Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോടതിയെ പഴിചാരി കരിമണൽ മാഫിയക്ക് കേരളത്തിന്റെ തീരങ്ങൾ തീറെഴുതി കൊടുക്കാൻ സർക്കാർ; അപ്പീൽ വൈകിപ്പിച്ച് കോടതിയുടെ ശാസന കേട്ടത് മനപ്പൂർവ്വം; വിജയിക്കുന്നത് കരിമണൽ കർത്തയുടെ തന്ത്രങ്ങൾ

കോടതിയെ പഴിചാരി കരിമണൽ മാഫിയക്ക് കേരളത്തിന്റെ തീരങ്ങൾ തീറെഴുതി കൊടുക്കാൻ സർക്കാർ; അപ്പീൽ വൈകിപ്പിച്ച് കോടതിയുടെ ശാസന കേട്ടത് മനപ്പൂർവ്വം; വിജയിക്കുന്നത് കരിമണൽ കർത്തയുടെ തന്ത്രങ്ങൾ

കൊച്ചി: കരിമണൽ ഖനനത്തിന് സ്വകാര്യമേഖലയേയും പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ നിശ്ചിത കാലയളവിനുള്ളിൽ അപ്പീൽ നൽകുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തി. ഇതോടെ അപ്പീൽ പോലും പരിഗണിക്കാതെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ഫലത്തിൽ കരിമണൽ ഖനനത്തിന് സംസ്ഥാനത്ത് വഴിയൊരുങ്ങുകയാണ്. ഖനനത്തിന് അപേക്ഷ നൽകിയ 29 സ്വകാര്യകമ്പനികളെ പരിഗണിക്കണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

കരിമണൽ ഖനനത്തിൽ സ്വകാര്യമേഖലയേയും പരിഗണിക്കണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. 2013ലെ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു. 29 അപേക്ഷകൾ പരിഗണിക്കാൻ ഉത്തരവിട്ട കോടതി വൈകിവന്ന അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നും കോടതി നിർദ്ദേശിച്ചു. കരിമണൽ ഘനനത്തിൽ സ്വകാര്യ സംയുക്തമേഖലകളെക്കൂടി പങ്കാളികളാക്കാൻ അനുമതി നൽകണമെന്ന 2013ലെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു.

ഈ അപ്പീലിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ, സാബു മാത്യു പി ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെതാണ് വിധി. 29 അപേക്ഷകൾ കൂടി പരിഗണിക്കാനാണ് ഉത്തരവ്. നിലവിൽ കെഎംഎംഎൽ, ഐആർഇ എന്നീ കമ്പനികൾക്കാണ് ഖനനത്തിനുള്ള അനുമതിയുള്ളത്. ഖനനകാര്യത്തിൽ കേന്ദ്രനയമാണ് പ്രധാനം. അതുകൊണ്ട് തന്നെ കേരളത്തിന് ഇക്കാര്യത്തിൽ സ്വന്തം നിലപാട് എടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

തൂത്തുക്കുടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സ്വകാര്യ കമ്പനികളാണ് ശശിധരൻ കർത്തയുടെ നേതൃത്വത്തിൽ കരിമണൽ ഖനനത്തിനായി ശ്രമിച്ചത്. കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് നൽകാമെന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകില്ലെന്നായിരുന്നു സൂചന. അപ്പീൽ നൽകേണ്ടെന്ന് എജിയും നിയമവകുപ്പും സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. കേന്ദ്ര മിനറൽ പോളിസി സ്വാകാര്യ മേഖലയ്ക്ക് അനുകൂലമായതിനാൽ കോടതിവിധിക്കെതിരായ അപ്പീൽ നിലനിൽക്കില്ലെന്നാണ് അഡ്വക്കേറ്റ് ജനറലും നിയമവകുപ്പും സർക്കാരിന് നൽകിയ നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നിട്ടും വൈകിയ വേളയിൽ അപ്പീൽ നൽകി. ഇതോടെ ഡിവിഷൻ ബഞ്ചിന് കരിമണൽ ലോബിക്ക് അനുകൂലമായി നിരീക്ഷണമിറക്കാനും കഴിഞ്ഞു.

2013 കഴിഞ്ഞ ഫെബ്രുവരി 21നാണ് സ്വകാര്യ മേഖലയ്ക്ക് കരിമണൽ ഖനനാനുമതി നിഷേധിച്ച സർക്കാർ നടപടി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി ഉണ്ടാകുന്നത്. ഖനനാനുമതി ആവശ്യപ്പെട്ട ആവശ്യപ്പെട്ട  അപേക്ഷകൾ നിരസിച്ച സർക്കാർ നീക്കവും കോടതി അന്ന് മരവിപ്പിച്ചു. എന്നാൽ ഇതിന് സർക്കാർ അപ്പീൽ നൽകിയത് കഴിഞ്ഞ ദിവസമാണ്. അതുകൊണ്ട് തന്നെ പരിഗണിക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തയ്യാറായുമില്ല. സമയത്തിന് അപ്പീൽ നൽകിയില്ലെങ്കിൽ തള്ളുമെന്ന് ഏതൊരാൾക്കും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ കരിമണൽ കമ്പനികൾക്ക് വഴിയൊരുക്കാൻ നടത്തിയ ഗൂഡനീക്കമായിരുന്നു അപ്പീൽ വൈകിപ്പിക്കലെന്ന് വ്യക്തം. മദ്യനയത്തിൽ ഹൈക്കോടതിയിൽ നടക്കുന്ന നിയമപോരാട്ടത്തിലും ഇത്തരമൊരു ഒത്തുകളി പ്രതീക്ഷിക്കുന്നവരുണ്ട്. അതിന്റെ സൂചനയാണ് കരിമണൽക്കേസിലെ നിലപാടെന്നാണ് വിമർശനം.

ശശിധരൻ കർത്തയുടെ നേതൃത്വത്തിലുള്ള കരിമണൽ ലോബിയുടെ സമ്മർദ്ദങ്ങളുടെ വിജയമാണ് ഹൈക്കോടതിയിൽ സർക്കാരെടുത്ത മെല്ലപ്പോക്ക്. ഫലത്തിൽ കരിമണൽ ലോബിയെ എതിർത്ത് തന്നെ അവർക്ക് വഴിയൊരുക്കുകയായിരുന്നു സർക്കാർ. ഇതോടെ ആലപ്പുഴ, കൊല്ലം തീരത്തെ കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനികൾക്ക് സാധ്യത വന്നു. ഇവരുടെ അപേക്ഷ തള്ളാൻ സർക്കാരിന് കഴിയില്ലെന്നാണ് സൂചന. മൂല്യവർധനവിന് സ്വകാര്യ മേഖല അനിവാര്യമാണെന്നും പൊതുമേഖലയെ ബലഹീനപ്പെടുത്തരുതെന്നുമുള്ള സർക്കാർ നയം ഇവിടേയും ബാധകമാകും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇതേ അഭിപ്രായം പങ്കുവച്ചിട്ടുള്ളതാണ്.

കരിമണൽ ഖനന മേഖലയിലേക്ക് സ്വകാര്യ കുത്തകകൾ എത്തുന്നതോടെ രണ്ട് പൊതുമേഖലാ കമ്പനികളും പൂട്ടും. കെഎംഎംഎൽഉം ഐആർഇയും കരിമണൽ ഖനനരംഗത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ. ഇവർ ഖനനം നടത്തി സ്വകാര്യമേഖലയ്ക്ക് നൽകുകയാണ് ഇപ്പോൾ. ഖനനത്തിലൂടെ മാത്രമാണ് ഈ പൊതുമേഖലാ സ്ഥാപനങ്ങൾ പിടിച്ചു നിൽക്കുന്നത്. സ്വകാര്യ മേഖല നേരിട്ട് ഖനനം നടത്തുമ്പോൾ ഈ കമ്പനികളുടെ പ്രസക്തി നഷ്ടമാകും. ഇതോടൊപ്പം പരിസ്ഥിതി നാശവുൂം ഉണ്ടാകും. കടൽ തീരത്തെ സംരക്ഷിക്കാതെ കൊള്ളലാഭത്തിനായി സ്വകാര്യമേഖല കരിമണൽ കൊണ്ടു പോകുമെന്ന ആശങ്കയും സജീവമാണ്.

തീരത്ത് ആഴക്കടൽ ഖനനമാകും നടക്കുക. ഇത് ഖനനതീരത്തിന് എതിരെയുള്ള മറ്റു തീരങ്ങളെയും കടലെടുക്കുന്നതിന് ഇടവരുത്തും. ഈ രംഗത്ത് വേണ്ടത്ര ഗവേഷണം നടത്തി കൂടുതൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുവാനുള്ള സംരംഭങ്ങൾക്ക് സ്വകാര്യ മേഖല മുതിരുന്നില്ലെന്നും വിലയിരുത്തലുണ്ട്. കേരളത്തിലെ കരിമണലിൽ നിന്നും ടൈറ്റാനിയം ഡൈയോക്‌സൈഡും മോണോസൈറ്റ് സംയുക്തവും ഇൽമെനേറ്റ് ഘടകവും വേർതിരിച്ചെടുത്ത് വിദേശസ്വദേശ കമ്പനികൾക്ക് നൽകുകയെന്ന പതിവാണ് ഇവർ സ്വീകരിച്ചുപോരുന്നത്. കേരളത്തിലെ ഇൽമെനേറ്റിൽ അറുപത് ശതമാനം ടൈറ്റാനിയം ഡൈയോക്‌സൈഡ് ആയതിനാൽ ലോകവിപണിയിൽ കേരള ഇൽമെനേറ്റിന് വൻ ഡിമാന്റാണ്.

കരിമണൽ ഖനനത്തിനായി ചരട് വലിച്ചത് ശശിധരൻ കർത്ത തന്നെയാണ്. ആലപ്പുഴ, കൊല്ലം തീരങ്ങളിലാണ് കർത്തയുടെ കരിമണൽ വ്യവസായത്തിന്റെ പ്രധാന കേന്ദ്രം. രണ്ട് ജില്ലകളുടെയും തീരത്തു നിന്നുള്ള കരിമണൽ തന്നെയാണ് കൊച്ചിയിലെ സി.എം.ആർ.എല്ലിലേക്ക് എത്തുന്നതും. കരിമണൽ ഖനനത്തിന് അനുകൂലമായി എല്ലാ പാർട്ടിയിലേയും പ്രമുഖരെ അണിനിരത്തി കർത്ത സെക്രട്ടറിയേറ്റ് മാർച്ച് നടന്നിരുന്നു. മാ്ധ്യമങ്ങളേയും സ്വാധീനിച്ചെന്ന് പരാതിയുണ്ട്. ഇതിലെല്ലാം ഉപരി സ്വന്തം പത്രവും തുടങ്ങി. ആലപ്പുഴയിൽ നിന്നും മാതൃമലയാളം എന്ന പേരിലാണ് ശശിധരൻ കർത്ത പത്രം ആരംഭിച്ചത്. ടാബ്ലോയിഡ് പത്രമെന്ന വിധത്തിൽ മധ്യാഹ്ന പത്രമായാണ് മാതൃമലയാളം പുറത്തിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP