Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സി.ഒ.ടി നസീർ വധശ്രമക്കേസ് ഗൂഢാലോചന: എ.എൻ.ഷംസീറിന്റെ വാഹനം പിടിച്ചെടുത്തില്ലെങ്കിൽ തങ്ങൾ പിടിക്കും; വാഹനത്തിൽ എംഎൽഎ പാഞ്ഞുപോകുമ്പോഴും വിനീതവിധേയരായി പൊലീസ് നോക്കി നിൽക്കുന്നു; ഓഗസ്റ്റ് ഒന്നിന് തലശേരിയിൽ പ്രതിഷേധമാർച്ചെന്ന് കോൺഗ്രസ്

സി.ഒ.ടി നസീർ വധശ്രമക്കേസ് ഗൂഢാലോചന: എ.എൻ.ഷംസീറിന്റെ വാഹനം പിടിച്ചെടുത്തില്ലെങ്കിൽ തങ്ങൾ പിടിക്കും; വാഹനത്തിൽ എംഎൽഎ പാഞ്ഞുപോകുമ്പോഴും വിനീതവിധേയരായി പൊലീസ് നോക്കി നിൽക്കുന്നു; ഓഗസ്റ്റ് ഒന്നിന് തലശേരിയിൽ പ്രതിഷേധമാർച്ചെന്ന് കോൺഗ്രസ്

രഞ്ജിത്ത് ബാബു

കണ്ണൂർ: സി.ഒ.ടി. നസീർ വധശ്രമക്കേസിൽ ഗൂഢാലോചന നടത്തിയ എ.എൻ. ഷംസീർ എംഎൽഎ യുടെ വാഹനം പിടിച്ചെടുക്കാൻ പൊലീസ് തയ്യാറാവുന്നില്ലെങ്കിൽ വാഹനം പിടിച്ചെടുത്ത് പൊലീസിനെ ഏൽപ്പിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്ന് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി. തലശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നസീർ വധശ്രമക്കേസിൽ എ.എൻ ഷംസീർ എംഎ‍ൽഎ സഞ്ചരിക്കുന്ന വാഹനത്തിൽ വച്ചാണ് വധ ഗൂഢാലോചന നടന്നത് എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥർ നാല് പ്രാവശ്യം നസീറിന്റെ മൊഴി രേഖപ്പെടുത്തിയപ്പോഴും ഈ കേസിൽ ഇതുവരെ അറസ്റ്റിലായ പത്തോളം സിപിഎം പ്രവർത്തകരിൽ ഷംസീർ എംഎ‍ൽഎയുടെ സന്തത സഹചാരി സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറിയായ രാഗേഷിന്റെയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കൂടിയായ പൊട്ടി സന്തോഷിന്റെ മൊഴികളിലും വധ ഗൂഢാലോചനയിൽ എ.എൻ ഷംസീർ എംഎ‍ൽഎയുടെ പങ്ക് സംശയാതീതമായി തെളിഞ്ഞിരിക്കുകയാണ്. എംഎ‍ൽഎ സഞ്ചരിക്കാൻ ഉപയോഗിക്കുന്ന കെ.എൽ - 07 സി.ഡി 6887 ഇന്നോവ വാഹനത്തിലാണ് നസീറിനെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടും ഷംസീറിനെ അറസ്റ്റ് ചെയ്യാനോ വാഹനം കസ്റ്റഡിയിലെടുക്കാനോ പൊലീസ് തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ പൊലീസ് അന്വേഷിക്കുന്ന ഈ വാഹനത്തിൽ എംഎ‍ൽഎ പൊലീസിന്റെ കൺമുന്നിലൂടെ യാത്ര നടത്തിയിട്ട് പോലും കസ്റ്റഡിയിലെടുക്കാതെ വിനീത ഭൃത്യരായി പൊലീസ് നിയമ സംവിധാനങ്ങൾക്ക് അപമാനമായി നോക്കി നില്ക്കുകയാണ് ചെയ്തത്. ധരിക്കുന്ന യൂണിഫോമിന്റെ മന്യതയെങ്കിലും കാത്ത് സൂക്ഷിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകേണ്ടതായിരുന്നു. ജില്ലാ പൊലീസ് ചീഫിന്റെ വീടിന്റെ മുൻപിലൂടെ കസ്റ്റഡിയിലെടുക്കേണ്ട വാഹനം കടന്ന് പോകുമ്പോൾ പോലും അനങ്ങാപ്പാറ നയം സ്വീകരിച്ച പൊലീസിന് വാഹനം കണ്ടു കിട്ടുന്നില്ലെങ്കിൽ വാഹനം പിടിച്ചെടുത്ത് പൊലീസിന് നല്കുന്ന ജോലി ഞങ്ങൾ ചെയ്യാൻ നിർബദ്ധിതരാകും എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഓർമ്മപ്പെടുത്തുകയാണ്. സി.ഒ.ടി നസീർ വധശ്രമക്കേസിൽ ഗൂഢാലോചനയിൽ പ്രതിസ്ഥാനത്തുള്ള എ.എൻ ഷംസീർ എംഎ‍ൽഎയെ അറസ്റ്റ് ചെയ്യാതെ അന്വേഷണം പൂർത്തിയാവില്ലെന്ന് അറിഞ്ഞിട്ടും പൊലീസ് നിസംഗത തുടരുന്നത് സേനയുടെ അന്തസ്സ് കളയുന്ന നടപടി കൂടിയാണെന്ന് പാച്ചേനി പറഞ്ഞു.

സി.ഒ.ടി നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊലീസ് ബോധപൂർവ്വം നിയമ വ്യവസ്ഥയെ തകിടം മറിക്കാൻ കൂട്ട് നില്ക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി. ഷംസീർ എംഎ‍ൽഎയുടെ വീട് സ്ഥിതി ചെയ്യുന്ന മാടപ്പീടികയിൽ നിന്നും തലശ്ശേരിയിലേക്ക് ഓഗസ്റ്റ് 1ന് ഉച്ചക്ക് ശേഷം 2.30ന് പ്രതിഷേധ മാർച്ച് നടത്തും. 4 മണിക്ക് തലശ്ശേരി ടൗണിൽ നടക്കുന്ന സമാപന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.കെ.മുരളീധരൻ എംപിയും, കെ.സുധാകരൻ എംപിയും സമാപന പരിപാടിയിൽ പ്രസംഗിക്കുമെന്നും സതീശൻ പാച്ചേനി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP