Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലക്കാട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് തൃശൂർ സ്വദേശി ഉൾപ്പെടെ മൂന്ന് പേർക്ക്; മൂന്നു പേരും ചെന്നൈയിൽ നിന്ന് വന്നവർ; പാലക്കാട് ജില്ലക്കാരായ രണ്ടുപേർ കടമ്പഴിപ്പുഴം സ്വദേശികൾ; രോഗം സ്ഥിരീകരിച്ച തൃശൂർ സ്വദേശിക്ക് പാസ് ലഭിച്ചത് മെയ് 29ലേക്ക്; ദേഹാസ്വസ്ഥ്യം കാരണം നേരത്തെ പുറപ്പെട്ടതെന്ന് വിശദീകരണം

പാലക്കാട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് തൃശൂർ സ്വദേശി ഉൾപ്പെടെ മൂന്ന് പേർക്ക്; മൂന്നു പേരും ചെന്നൈയിൽ നിന്ന് വന്നവർ; പാലക്കാട് ജില്ലക്കാരായ രണ്ടുപേർ കടമ്പഴിപ്പുഴം സ്വദേശികൾ; രോഗം സ്ഥിരീകരിച്ച തൃശൂർ സ്വദേശിക്ക് പാസ് ലഭിച്ചത് മെയ് 29ലേക്ക്; ദേഹാസ്വസ്ഥ്യം കാരണം നേരത്തെ പുറപ്പെട്ടതെന്ന് വിശദീകരണം

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് ഒരു തൃശൂർ സ്വദേശി ഉൾപ്പെടെ മൂന്നുപേർക്ക്. രണ്ട് പേർ പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളാണ്. മൂന്നുപേരും വ്യത്യസ്ത ദിവസങ്ങളിലായി ചെന്നൈയിൽ നിന്ന് എത്തിയവരാണ്. മെയ് പതിനാലിന് ചെന്നൈയിൽ നിന്ന് വന്ന കടമ്പഴിപ്പുറം സ്വദേശിയായ 26 വയസ്സുള്ള യുവതി. മെയ് ആറിന് ചെന്നൈയിൽ നിന്നുവന്ന കടമ്പഴിപ്പുറം സ്വദേശിയായ 35കാരൻ, മെയ് 15ന് വാളയാർ അതിർത്തിയിൽ എത്തി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള തൃശ്ശൂർ സ്വദേശിയായ 31കാരൻ എന്നിവർക്കാണ് പാലക്കാട് ജില്ലയിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച കടമ്പഴിപ്പുറം സ്വദേശിയായ യുവതിയുടെ ഭർത്താവ് ചെന്നൈയിൽ ചായ കട നടത്തുകയാണ്. ഇവരും ഭർത്താവും നാലു വയസ്സ് പ്രായമുള്ള കുട്ടിയും ഒരുമിച്ച് മെയ്‌ 14ന് അതിരാവിലെ ചെന്നൈയിൽ നിന്ന് പുറപ്പെട്ട് രാവിലെ 11 മണിയോടെ വാളയാർ അതിർത്തിയിൽ എത്തുകയും നടപടികൾ പൂർത്തിയാക്കിയ ശേഷം വീട്ടിലേക്കു പോവുകയുമായിരുന്നു. വീട്ടിലെത്തിയശേഷം അന്നേ ദിവസം വൈകീട്ട് ഇവർക്കും കുട്ടിക്കും നേരിയ പനി അനുഭവപ്പെട്ടതിനെ തുടർന്ന് കടമ്പഴിപ്പുറം പി എച്ച് സി യിലെ മെഡിക്കൽ ഓഫീസറെ അറിയിച്ചിരുന്നു.അവിടെനിന്നും ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തി സ്രവം പരിശോധനയ്ക്കു നൽകി. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കെയാണ് യുവതിക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ചെന്നൈയിൽ നിന്നും മെയ് ആറിന് വാളയാർ അതിർത്തി വഴി വന്ന കടമ്പഴിപ്പുറം സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. മെയ് പതിനാലിന് രോഗം സ്ഥിരീകരിച്ച കടമ്പഴിപ്പുറം സ്വദേശിയുടെ കൂടെ എത്തിയ ആളാണ് ഇദ്ദേഹം. ചെന്നൈയിൽ സഹോദരനോടൊപ്പം മൈലാപ്പൂർ എന്ന സ്ഥലത്ത് ചായക്കട നടത്തുകയാണ്. മെയ് പതിനാലിന് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാൽ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ മെയ് 15ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തി സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു.തുടർന്ന് വീണ്ടും വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കെ ഇന്ന് രോഗം സ്ഥിരീകരിച്ചു.മെയ് ആറിന് ഇദ്ദേഹത്തിന്റെ സഹോദരൻ ഉൾപ്പെടെ നാട്ടിൽ എത്തിയിരുന്നു. സഹോദരന്റേയും സ്രവം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.

ചെന്നൈയിൽ നിന്നെത്തിയ തൃശൂർ സ്വദേശിയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. അവിടെ ഒരു ജൂവലറി മാനുഫാക്ച്ചറിങ് യൂണിറ്റിൽ ജോലി ചെയ്യുന്ന അദ്ദേഹം ഒരു സുഹൃത്തിനോടൊപ്പം മെയ് 13 ന് ബൈക്കിൽ തൃശൂർ ജില്ലയിലേക്ക് വരികയായിരുന്നു. അതേ ദിവസം ദിണ്ടിവനം എന്ന സ്ഥലത്ത് വെച്ച് ഇവരുടെ വണ്ടി കേടാവുകയും തുടർന്ന് ഇരുവരും അവിടെ തങ്ങുകയും ചെയ്തു എന്നാണ് ലഭ്യമാകുന്ന വിവരം. തുടർന്ന് മെയ് 15 നാണ് ഇരുവരും വാളയാർ അതിർത്തിയിൽ എത്തുന്നത്. മെയ് 11 മുതൽ തന്നെ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ഇദ്ദേഹത്തെ വാളയാർ അതിർത്തിയിൽ നിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.തുടർന്ന് സ്രവപരിശോധന നടത്തുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.ഇവർക്ക് മെയ് 29 നാണ് യാത്രാനുമതി ലഭിച്ചിരുന്നത് എങ്കിലും ശാരീരിക അസ്വാസ്ഥ്യം കാണപ്പെട്ടതുകൊണ്ട് നേരത്തെ പോരുകയായിരുന്നു.കൂടെയുണ്ടായിരുന്ന സുഹൃത്ത് തൃശൂരിലെഒല്ലൂർക്ക് പോയി എന്നാണ് കിട്ടുന്ന പ്രാഥമിക വിവരം.

ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റ് രണ്ട് പേർക്കും യാത്രാ പാസ് ഉണ്ടായിരുന്നു. ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മലപ്പുറം, തൃശൂർ സ്വദേശി ഉൾപ്പെടെ 12 പേരായി. ഇവർക്ക് പുറമെ ദമാമിൽ നിന്നു വന്ന് കോവിഡ് സ്ഥിരീകരിച്ച ഒരു പാലക്കാട് , ആലത്തൂർ സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കൽ കോളെജിൽ ചികിത്സയിൽ ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP