Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

സൈബർ ആക്രമണങ്ങളും ഭീഷണികളും ചെറുക്കാൻ കൊച്ചിയിൽ സൈബർ ഡോം; സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുക മാത്രമല്ല സുരക്ഷാ ബോധവത്കരണവും സൈബർ ഡോമിന്റെ ചുമതലയെന്ന് മുഖ്യമന്ത്രി

സൈബർ ആക്രമണങ്ങളും ഭീഷണികളും ചെറുക്കാൻ കൊച്ചിയിൽ സൈബർ ഡോം; സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുക മാത്രമല്ല സുരക്ഷാ ബോധവത്കരണവും സൈബർ ഡോമിന്റെ ചുമതലയെന്ന് മുഖ്യമന്ത്രി

ആർ പീയൂഷ്

കൊച്ചി: കേരള പൊലീസിന്റെ ആധുനികവത്കരണത്തിൽ നാഴികകല്ലാകുന്ന വിവിധ പദ്ധതികൾ ഇൻഫോപാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സൈബർ ഡോം സൈബർ ക്രൈം പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനവും, ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവ്വഹിച്ച മുഖ്യമന്ത്രി റീജണൽ ഫോറൻസിക് സയൻസ് ലാബോറട്ടറിയുടെയും ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്‌സിന്റെയും ഉദ്ഘാടനവും നിർവ്വഹിച്ചു. മറൈൻ ഡ്രൈവിൽ നിർമ്മിക്കുന്ന കൊച്ചി പൊലീസ് കോംപ്ലെക്‌സിന്റെ മാതൃകയും മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. ചടങ്ങിൽ മയക്ക് മരുന്ന് വ്യാപനത്തെ ചെറുക്കുന്നതിനായി കൊച്ചി പൊലീസ് ആവിഷ്‌കരിച്ച 'യോദ്ധാവ്' മോബൈൽ ആപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ച മുഖ്യമന്ത്രി മയക്കുമരുന്നിനെതിരെ പോരാടാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

ജനങ്ങളെ സൈബർ ആക്രമണങ്ങളിൽ നിന്നും ഭീഷണികളിൽ നിന്നും രക്ഷിക്കാനാണ് സൈബർ ഡോമിന് രൂപം നൽകിയിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുകയും തടയുകയും മാത്രമല്ല സൈബർ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണവും സൈബർ ഡോമിന്റെ ചുമതലയാണെന്ന് വ്യക്തമാക്കി. ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യുന്ന പരാതികൾ അന്വേഷിക്കുന്നതിനായാണ് സൈബർ പൊലീസ് സ്റ്റേഷൻ രൂപീകരിച്ചിട്ടുള്ളത്. വിവര സാങ്കേതിക മേഖലയിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരെയാണ് സൈബർ പൊലീസ് സ്റ്റേഷനിൽ നിയമിച്ചിട്ടുള്ളത്. ഓൺ ലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങളിൽ കാര്യക്ഷമമായ അന്വേഷണം നടത്താൻ സൈബർ പൊലീസ് സ്റ്റേഷന് സാധിക്കും. കൊച്ചി, തൃശ്ശൂർ, കോഴിക്കോട് സൈബർ പൊലീസ് സ്റ്റേഷനുകളിലൂടെ സംസ്ഥാനത്തെ സൈബർ കുറ്റകൃത്യങ്ങളിൽ അതിവേഗം നടപടി സ്വീകരിക്കാൻ സാധിക്കും.

കുറ്റാന്വേഷണ മേഖലയിൽ ശാസ്്ത്രീയ തെളിവുകൾക്ക് പ്രമുഖ സ്ഥാനമാണുള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രി തിരുവനന്തപുരം, കണ്ണൂർ, തൃശ്ശൂർ എന്നിവിടങ്ങളിലെ ഫോറൻസിക് സയൻസ് ലബോറട്ടറികൾക്ക് പുറമേ നാലാമതായി കൊച്ചിയിൽ ആരംഭിച്ച ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും അന്വേഷിക്കുന്നതിനായുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ കേസുകളിലെ അന്വേഷണ പുരോഗതിയിൽ വേഗത കൈവരിക്കാൻ പുതിയ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ പ്രവർത്തനത്തിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മയക്കുമരുത്തിന്റെ ഉപയോഗവും വ്യാപനവും തടയുന്നതിനായി കൊച്ചി പൊലീസ് ആവിഷ്‌കരിച്ച 'യോദ്ധാവ്' മോബൈൽ ആപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ച മുഖ്യമന്ത്രി പുതുതലമുറയിലെ മയക്കുമരുന്ന് വ്യാപനം വേദനാജനകമാണെന്ന് പറഞ്ഞു. മയക്കുമരുന്ന് വ്യാപനവും ഉപയോഗവും തടയുന്നതിനായി പൊലീസ്, എക്‌സൈസ് വകുപ്പുകളുടെ പ്രവർത്തനങ്ങൾക്ക് പൊതുജനത്തിന്റെ പിന്തുണ ആവശ്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി 'യോദ്ധാവ്' മോബൈൽ ആപ്പിലൂടെ പൊതുജനങ്ങൾക്ക് മയക്കുമരുന്ന് വിതരണവും ഉപയോഗവും സംബന്ധിച്ച വിവരങ്ങൾ കൃത്യമായും രഹസ്യമായും പൊലീസിന് കൈമാറുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതായി ചൂണ്ടിക്കാട്ടി. മയക്കുമരുന്നുകളുടെയും നിരോധിത ലഹരിവസ്തുക്കളുടെയും വിതരണവും ഉപയോഗവും സംബന്ധിച്ച് ആര് ? എവിടെ ? എപ്പോൾ ? എന്നീ വിവരങ്ങൾ കൈമാറാൻ സാധിക്കുന്ന 'യോദ്ധാവ്' മോബൈൽ ആപ്പിൽ വിവരം കൈമാറുന്നവരുടെ വിവരങ്ങൾ പരിപൂർണ്ണ സുരക്ഷിതമായിരിക്കും. പൊലീസിന്റെ 9995966666 എന്ന നമ്പറിൽ മയക്കുമരുന്ന് വ്യാപനം സംബന്ധിച്ച് പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാം. വിവരം കൈമാറുന്ന വ്യക്തിയെ പൊലീസിന് പോലും തിരിച്ചറിയാൻ സാധിക്കാത്തവിധമാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ താമസ സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അപ്പർ സബോർഡിനേറ്റ് ക്വാർട്ടേഴ്‌സുകളുടെ തറക്കല്ലിടൽ നിർവ്വഹിച്ചതായി അറിയിച്ചു. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പി.ടി തോമസ് എംഎ‍ൽഎ രാജ്യത്തിന് മാതൃകയായ കേരള പൊലീസിന് അതിന്റെ പ്രശസ്തി നിലനിർത്തി മുന്നേറാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു. ചടങ്ങിൽ സ്വാഗതം ആശംസിച്ച ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വെർച്ച്വൽ കോടതികൾ യാഥാർത്ഥ്യമാകുന്ന കാലത്ത് പൊലീസ് വകുപ്പും ആധുനികവത്കരണത്തിന്റെ പാതയിൽ അതിവേഗം മുന്നേറുകയാണെന്ന് അറിയിച്ചു. അടുത്ത ഓഗസ്റ്റ് മാസത്തോടെ പേപ്പർരഹിത- മനുഷ്യരഹിത പൊലീസ് സ്റ്റേഷൻ ഇൻഫോപാർക്കിൽ യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കെ.ജെ മാക്‌സി എംഎ‍ൽഎ, കൊച്ചിമേയർ സൗമിനി ജെയിൻ, തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ ഉഷ പ്രവീൺ, കളമശ്ശേരി നഗരസഭ ചെയർപേഴ്‌സൺ റുക്കിയ ജമാൽ, പൊലീസ് കമ്മീഷ്ണർ വിജയ് സാഖറേ, ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ തച്ചങ്കരി, ജില്ലാകളക്ടർ എസ്. സുഹാസ് തുടങ്ങിയവർ പങ്കെടുത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP