Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യദിനം കോവിഡ് വാക്സിൻ സ്വീകരിച്ചത് 8062 ആരോഗ്യ പ്രവർത്തകർ; ഏറ്റവും കൂടുതൽ പേർ പാലക്കാട് ജില്ലയിൽ; രണ്ടാംഘട്ട വാക്സിനേഷനും കേരളം സജ്ജം: ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

ആദ്യദിനം കോവിഡ് വാക്സിൻ സ്വീകരിച്ചത് 8062 ആരോഗ്യ പ്രവർത്തകർ; ഏറ്റവും കൂടുതൽ പേർ പാലക്കാട് ജില്ലയിൽ; രണ്ടാംഘട്ട വാക്സിനേഷനും കേരളം സജ്ജം: ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്‌പ്പിന്റെ ആദ്യദിനം 8062 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമായി 11,138 പേർക്കാണ് വാക്സിനേഷൻ നൽകാൻ ലക്ഷ്യമിട്ടിരുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (857) വാക്സിൻ സ്വീകരിച്ചത്. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിൽ വീതവും ബാക്കി ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതമാണ് വാക്സിനേഷൻ നടന്നത്. ആലപ്പുഴ 616, എറണാകുളം 711, ഇടുക്കി 296, കണ്ണൂർ 706, കാസർഗോഡ് 323, കൊല്ലം 668, കോട്ടയം 610, കോഴിക്കോട് 800, മലപ്പുറം 155, പാലക്കാട് 857, പത്തനംതിട്ട 592, തിരുവനന്തപുരം 763, തൃശൂർ 633, വയനാട് 332 എന്നിങ്ങനെയാണ് ആദ്യദിനം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണമെന്നും മന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിന് ശേഷം രാവിലെ 11.15 മണി മുതൽ 5 മണിവരെയാണ് വാക്സിൻ കുത്തിവയ്‌പ്പ് ഉണ്ടായിരുന്നത്. ആർക്കും തന്നെ വാക്സിൻ കൊണ്ടുള്ള പാർശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പാർശ്വഫലങ്ങൾ എന്തെങ്കിലും ഉണ്ടായാൽ നേരിടാൻ ആരോഗ്യ വകുപ്പ് എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയിരുന്നു. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ്, ആംബുലൻസ് സേവനം എന്നിവ ലഭ്യമാക്കിയിരുന്നു.

കോവിഡ് വാക്സിൻ രണ്ടാംഘട്ട കുത്തിവയ്‌പ്പിനും കേരളം സജ്ജമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. രണ്ടാംഘട്ടത്തിനുള്ള രജിസ്ട്രേഷനും സംസ്ഥാനത്ത് പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനായി കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കി വരുന്നു. അവർക്കുള്ള പരിശീലനവും നൽകി വരുന്നു.

ഒരാൾക്ക് 0.5 എം.എൽ. വാക്സിനാണ് ആദ്യദിനം എടുത്തത്. 28 ദിവസം കഴിയുമ്പോൾ ഇതെടുത്തയാൾക്ക് തന്നെ രണ്ടാമത്തെ വാക്സിൻ നൽകും. ഈ രണ്ടു വാക്സിനും എടുത്തുകഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോഴാണ് രോഗപ്രതിരോധ ശേഷി ആർജിക്കുക. വാക്സിൻ എടുത്തു കഴിഞ്ഞാലുടൻ തന്നെ ഇനി പ്രശ്നമൊന്നുമില്ല എന്ന രീതിയിൽ വാക്സിൻ എടുത്തയാളുകളോ സമൂഹത്തിലുള്ളയാളുകളോ പെരുമാറരുത്. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകൾ ശുചിയാക്കുകയും വേണം. ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള മുൻകരുതലുകൾ തുടരണം. വാക്സിനെതിരായ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കോവിഡിനെതിരായ വലിയ പോരാട്ടമാണ് സംസ്ഥാനം നടത്തിയത്. കൂടുതൽ വാക്സിൻ വരുമെന്നറിഞ്ഞതോടെ നല്ല പ്രതീക്ഷയുണ്ട്. പതിനായിരക്കണക്കിന് ആൾക്കാരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

വാക്സിനേഷൻ നടന്ന എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതുകൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ലോഞ്ചിങ് ദിനത്തിൽ ടൂവേ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഏർപ്പെടുത്തി.

ജില്ലകളിൽ നേതൃത്വം നൽകിയ പ്രമുഖർ

കണ്ണൂർ ജില്ലാ ആശുപത്രിയിലെ വാക്സിൻ കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. തിരുവനന്തപുരം ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കൊല്ലം ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സി കുട്ടിയമ്മ, ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ, ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ, പത്തനംതിട്ട എം.എൽഎമാർ ചിറ്റയം ഗോപകുമാർ, ജനീഷ് കുമാർ, കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎ‍ൽഎ, ഇടുക്കി എംപി. അഡ്വ. ഡീൻ കുര്യാക്കോസ്, എറണാകുളം മേയർ അഡ്വ. അനിൽകുമാർ, എംഎ‍ൽഎ. ടി.ജെ. വിനോദ്, തൃശൂർ കൃഷി വകുപ്പ് മന്ത്രി വി എസ്. സുനിൽ കുമാർ, ചീഫ് വിപ്പ് അഡ്വ. വി.കെ.രാജൻ, പാലക്കാട് എംപി. വി കെ ശ്രീകണ്ഠൻ, മലപ്പുറം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, കോഴിക്കോട് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ, വയനാട് എംഎ‍ൽഎ സി.കെ. ശശീന്ദ്രൻ, കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ എന്നിവർ ജില്ലകളിൽ പങ്കെടുത്തു.

വാക്സിനേഷൻ സ്വീകരിച്ച പ്രമുഖർ

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ആലപ്പുഴ മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. നാസർ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റ് ഡോ. ടി.കെ. ജയകുമാർ, വിവിധ ജില്ലകളിലെ ഡി.എം.ഒ.മാർ എന്നിവരാണ് ആദ്യദിനം വാക്സിൻ സ്വീകരിച്ച പ്രമുഖർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP