Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോഴിക്കോട് ജില്ലയിൽ കൊറോണ രോഗം സ്ഥിരീകരിച്ചതിൽ മൂന്ന് പേർ രോഗമുക്തരായി; 9 പേർ ചികിത്സയിൽ; ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത് 21,934 പേർ; 35 പേർ നിരീക്ഷണത്തിലുള്ളത് ആശുപത്രിയിൽ; നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് ഇനിയും റിപ്പോർട്ട് ചെയ്യാത്തവരുണ്ടെങ്കിൽ വിവരമറിയിക്കണമെന്ന് ഡിഎംഒ

കോഴിക്കോട് ജില്ലയിൽ കൊറോണ രോഗം സ്ഥിരീകരിച്ചതിൽ മൂന്ന് പേർ രോഗമുക്തരായി; 9 പേർ ചികിത്സയിൽ; ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത് 21,934 പേർ; 35 പേർ നിരീക്ഷണത്തിലുള്ളത് ആശുപത്രിയിൽ; നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് ഇനിയും റിപ്പോർട്ട് ചെയ്യാത്തവരുണ്ടെങ്കിൽ വിവരമറിയിക്കണമെന്ന് ഡിഎംഒ

ജാസിം മൊയ്തീൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച 12 പേരിൽ 3 പേർ രോഗമുക്തിനേടി. രോഗം സ്ഥിരീകരിച്ചിരുന്ന മൂന്ന് ഇതര ജില്ലക്കാരിൽ ഒരാളും ഇന്ന് രോഗമുക്തി നേടി. 9 കോഴിക്കോട് സ്വദേശികളും 2 ഇതര ജില്ലക്കാരുമാണ് ഇപ്പോൾ ചികിത്സയിൽ തുടരുന്നത്. 31 പേരുടെ പരിശോധനാ ഫലം കൂടിയാണ് ഇനി ലഭിക്കാനുള്ളത്. കോവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ ഇപ്പോൾ ആകെ നിരീക്ഷണത്തിലുള്ളത് 21,934 പേരാണ്. ഇന്ന് പുതുതായി വന്ന 13 പേർ ഉൾപ്പെടെ ആകെ 35 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. മെഡിക്കൽ കോളേജിൽ 33 പേരും ബീച്ച് ആശുപത്രിയിൽ രണ്ടു പേരുമാണ് ഉള്ളത്. 11 പേരെ ഇന്ന് നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. ജില്ലയിൽ ഇതുവരെ ആകെ 377 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 346 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 331 എണ്ണം നെഗറ്റീവ് ആണ്. 21 സ്രവ സാമ്പിളുകളാണ് ഇന്ന് പരിശോധനക്കയച്ചത്.

അതേ സമയം നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ കോഴിക്കോട് നിവാസികൾക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്ത് ഇതുവരെ കൊറോണ സെല്ലിൽ വിവരമറിയിക്കാത്തവരെ കണ്ടെത്താനുള്ള നടപടികളാരംഭിച്ചു. ഇവർ യാത്ര ചെയ്ത തീവണ്ടിയിലെ യാത്രക്കാരോട് കൺട്രോൾ റൂമിൽ വിവരമറിയിക്കാൻ ജില്ലാഭരണകൂടം അറിയിപ്പ് നൽകി. മാർച്ച് 15ന് വൈകീട്ട് 6.30 നും ഏഴിനും ഇടയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം ഒന്നിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശികളും അന്നേദിവസം നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസിൽ (നമ്പർ- 22634) സ്ലീപ്പർ കോച്ച് നമ്പർ അഞ്ചിൽ (എസ്5) യാത്ര ചെയ്ത കോഴിക്കോട് നിവാസികളായ മുഴുവൻ യാത്രക്കാരും ഉടൻ ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

മറ്റ് ജില്ലകളിലെ യാത്രക്കാർ അതത് ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചു. ഇതുകൂടാതെ മാർച്ച് 22ന് വൈകീട്ട് 6.30 നും ഏഴിനും ഇടയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നാലിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശികളും നവയുഗ് എക്സ്പ്രസിൽ (നമ്പർ- 16688) സ്ലീപ്പർ കോച്ച് നമ്പർ നാലിൽ (എസ്-4) യാത്ര ചെയ്ത കോഴിക്കോട് നിവാസികളായ മുഴുവൻ യാത്രക്കാരും കൺട്രോൾ റൂമുമായി ബന്ധപ്പെടണം. മാർച്ച് 21 ന് നെടുമ്പാശ്ശേരിയിൽ എത്തിയ ദുബൈ-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 434 വിമാനത്തിലെ കോഴിക്കോട് ജില്ലയിലെ യാത്രക്കാരും ഉടൻ കൺട്രോൾറൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇവർ 28 ദിവസം വീട്ടിൽ തന്നെ നിർബന്ധമായും ഐസൊലേഷനിൽ കഴിയണം. യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിലേക്ക് പോകാൻ പാടില്ലെന്നും കലക്ടർ അറിയിച്ചു.

ഇതിനിടെ ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ഡ്രോൺ നിരീക്ഷണം ശക്തമാക്കി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടും പൊതുജനങ്ങൾ ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ജില്ലാ പൊലീസ് മേധാവി (സിറ്റി) എ.വി ജോർജ്ജിന്റെ നേതൃത്വത്തിൽ ഡ്രോൺ ക്യാമറ നിരീക്ഷണം നടത്തി. ഡ്രോൺ ക്യാമറ എക്സ്പർട്ട് സജീഷ് ഒളവണ്ണയാണ് ക്യാമറയുടെ പ്രവർത്തനം നിയന്ത്രിച്ചത്. പൊതുജനങ്ങൾ കൂട്ടംകൂടി നിൽക്കുന്നതും അനാവശ്യമായി വാഹനങ്ങൾ നിരത്തിലോടുന്നതും ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കർശന നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എ.വി ജോർജ്ജ് പറഞ്ഞു.

വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണം തുടരും. കോവിഡ് രോഗത്തിന്റെ സമൂഹ വ്യാപനം ഒഴിവാക്കാനുള്ള പരിശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് ജനങ്ങൾ പരമാവധി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ കൂടുതൽ ജാഗ്രത പുലർത്താനാണ് നിരീക്ഷണം ശക്തിപ്പെടുത്തിയത്. റോഡുകൾക്ക് പുറമേ ജില്ലയിലെ ഉൾപ്രദേശങ്ങളിൽ ജനങ്ങൾ കൂട്ടം കൂടുന്നത് കണ്ടെത്താനും നിയമ ലംഘനങ്ങൾ കണ്ടെത്താനും ഡ്രോൺ ഉപയോഗിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP