Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡിനെതിരെ തെറ്റായ പ്രചരണവും, ജാഗ്രതാ നിർദേശ ലംഘനവും; മലപ്പുറം ജില്ലയിൽ മാത്രം രജിസ്റ്റർ ചെയ്തത് 18 കേസുകൾ; ഇന്ന് കേസെടുത്തത് ഏഴുപേർക്കെതിരെ

കോവിഡിനെതിരെ തെറ്റായ പ്രചരണവും, ജാഗ്രതാ നിർദേശ ലംഘനവും; മലപ്പുറം ജില്ലയിൽ മാത്രം രജിസ്റ്റർ ചെയ്തത് 18 കേസുകൾ; ഇന്ന് കേസെടുത്തത് ഏഴുപേർക്കെതിരെ

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡിനെതിരെ തെറ്റായ പ്രചരണം നടത്തിയതിന് മലപ്പുറം ജില്ലയിൽ മാത്രം രജിസ്റ്റർചെയ്തത് 18കേസുകൾ. ഇന്ന് ഏഴുപേർക്കെതിരെയും കേസെുത്തു. മുൻ കരുതൽ പ്രവർത്തനങ്ങളിൽ ജില്ലാ പൊലീസിന്റെ ഇടപെടൽ ശക്തമാക്കിയതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു. വൈറസ് ബാധ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ചതിനും ജില്ലയിൽ ഏഴു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ജില്ലയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 18 ആയി. പൊന്നാനിയിൽ മൂന്ന്, പെരിന്തൽമണ്ണ രണ്ട്, താനൂർ, കരുവാരക്കുണ്ട് എന്നീ സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതവുമാണ് പുതുതായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിരീക്ഷിച്ചു വരികയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാലും മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ചാലും കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 4,753 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 11 പേർ ഐസൊലേഷൻ വാർഡുകളിലാണ്. ഏഴു പേർ കോവിഡ് കെയർ സെന്ററുകളിലും 4,735 പേർ വീടുകളിൽ സ്വയം നിരീക്ഷണത്തിലുമാണെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് ജില്ലാതല മുഖ്യ സമിതി അവലോകന യോഗത്തിൽ വ്യക്തമാക്കി. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏഴുപേരും തിരൂർ ജില്ലാ ആശുപത്രിയിൽ മൂന്നു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഒരാളുമാണ് ഐസൊലേഷൻ വാർഡുകളിലുള്ളത്. ജില്ലയിൽ നിന്നു പരിശോധനക്കയച്ച 22 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 257 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 235 പേരുടെ ഫലം ലഭിച്ചു. നേരത്തെ സ്ഥിരീകരിച്ച രണ്ടു പേരൊഴികെ 233 പേർക്കും വൈറസ് ബാധയില്ല.

വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടു പേർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡുകളിൽ തുടരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച വണ്ടൂർ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടു സമ്പർക്കം പുലർത്തിയ 250 പേരെയും ഇവരുമായി ഇടപഴകിയ 1,926 പേരെയും കണ്ടെത്തിയിട്ടുണ്ട്. അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിനിയുമായി നേരിട്ടു സമ്പർക്കം പുലർത്തിയ 149 പേരെ കണ്ടെത്തി. ഇവരുമായി പിന്നീട് ഇടപഴകിയ 914 പേരുമായും ആരോഗ്യ പ്രവർത്തകർ ബന്ധപ്പെട്ട് പ്രത്യേക നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.

ജില്ലാതല കൺട്രോൾ സെൽ ഫോൺ വഴി ബന്ധപ്പെട്ടു വരുന്നു. ആരോഗ്യ വകുപ്പ് ജീവനക്കാർക്കു പുറമെ പെരിന്തൽമണ്ണ എം.ഇ.എസ് എൻജിനീയറിങ് കോളജിലെ 30 അംഗ വിദ്യാർത്ഥി സംഘവും ഇതിനായി ജില്ലാ മെഡിക്കൽ ഓഫിസിനെ സഹായിക്കുന്നു. വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവരെ കണ്ടെത്തി പ്രത്യേക നിരീക്ഷണം വാർഡുതല ദ്രുത കർമ്മ സംഘങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. 1,998 സ്‌ക്വാഡുകളും 23,088 വളണ്ടിയർമാരും ഫീൽഡ്തല സ്‌ക്വാഡുകളിൽ പ്രവർത്തിച്ചു വരുന്നു. ജനമൈത്രി പൊലീസും ബീറ്റു തലങ്ങളിൽ വിവര ശേഖരണം നടത്തി ജില്ലാതല കൺട്രോൾ സെല്ലിനു കൈമാറുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം, എ.ഡി.എം എൻ.എം. മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി.എൻ, പുരുഷോത്തമൻ, മഞ്ചേരി ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാർ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ തുടങ്ങിയവർ കോവിഡ് 19 അവലോകന യോഗത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP