Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കഴുത്തിൽ കത്തി വെച്ച് കവർച്ച; മലപ്പുറം സ്വദേശിയുടെ മൊബൈൽ ഫോണും അര ലക്ഷം രൂപയും തട്ടിയെടുത്തു; നാലംഗസംഘം അറസ്റ്റിൽ

കഴുത്തിൽ കത്തി വെച്ച് കവർച്ച; മലപ്പുറം സ്വദേശിയുടെ മൊബൈൽ ഫോണും അര ലക്ഷം രൂപയും തട്ടിയെടുത്തു; നാലംഗസംഘം അറസ്റ്റിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയതിന് നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാപ്പയിൽ തലനാർതൊടിക ഷഫീഖ് നിവാസിൽ പുള്ളി എന്ന അർഫാൻ (20), ചക്കും കടവ് സ്വദേശി ഗാന്ധി എന്ന അജ്മൽ ബിലാൽ (21) അരക്കിണർ സ്വദേശി പാളയം റയീസ് എന്ന റഹീഷ് (30), മാത്തോട്ടം സ്വദേശി മോട്ടി എന്ന റോഷൻ അലി (25) എന്നിവരാണ് പിടിയിലായത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ ഇൻസ്‌പെക്ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപത്ത് വെച്ച് മലപ്പുറം സ്വദേശിയുടെ കഴുത്തിൽ കത്തിവെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. മൊബൈൽ ഫോൺ പിടിച്ചു വാങ്ങി ഗൂഗിൾ പേയുടെയും പേടിഎമ്മിന്റെയും പാസ് വേർഡ് പറയിപ്പിച്ച് അരലക്ഷം രൂപ കവരുകയായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഇ കെ ബിജുവിന്റെ നിർദ്ദേശ പ്രകാരം സി സി ടി വി ക്യാമറകൾ പരിശോധിച്ചും സമാന കുറ്റകൃത്യങ്ങളിൽ ജാമ്യത്തിലിറങ്ങിയ പ്രതികളെക്കുറിച്ചും അന്വേഷണം നടത്തിയിരുന്നു.

നഗരത്തിൽ രാത്രികാലങ്ങളിൽ കറങ്ങി നടക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ സിറ്റി ക്രൈം സ്‌ക്വാഡിനെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ചുമതലപ്പെടുത്തി. തുടർന്ന് നഗരത്തിൽ രാത്രി സഞ്ചാരത്തിനിറങ്ങുന്ന ചെറുതും വലുതുമായ നിരവധി സംഘങ്ങളെ സിറ്റി ക്രൈം സ്‌ക്വാഡ് രഹസ്യമായി നിരീക്ഷിച്ചപ്പോഴാണ് അർഫാൻ എന്ന മുൻ കുറ്റവാളിയുടെ നേതൃത്വത്തിൽ കത്തിയുമായി ഒരു സംഘം നഗരത്തിൽ രാത്രി കാലങ്ങളിൽ ഭീതി പരത്തി കറങ്ങുന്നതായി കണ്ടെത്തിയത്. ബൈക്കിലും സ്‌കൂട്ടറിലും കാറിലുമൊക്കെ ഈ സംഘം കറങ്ങാറുണ്ടെന്ന് വിവരം ലഭിച്ച സിറ്റി ക്രൈം സ്‌ക്വാഡ് അർഫാന്റെ രഹസ്യ സങ്കേതങ്ങളും താവളങ്ങളും കണ്ടെത്തുകയായിരുന്നു. സ്ഥിരമായി ഒരേ സ്ഥലത്ത് തമ്പടിക്കാത്ത സംഘത്തെ പല തവണ ശ്രമിച്ചതിനൊടുവിലാണ് പിടികൂടാൻ കഴിഞ്ഞത്.

ഇരുപത് വയസ്സുള്ള അർഫാനെതിരെ ഇരുപതിലധികം കേസുകൾ നിലവിലുണ്ട്. അജ്മൽ ബിലാൽ നിരവധി കേസുകളിൽ അർഫാന്റെ കൂട്ടുപ്രതിയായിരുന്നു. മാത്തോട്ടം സ്വദേശി റോഷൻ അലി പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കേസിൽ പ്രതിയാണ്. കോടതിയുടെ ജാമ്യവ്യവസ്ഥകൾ കാറ്റിൽ പറത്തി നഗരത്തിൽ കത്തികാണിച്ച് കവർച്ചനടത്തിയ നാലംഗസംഘത്തെയാണ് ഇൻസ്‌പെക്ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ ഫോണും പ്രതികൾ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.

സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, സജേഷ് കുമാർ, സി കെ സുജിത്ത്, ഷാഫി പറമ്പത്ത്, കസബ സബ് ഇൻസ്‌പെക്ടർ കെ എം റസാഖ്, സീനിയർ സി പിഒമാരായ മനോജ്, രതീഷ് പി എം, രജീഷ് നെരവത്ത്, സി പി ഒമാരായ അനൂപ്, സന്ദീപ് സെബാസ്റ്റ്യൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP