Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈറസിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ സാഹചര്യത്തിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കണം; ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നത് ഈ സർക്കാരിന്റെ ആരോഗ്യ നയത്തിന്റെ പ്രധാന ഘടകം; ആവശ്യമായ ജാഗ്രതയും മുൻകരുതലും സ്വീകരിച്ച് പരീക്ഷ നടക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി; കൊറോണയെ തുരത്താനുള്ള പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശങ്ങൾക്ക് മറുപടിയായി പിണറായി വിജയന്റെ കത്ത്

വൈറസിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ സാഹചര്യത്തിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കണം; ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നത് ഈ സർക്കാരിന്റെ ആരോഗ്യ നയത്തിന്റെ പ്രധാന ഘടകം; ആവശ്യമായ ജാഗ്രതയും മുൻകരുതലും സ്വീകരിച്ച് പരീക്ഷ നടക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി; കൊറോണയെ തുരത്താനുള്ള പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശങ്ങൾക്ക് മറുപടിയായി പിണറായി വിജയന്റെ കത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വൈറസ് വ്യാപനം തടയുന്നതിനുള്ള അതീവ ജാഗ്രത സർക്കാർ പുലർത്തുന്നുണ്ടെന്ന് പിണറായി വിജയൻ പ്രതിപക്ഷ നേതാവിനയച്ച കത്തിൽ വ്യക്തമാക്കി. വൈറസിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ സാഹചര്യത്തിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. ഇക്കാര്യം ഉൾക്കൊണ്ടുകൊണ്ടാണ് സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കത്തിന്റെ പൂർണരൂപം

15.03.2020 ലെ താങ്കളുടെ കത്തിലെ നിർദ്ദേശങ്ങൾ ശ്രദ്ധിച്ചു. കോവിഡ്-19 അഥവാ നോവൽ കൊറോണ വൈറസ് പടർന്നു പിടിക്കാതിരിക്കാനുള്ള അതീവ ജാഗ്രത നമ്മുടെ സംസ്ഥാനം പുലർത്തുന്നുണ്ട്. താങ്കൾ പറഞ്ഞതുപോലെ ഈ വൈറസിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ സാഹചര്യത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കേണ്ടതുണ്ട്. ഇക്കാര്യം വ്യക്തമായി മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് സർക്കാർ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത്. രോഗലക്ഷണങ്ങൾക്ക് പോസിറ്റീവായി ടെസ്റ്റ് ചെയ്യപ്പെട്ടവരുടെ Contact tracing രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിന് വളരെ ഫലപ്രദമായ രീതിയാണ്.

രോഗ ലഘൂകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ വിശദമായ നടപടിക്രമങ്ങൾ സ്വീകരിച്ചുവരുന്നുണ്ട്.

1.സംസ്ഥാനതലത്തിൽ ഒരു കൺട്രോൾ റൂം തിരുവനന്തപുരത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കൃത്യമായ മേൽനോട്ടം ഇവിടെയുണ്ട്. എല്ലാ ദിവസവും വൈകുന്നേരം അഞ്ചുമണിക്ക് ഓരോ ദിവസത്തെയും ജില്ലാതല വിശദവിവരങ്ങൾ പ്രസിദ്ധീകരിക്കുന്നുമുണ്ട്. ആറുമണിക്ക് സർക്കാർ സെക്രട്ടറിമാർ, പൊലീസ് നേതൃത്വം, എയർപോർട്ട്, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്ന വിലയിരുത്തൽ യോഗം തൽസ്ഥിതി പരിശോധിച്ച് യുക്തമായ തീരുമാനങ്ങളെടുക്കുന്നുണ്ട്. ജില്ലാതലത്തിൽ മന്ത്രിമാർക്ക് ചുമതല നൽകി രോഗപ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നുണ്ട്.

2.യാത്ര ചെയ്ത്, പ്രത്യേകിച്ച് രാജ്യാന്തര യാത്ര ചെയ്ത് സംസ്ഥാനത്ത് എത്തുന്ന എല്ലാവരുടെ വിവരങ്ങളും ശേഖരിച്ച് ആവശ്യമെന്ന് കാണുന്നവരെ മാത്രം ഹോസ്പിറ്റൽ ഐസലേഷനിൽ വയ്ക്കുകയും മറ്റുള്ളവരെയൊക്കെ ഹോം ഐസലേഷനിൽ വയ്ക്കുകയുമാണ് ചെയ്യുന്നത്. ഹോം ഐസലേഷനിൽ കഴിയുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാക്രമങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടാക്കാനുള്ള നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ സ്വീകരിക്കുന്നുണ്ട്. ഹോം ഐസലേഷൻ കേസുകളിൽ ആരോഗ്യ പ്രവർത്തകർ, ജനമൈത്രി പൊലീസ്, പ്രാദേശിക വളണ്ടിയർ എന്നിവർ ദിനംപ്രതി നിരീക്ഷണവും ആവശ്യമായ ഇടപെടലുകളും നടത്തി വേണ്ടിവന്നാൽ ആശുപത്രിയിലേക്ക് മാറ്റാനുള്ള പ്രോട്ടോകോൾ നിലവിലുണ്ട്. ഇക്കാര്യത്തിൽ യാതൊരു ആശങ്കയ്ക്കും ഇടയില്ല.

3.ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നത് ഈ സർക്കാരിന്റെ ആരോഗ്യ നയത്തിന്റെ പ്രധാന ഘടകമാണ്. കോവിഡ്-19 ബാധ ശ്രദ്ധയിൽപ്പെട്ടശേഷം ആശുപത്രികളിൽ ഉണ്ടാകാവുന്ന രോഗികളുടെയും വർദ്ധനയുടെ സാധ്യത കണക്കിലെടുത്തുകൊണ്ട് നമ്മുടെ പൊതു ആരോഗ്യ സംവിധാനത്തിന് ഇത് നേരിടാൻ എത്രമാത്രം പ്രാപ്തിയുണ്ടെന്ന് വിശകലനം നടത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ മറ്റ് സംവിധാനങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്തണം എന്നതിനെപ്പറ്റിയും സർക്കാരിന് വ്യക്തമായ ബോധ്യമുണ്ട്. ഓരോ ദിവസവും ഒഴിവുള്ള ആശുപത്രിക്കിടക്കകൾ, ഐ.സി.യു കിടക്കകൾ എന്നിവ ക്രോഡീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗ ലഘൂകരണ പ്രവർത്തനത്തിൽ എല്ലാ തലത്തിലുള്ള വൈദഗ്ദ്ധ്യവും ഉപയോഗിക്കാൻ സർക്കാർ സന്നദ്ധമാണ്.

4.സുരക്ഷാ ഉപകരണങ്ങളായ മാസ്‌ക്കുകളു മറ്റും ലഭ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആരൊക്കെ, ഏതൊക്കെ സന്ദർശങ്ങളിൽ എങ്ങനെയൊക്കെ മാസ്‌ക് ധരിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ ബോധവൽക്കരണം സർക്കാർ നടത്തുന്നുണ്ട്.

5.ആരോഗ്യ സംവിധാനത്തിലെ പ്രവർത്തകർക്ക് രോഗബാധയുണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്.

6.ആശുപത്രികളിൽ മാത്രമല്ല, ജനങ്ങൾ കൂട്ടം കൂടാനുള്ള എല്ലാ സ്ഥലങ്ങളിലും തിരക്ക് കുറയ്ക്കണമെന്ന് സർക്കാർ അഭ്യർത്ഥന പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് നല്ല സഹകരണവും ലഭിക്കുന്നുണ്ട്. ജില്ലാതലത്തിൽ കളക്ടർമാർ ഇത് നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുമുണ്ട്.

7.ജനങ്ങൾ പരിഭ്രാന്തരാകാതിരിക്കാൻ സമൂഹത്തിൽ ഭീതിയുടെ മനസ്ഥിതി ഉണ്ടാകാതിരിക്കാനും എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങൾ വഴി തെറ്റിദ്ധാരണാജനമായ പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നുമുണ്ട്. ജാഗ്രത പാലിക്കുന്നതിനൊപ്പം തന്നെ, ഭീതി പടരാതെ നോക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും.

8.നമ്മുടെ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്ന രാജ്യാന്തര യാത്രക്കാരെപ്പറ്റിയുള്ള വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്നുണ്ട്. അവരുടെ ട്രാവൽ ഹിസ്റ്ററി മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. അവരുമായി പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകൾ ഉള്ളവരെയെല്ലാം നിരീക്ഷണത്തിൽ വയ്ക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

9.പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നുവരുന്നുണ്ട്. പക്ഷെ, ഇത്തരം നീട്ടിവയ്ക്കൽ ഒരുപക്ഷെ, പരീക്ഷ അനിശ്ചിതത്വത്തിലേക്ക് മാറുന്ന സാഹചര്യത്തെക്കുറിച്ചും ആശങ്കകൾ ഉയർന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ആവശ്യമായ ജാഗ്രതയും മുൻകരുതലും സ്വീകരിച്ച് പരീക്ഷ നടക്കുന്നതാണ് നല്ലത്.

10.ലോകത്തിലെ വികസിത രാജ്യങ്ങളിലുൾപ്പെടെ കോവിഡ്-19 ന്റെ പൊട്ടിപ്പുറപ്പെടൽ സാമ്പത്തികരംഗത്ത് വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്. ഇത് നമ്മുടെ നാടിനെയും ബാധിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ, സംസ്ഥാന സർക്കാരിന്റെ കൃത്യമായ സാമ്പത്തിക നയം സാമ്പത്തിക രംഗത്ത് മാന്ദ്യമോ പിന്നോട്ടടിയോ ഉണ്ടാകുമ്പോൾ സർക്കാരിന്റെ ഇടപെടലുകളിലൂടെ ജനങ്ങളുടെ വാങ്ങൽശേഷി വർദ്ധിപ്പിക്കുകയും സാമ്പത്തിക വളർച്ച താഴോട്ട് പോകാതിരിക്കുകയും ചെയ്യുക എന്നത് ഉറപ്പുവരുത്തുകയാണ്. ഇതിനായി പലവിധ സാമ്പത്തിക ഞെരുക്കത്തിനിടയിലും പശ്ചാത്തല സൗകര്യ വികസനത്തിന് സർക്കാർ സ്വീകരിച്ച നടപടികൾ ഇതിനകം പൊതുമണ്ഡലത്തിലുള്ളതാണ്. കോവിഡ്-19 നെ തുടർന്ന് ഉണ്ടാകാനിടയുള്ള സാമ്പത്തിക മാന്ദ്യത്തിനെതിരെയുള്ള സർക്കാർ നടപടികൾ തുടരുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP