Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുല്ലപ്പെരിയാറിൽ ആശങ്കവേണ്ടെന്നും മുൻകരുതലെടുത്തുവെന്നും മന്ത്രി ജോസഫ്; സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷവും; ജലനിരപ്പുയർത്താൻ വെള്ളം കൊണ്ടുപോകുന്നത് വീണ്ടും കുറച്ച് തമിഴ്‌നാട്

മുല്ലപ്പെരിയാറിൽ ആശങ്കവേണ്ടെന്നും മുൻകരുതലെടുത്തുവെന്നും മന്ത്രി ജോസഫ്; സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷവും; ജലനിരപ്പുയർത്താൻ വെള്ളം കൊണ്ടുപോകുന്നത് വീണ്ടും കുറച്ച് തമിഴ്‌നാട്

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായി ഉയർന്ന സാഹചര്യത്തിൽ എല്ലാ മുൻകരുതൽ നടപടികളും എടുത്തിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഇടുക്കി കലക്‌റേറ്റിൽ ചേർന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ വേണ്ട മുൻകരുതലുകൾ എടുത്തിട്ടുണ്ട്. പൊലീസും ദുരന്തനിവാരണ സേനയും സജ്ജമാണെന്നും മന്ത്രി വിശദീകരിച്ചു. ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിലെ ഷട്ടറുകൾ തുറന്നാൽ കാഞ്ചിയാർ അയ്യപ്പൻകോവിൽ, ആനവിലാസം, ഉപ്പുതറ, ഏലപ്പാറ, പെരിയാർ മഞ്ചുമല എന്നീ ഗ്രാമങ്ങളെയാണ് പ്രശ്‌നം നേരിട്ട് ബാധിക്കുക. ഈ ഗ്രാമങ്ങളിലുള്ള 2000 ത്തിൽപരം ജനങ്ങൾക്ക് അടിയന്തിരഘട്ടത്തിൽ എടുക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് പരിശീലനം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആവശ്യമായ സ്ഥലങ്ങളിൽ ലൈറ്റുകളിടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡാമിന്റെ ഷട്ടറുകളിലൊന്നിന് കേടുണ്ട്. അതുകൊണ്ട് ജലനിരപ്പ് ഉയർന്നാലും എല്ലാ ഷട്ടറുകളും തുറക്കാൻ കഴിയാത്ത സ്ഥിതിയാണ്. ജലനിരപ്പ് 136 അടിക്ക് താഴെ നിലനിർത്തണമെന്നതാണ് കേരളത്തിന്റെ ആവശ്യം. എന്നാൽ, ജലനിരപ്പ് 142 അടിയാക്കണമെന്നതാണ് തമിഴ്‌നാടിന്റെ നിലപാട്. പെരിയാറിന്റെ തീരത്തെ ജനങ്ങളുടെ ആശങ്കയോ കണക്കിലെടുക്കാതെയുള്ള തമിഴ്‌നാടിന്റെ നിലപാടിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

അതിനിടെ ഡാമിൽ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചു. സെക്കൻഡിൽ 900 ഘനയടിയിൽ 150 ഘനടിയായാണ് കുറച്ച്. ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്നാണിത്. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയരുമെന്നും വ്യക്തമായി. ജലനിരപ്പ് ഉയർത്തി കേരളത്തിന്റെ ആശങ്കകൾ അസ്ഥാനത്താണെന്ന് തെളിയിക്കാനാണ് തമിഴ്‌നാടിന്റെ നീക്കം. ഇതിനെ പ്രതിരോധിക്കാൻ കേരളത്തിന് ആകുന്നില്ലെന്ന വിമർശനവും സജീവമാണ്.

ഇന്ന് മന്ത്രി പിജെ ജോസഫിന്റെ നേതൃത്വത്തിൽ നടന്ന യോഗം പ്രഹന്നമാണെന്ന് മുല്ലപ്പെരിയാർ സമരസമിതി ആരോപിച്ചു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയാകുന്നതുവരെ സംസ്്ഥാന സർക്കാർ ഒരു ഇടപെടലും നടത്തിയില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. സർക്കാരിന്റെ ആ ഉത്തരവാദിത്വമില്ലായ്മയാണ് കാര്യങ്ങൾ വഷളാക്കിയത്. ജനങ്ങളുടെ ആശങ്ക വേണ്ട വിധത്തിൽ സുപ്രീംകോടതിയിലോ മുല്ലപ്പെരിയാർ മേൽനോട്ടസമിതിയിലോ കൊണ്ടുവരാൻ സർക്കാരിനായില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.

തമിഴ്‌നാടിനെ കൊണ്ട് ഡാമിലെ ജല നിരപ്പ് കുറക്കുന്നതിനോ . ചോർച്ച നടയുന്നതിനോ അറ്റകുറ്റപ്പണികൾ നടത്തിക്കുന്നതിനോ സർക്കാരിനായില്ല.മുല്ലപെരിയാറിലെ ജലം കൃഷിക്കാണ് ഉപയോഗിക്കുന്നതെന്ന് തമിഴ്‌നാട്് പറയുന്നു. എന്നാൽ അവർ മുല്ലപ്പെരിയാറിലെ വെള്ളം വൈദ്യുതി നിർമ്മിക്കാനാണ് ഉപയോഗിക്കുന്നത്. അത് തമിഴ്‌നാട് സർക്കാരിന് വലിയ സാമ്പത്തിക ലാഭമാണ് നൽകുന്നത് . ഇതൊന്നും സുപ്രീംകോടതിയിൽ ബോധിപ്പിക്കാൻ കേരളത്തിനായില്ല. മുല്ലപ്പെരിയാറിലെ സുരക്ഷാ ക്രമീകരണങ്ങൾ തൃപ്തികരമാണെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ ജനങ്ങളുടെ ആശങ്ക ഉയരുകയാണ്. ഇടുക്കിയിലെ പട്ടയവിതരണം വൈകുന്നതും കർഷകർക്ക് വൻ ദുരിതമായിരിക്കയാണെന്നും കോടിയേരി പറഞ്ഞു.

മുല്ലപ്പെരിയാർ സംഭരണിയിലെ ജലനിരപ്പ് ഉയരുന്നതോടെ ആശങ്കയ്ക്ക് അവസാനമാകുന്നില്ലെന്നു തന്നെയാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം ജലനിരപ്പുയർന്നതോടെ അണക്കെട്ടിലെ വിവിധ ബ്ലോക്കുകളിൽ ചോർച്ച രൂക്ഷമായിരുന്നു. പെരുമഴയ്ക്കുള്ള സാദ്ധ്യതയും അണക്കെട്ടിന്റെ വാർദ്ധക്യവും പരിഗണിച്ചാൽ ഭീഷണി അതേപടി നിലനിൽക്കുകയാണ് എന്നുവേണം കരുതാൻ. ബേബി ഡാമിലും ചോർച്ച വർധിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ജനങ്ങളിൽ ഭീതി പടർത്തുന്ന ഒരു കാര്യവും പുറത്തുവിടേണ്ടെന്ന് ഉദ്യോഗസ്ഥർക്കു കർശന നിർദേശമുള്ളതിനാൽ പല വിവരങ്ങളും രഹസ്യമാക്കി വച്ചിരിക്കുകയാണ്.

ശനിയാഴ്ച ജലനിരപ്പ് 141.2 അടിയായിരുന്നു. ഇന്നലെ ഇത് 141 അടിയായി കുറഞ്ഞു. മഴ അൽപ്പം ശമിച്ചതും കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് തമിഴ്‌നാട് വർദ്ധിപ്പിച്ചതുമാണ് ജലനിരപ്പു അൽപ്പം കുറയാൻ കാരണം. എന്നാൽ, വൃഷ്ടിപ്രദേശത്ത് മഴ കനത്താൽ ജലനിരപ്പ് വീണ്ടും ഉയരും. ഈ ആശങ്ക കൂട്ടിയാണ് വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് കുറച്ചത്. തമിഴ്‌നാടിന് കൊണ്ടുപോകാൻ കഴിയുന്നതിന്റെ പല മടങ്ങ് വെള്ളമാണ് ഒരു പേമാരിയുണ്ടായാൽ സംഭരണിയിലേക്ക് പ്രവഹിക്കുക. ജലനിരപ്പ് 136 അടി ആയിരുന്നപ്പോൾ പേമാരി കനത്ത ജലപ്രവാഹം സൃഷ്ടിച്ചാൽ താങ്ങാൻ സംഭരണിക്ക് കഴിയുമായിരുന്നു. എന്നാൽ, ജലനിരപ്പ് 142 അടിയാക്കിയാൽ സ്ഥിതി വഷളാകുമെന്നുറപ്പാണ്.

അണക്കെട്ടു സന്ദർശിച്ചപ്പോൾ കേരളത്തിന്റെ ചീഫ് എൻജിനീയർ പി ലതിക വിവിധ ബ്ലോക്കുകളിലെ ചോർച്ചകളും ബേബി ഡാമിന്റെ അടിഭാഗത്തുകൂടിയുള്ള ജലമൊഴുക്കും കണ്ടുബോധ്യപ്പെട്ടതാണെന്നാണ് സൂചന. എന്നാൽ ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ തമിഴ്‌നാടും ഉദ്യോഗസ്ഥസംഘത്തെ അണക്കെട്ടിൽ നിയോഗിച്ചിട്ടുണ്ട്. ഗ്രാവിറ്റി അണക്കെട്ട് ആയതിനാൽ ആവശ്യത്തിന് ബലമുണ്ടെന്ന് വാദിച്ചാണ് തമിഴ്‌നാട് ജലനിരപ്പ് 142 അടിയായി ഉയർത്തുന്ന കാര്യത്തിൽ അനുകൂല വിധി സമ്പാദിച്ചത്. ഉയരം കൂടുംതോറും കനം കുറഞ്ഞുവരും വിധമാണ് അണക്കെട്ടിന്റെ നിർമ്മാണം. 145 അടിക്ക് മുകളിൽ വളരെ ദുർബലമാണ് അണക്കെട്ട്. വൃഷ്ടിപ്രദേശത്ത് പെരുമഴയുണ്ടായാൽ ജലനിരപ്പ് 145 അടിക്കും മുകളിലേക്ക് ഉയരും. അപ്പോൾ അണക്കെട്ടിന്റെ കനംകുറഞ്ഞ മുകൾഭാഗം ഒരു 'ജലബോംബ്' ആയി മാറും.

വൃഷ്ടിപ്രദേശത്ത് നാല് മണിക്കൂറിൽ 76.2 സെന്റിമീറ്റർ മഴ വരെ മുമ്പ് പെയ്തിട്ടുണ്ട്. ഈ തോതിൽ മഴ പെയ്താൽ ജല സംഭരണിയിൽ 3.06 ലക്ഷം ഘന അടി വെള്ളം വരെ ഒരു സെക്കൻഡിൽ ഒഴുകി എത്താം. സെക്കൻഡിൽ 2.98 ലക്ഷം ഘന അടി എന്ന തോതിൽ മുമ്പ് ഒരിക്കൽ വെള്ളം ഒഴുകി എത്തിയിട്ടുണ്ട്. തമിഴ്‌നാടിന് പരമാവധി കൊണ്ടുപോകാൻ കഴിയുന്നത് സെക്കൻഡിൽ 2500 ഘന അടി വെള്ളമാണ്. മാത്രമല്ല, പെരുമഴ മൂലം ഒറ്റ ദിവസം കൊണ്ട് ആറ് അടി വരെ ജലനിരപ്പ് ഉയർന്ന ചരിത്രവുമുണ്ട്.

ജലനിരപ്പ് 142 അടിയിൽ കൂടുതൽ ഉയരുന്നത് ഒഴിവാക്കാൻ തമിഴ്‌നാട് ശ്രമിക്കണമെന്നില്ല. തമിഴ്‌നാട് ലക്ഷ്യമിടുന്നത് ജലനിരപ്പ് 152 അടി വരെ ഉയർത്താനാണ്. കൂടുതൽ ജലം സംഭരിക്കാനാവുമെന്ന വാദം സ്ഥാപിക്കാനുള്ള അവസരമായി മാറ്റാനാകും തമിഴ്‌നാട് ശ്രമിക്കുക. പഴഞ്ചൻ രീതിയിൽ നിർമ്മിച്ച അണക്കെട്ട് ജലത്തിന്റെ വലിയ സമ്മർദ്ദം താങ്ങാൻ ശേഷിയുള്ളതല്ല. 12 അടി വീതിയേ മുകൾഭാഗത്തുള്ളൂ. ഉത്തരാഖണ്ഡിൽ നിർമ്മിച്ച തെഹ്‌രി അണക്കെട്ടിന്റെ മുകൾഭാഗത്തെ വീതി 66 അടിയാണ്. ഇതൊന്നും പരിഗണിക്കാതെയാണ് ജലനിരപ്പ് വീണ്ടും ഉയർത്തണമെന്ന തമിഴ്‌നാടിന്റെ വാദം.

അതിനിടെ, പെരിയാർ തീരത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നീക്കം ഫലം കണ്ടില്ല. മാറ്റിപ്പാർപ്പിക്കൽ കേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യങ്ങളില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള പെരിയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ നിർബന്ധിച്ചു മാറ്റിപ്പാർപ്പിക്കരുതെന്നും അടിയന്തര സാഹചര്യത്തിൽ മാത്രമേ ജനങ്ങളെ ഒഴിപ്പിക്കാവൂവെന്നും ജില്ലാ ഭരണകൂടത്തിനു സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതേസമയം, മുല്ലപ്പെരിയാറിൽനിന്നു കൊണ്ടുപോകുന്ന വെള്ളമുപയോഗിച്ചു തമിഴ്‌നാട് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയിൽ കേരളത്തിനും അവകാശമുണ്ടെന്നും ഇതിനായി നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു പുതുച്ചേരി മുൻ ചീഫ് സെക്രട്ടറിയും മലയാളിയുമായ ടി ടി ജോസഫ് വൈദ്യുതി റഗുലേറ്ററി കമ്മിഷനു കത്തു നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP