തിയ അഞ്ച് ദളിത് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റജഡിയിലെടുത്തിട്ടുണ്ട്. ഹർത്താലിനെ അനുകൂലിച്ച് യൂത്ത് ലീഗുകാരും യൂത്ത് കോൺഗ്രസുകാരും രംഗത്തിറങ്ങിയിട്ടുണ്ട്. കോഴിക്കോട് മിഠായിത്തെരുവിൽ യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ കടകൾ അടപ്പിക്കുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും മിക്ക സ്ഥലങ്ങളിലും ഹർത്താലിന് അനുകൂലമായി രംഗത്തുണ്ട്.

കരുനാഗപ്പള്ളി-ശിങ്കാരപ്പള്ളി റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന്റെ പിറകുവശത്തെ ചില്ല് ബൈക്കിൽ മുഖം മറച്ചെത്തിയ രണ്ടംഗ സംഘം എറിഞ്ഞു തകർത്തു. രാവിലെ 5.45ന് ശാസ്താംകോട്ട മണ്ണെണ്ണ മുക്കിലാണു സംഭവം. യാത്രക്കാർക്ക് ആർക്കും പരുക്കില്ല. ഭരണിക്കാവിൽ രാവിലെ മുതൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പത്തനംതിട്ടയിൽ പുല്ലാട് ഹർത്താൽ അനുകൂലികളും യാത്രക്കാരും തമ്മിലുള്ള വാഗ്വാദം സംഘർഷത്തിലെത്തി. പത്തനംതിട്ട ടൗണിലും തിരുവല്ലയിൽ എംസി റോഡിലും വാഹനം തടഞ്ഞു. വിവാഹം എന്നെഴുതി വന്ന വാഹനങ്ങളിലുള്ളവരെ, കല്ല്യാണക്കുറി കാണിച്ചാലേ കടത്തിവിടൂ എന്നു പറഞ്ഞു തടഞ്ഞുവച്ചതായും ആക്ഷേപം ഉയർന്നു.

ആലപ്പുഴയിൽ വാഹനങ്ങൾ തടഞ്ഞ 13 പേരെ പൊലീസ് അറസ്റ്റു ചെയ്തു. പാതിരപ്പള്ളിയിൽ ഏഴു പേരും മാവേലിക്കരയിൽ ആറു പേരും അറസ്റ്റിലായി. എസി റോഡിൽ പൊങ്ങയിലും ദേശീയപാതയിൽ ചന്തിരൂരും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട് . കോട്ടയത്തും ഹർത്താൽ പൂർണമാണ്. സിഎസ്ഡിഎസ് പ്രവർത്തകർ വ്യാപകമായി വാഹനങ്ങൾ തടയുന്നു. കടകൾ അടപ്പിക്കുന്നു. ജില്ലയിൽ വാഹനങ്ങളെ വിവിധ സ്ഥലങ്ങളിൽ തടയുന്നുണ്ട്. കടകൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്. എരുമേലിയിൽ കുടിവെള്ള വിതരണ ലോറികൾ അടക്കം തടഞ്ഞു.

ഹർത്താലിനോട് അനുഭാവം പ്രകടിപ്പിച്ച് കെ.എം.മാണി ഇന്നത്തെ പൊതുപരിപാടികളെല്ലാം ഉപേക്ഷിച്ചു. എംഎൽഎ എന്ന നിലയിൽ പങ്കെടുക്കേണ്ട രണ്ടുസർക്കാർ പരിപാടികൾ അടക്കം പാലായിലെയും കോട്ടയത്തെയും 9 പരിപാടികൾ ഉപേക്ഷിച്ച് ദളിത് സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതായി അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP