Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാത്രി ന്യൂജെൻ ബൈക്കുകളിൽ കറങ്ങി ക്ഷേത്രഭണ്ഡാരത്തിൽ നിന്ന് മോഷണം; കോഴിക്കോട്ട് മൂന്നുപ്രതികൾ പിടിയിൽ

രാത്രി ന്യൂജെൻ ബൈക്കുകളിൽ കറങ്ങി ക്ഷേത്രഭണ്ഡാരത്തിൽ നിന്ന് മോഷണം; കോഴിക്കോട്ട് മൂന്നുപ്രതികൾ പിടിയിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: രാത്രി കാലങ്ങളിൽ മോഷ്ടിച്ച ന്യൂജെൻ ബൈക്കുകളിൽ കറങ്ങി അമ്പലങ്ങളിൽ മോഷണം നടത്തുന്ന സംഘത്തെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും എലത്തൂർ പൊലീസും ചേർന്ന് പിടികൂടി. ചക്കും കടവ് അമ്പലത്താഴം എം പി ഹൗസിൽ മുഹമ്മദ് ഷിഹാൽ, ചക്കും കടവ് അമ്പലത്താഴം എം പി ഹൗസിൽ ഫാസിൽ, കുറ്റിക്കാട്ടൂർ കുഴ്മഠത്തിൽ മേത്തൽ മുഹമ്മദ് തായിഫ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞദിവസം അന്തർജില്ലാ വാഹനമോഷണ സംഘത്തിലെ മുഖ്യ ആസൂത്രകനെ ക്രൈം സ്‌ക്വാഡും കസബ സബ് ഇൻസ്‌പെക്ടർ അഭിഷേകും പിടികൂടിയതിനെ തുടർന്ന് സിറ്റിയിലെ വാഹനമോഷണ സംഘങ്ങളെ ക്രൈം സ്‌ക്വാഡ് രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് പിടിയിലായവർ. മാറാട് താഴത്തുംകണ്ടി അമ്പലമോഷണം നടത്തിയത് ഇവരാണെന്ന് സമ്മതിച്ചു. അമ്പലമോഷണം നടത്തുന്നതിനായി പാലോറ മലയിലുള്ള വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളാണ് മോഷ്ടിച്ചത്. പ്രതികളിൽ നിന്നും ബൈക്കും കണ്ടെടുത്തു.

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിലും അമ്പലമോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചു. ആവശ്യം കഴിഞ്ഞാൽ ഹൈവേയുടെ അരികിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലുമാണ് മോഷ്ടിച്ച വാഹനങ്ങൾ ഉപേക്ഷിക്കാറ്. എലത്തൂർ സബ് ഇൻസ്‌പെക്ടർ രാജേഷ് പ്രതികളെ അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിലാണ് വാഹനമോഷണത്തെതുടർന്നുള്ള ഭണ്ഡാരമോഷണത്തിന്റെ ചുരുളഴിഞ്ഞത്.

ഡാൻസാഫ് അസിസ്റ്റന്റ് എസ്‌ഐ മനോജ് എടയേടത്ത്, സിപിഓ ജിനേഷ് ചൂലൂർ, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, എ പ്രശാന്ത്കുമാർ, സി കെ സുജിത്ത്, ഷാഫി പറമ്പത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP