Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർലമെന്റ് തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും അരക്കോടിയുടെ വെട്ടിപ്പ്: ഡപ്യൂട്ടി കളക്ടറടക്കം നാലുപേർക്കെതിരെ വിജിലൻസ് കോടതി കുറ്റം ചുമത്തി; അഴിമതി ഇലക്ഷൻ വീഡിയോ ചിത്രീകരണ ബിൽ തുക മാറിയെടുത്തതിന്റെ മറവിൽ

പാർലമെന്റ് തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും അരക്കോടിയുടെ വെട്ടിപ്പ്: ഡപ്യൂട്ടി കളക്ടറടക്കം നാലുപേർക്കെതിരെ വിജിലൻസ് കോടതി കുറ്റം ചുമത്തി; അഴിമതി ഇലക്ഷൻ വീഡിയോ ചിത്രീകരണ ബിൽ തുക മാറിയെടുത്തതിന്റെ മറവിൽ

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: പാർലമെന്റ് ഇലക്ഷൻ ഫണ്ടിൽ നിന്നും അരക്കോടി രൂപ വെട്ടിച്ചെടുത്ത് സ്വകാര്യ സ്ഥാപനത്തിന് നൽകിയ അഴിമതി കേസിൽ ഡെപ്യൂട്ടി കളക്ടറടക്കം 4 പേർക്കെതിരെ തിരുവനന്തപുരം വിജിലൻസ് കോടതി കുറ്റം ചുമത്തി. കുറ്റ സ്ഥാപനത്തിൽ രണ്ടു വർഷത്തിനു മേൽ ശിക്ഷിക്കാവുന്ന വാറണ്ടു വിചാരണ കേസായതിനാൽ വിജിലൻസ് കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കിയ കുറ്റപത്രം പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ വായിച്ചു കേൾപ്പിച്ചാണ് വിജിലൻസ് ജഡ്ജി സ്‌നേഹലത പ്രതികൾക്ക് മേൽ കുറ്റം ചുമത്തിയത്.

കേസ് വിചാരണ തീയതി ഷെഡ്യൂൾ ചെയ്യുന്നതിലേക്കായി പ്രതികൾ ഫെബ്രുവരി 8 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ കളക്റ്റ്രേറ്റിലെ ഇലക്ഷൻ സെൽ ഡെപ്യൂട്ടി കളക്ടർ ആർ. ബിജു, ഇലക്ഷൻ സെൽ ജൂനിയർ സൂപ്രണ്ട് എസ്. രമേശ്, ഇലക്ഷൻ സെൽ സീനിയർ ക്ലാർക്ക് എസ്.എസ്. സന്തോഷ് കുമാർ, കൈതമുക്കിൽ സെലി ട്രോണിക്‌സ് എന്ന പേരിൽ വീഡിയോ ചിത്രീകരണ സ്റ്റുഡിയോ നടത്തുന്ന വി. രവീന്ദ്ര കുമാർ എന്നിവരാണ് കേസിലെ പ്രതികൾ.

2014 ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2014 മാർച്ച് 5 ന് പാർലമെന്റ് ഇലക്ഷൻ പ്രഖ്യാപിച്ചതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് ചെലവുകൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും 14 വിവിധ ഹെഡ് ഓഫ് അക്കൗണ്ട് മുഖാന്തിരം എ എംഎസ് എന്ന സോഫ്റ്റ് വെയർ വഴി തിരുവനന്തപുരം ജില്ലക്ക് 11, 21,94,301 രൂപ അനുവദിച്ചു കിട്ടിയിരുന്നു. ഈ 11 കോടി 21 ലക്ഷം രൂപയിൽ നിന്നും ജില്ലയിലെ 4 വിവിധ താലൂക്കുകളിലെ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി 12 വിവിധ ഹെഡ് ഓഫ് അക്കൗണ്ട് വഴി 4,73,52,025 രൂപ അതേ സോഫ്റ്റ് വെയർ വഴി വിതരണം ചെയ്ത ശേഷം തിരുവനന്തപുരം ഇലക്ഷൻ സെല്ലിലെ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ലഭിച്ച 6, 62, 88, 437 രൂപയിൽ നിന്നുമാണ് പ്രതികൾ അരക്കോടിയുടെ തിരിമറി നടത്തിയതെന്ന് ഡി വൈ എസ് പി എ. അബ്ദുൾ വഹാബ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലെ ഇലക്ഷൻ സംബന്ധമായ വീഡിയോ ചിത്രീകരണം നടത്തുന്നതിലേക്ക് വേണ്ടി 2014 മാർച്ച് 4 ന് ദിന പ ത്രത്തിൽ ടെണ്ടർ വിജ്ഞാപനം നൽകി. അതനുസരിച്ച് ലഭിച്ച 8 ക്വട്ടേഷനുകളിൽ നിന്നും യൂണിറ്റൊന്നിന് 2,874 രൂപ ക്വാട്ട് ചെയ്ത സെലിട്രോണിക്‌സ് സ്ഥാപന ഉടമക്ക് 5,000 രൂപയുടെ നിര തദ്രവ്യം സ്വീകരിക്കാതെ മാർച്ച് 6 ന് ടെണ്ടർ അനുവദിച്ചു നൽകി. തുടർന്ന് സ്ഥാപന ഉടമ വീഡിയോ ചിത്രീകരണം പൂർത്തീകരിച്ച ശേഷം ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാക്കിയ 87 ഡ്യൂട്ടി സർട്ടിഫിക്കറ്റിന്റെയും വീഡിയോ റെക്കോഡ് ചെയ്ത 857 ഡി വി ഡികളുടെയും അടിസ്ഥാനത്തിൽ ഉടമയ്ക്ക് നിയമാനുസരണം ലഭിക്കേണ്ട 1 140 യൂണിറ്റിനുള്ള തുകയായ 32, 76 , 360 രൂപക്ക് പകരം 3,051 യൂണിറ്റിനുള്ള തുകയായ 85, 65, 037 രൂപ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 2014 ജൂൺ 13 ന് ഉടമയ്ക്ക് അനുവദിച്ച് കൊടുത്തു. ആയതിൽ വച്ച് സർക്കാർ ഖജനാവിന് 52, 88, 677 രൂപയുടെ അന്യായ നഷ്ടം സംഭവിപ്പിച്ചു. ഉദ്യോഗസ്ഥരായ പ്രതികൾ സ്ഥാപന ഉടമയുമായി ചേർന്ന് ഗൂഢാലോചന നടത്തി തങ്ങളുടെ ഔദ്യോഗിക ദുരുപയോഗം ചെയ്ത് വിശ്വാസ വഞ്ചന നടത്തി ഉടമയ്ക്ക് അവിഹിതമായി സാമ്പത്തിക ലാഭം ഉണ്ടാക്കിക്കൊടുത്ത് ശിക്ഷാർഹമായ കുറ്റം ചെയ്തുവെന്നാണ് കേസ്.

കുടപ്പനക്കുന്ന് സബ് ട്രഷറി യിലെ ബിൽ ഫയലുകൾ, തിരഞ്ഞെടുപ്പ് തുക വിതരണ - ചെലവഴിക്കൽ നിയന്ത്രണ രജിസ്റ്റർ, പ്രതികൾ ഓഡിറ്റ് ടീമിന് നൽകിയ തെറ്റായ തുക വിഹിത പത്രിക, കേരള സംസ്ഥാന ഓഡിറ്റ് ഡിപ്പാർട്ട്‌മെന്റ് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട്, 14 നിയമസഭ മണ്ഡലങ്ങളിൽ നിന്നും വിജിലൻസ് ശേഖരിച്ച 857 ഡി വി ഡികൾ സി - ഡിറ്റിന്റെ ശാസ്ത്രീയ പരിശോധനക്ക് ശേഷം ലഭ്യമാക്കിയ സി-ഡിറ്റ് വിദഗ്ധന്റെ സാങ്കേതിക റിപ്പോർട്ട് , ഇലക്ഷൻ സെല്ലിലെ ബിൽ പ്രൊസീസിങ്‌സ് ഫയൽ അടക്കം 32 പ്രാമാണിക തെളിവുകൾ കുറ്റ പത്രത്തോടൊപ്പം വിജിലൻസ് ഹാജരാക്കിയിട്ടുണ്ട് 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP