Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മന്ത്രിമാരായ കെ.കെ.ശൈലജ ടീച്ചറും ഇ.ചന്ദ്രശേഖരനും വാക്സിൻ സ്വീകരിച്ചു; വാക്സിനേഷൻ സുഗമമായി നടക്കുന്നുവെന്ന് കെ.കെ. ശൈലജ

മന്ത്രിമാരായ കെ.കെ.ശൈലജ ടീച്ചറും ഇ.ചന്ദ്രശേഖരനും വാക്സിൻ സ്വീകരിച്ചു; വാക്സിനേഷൻ സുഗമമായി നടക്കുന്നുവെന്ന് കെ.കെ. ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനും മെഡിക്കൽ കോളേജ് കോവിഡ്-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നും കോവിഡ് വാക്സിൻ സ്വീകരിച്ചു.

സംസ്ഥാനത്ത് വാക്സിനേഷൻ സുഗമമായി നടക്കുന്നതായി മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഇതുവരെ നാല് ലക്ഷത്തിലധികം പേർ വാക്സിനെടുത്തു കഴിഞ്ഞു. ആർക്കും തന്നെ ഗുരുതര പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആയിരത്തിലധികം സെന്ററുകൾ വാക്സിനെടുക്കാൻ വിവിധ ജില്ലകളിൽ തയ്യാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് മാസ് വാക്സിനേഷൻ കേന്ദ്രം സംഘടിപ്പിച്ചിരുന്നു. അതുപോലെ മാസ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ സാധ്യതയും നോക്കുന്നതാണ്. ഇതോടെ കൂടുതൽ ആളുകൾക്ക് ഒരേസമയം വാക്സിൻ നൽകാൻ സാധിക്കും. മുൻഗണനാക്രമം അനുസരിച്ച് എല്ലാവരും വാക്സിൻ എടുക്കേണ്ടതാണ്. പേർട്ടലിൽ രജിസ്റ്റർ ചെയ്തുവേണം വാക്സിൻ എടുക്കാൻ. രജിസ്റ്റർ ചെയ്യുമ്പോൾ നേരിയ സാങ്കേതിക തടസമുണ്ടെങ്കിലും മറ്റ് തടസങ്ങളൊന്നും തന്നെ കേരളത്തിലില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ കോവിഡ് പ്രതിരോധം വളരെ ശാസ്ത്രീയമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. കേരളത്തിലാണ് ആദ്യം കോവിഡ് തുടങ്ങിയതെങ്കിലും പീക്ക് ഏറ്റവും അവസാനമുണ്ടായത് ഇവിടെയാണ്. മറ്റ് സ്ഥലങ്ങളിൽ പെട്ടന്ന് ഗ്രാഫ് ഉയർന്നതിന്റെ ഫലമായി മരണസംഖ്യയും കൂടിയിരുന്നു. അതേസമയം കേരളത്തിലെ മരണ സംഖ്യ ഇപ്പോഴും 0.4 ശതമാനമാണ്. മാത്രമല്ല കോവിഡ് സമയത്ത് മറ്റ് മരണങ്ങളും കൂടിയിട്ടില്ല എന്നത് നിതാന്ത ജാഗ്രതയോടെ എല്ലാ വകുപ്പുകളും ഇടപെട്ട് പ്രവർത്തിച്ചതിന്റെ ഫലം കൂടിയാണ്. ഇത് ലോകത്ത് തന്നെ അപൂർവമാണ്. ഐസിഎംആറിന്റെ സിറോ സർവയൻസ് പഠനത്തിൽ കേരളത്തിൽ രോഗം വന്നു പോയവരുടെ എണ്ണം വളരെ കുറവായിരുന്നു. രോഗം വരാൻ സാധ്യതയുള്ളവർ കൂടുതലുള്ളതിനാൽ ഇനിയും ജാഗ്രത തുടരേണ്ടതാണ്. അതിനാൽ വാക്സിൻ എടുക്കുമ്പോൾ ഏറ്റവുമധികം ഗുണം കിട്ടുന്നതും കേരളത്തിനാണ്.

വാക്സിന്റെ ആദ്യ ഡോസ് എടുത്ത് കഴിഞ്ഞാൽ പ്രതിരോധമായെന്ന് കരുതരുത്. 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് എടുക്കണം. അതുകഴിഞ്ഞ് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി കൈവരികയുള്ളൂ. അത്രയും ദിവസം ജാഗ്രത തുടരേണ്ടതാണ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തൊട്ടടുത്ത ദിവസങ്ങളിൽ വാക്സിൻ എടുക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഡി.എം.ഒ. ഡോ. കെ.എസ്. ഷിനു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ എന്നിവർ സന്നിഹിതരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP