Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

കോവിഡ് നിരീക്ഷണത്തിലിരിക്കെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ഇറങ്ങി ഓടിയ 42കാരനെ പിടികൂടി; മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇറങ്ങിയോടിയത് ഭക്ഷണം വിതരണം ചെയ്തു കൊണ്ടിരിക്കെ; യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കോവിഡ് നിരീക്ഷണത്തിലിരിക്കെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ഇറങ്ങി ഓടിയ 42കാരനെ പിടികൂടി; മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച്  ഇറങ്ങിയോടിയത് ഭക്ഷണം വിതരണം ചെയ്തു കൊണ്ടിരിക്കെ; യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് നിരീക്ഷണത്തിലിരിക്കെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ഇറങ്ങി ഓടിയ 42കാരനെ പിടികൂടി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് കാണാതായ വ്യക്തിയെയാണ് കണ്ടെത്തിയത്.യുവാവ് ആശുപത്രിയിൽ നിന്നും ഇറങ്ങിയോടിയത് അധികൃതരിലും നാട്ടുകാരിലും ഏറെ നേരം പരിഭ്രാന്തി പരത്തി. ആരോഗ്യ പ്രവർത്തകരും മറ്റും ഏഴാം വാർഡിൽ ഭക്ഷണം വിതരണം ചെയ്തു കൊണ്ടിരിക്കെ മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇറങ്ങിയോടുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ദിവസം കരുവാരക്കുണ്ടിൽ അലഞ്ഞു നടക്കുകയായിരുന്ന യുവാവിനെ നാട്ടുകാരാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. യുവാവിന്റെ സ്രവം പരിശോധിച്ചതിൽ കോവിഡ് 19 ബാധിതനല്ലെന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ ഒഡീഷ സ്വദേശിയെന്ന് കരുതപ്പെടുന്ന യുവാവിന്റെ ബന്ധുക്കളെ സംബന്ധിച്ച് വിവരമൊന്നുമില്ലാത്തതിനാൽ ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു. മഞ്ചേരി ചെറാക്കര റോഡിലൂടെ ഓടിയ യുവാവിനെ പൊലീസ് പിന്നീട് കണ്ടെത്തുന്നത് എളങ്കൂറിലെ ഒരു ബസ് വെയ്റ്റിങ് ഷെഡിൽ നിന്നാണ്.42കാരനായ ഉത്തരേന്ത്യക്കാരനാണ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് കടന്നുകളഞ്ഞത്. മാനസിക രോഗിയായതുകൊണ്ട് കുതിരവട്ടത്തേക്ക് മാറ്റാനിരിക്കെയാണ് ഇയാൾ രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയിരുന്നു.

അതേ സമയം കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 10 പേർ രോഗമുക്തരായി ഇന്നലെ വീടുകളിലേക്ക് മടങ്ങിയിരുന്നു. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ ഇവർ വിദഗ്ധ ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യത്തോടെയാണ് ആശുപത്രി വിട്ടത്.

കോവിഡ് മുക്തയായ ശേഷം മെയ് 28 ന് മഞ്ചേരി മെഡിക്കൽ കോളജിൽ പെൺകുഞ്ഞിന് ജന്മം നൽകിയ ആലപ്പുഴ ആര്യാട് സ്വദേശിനി ജിൻസി ജോസഫ് (34), ദുബായിൽ നിന്ന് എത്തിയ തവനൂർ തൃക്കണാപുരം നാലകത്ത് അബൂബക്കർ (64), മുംബൈയിൽ നിന്ന് വന്ന വെളിയങ്കോട് കുമ്മപ്പറമ്പിൽ മുൻഷിദ് (33), ചെന്നൈയിൽ നിന്നെത്തിയ താനൂർ പരിയാപുരം തലശ്ശേരി വീട്ടിൽ മുഹമ്മദ് ബഷീർ (22), അബുദബിയിൽ നിന്നു തിരിച്ചെത്തിയ മഞ്ചേരി വേട്ടേക്കോട് കോട്ടപ്പള്ളിൽ തസ്ലീൻ (24), മുംബൈയിൽ നിന്നെത്തി രോഗബാധിതനായ തെന്നല നെടുവണ്ണ ഹനീഫ (45), മഹാരാഷ്ട്രയിലെ റായ്ഗഡിൽ നിന്നു വന്ന ആതവനാട് മേൽമനക്കാട്ടിൽ സലാവുദ്ദീൻ (23), അബുദബിയിൽ നിന്നെത്തിയ പരപ്പനങ്ങാടി അയ്യപ്പൻകാവ് ചക്കിയത്ത് കാളി (70), മുംബൈയിൽ നിന്നെത്തി വൈറസ് ബാധ സ്ഥിരീകരിച്ച തെന്നല മഞ്ഞുപറമ്പിൽ കമറുദ്ദീൻ (37), ഡൽഹിയിൽ നിന്ന് പ്രത്യേക തീവണ്ടിയിലെത്തിയ മേലാറ്റൂർ ചെമ്മാണിയോട് വരിക്കോടൻ വീട്ടിൽ മുഹമ്മദ് ഫസീൻ (24) എന്നിവരാണ് രോഗമുക്തരായത്.

പ്രത്യേക ആംബുലൻസുകളിൽ ആരോഗ്യ വകുപ്പ് ഇവരെ വീടുകളിലെത്തിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഇവർ 14 ദിവസം വീടുകളിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരും.മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എംപി. ശശി, സൂപ്രണ്ടും കോവിഡ് ജില്ലാ സർവൈലൻസ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാർ, നോഡൽ ഓഫീസർ ഡോ. പി. ഷിനാസ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ ഷീന ലാൽ, ഡോ. ഇ. അഫ്സൽ, ആർ.എം.ഒമാരായ ഡോ.സഹീർ നെല്ലിപ്പറമ്പൻ, ഡോ. ജലീൽ, സന്നദ്ധപ്രവർത്തകരായ ഹമീദ് കൊടവണ്ടി, അബ്ദുൽ റഷീദ് എരഞ്ഞിക്കൽ തുടങ്ങിയവർ ചേർന്നാണ് രോഗം ഭേദമായവരെ യാത്രയച്ചത്.ആശുപത്രിയിലെത്തിച്ചതിന് ശേഷം യുവാവിനെ 108 ആംബുലൻസിൽ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP