Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയെ കോടതി വളപ്പിൽ വച്ച് വെട്ടിയ ശേഷം പ്രതി ആലത്തൂർ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി; തലയിലും മുഖത്തും വെട്ടേറ്റ നേതാവ് ഗുരുതരാവസ്ഥയിൽ; കോടതിയിലെത്തിയവരും അഭിഭാഷകരും പിന്നാലെയോടിയെത്തിയെങ്കിലും പ്രതി ഓടിയത് സ്‌റ്റേഷനിനുള്ളിലേക്ക്

സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയെ കോടതി വളപ്പിൽ വച്ച് വെട്ടിയ ശേഷം പ്രതി ആലത്തൂർ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി; തലയിലും മുഖത്തും വെട്ടേറ്റ നേതാവ് ഗുരുതരാവസ്ഥയിൽ; കോടതിയിലെത്തിയവരും അഭിഭാഷകരും പിന്നാലെയോടിയെത്തിയെങ്കിലും പ്രതി ഓടിയത് സ്‌റ്റേഷനിനുള്ളിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ആലത്തൂർ: സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയെ കോടതി വളപ്പിൽ വച്ച് ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം പൊലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി പ്രതി. കണ്ണമ്പ്ര ലോക്കൽ കമ്മറ്റി സെക്രട്ടറിയും വടക്കഞ്ചേരി ഏരിയാ കമ്മറ്റി അംഗവുമായ മഞ്ഞപ്ര വാലിപ്പറമ്പ് എം.കെ സുരേന്ദ്രനാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. ഇയാലെ ആക്രമിച്ചതിനു ശേഷം താലൂക്ക് ഓഫീസിന് മുൻവശത്തുകൂടി ഓടിയ കണ്ണമ്പ്ര കുന്നങ്കാട് വീട്ടിൽ ശിവദാസനാണ് ആലത്തൂർ സ്റ്റേഷനിൽ കത്തിയുമായി കീഴടങ്ങിയത്. സുരേന്ദ്രന്റെ മുഖത്തും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇയാളെ തൃശ്ശൂരിലുള്ള തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച രാവിലെ പതിനൊന്നരയ്ക്കായിരുന്നു സംഭവം. താനുൾപ്പെട്ട ഒരു കേസിൽ ഹാജരാകുന്നതിനാണ് സുരേന്ദ്രൻ കോടതിയിലെത്തിയത്. വാദം കേട്ടു കഴിഞ്ഞ് മടങ്ങും വഴിയാണ് ഇയാൾക്ക് നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിൽ കോടതി വളപ്പിന്റെ പുറത്തേക്ക് പോവുകയായിരുന്ന സുരേന്ദ്രനെ ശിവദാസൻ പുറകിൽ നിന്നും ചവിട്ടി വീഴ്‌ത്തിയ ശേഷം വെട്ടുകയായിരുന്നു. താഴെ വീണ സുരേന്ദ്രന്റെ തലയിലും മുഖത്തും പ്രതി ആഴത്തിൽ വെട്ടിയിരുന്നു. ഓട്‌നായി ശ്രമിച്ചപ്പോൾ കഴുത്തിനും ആഴത്തിൽ വെട്ടി. 

കോടതിയിലെത്തിയവരും അഭിഭാഷകരും ഓടിയെത്തിയപ്പോഴേക്കും ശിവദാസൻ താലൂക്ക് ഓഫീസ് വളപ്പിലേക്ക് ഓടി. സുരേന്ദ്രനൊപ്പം വന്നവർ പിന്നാലെയെത്തിയപ്പോഴേക്കും ഇയാൾ പൊലീസ് സ്റ്റേഷനിൽ ഓടിക്കയറി. സംഭവമറിഞ്ഞ് സിപിഎം. ഡിവൈഎഫ്ഐ. പ്രവർത്തകർ പൊലീസ് സ്റ്റേഷനുസമീപം തടിച്ചുകൂടി. ഇത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. ഡിവൈ.എസ്‌പി. വി.എ. കൃഷ്ണദാസ്, സിഐ. കെ.എ. എലിസബത്ത് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽനിന്നായി വൻ പൊലീസ് സന്നാഹം സ്ഥിതിഗതികൾ നേരിടാനെത്തി. കെ.ഡി. പ്രസേനൻ എംഎ‍ൽഎ.യുടെ നേതൃത്വത്തിൽ നേതാക്കളിടപെട്ട് പ്രവർത്തകരെ സമാധാനിപ്പിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന സുരേന്ദ്രൻ വെന്റിലേറ്ററിലാണ്. സിപിഎം. ജില്ലാസെക്രട്ടറി സി.കെ. രാജേന്ദ്രൻ, പി.കെ. ബിജു എംപി. തുടങ്ങിയവർ ആശുപത്രിയിലെത്തി.

ശിവദാസൻ ആർ.എസ്.എസ്-ബിജെപി. പ്രവർത്തകനാണെന്നും വധശ്രമം സംഘപരിവാർ ഗൂഢാലോചനയാണെന്നും ഇവർ ആരോപിച്ചു. ശിവദാസനും സുരേന്ദ്രനുമായി വ്യക്തിപരമായ പ്രശ്‌നമാണുള്ളതെന്നാണ് സംഘപരിവാർ നിലപാട്. സംഭവത്തിൽ ഭാരതീയ ജനതാപാർട്ടിക്ക് ബന്ധമില്ലെന്ന് ജില്ലാനേതൃത്വം പത്രക്കുറിപ്പിൽ അറിയിച്ചു. മഹിളാ അസോസിയേഷൻ നേതാവായ ഷീജയെ ആക്രമിച്ച കേസിലും കണ്ണമ്പ്രയിൽ ഡിവൈഎഫ്ഐ. നേതാവ് രതീഷിനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് ശിവദാസനെന്ന് പൊലീസ് പറയുന്നു. ആലത്തൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP