Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലപ്പുറത്ത് വഴിയോരത്തെ കരിമ്പ് ജ്യൂസ് മെഷീനുകൾ മോഷ്ടിച്ച സംഘം പിടിയിൽ; മെഷീനുകൾ കടത്തിയത് ആക്രി സാധനങ്ങളുടെ കൂടെ

മലപ്പുറത്ത് വഴിയോരത്തെ കരിമ്പ് ജ്യൂസ് മെഷീനുകൾ മോഷ്ടിച്ച സംഘം പിടിയിൽ; മെഷീനുകൾ കടത്തിയത് ആക്രി സാധനങ്ങളുടെ കൂടെ

ജംഷാദ് മലപ്പുറം

മലപ്പുറം: പാതയോരങ്ങളിൽ നിന്ന് കരിമ്പ് ജ്യൂസ് മെഷീനുകളും ആക്രി സാധനങ്ങളും മോഷ്ടിക്കുന്ന സംഘം പിടിയിൽ. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിട്ട് കെട്ടിവെച്ച കരിമ്പ് ജ്യൂസ് മെഷീനുകൾ പട്ടാപ്പകൽ ആക്രി വസ്തുക്കളുടെ കൂടെ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയാണ് രണ്ടംഗ സംഘത്തിന്റെ പതിവ്. കൊളത്തൂരിലുള്ള ആക്രി മാർക്കറ്റിൽ നിന്നും വാഹനം വാടകക്കെടുത്ത് മോഷണം നടത്തി മുതലുകൾ അതേ മാർക്കറ്റിൽ തന്നെ വിൽപ്പന നടത്തും.

പെരിന്തൽമണ്ണ കൊളത്തൂർ വാടകക്ക് താമസിക്കുന്ന തൃശ്ശൂർ ചാവക്കാട് സ്വദേശി നൈനാൻ ഹുസ്സൈൻ 45, പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി പറയൻകാട്ടിൽ ഹിലാൽ 33 എന്നിവരാണ് തൊണ്ടി മുതലുകൾ സഹിതം പിടിയിലായത്. ഈ മാസം 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വഴിക്കടവ് മുണ്ട സ്വദേശിയുടെ പരാതിയിൽ വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. കുറച്ചു ദിവസമായിട്ട് കരിമ്പ് ജ്യൂസ് കച്ചവടം നടത്താതെ മെഷീൻ റോഡരികിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിട്ട് കെട്ടിവെച്ച നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട മോഷണസംഘം പട്ടാപ്പകൽ മെഷീൻ മോഷ്ടിച്ച് സംശയം തോന്നാതിരിക്കാൻ മറ്റ് ആക്രി വസ്തുക്കളുടെ കൂടെ വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

തുടർന്ന് വഴിക്കടവ് പൊലീസും നിലമ്പൂർ സബ് ഡിവിഷൻ ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡും നടത്തിയ അന്വേഷണത്തിൽ ആക്രി സാധനങ്ങൾ എടുക്കുവാൻ ഒരു സംഘം നിലമ്പൂർ വഴിക്കടവ് എടക്കര ഭാഗങ്ങളിൽ ചുറ്റിക്കറങ്ങിയിരുന്നതായും പ്രതികൾ പെരിന്തൽമണ്ണ കൊളത്തൂർ ഭാഗത്തേക്ക് പോയതായും കണ്ടെത്തി. പിടിയിലായ ഹുസ്സൈൻ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ അടിപിടി, വധശ്രമം, വഞ്ചന തുടങ്ങി നിരവധി കേസ്സുകളിൾ പ്രതിയായ ആളാണ്.

നിലമ്പൂർ ഡിവൈഎസ്‌പി ഷാജു കെ എബ്രഹാമിന്റെ നിർദ്ദേശപ്രകാരം വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ ബഷീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ആണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. കൊളത്തൂരിലുള്ള ആക്രി മാർക്കറ്റിൽ നിന്നും വാഹനം വാടകക്കെടുത്ത് മോഷണം നടത്തി മുതലുകൾ അതേ മാർക്കറ്റിൽ വിൽപ്പന നടത്തിയ പ്രതികൾ ഇത്തരം നിരവധി കരിമ്പ് ജ്യൂസ് മെഷീനുകളും മറ്റു വിലപിടിപ്പുള്ള ആക്രി വസ്തുക്കളും മോഷണം ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ അബൂബക്കർ നാലകത്ത്,റിയാസ് ചീനി, പ്രശാന്ത്, പ്രത്യേക അന്വേഷണ സംഘത്തിലെ എസ് ഐ എം അസൈനാർ, അഭിലാഷ് കൈപ്പിനി, കെ.ടി ആഷിഫ് അലി, ജിയോ ജേക്കബ്, ടി. നിബിൻ ദാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. വഴിക്കടവ് പൊലീസ് സബ് ഇൻസ്പെക്ടർ തോമസുകുട്ടി സംഭവസ്ഥലത്ത് പ്രതികളുമായി തെളിവെടുപ്പ് നടത്തി. പ്രതികളെ കോടതി ഹാജരാക്കി റിമാന്റ് ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP