Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിപക്ഷ മഹാറാലി: പ്രതിസന്ധിയിലായ സിപിഎം റാലി സംഘടിപ്പിച്ചത് പ്രധാന ശത്രുവായ മമതാ ബാനർജി: സഹകരിക്കാൻ തീരുമാനിച്ചവരെല്ലാം റാലിയുടെ ഭാഗമായി; ഇനിയെങ്ങനെ പ്രതിപക്ഷ ഐക്യം ഉയർത്തിക്കാട്ടുമെന്ന ആശയക്കുഴപ്പത്തിൽ സിപിഎം; ബിജെപിക്കെതിരെ ഉയർന്ന വലിയ ശബ്ദം ചെറു വാർത്തയിൽ ഒതുക്കി ദേശാഭിമാനി; മൗനം പാലിച്ച് കേരളത്തിലെ നേതാക്കളും

പ്രതിപക്ഷ മഹാറാലി: പ്രതിസന്ധിയിലായ സിപിഎം റാലി സംഘടിപ്പിച്ചത് പ്രധാന ശത്രുവായ മമതാ ബാനർജി: സഹകരിക്കാൻ തീരുമാനിച്ചവരെല്ലാം റാലിയുടെ ഭാഗമായി; ഇനിയെങ്ങനെ പ്രതിപക്ഷ ഐക്യം ഉയർത്തിക്കാട്ടുമെന്ന ആശയക്കുഴപ്പത്തിൽ സിപിഎം; ബിജെപിക്കെതിരെ ഉയർന്ന വലിയ ശബ്ദം ചെറു വാർത്തയിൽ ഒതുക്കി ദേശാഭിമാനി; മൗനം പാലിച്ച് കേരളത്തിലെ നേതാക്കളും

കെ വി നിരഞ്ജൻ

കോഴിക്കോട്: കൊൽക്കത്തയിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ കക്ഷികളുടെ മഹാറാലി ബിജെപിക്കും സിപിഎമ്മിനും ഒരേ സമയം നെഞ്ചിടിപ്പേറ്റുന്നു. റാലി സംഘടിപ്പിച്ചത് സിപിഎമ്മിന്റെ പ്രധാന ശത്രുവായ മമതാ ബാനർജിയാണെന്നതിനാൽ പ്രതിപക്ഷ ഐക്യം ഉയർത്തിക്കാട്ടാൻ പോലും സാധിക്കാനാവാതെ മൗനം പാലിക്കുകയാണ് സിപിഎം. ബിജെപിക്കെതിരെ ഇത്ര വലിയ ശബ്ദം ഉയരുമ്പോഴും ദേശാഭിമാനി പോലും അപ്രധാനമായാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ബിജെപിക്കെതിരെ മമതയുടെ റാലി എന്ന തലക്കെട്ടിൽ അപ്രധാനമായിട്ടായിരുന്നു വാർത്ത വന്നത്. റാലിയിൽ സംസാരിച്ച നേതാക്കൾ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ അതിന് വേണ്ടി രാഷ്ട്രീയ സഖ്യം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആരും വ്യക്തമായ നിലപാട് പറഞ്ഞില്ലെന്നും വാർത്തയിൽ വ്യക്തമാക്കുന്നു. റാലിയെക്കുറിച്ച് കേരളത്തിലെ സിപിഎം നേതാക്കളോട് ആരാഞ്ഞപ്പോൾ ഇത്തരം റാലികളോട് സഹകരിക്കണോ എന്ന് പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും തീരുമാനിക്കുമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു അവർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎമ്മിന് ഉയർത്താവുന്ന ഒരു മുദ്രാവാക്യത്തിന്റെ കരുത്താണ് മഹാറാലി തകർത്തതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ദേശീയ തലത്തിൽ കോൺഗ്രസിനും ബിജെപിക്കും എതിരെ ഫെഡറൽ ബദൽ ഉണ്ടാവുമെന്നും അതിന് വേണ്ടി സിപിഎമ്മിനെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നുമുള്ള മുദ്രാവാക്യമാണ് കേരളത്തിൽ സിപിഎം ഒരുക്കിയിരുന്നത്.

ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ, ടി.ആർ.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖരറാവു തുടങ്ങിയവർക്ക് കോൺഗ്രസുമായി ഒന്നിക്കാൻ സാധിക്കില്ലെന്നും ഇവരുടെ നേതൃത്വത്തിൽ ഫെഡറൽ മുന്നണി വരുമെന്നും ഇത് ചൂണ്ടിക്കാട്ടി വോട്ട് തേടാമെന്നുമായിരുന്നു കേരളത്തിലെ സിപിഎം നേതാക്കളുടെ കണക്ക് കൂട്ടൽ. എന്നാൽ ഇതെല്ലാമാണ് മഹാറാലിയോടെ തകർന്നടിഞ്ഞത്. മമതാ ബാനർജി പ്രതിപക്ഷ ഐക്യറാലിയിലെ കേന്ദ്ര ബിന്ദുവായതോടെ എ.എ.പി ഉൾപ്പെടെയുള്ളവരെ കൂട്ടി പരീക്ഷണമാകാമെന്ന പ്രതീക്ഷയും സിപിഎമ്മിന് തകർന്നിരിക്കുകയാണ്. മമതയുള്ളതുകൊണ്ട് ഈ കൂട്ടുകെട്ടിൽ പങ്കെടുക്കാൻ സിപിഎമ്മിന് ബുദ്ധിമുട്ടുണ്ട്. ഇതുകാരണം കെജ്രിവാൾ ഉൾപ്പെടെ കോൺഗ്രസിനും മമതയ്ക്കുമൊപ്പം വേദി പങ്കിട്ടപ്പോൾ അതിൽ നിന്ന് വിട്ടു നിൽക്കാൻ മാത്രമെ സിപിഎമ്മിന് സാധിച്ചുള്ളു.

മുമ്പ് ഫെഡറൽ മുന്നണിക്ക് നേതൃത്വം നൽകാൻ മമതയുമായി ചർച്ച നടത്തിയ ചന്ദ്രശേഖര റാവുവും ഇപ്പോൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇദ്ദേഹം ഇനി ബി.ജെ പി അനുകൂല സമീപനം സ്വീകരിച്ചേക്കാമെന്ന വിലയിരുത്തലും സി പി എം നടത്തുന്നുണ്ട്. റാലിയിൽ പങ്കെടുക്കാതിരുന്ന ഒഡീഷയിലെ ബിജു ജനതാദളിന് ഇടതുപാർട്ടികളോട് വലിയ താത്പര്യമില്ലെന്നതും സി പി എമ്മിന് തിരിച്ചടിയാണ്. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും സഹായത്തോടെ മത്സരിക്കുന്ന സി പി എമ്മിന് മഹാറാലി വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. കേരളത്തിൽ മാത്രം മറ്റൊരു ദേശീയ ബദലിന്റെ പേരിൽ എങ്ങിനെ വോട്ട് ചോദിക്കുമെന്ന നിസ്സഹായാവസ്ഥയിലാണ് പാർട്ടി നേതൃത്വമിപ്പോൾ.  വിവിധ സംസ്ഥാനങ്ങളിൽ സി പി എം സഹകരണത്തിന് ശ്രമം നടത്തുന്ന പ്രമുഖ പാർട്ടികളെല്ലാം മമതയ്ക്കൊപ്പം വേദിയിലെത്തിയെന്നതും ശ്രദ്ധേയമാണ്.

എം കെ സ്റ്റാലിൻ, എച്ച് ഡി ദേവഗൗഡ, എൻ ചന്ദ്രബാബു നായിഡു, ശരത് പവാർ, തേജസ്വി യാദവ്, ശരത് യാദവ് എന്നിവർക്കൊപ്പമെല്ലാം സഹകരണത്തിന് സിപിഎം കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിരുന്നു. ഇവരെല്ലാം ഇപ്പോൾ കോൺഗ്രസിന്റെ സഖ്യ കക്ഷികളാണ്. റാലിയിൽ അണി നിരന്ന എസ് പി, ബി.എസ്‌പി, നാഷണൽ കോൺഫറൻസ് പാർട്ടികൾക്കും ഇടതുപാർട്ടികളുമായുള്ള സഹകരണം അജണ്ടയിലില്ല. ഇത്തരമൊരു സാഹചര്യത്തിൽ മമത യ്ക്കൊപ്പമുള്ള വേദിയിൽ പങ്കെടുക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം. കോൺഗ്രസിനെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും ഒരേ വേദിയിൽ അണി നിരത്തിയത് ബിജെപിയെയും ഞെട്ടിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ റാലികൾ സംഘടിപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP