Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ വീട് സന്ദർശിച്ച് സിപിഎം നേതാക്കൾ; പേരെടുത്ത് പറയാതെ നഗരസഭയ്ക്കും വിമർശം; ജയരാജന്മാരും ശ്രീമതിയുമെത്തിയത് ഇടത് അനുഭാവിയുടെ ആത്മഹത്യയിൽ അണികൾക്കുള്ളിൽ പ്രതിഷേധം ശക്തമായതോടെ; ദുരന്തത്തിന് കാരണക്കാരായവരെ ശിക്ഷിക്കുമെന്നും കൺവെൻഷൻ സെന്റർ നടത്തിപ്പിന് പാർട്ടി ഒപ്പമുണ്ടാകുമെന്നും നേതാക്കളുടെ വാഗ്ദാനം

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ വീട് സന്ദർശിച്ച് സിപിഎം നേതാക്കൾ; പേരെടുത്ത് പറയാതെ നഗരസഭയ്ക്കും വിമർശം; ജയരാജന്മാരും ശ്രീമതിയുമെത്തിയത് ഇടത് അനുഭാവിയുടെ ആത്മഹത്യയിൽ അണികൾക്കുള്ളിൽ പ്രതിഷേധം ശക്തമായതോടെ; ദുരന്തത്തിന് കാരണക്കാരായവരെ ശിക്ഷിക്കുമെന്നും കൺവെൻഷൻ സെന്റർ നടത്തിപ്പിന് പാർട്ടി ഒപ്പമുണ്ടാകുമെന്നും നേതാക്കളുടെ വാഗ്ദാനം

രഞ്ജിത്ത് ബാബു

കണ്ണൂർ: ആത്മാഹുതി ചെയ്ത പ്രവാസി വ്യവസായി പാറയിൽ സാജന്റെ വസതി സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ സിപിഎം. നേതാക്കളെത്തി. പാർട്ടിയും സർക്കാരും എന്നും ഒപ്പമുണ്ടാകുമെന്നും നഗരസഭയുടെ നിഷേധ നിലപാട് പൊറുക്കാത്തതാണെന്ന് വ്യഗ്യമായി സൂചിപ്പിച്ചാണ് നേതാക്കളുടെ സന്ദർശനം. സിപിഎം. ജില്ലാ സെക്രട്ടറി എം വിജയരാജൻ, മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ, പി.കെ. ശ്രീമതി, എന്നിവരായിരുന്നു മരിച്ച സാജന്റെ വസതി സന്ദർശിച്ചത്. നഗരസഭാ ചെയർപേഴ്സൻ പി.കെ. ശ്യാമളയെ പേരെടുത്ത് പറയാതെ നഗരസഭക്ക് പിൻതുണ നൽകാതെ നേതാക്കളുടെ നിലപാട് വ്യക്തമായിരുന്നു. സാജന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നഗരസഭാ സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ എന്നിവരെ സസ്പെന്റ് ചെയ്തതായും അവർ അറിയിച്ചു. പ്രവാസി വ്യവസായിയുടെ മരണം പാർട്ടിയെ തിരിഞ്ഞ് കുത്തിയതോടെ സിപിഎം. നേതാക്കൾ വിഷയത്തെ അതീവ ഗൗരവമായാണ് കാണുന്നതെന്ന് ഇന്നത്തെ സന്ദർശനത്തിലൂടെ വ്യക്തമാവുകയാണ്.


അതിന്റെ ഭാഗമായാണ് പാർട്ടിയുടെ മൂന്ന് നേതാക്കൾ ഇന്ന് സാജന്റെ ബന്ധുക്കളെ സന്ദർശിക്കാനെത്തിയത്. മണിക്കൂറുകളോളം കുടുംബത്തോടൊപ്പം ചിലവഴിച്ചാണ് നേതാക്കൾ മടങ്ങിയത്. ഈ അനിഷ്ട സംഭവത്തിന് കാരണക്കാരായവരെ ശിക്ഷിക്കുമെന്നും കൺവെൻഷൻ സെന്ററിന് അനുമതി നൽകുമെന്നും ഉറപ്പ് നൽകിയാണ് നേതാക്കൾ മടങ്ങിയത്. നഗരസഭാ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറായത് അതിന്റെ ഭാഗമാണെന്ന് അവർ അറിയിച്ചു. കൺവെൻഷൻ സെന്ററുമായി ബന്ധപ്പെട്ട് ആരംഭം മുതൽ നഗരസഭാ ചെയർപേഴ്സനെതിരെ ആയിരുന്നിട്ടും ഉദ്യോഗസ്ഥരെ മാത്രം ശിക്ഷിച്ച നടപടിയിൽ സാജന്റെ കുടുംബവും നാട്ടുകാരും തൃപ്തരല്ല. സാജന്റെ കുടുംബത്തിന് എല്ലാ വിധ പിൻതുണയും നൽകുമെന്ന് സിപിഎം. നേതാവ് പി.ജയരാജൻ പറഞ്ഞു. നഗരസഭാ നടപടികൾ അകാരണമായി കാലതാമസമുണ്ടായെന്നും ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് നടപ്പാക്കാൻ നഗരസഭക്ക് സാധിച്ചില്ലെന്നും നേതാക്കൾ പ്രതികരിച്ചു. സംഭവത്തിൽ ഉചിതമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകാൻ കുടുംബം തീരുമാനിച്ചിട്ടുണ്ട്.

സോഹിതാ വിജുവും സാജന്റെ ഭാര്യയേയും ബന്ധുക്കളേയും കാണാൻ വീട്ടിലെത്തി.

തളിപ്പറമ്പ് നഗരസഭയിൽ ആന്തൂർ ഉൾപ്പെട്ട കാലത്ത് തന്റെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ ഉത്പ്പന്നങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനം അടച്ചു പൂട്ടാനുള്ള ശ്രമവും ഇന്നത്തെ ആന്തൂർ നഗരസഭാ ചെയർപേഴ്സൻ പി.കെ. ശ്യാമള നടത്തിയതായി ഉടമ സോഹിതാ വിജു മാധ്യമങ്ങളോട് പ്രതികരിച്ചു. പി.കെ. ശ്യാമളയും അഞ്ചംഗങ്ങളുമാണ് ഇത്തരം ശ്രമം നടത്തിയത്. കെമിക്കൽ വെള്ളത്തിൽ ലയിപ്പിച്ച് ഉണ്ടാക്കുന്ന സ്ഥാപനം ഒന്നര വർഷം നടത്തിയ ശേഷമാണ് നഗരസഭാ ചെയർപേഴ്സന്റെ ക്രൂരമായ ഇടപെടൽ. ഈ വ്യവസായ സംരംഭത്തിന് സർവ്വ രാഷ്ട്രീയ പാർട്ടികളും പിൻതുണ നൽകിയിരുന്നു.

എന്നാൽ നഗരസഭയിൽ ഇടക്കിടെ വിളിപ്പിച്ച് ദ്രോഹിക്കുന്നതും പതിവായിരുന്നു. പ്രശ്നം രൂക്ഷമായപ്പോൾ സിപിഎം. നേതാവ് പി.ജയരാജനെ കണ്ടു. അദ്ദേഹം പൂർണ്ണപിൻതുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ആന്തൂർ നഗരസഭയായി മാറിയപ്പോഴും ചെയർപേഴ്സന്റെ നിലപാട് പഴയതിനേക്കാൾ രൂക്ഷമായി. മലിനീകരണം ഉണ്ടാക്കുന്നുവെന്ന പേരിൽ ഈ സംരംഭം അടച്ചു പൂട്ടാൻ നോട്ടീസ് നൽകുകയും ചെയ്തു. 10 ലക്ഷം രൂപക്ക് ആരംഭിച്ച ഈ വ്യവസായം മുടങ്ങിയതോടെ കടം പെരുകുകയും തൊഴിലാളികൾ പട്ടിണിയിലാവുകയും ചെയ്തു.

ഒടുവിൽ നഗരസഭ അദ്ധ്യക്ഷയെ നേരിട്ട് കണ്ട് ചോദിച്ചപ്പോൾ കോയമ്പത്തൂരോ മുംബൈയിലോ പോയി സംരംഭം തുടങ്ങാനാണ് പറഞ്ഞത്. ഒടുവിൽ ഈ സംരംഭം മുന്നോട്ട് കൊണ്ടു പോകാൻ കഴിയില്ല എന്ന് വന്നതോടെ ആന്തൂരിൽ നിന്നും മാറ്റി തളിപ്പറമ്പ് നാടുകാണിയിലെ കിൻഫ്ര പാർക്കിൽ കൊണ്ടു പോവുകയായിരുന്നു. 10 ലക്ഷം രൂപ മുടക്കിലാരംഭിച്ച സംരംഭത്തിന് നിലനിർത്താൻ വേണ്ടി 40 ലക്ഷത്തോളം രൂപ ചിലവഴിക്കേണ്ടി വന്നു. സോഹിത പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP