Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡീൽ ഉറപ്പിക്കാൻ ഗോളകത്തിൽ നിന്ന് സ്വർണ തരികൾ വിതറി കാണിക്കും; കൈമാറുക വ്യാജനും; രണ്ടുകോടിയോളം വരുന്ന സ്വർണ വെള്ളരി എന്ന വ്യാജേന വഞ്ചിച്ച മൂവർ സംഘം പൊന്നാനിയിൽ പിടിയിൽ

ഡീൽ ഉറപ്പിക്കാൻ ഗോളകത്തിൽ നിന്ന് സ്വർണ തരികൾ വിതറി കാണിക്കും; കൈമാറുക വ്യാജനും; രണ്ടുകോടിയോളം വരുന്ന സ്വർണ വെള്ളരി എന്ന വ്യാജേന വഞ്ചിച്ച മൂവർ സംഘം പൊന്നാനിയിൽ പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കോടികൾ വിലവരുന്ന സ്വർണ്ണ കട്ടിയെന്ന വ്യാജേന സ്വർണ്ണ നിറമുള്ള ഗോളകം നൽകി തട്ടിപ്പ് നടത്തിയ മൂന്ന് പേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി കൂനം വീട്ടിൽ ഹമീദ് എന്ന ജിംഹമീദ് (51), ഗൂഡല്ലൂർ സ്വദേശികളായ കൈപ്പഞ്ചേരി സൈതലവി (40), കുഴിക്കലപറമ്പ് അപ്പു എന്ന അഷ്റഫ്(55) എന്നിവരാണ് അറസ്റ്റിലായത്. ചാലിശ്ശേരി സ്വദേശിയും, കായംകുളത്തെ പള്ളിയിലെ ഇമാമുമായ മുസ്ല്യാർ നൽകിയ പരാതിയിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്.

ഇന്റർനെറ്റിൽ നിന്നും സംഘം കണ്ടെത്തുന്ന മുസ്ല്യാർമാരുടെയും, പണിക്കന്മാരുടെയും നമ്പറിൽ വിളിച്ച് വിശ്വാസ്യത നേടിയ ശേഷം ഇവരുടെ വീട്ടുപറമ്പിൽ നിന്നും സ്വർണ്ണ വെള്ളരി അഥവാ സ്വർണ്ണ ഗോളകം ലഭിച്ചിട്ടുണ്ടെന്നും, രണ്ട് കോടിയോളം രൂപ വില വരുന്ന സാധനം ഇവർ മുഖേന വിൽക്കാൻ താൽപര്യമുണ്ടെന്നും അറിയിക്കും. തുടർന്ന് അഡ്വാൻസ് തുകയുമായി എത്തണമെന്നും, സ്വർണം കൈമാറാമെന്നും പറഞ്ഞാണ് ഡീൽ ഉറപ്പിക്കുക. സംഘം പറഞ്ഞ സ്ഥലത്ത് എത്തിയാൽ പൊതിഞ്ഞ നിലയിലിരുന്ന ഗോളകത്തിന്റെ ഒരു ഭാഗത്ത് ഓട്ടയുണ്ടാക്കി ഇതിൽ നിന്നും സ്വർണം അടർന്ന് വീഴുന്നതായി കാണിക്കും.

കൈയിൽ കരുതിയ ഒറിജിനൽ സ്വർണ്ണ തരിയാണ് ഈ സമയം സംഘം താഴേക്ക് ഇടുക. തരി പരിശോധിച്ച് സ്വർണ്ണമെന്ന് ബോധ്യപ്പെടുന്നതോടെ വ്യാജ സ്വർണ്ണ ഗോളകം കൈമാറുകയും ചെയ്യും. പിന്നീട് തുറന്ന് നോക്കിയാലാണ് തട്ടിപ്പ് ബോധ്യപ്പെടുക. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി നിരവധി പേരിൽ നിന്ന് തട്ടിപ്പ് നടത്തിയതായി പൊന്നാനി സിഐ വിനോദ് വലിയാറ്റൂർ പറഞ്ഞു.

കായംകുളത്തെ പള്ളിയിലെ ഇമാമിനെയും പൊന്നാനിയിലേക്ക് വിളിച്ചു വരുത്തി ഏഴ് ലക്ഷം രൂപ സമാനമായ രീതിയിൽ തട്ടിയെടുത്തിരുന്നു. ഇതേത്തുടർന്ന് ഇയാൾ പൊന്നാനി പൊലീസിൽ പരാതി നൽകി. പിന്നീട് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അന്വേഷണ സംഘം രൂപീകരിച്ച് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. ഇതേ സമയം കൊടുങ്ങല്ലൂരുള്ള മുസ്ല്യാരെ തട്ടിപ്പിന് ശ്രമിക്കുന്നതായി വിവരം ലഭിച്ചു. നിലമ്പൂരിൽ വെച്ച് സ്വർണ ഗോളകം കൈമാറാമെന്ന തട്ടിപ്പ് സംഘത്തിന്റെ വിവരം ലഭിച്ചതിനെത്തുടർന്ന് നിലമ്പൂരിൽ മഫ്ടിയിലെത്തിയ അന്വേഷണ സംഘം പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ പൊന്നാനി കോടതി റിമാന്റ് ചെയ്തു.

വ്യാജ സ്വർണ വെള്ളരി എന്ന ഗോളക സംഘം തട്ടിപ്പിനിരയാക്കുന്നത് മുസ്ല്യാർമാരെയും, ജ്യോതിഷികളെയും. കോടികൾ വിലവരുന്ന സ്വർണ്ണ കട്ടിയെന്ന വ്യാജേന സ്വർണ്ണ നിറമുള്ള വെള്ളരി എന്ന ഗോളകം നൽകി തട്ടിപ്പ് നടത്തിയിരുന്ന സംഘം മുസ്ല്യാർമാരെയും, ജ്യോതിഷികളെയും ലക്ഷ്യമിട്ടത് കൂടുതൽ പരാതികൾ ഇല്ലാതിരിക്കാനും, ഇവരുടെ ബന്ധങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് സുഗമമാക്കാനും വേണ്ടിയായിരുന്നുവെന്നും പൊലീസ്.

മുസ്ല്യാർമാരെയും, ജ്യോതിഷികളെയും വിളിച്ച് വിശ്വാസമാർജിച്ച ശേഷം തന്ത്രപരമായാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇത്രയും കൂടുതൽ സ്വർണം തങ്ങൾക്ക് നേരിട്ട് വിൽക്കാനാവില്ലെന്നും, രണ്ട് കോടിയോളം വിലവരുന്ന സ്വർണ്ണ ഗോളത്തിന് കമ്മീഷനായി ലക്ഷങ്ങൾ മാത്രം നൽകിയാൽ മതിയെന്നുമാണ് സംഘം വിശ്വസിപ്പിക്കുക. തട്ടിപ്പിനിരയാകുന്നവർ ഇക്കാര്യം പൊലീസിൽ പരാതിപ്പെടുന്നില്ലെന്ന് മനസിലാക്കിയതോടെയാണ് ഇവർ വ്യാപകമായി തട്ടിപ്പ് നടത്തിയത്. കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി കൂനം വീട്ടിൽ ഹമീദ് എന്ന ജിംഹമീദ് നേരത്തെയും നിരവധി കേസുകളിലെ പ്രതിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP