Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

പച്ചനിറവും മുള്ളുകളുമായി കോവിഡ് വൈറസിന്റെ ചിത്രത്തിന് സമാനം; വാട്‌സാപ്പ് പ്രചാരണം വിശ്വസിച്ച് ഈ വിഷഫലം കഴിച്ച് ആന്ധ്രയിൽ ആശുപത്രിയിൽ ആയത് 12പേർ; കൊടിയ വിഷമായ ഉമ്മത്തിൽകായ കഴിച്ചാൽ 24 മണിക്കുറിനുള്ളിൽ മരണംവരെ സംഭവിക്കാം; ദയവുചെയ്ത് വൈറസിന്റെ ആകൃതി ഉണ്ട് എന്ന് കരുതി ഇതൊന്നും എടുത്ത് ഉപയോഗിക്കരുതെന്ന് ആഹ്വാനം ചെയ്ത് ആരോഗ്യ പ്രവർത്തകർ; ഓർക്കുക ഉമ്മത്തിൻകായ വിഷമാണ് അത് കോറോണക്ക് ഒറ്റമൂലിയല്ല

പച്ചനിറവും മുള്ളുകളുമായി കോവിഡ് വൈറസിന്റെ ചിത്രത്തിന് സമാനം; വാട്‌സാപ്പ് പ്രചാരണം വിശ്വസിച്ച് ഈ വിഷഫലം കഴിച്ച് ആന്ധ്രയിൽ ആശുപത്രിയിൽ ആയത് 12പേർ; കൊടിയ വിഷമായ ഉമ്മത്തിൽകായ കഴിച്ചാൽ 24 മണിക്കുറിനുള്ളിൽ മരണംവരെ സംഭവിക്കാം; ദയവുചെയ്ത് വൈറസിന്റെ ആകൃതി ഉണ്ട് എന്ന് കരുതി ഇതൊന്നും എടുത്ത് ഉപയോഗിക്കരുതെന്ന് ആഹ്വാനം ചെയ്ത് ആരോഗ്യ പ്രവർത്തകർ; ഓർക്കുക ഉമ്മത്തിൻകായ വിഷമാണ് അത് കോറോണക്ക് ഒറ്റമൂലിയല്ല

മറുനാടൻ ഡെസ്‌ക്‌

കൊറോണ വൈറസ് ലോകവ്യാപകമായി മരണം വിതയ്ക്കുകയാണ്. മാരക വൈറസിനെ അതിജീവിക്കാൻ ഇതുവരെയും ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാൻ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ല. ജനങ്ങൾ മരണഭയത്തോടെ കാത്തിരിക്കുന്ന സമയത്തും കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്ന പല സാധനങ്ങളെയും കുറിച്ച് തെറ്റായ വാർത്തകൾ ലോകത്തിന്റെ പലിടങ്ങളിലും പ്രചരിക്കുന്നുണ്ട്. മദ്യം മുതൽ ചെറുനാരങ്ങയും മഞ്ഞളും വരെ കൊവിഡ്19നെ ചെറുക്കും എന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ആന്ധ്രാപ്രദേശിൽ കൊവിഡിനെ ചെറുക്കാൻ ഉമ്മത്തിൻ കായ കഴിച്ച് 12 പേരാണ് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. വൈറസിന്റെ ആകൃതിയുണ്ട് എന്ന് കരുതി ഉമ്മത്തിൻകായ കഴിച്ച് സ്വയം അപകടം വിളിച്ച് വരുത്തരുത് എന്നാണ് ഡോ. പി എസ് ജിനേഷ് പറയുന്നത്.

ഡോ. പി എസ് ജിനേഷ് പറയുന്നത് ഇങ്ങനെ..

കോവിഡ് 19 വൈറസിന്റെ ആകൃതിയുള്ള ഒരു ഫലം ഒറ്റമൂലി ആയി കഴിച്ച് 12 പേർ ആശുപത്രിയിലായി. അഞ്ചു പേർ കുട്ടികളാണ്. ആന്ധ്രപ്രദേശിൽ നിന്നുള്ള വാർത്തയാണ്. ഉമ്മത്തിന്റെ കായ അരച്ച് ചേർത്ത ദ്രാവകം കുടിച്ചതാണ് അപകടം സൃഷ്ടിച്ചത്.

പല ചിത്രങ്ങളിലും കോവിഡ് വൈറസിനെ വരച്ചുകാട്ടുന്നത് പച്ചനിറമുള്ള, മുള്ളുകളുള്ള ഒരു ഫലത്തിന് സമാനമായാണ്. ഏതാണ്ട് നമ്മുടെ ഉമ്മത്തിന്റെ ആകൃതിക്ക് സമാനം.വെള്ളനിറമുള്ള പൂവുള്ള Datura alba, പർപ്പിൾ നിറം ഉള്ള പുഷ്പമുള്ള Datura niger എന്നിവയാണ് നമ്മുടെ നാട്ടിൽ പ്രധാനമായും കാണുന്നത്. ഫലത്തിന്റെ ആകൃതി കാരണം thorn apple /devil's apple എന്നൊക്കെ നാട്ടുഭാഷയിൽ വിളിക്കാറുണ്ട്. ഇതിനുള്ളിലെ കുരുക്കൾക്ക് മുളക് കുരുക്കളുമായി സാമ്യമുണ്ട്.
കാര്യം ആപ്പിൾ എന്നൊക്കെ വിളിക്കപ്പെടുന്നുണ്ടെങ്കിലും സ്വഭാവം അത്ര നല്ലതല്ല. മരണം സംഭവിക്കാൻ 0.6 - 1 gm കുരുകൾ ഉള്ളിൽ ചെന്നാൽ മതിയാവും, അതായത് ഏകദേശം നൂറിനു മുകളിൽ കുരുക്കൾ. 24 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കാം.

ഇവയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കുറഞ്ഞ ഡോസിൽ നൽകിയാൽ കഴിക്കുന്നയാൾ അബോധാവസ്ഥയിലാകും. ഈ സ്വഭാവം ഉള്ളതുകൊണ്ട് പണ്ട് കിഡ്നാപ്പ് ചെയ്യുന്നതിനും ട്രെയിനിൽ മോഷണത്തിനും ഒക്കെ ഇത് ഉപയോഗിച്ചിരുന്നു. ഉമ്മത്തെ വിഷമാക്കുന്നത് ഇതിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയിഡുകൾ ആണ്. പ്രധാനമായും atropine, hyosine, hyosinamine എന്നിവ. ഇവ തലച്ചോറിനെ ആദ്യം ഉത്തേജിപ്പിക്കുകയും പിന്നീട് മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് മെഡുല്ലയിലെ പ്രധാന സെന്ററുകളിൽ പരാലിസിസ് ഉണ്ടാവുന്നു. തുടർന്ന് മരണം സംഭവിക്കാൻ വരെ സാധ്യതയുണ്ട്.

ഇവ കഴിക്കുമ്പോൾ കയ്പുരസം ആണ്. വായ ഉണങ്ങി വരളുകയും സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്നു. ശബ്ദം കൂടുതൽ പരുഷമാകുന്നു. ആമാശയത്തിൽ (വയറ്റിൽ) പൊള്ളുന്ന പോലുള്ള വേദന ആരംഭിക്കുകയും ഛർദിക്കാൻ തോന്നുകയും ചെയ്യുന്നു. ത്വക്ക് വരണ്ട് ചുവക്കുന്നു. കൃഷ്ണമണി വികസിക്കുകയും കാഴ്ച ബുദ്ധിമുട്ട് ആവുകയും ചെയ്യുന്നു.

തുടർന്ന് കൈകാലുകളിൽ പരാലിസിസ് വരാൻ സാധ്യതയുണ്ട്. മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടും വേദനയും ഉണ്ടാവുകയും ചെയ്യുന്നു. ആദ്യം പൾസ് കൂടുകയും പിന്നീട് ശക്തി കുറഞ്ഞ് ക്രമരഹിതം ആവുകയും ചെയ്യും. ശ്വസന പ്രക്രിയ വേഗത്തിലാക്കുകയും പിന്നീട് മന്ദീഭവിക്കുകയും ചെയ്യുന്നു. മദ്യപിച്ച പോലുള്ള നടത്തം. ഡെലീറിയം അവസ്ഥയിൽ എത്താനുള്ള സാധ്യതയുമുണ്ട്. തുടർന്ന് കോമയും അപസ്മാരവും ഉണ്ടാവാം.

റെസ്പിറേറ്ററി പരാലിസിസ് ആണ് മരണകാരണം. ആരെങ്കിലും ഇത് കഴിച്ചു എന്നറിഞ്ഞാൽ എത്രയും പെട്ടെന്ന് സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കുക എന്നതാണ് പ്രധാനം. കാരണം 24 മണിക്കൂറിനകം മരണം സംഭവിക്കാനുള്ള സാധ്യത ഉണ്ട്. ആശുപത്രിയിൽ എത്തിയാൽ ആമാശയം കഴുകുന്നത് മുതലുള്ള ചികിത്സാരീതികൾ. തുടർന്ന് പല മരുന്നുകളും ആവശ്യമായിവരും. ചിലപ്പോഴൊക്കെ നൂതന സപ്പോർട്ടീവ് കെയർ സൗകര്യങ്ങളും വേണ്ടിവരും.

ഉമ്മം മൂലം കൊലപാതകങ്ങളും ആത്മഹത്യകളും അപൂർവമാണ്. പക്ഷേ, ആക്സിഡന്റൽ പോയ്സണിങ് ധാരാളം സംഭവിക്കുന്നുണ്ട്. അതുപോലെതന്നെ അശാസ്ത്രീയമായ ഉപയോഗവും അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഗർഭം അലസിപ്പിക്കാൻ ഉപയോഗിക്കുന്നതിലൂടെ മരണങ്ങൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതുകൊണ്ട് ദയവുചെയ്ത് വൈറസിന്റെ ആകൃതി ഉണ്ട് എന്ന് കരുതി ഇതൊന്നും എടുത്ത് ഉപയോഗിക്കരുത്. ജീവനും ആരോഗ്യവും നഷ്ടമാകും. ആരെങ്കിലും പടച്ചു വിടുന്ന വിഡിയോകൾക്ക്/മണ്ടത്തരങ്ങൾക്ക് നമ്മുടെ കുട്ടികൾ ഇരയാകരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP