Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ബം​ഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി; 'ബുറെവി' ചുഴലിക്കാറ്റ് ഡിസംബർ നാലിന് പുലർച്ചെ ഇന്ത്യൻ തീരം തൊടും; തെക്കൻ കേരളത്തിലും, തമിഴ്‌നാട്ടിലും, പുതുച്ചേരിയിലും ആന്ധ്രാപ്രദേശിന്റെ തീരമേഖലകളിലും പ്രതീക്ഷിക്കുന്നത് ശക്തമായ മഴ; തെക്കൻ കേരളത്തിൽ കനത്ത ജാ​ഗ്രത

ബം​ഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി; 'ബുറെവി' ചുഴലിക്കാറ്റ് ഡിസംബർ നാലിന് പുലർച്ചെ ഇന്ത്യൻ തീരം തൊടും; തെക്കൻ കേരളത്തിലും, തമിഴ്‌നാട്ടിലും, പുതുച്ചേരിയിലും ആന്ധ്രാപ്രദേശിന്റെ തീരമേഖലകളിലും പ്രതീക്ഷിക്കുന്നത് ശക്തമായ മഴ; തെക്കൻ കേരളത്തിൽ കനത്ത ജാ​ഗ്രത

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'ബുറെവി' ചുഴലിക്കാറ്റ് ഡിസംബർ നാലിന് പുലർച്ചെ കന്യാകുമാരിക്കും പാമ്പൻ കടലിടുക്കിനും ഇടയിൽ തീരം തൊടും. കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിലും, തമിഴ്‌നാട്ടിലും, പുതുച്ചേരിയിലും ആന്ധ്രാപ്രദേശിന്റെ തീരമേഖലകളിലും അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ കനത്ത ജാ​ഗ്രത പ്രഖ്യാപിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി, നിലവിൽ കന്യാകുമാരിക്ക് 860 കിലോമീറ്റർ ദൂരെയാണു സ്ഥാനം. രാത്രിയോടെ ചുഴലിക്കാറ്റായി മാറിയ 'ബുറെവി' നാളെ വൈകിട്ടോടെ ശ്രീലങ്കൻ തീരം കടക്കും. തുടർന്നു തമിഴ്‌നാട് തീരത്തേയ്ക്കുനീങ്ങി വെള്ളിയാഴ്ച പുലർച്ചെ കന്യാകുമാരിക്കും പാമ്പനും ഇടയിൽ തീരം തൊടുമെന്നാണു പ്രവചനം. ചുഴലിക്കാറ്റിന്റെ നിലവിലുള്ള വേഗം ഏതാണ്ട് മണിക്കൂറിൽ 80 കിലോമീറ്ററോളമാണ്. ഈ ചുഴലിക്കാറ്റിന്റെ ഗതി ഇപ്പോഴും പൂർണമായും പ്രവചിക്കാനാവുന്നതല്ല. വരുന്ന ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ ശ്രീലങ്കൻ തീരപ്രദേശമായ ട്രിൻകോമാലീയിലൂടെ സഞ്ചരിച്ച്, ഇന്ത്യൻ തീരത്തേയ്ക്ക് അടുക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

തെക്കൻ തമിഴ്‌നാട്ടിലും, തെക്കൻ കേരളത്തിലും അടുത്ത രണ്ട് ദിവസം ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇത് മുന്നിൽക്കണ്ട് വിവിധ ജില്ലകളിൽ റെഡ്, ഓറ‌ഞ്ച്, യെല്ലോ അലർട്ടുകൾ സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കടലിൽ മീൻ പിടിക്കുന്നതിൽ പൂർണമായ വിലക്കേർപ്പെടുത്തും. പുറംകടലിലുള്ള എല്ലാ മത്സ്യത്തൊഴിലാളികളോടും തിരികെയെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. രണ്ട് മീറ്റർ വരെ ഉയരത്തിൽ തിരമാലകളുണ്ടായേക്കാം. 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത. തിരുവനന്തപുരത്തടക്കം മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ല. മറ്റ് ജാഗ്രതാ നിർദ്ദേശങ്ങളും അതേപടി നിലനിൽക്കുകയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഡിസംബർ 3-ന് റെഡ് അലർട്ടായിരിക്കും. തെക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണിത്. ഇതേദിവസം കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ഉണ്ട്. ചുഴലിക്കാറ്റിന് മുന്നോടിയായുള്ള പ്രീ സൈക്ലോൺ വാച്ച് മുന്നറിയിപ്പും സംസ്ഥാനത്ത് നിലനിൽക്കുന്നു.

കക്കി ഡാം, കല്ലട ഡാം, നെയ്യാർ റിസർവ്വോയർ എന്നിവിടങ്ങളിൽ പരമാവധി ജാഗ്രത പാലിക്കാൻ കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. അതിതീവ്ര മഴയിൽ ഇവ കവിഞ്ഞൊഴുങ്ങുന്നതും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതുമായ സാഹചര്യം മുന്നിൽ കാണണം. ശബരിമല തീർത്ഥാടന കാലം കണക്കിലെടുത്ത് മണിമലയാറ്റിലും അച്ചൻകോവിൽ ആറ്റിലും പമ്പയിലും ജാഗ്രതയ്ക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.

നവംബർ 25-ന് കാരയ്ക്കൽ പുതുച്ചേരി തീരപ്രദേശത്തിനിടെ തീരംതൊട്ട നിവാർ ചുഴലിക്കാറ്റിന് പിന്നാലെയാണ് മറ്റൊരു ചുഴലിക്കാറ്റിന്റെ വരവിനായി ഇന്ത്യൻ തീരം തയ്യാറെടുക്കുന്നത്. 2020-ൽ മാത്രം ഇതുവരെ ഇന്ത്യൻ തീരത്തിലൂടെ കടന്ന് പോയത് മൂന്ന് ചുഴലിക്കാറ്റുകളാണ്. മെയ് മാസത്തിൽ ആദ്യമെത്തിയത് സൂപ്പർ സൈക്ലോൺ ഗണത്തിൽപ്പെടുത്താവുന്ന ഉംപുണാണ്. അതിന് ശേഷം തീവ്രചുഴലിക്കാറ്റെന്ന ഗണത്തിൽപ്പെടുത്താവുന്ന നിസർഗ ജൂൺ മാസത്തിൽ ഇന്ത്യൻ തീരത്തിലൂടെ കടന്നുപോയി. ബുറെവി ഇന്ത്യൻ തീരത്തേയ്ക്ക് അടുക്കുന്ന നാലാം ചുഴലിക്കാറ്റാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP