Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എറണാകുളത്ത് കോവിഡ് ചികിത്സയിലിരുന്ന സിസ്റ്റർ മരിച്ചു; അന്തരിച്ചത് കൂനമ്മാവ് സെന്റ് തെരേസാസ് കോൺവെന്റിലെ സിസ്റ്റർ ഏയ്ഞ്ചൽ; തിരുവനന്തപുരത്ത് വൃദ്ധസദനത്തിൽ ആറ് കന്യാസ്ത്രീകൾ അടക്കം 35 പേർക്ക് കോവിഡ്

എറണാകുളത്ത് കോവിഡ് ചികിത്സയിലിരുന്ന സിസ്റ്റർ മരിച്ചു; അന്തരിച്ചത് കൂനമ്മാവ് സെന്റ് തെരേസാസ് കോൺവെന്റിലെ സിസ്റ്റർ ഏയ്ഞ്ചൽ; തിരുവനന്തപുരത്ത് വൃദ്ധസദനത്തിൽ ആറ് കന്യാസ്ത്രീകൾ അടക്കം 35 പേർക്ക് കോവിഡ്

സ്വന്തം ലേഖകൻ

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരുന്ന സിസ്റ്റർ മരിച്ചു. കൂനമ്മാവ് സെന്റ് തെരേസാസ് കോൺവെന്റിലെ സിസ്റ്റർ ഏയ്ഞ്ചൽ (80) ആണ് മരിച്ചത്. ഇവർക്ക് ഉയർന്ന രക്തസമ്മർദ്ദവും കൊളസ്‌ട്രോളും ഉണ്ടായിരുന്നതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കാൻ സ്രവം ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐഎ) ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്രോട്ടോക്കോൾ അനുസരിച്ച് കോവിഡ് മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ എൻഐഎ ഫലം കൂടി ആവശ്യമായതിനാലാണ് സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുന്നതെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ വ്യക്തമാക്കി.

അതിനിടെ തിരുവനന്തപുരം ജില്ലയിൽ വൃദ്ധസദനത്തിൽ കന്യാസ്ത്രീകൾ ഉൾപ്പെടെ 35 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചുതുറ മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനത്തിലാണ് ഇത്രയുമധികം വൈറസ് ബാധിതരെ കണ്ടെത്തിയത്. ഇതിൽ 27 പേർ പ്രായമായ അന്തേവാസികളാണ്. അന്തേവാസികളെ പരിചരിക്കുന്ന ആറ് കന്യാസ്ത്രീകളും ജീവനക്കാരായ രണ്ടുപേരുമാണ് വൈറസ് ബാധ സ്ഥിരീകരിച്ച മറ്റുള്ളവർ.

ആന്റിജൻ പരിശോധനയിലാണ് അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കരോഗികൾ ഏറെയുള്ള കോവളം നിയോജക മണ്ഡലത്തിൽ ഇന്ന് 150ലധികം പരിശോധനകളാണ് നടത്തിയത്. ഇതിൽ ശാന്തിഭവൻ ഉൾപ്പെടെ 45ലധികം പേർക്കാണ് രോഗബാധ കണ്ടെത്തിയത്. തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളിൽ സമ്പർക്ക രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. പൂന്തുറ, പുല്ലുവിള ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ഏറ്റവുമധികം സമ്പർക്കരോഗികൾ ഉള്ളത്.

അതിനിടെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ ഗൺമാനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉച്ചവരെ ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ ആളുകളോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.

സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഒരു പൊലീസുകാരന് കൂടി കോവിഡ് സ്ഥീരീകരിച്ചിട്ടുണ്ട്. എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ് ഇദ്ദേഹം. പൊലീസ് ആസ്ഥാനത്ത് റിസ്പഷൻ ഗേറ്റിൽ ജോലി ചെയ്യുകയായിരുന്നു. ഇന്നലെ എൻആർഐ സെല്ലിലെ ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറുംസിഐയും, എസ്ഐയുമടക്കം മുഴുവൻ പൊലീസുകാരും നിരീക്ഷണത്തിൽ പോയി. നേരത്തെ ഇവിടെ ഒരു മോഷണകേസ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാകാം പൊലീസുകാർക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

മറ്റ് സ്റ്റേഷനുകളിൽ നിന്ന് പൊലീസുകാരെ എത്തിച്ച് സ്റ്റേഷൻ പ്രവർത്തനം മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കാനാണ് തീരുമാനം. അതിനിടെ, സംസ്ഥാനത്ത് ഇതുവരെ 85 പൊലീസുകാർക്ക് കോവിഡ് ബാധിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. കൂടുതൽ പേർക്ക് രോഗം പടരാതിരിക്കാനായി പദ്ധതി ആവിഷ്‌കരിച്ചതായും പൊലീസുകാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുമെന്നും ഡിജിപി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP