Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുക്കത്തെ ആക്രമത്തിന് പിന്നിൽ എസ്ഡിപിഐ, സോളിഡാരിറ്റി തുടങ്ങിയ വർഗീയ തീവ്രവാദി സംഘങ്ങൾ; കടുത്ത വികസന വിരോധികളും ഇടതുപക്ഷ വിരോധികളുമായ ഇവർ നാട്ടുകാരെ സമരത്തിലേക്ക് തള്ളിവിടുന്നു; മുക്കത്തെ ഗെയിൽ വിരുദ്ധ സമരത്തെ തള്ളി സി.പി.എം ജില്ലാ നേതൃത്വം

മുക്കത്തെ ആക്രമത്തിന് പിന്നിൽ എസ്ഡിപിഐ, സോളിഡാരിറ്റി തുടങ്ങിയ വർഗീയ തീവ്രവാദി സംഘങ്ങൾ; കടുത്ത വികസന വിരോധികളും ഇടതുപക്ഷ വിരോധികളുമായ ഇവർ നാട്ടുകാരെ സമരത്തിലേക്ക് തള്ളിവിടുന്നു; മുക്കത്തെ ഗെയിൽ വിരുദ്ധ സമരത്തെ തള്ളി സി.പി.എം ജില്ലാ നേതൃത്വം

കോഴിക്കോട്: മുക്കത്തെ ഗെയിൽ വിരുദ്ധ സമരത്തെ തള്ളി സി.പി.എം ജില്ലാ നേതൃത്വം. ഗെയിൽ വിരുദ്ധ സമരത്തിന്റെ മറവിൽ മുക്കത്തും തിരുവമ്പാടി മേഖലയിലും സംഘർഷം പടർത്താനുള്ള ചില തീവ്രവാദ സംഘടനകളുടെ ആസൂത്രിത നീക്കമാണെന്ന് സി.പി.എം ആരോപിച്ചു. നിർദ്ദിഷ്ട കൊച്ചിബാംഗ്ലൂർ വാതകക്കുഴൽ പദ്ധതിക്കെതിരെ മുക്കം എരഞ്ഞിമാവിലെ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘർഷമുണ്ടാക്കിയത് മലപ്പുറം ജില്ലയിൽ നിന്നുവന്ന എസ്.ഡി.പി.ഐ, പോപ്പുലർഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ വർഗീയതീവ്രവാദി സംഘങ്ങളാണ്. കടുത്ത വികസനവിരോധികളും ഇടതുപക്ഷ വിരോധികളും ഇവരുടെകൂടെ ചേർന്ന് നാട്ടുകാരെ അക്രമസമരത്തിലേക്ക് തള്ളിവിടുകയാണെന്നും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

ഗെയ്ൽ ഉദ്യോഗസ്ഥരെ അക്രമിച്ചതും അക്രമം തടയാനെത്തിയ പൊലീസിനെതിരെ സമരക്കാരെ തിരിച്ചുവിടാനായി ബോധപൂർവം കുഴപ്പങ്ങളുണ്ടാക്കിയതും തീവ്രവാദ സംഘങ്ങളാണ്. കുഴപ്പമുണ്ടായപ്പോൾ അക്രമികളായ തീവ്രവാദസംഘടനയിൽപെട്ടവർ രക്ഷപ്പെടുകയും ഇതിൽ പങ്കാളികളായ നാട്ടുകാർ പൊലീസ് പിടിയിലാവുകയുമാണുണ്ടായത്. ഗെയ്ലിന്റെ ഉദ്യോഗസ്ഥരെ മർദ്ദിച്ചവരെ പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുമുമ്പിൽ ഉപരോധം സൃഷ്ടിക്കാൻ ശ്രമിച്ചതും പോപ്പുലർഫ്രണ്ട് ഉൾപ്പെടെയുള്ള തീവ്രവാദസംഘങ്ങളുടെ നേതാക്കളാണ്.

കേരളത്തിന്റെ ഊർജ്ജവികസനരംഗത്ത് വലിയ സംഭാവനകൾ നൽകാൻ കഴിയുന്ന വ്യവസായ വികസനപദ്ധതിയായ ഗെയ്ലിനെതിരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തിൽ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദിസംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന് പകരം യുഡിഎഫും കോൺഗ്രസ്ലീഗ് നേതാക്കളും തീവ്രവാദികളോടൊപ്പം മുക്കം പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്. യുഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മറ്റി ആഹ്വാനം ചെയ്ത ഹർത്താലിന്റെ മറവിൽ വ്യാപക അക്രമം അഴിച്ചുവിടുകയാണെന്നും സി.പി.എം പറയുന്നു.

കേരളത്തിന്റെ സാമ്പത്തികവളർച്ചയ്ക്കും വളരെയധികം സഹായകരമാകുന്ന ഈ പദ്ധതിയെ എതിർക്കുന്നത് ചില ഇസ്ലാമിക തീവ്രവാദി സംഘങ്ങളാണ്. അവർക്കുപിറകിൽ ചില നിക്ഷിപ്ത താല്പര്യക്കാരാണ്. ഇത്തരമൊരു ഗെയ്ൽവാതക പൈപ്പ്ലൈൻ പദ്ധതി വന്നുകഴിഞ്ഞാൽ വലിയ നഷ്ടം സംഭവിക്കുന്ന തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്ന ടാങ്കർ ലോറി ഉടമകളാണ് ഈ സമരം കുത്തിപ്പൊക്കുന്നതിന് പിറകിൽ. പദ്ധതിക്കുവേണ്ടി ഭൂമി നഷ്ടപ്പെടുന്ന ഭൂഉടമകളിലും സാധാരണജനങ്ങളിലും തെറ്റായ പ്രചരണങ്ങളിലൂടെ ഭീതിപടർത്തുകയാണ് തീവ്രവാദി സംഘങ്ങൾ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്നതെന്നും സി.പി.എം കുറ്റപ്പെടുത്തി.

ഭൂമി നഷ്ടപ്പെടുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം നൽകാനും ധാരണയെത്തിക്കൊണ്ടുമാത്രമെ ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിട്ടുള്ളൂ. 4500 കോടി രൂപയുടെ ഒരു കേന്ദ്രനിക്ഷേപപദ്ധതിയുടെ ഭാഗമാണ് വാതകക്കുഴൽ പദ്ധതി. ഈ വസ്തുതകളെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് പോപ്പുലർഫ്രണ്ടും സോഡിഡാരിറ്റിയും മതാധിഷ്ഠിതമായ സമരരൂപങ്ങളും ചിഹ്നങ്ങളും വരെ ഉപയോഗിച്ച് സർക്കാരിനെതിരെ ഈ പ്രദേശങ്ങളിലെ ജനസമൂഹങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും സി.പി.എം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP