Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് 19ൽ കൊച്ചിയിൽ അടിയന്തര സാഹചര്യം നേരിടുന്നതിന് സമഗ്ര പദ്ധതി തയാറാക്കി ജില്ലാ ഭരണകൂടം;രോഗികളുടെ അതിവേഗത്തിലുള്ള വർധന തടഞ്ഞുകൊണ്ട് കൊറോണയെ പ്രതിരോധിക്കാൻ കരുതലുകളുമായി എറണാകുളം

കോവിഡ് 19ൽ കൊച്ചിയിൽ അടിയന്തര സാഹചര്യം നേരിടുന്നതിന് സമഗ്ര പദ്ധതി തയാറാക്കി ജില്ലാ ഭരണകൂടം;രോഗികളുടെ അതിവേഗത്തിലുള്ള വർധന തടഞ്ഞുകൊണ്ട് കൊറോണയെ പ്രതിരോധിക്കാൻ കരുതലുകളുമായി എറണാകുളം

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടുന്നതിന് സമഗ്ര പദ്ധതി തയാറായതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ടേർഷ്യറി കെയർ സെന്ററുകൾ, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, കമ്മ്യൂണിറ്റി ലെവൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, ഷോർട്ട് സ്റ്റേ ഹോംസ്, ഹോം ഐസൊലേഷൻ എന്നിങ്ങനെയാണ് ജില്ലയിലെ കോവിഡ് ചികിത്സാ സംവിധാനങ്ങളുടെ ഘടന നിർണ്ണയിച്ചിട്ടുള്ളത്. രോഗികളുടെ അതിവേഗത്തിലുള്ള വർധന തടഞ്ഞുകൊണ്ട് കൊറോണയെ പ്രതിരോധിക്കുകയെന്നതാണ് ജില്ലാ ഭരണകൂടവും അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രവും ആരോഗ്യവകുപ്പും തയാറാക്കിയ സമഗ്ര പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോവിഡ് ചികിത്സാ കേന്ദ്രങ്ങളെ പ്ലാൻ എ, ബി, സി എന്നിങ്ങനെ മൂന്ന് പ്ലാനുകളായി തിരിച്ചിരിക്കുന്നു. സർക്കാർ മേഖലയിലാണോ സ്വകാര്യ മേഖലയിലാണോ സ്ഥാപനം എന്നതിന്റെ അടിസ്ഥാനത്തിലും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് ആശുപത്രികളെ ഈ രീതിയിൽ തരംതിരിച്ചിരിക്കുന്നത്.

കോവിഡ് ചികിത്സയുടെ പ്രധാന കേന്ദ്രമായ കോവിഡ് ടേർഷ്യറി കെയർ സെന്ററായ എറണാകുളം മെഡിക്കൽ കോളേജിൽ 650 കിടക്കകളും 20 ഐ.സി.യു കിടക്കകളും 25 വെന്റിലേറ്ററുകളുമാണുള്ളത്. പത്ത് സ്വകാര്യ ആശുപത്രികളെയും കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി നിർണ്ണയിച്ചിട്ടുണ്ട്. ആലുവ ജില്ലാ ആശുപത്രിയും മുവാറ്റുപുഴ ജനറൽ ആശുപത്രിയുമാണ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ.

കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. കളമശേരി മെഡിക്കൽ കോളേജിനെ 500 കിടക്കകളുള്ള ആശുപത്രിയായി മാറ്റിക്കഴിഞ്ഞു. ഒരു കോടി രൂപയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഐ.സി.യുവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. 14 വെന്റിലേറ്ററുകളും 70 ഐസിയു കിടക്കകളും 70 സിംഗിൾ റൂമുകളുമായി പി.വി എസ് ആശുപത്രി പൂർണ്ണ സജ്ജമായിക്കഴിഞ്ഞു. കേരളത്തിലെത്തുന്നവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കാനായി 36 ഷോർട്ട് സ്റ്റേ ഹോമുകളാണ് സജ്ജമാക്കിയിട്ടുള്ളത്. വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്തവരെ പാർപ്പിക്കുന്നതിനായി 1941 സിംഗിൾ റൂമുകളാണ് ഈ കേന്ദ്രങ്ങളിലുള്ളത്.

എമർജൻസി റെസ്‌പോൺസ് പ്ലാൻ പ്രകാരം ജില്ലയിലെ ജനസംഖ്യയുടെ 10% ത്തിന് രോഗബാധയുണ്ടായേക്കാമെന്നാണ് ജില്ലാ ഭരണകൂടം കണക്കാക്കുന്നത്. 70-80% രോഗികൾക്ക് കോവിഡ് പ്രാഥമിക ചികിത്സ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ചെറിയ രോഗലക്ഷണങ്ങളുള്ള ഇവർക്ക് പഞ്ചായത്ത് തലത്തിൽ തയാറാകുന്ന പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സ മതിയാകുമെന്നാണ് കരുതുന്നത്. പ്രാഥമിക ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം ജില്ലയിലെ മൊത്തം ആരോഗ്യ പരിരക്ഷാ സംവിധാന ക്ഷമതയേക്കാൾ വളരെയധികമായിരിക്കുമെന്ന് ജില്ലാ ഭരണകൂടം കണക്കാക്കുന്നു. ഈ സാഹചര്യത്തിൽ കേന്ദ്രീകൃതമായ ചികിത്സാ സംവിധാനത്തേക്കാൾ പഞ്ചായത്ത്, വാർഡ് തല ചികിത്സാ സംവിധാനങ്ങൾ ഒരുക്കാനാണ് പദ്ധതി തയാറാകുന്നത്.

79% പേർക്കും ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണുണ്ടാകുക. അതിനാൽ ഇവർ വീട്ടിൽ ഐസൊലേഷനിൽ കഴിയുക എന്നതു മാത്രമാണ് ചെയ്യാനുള്ളത്. ഇതിനായി ഡിജിറ്റൽ സംവിധാനങ്ങളുടെ ഏകോപനം അനിവാര്യമാണ്. ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനം ഓരോ പഞ്ചായത്ത് തലത്തിലും സ്ഥാപിക്കും. ഡോക്ടർമാരും നഴ്‌സുമാരുമടങ്ങുന്ന സംഘത്തിന്റെ സേവനം ഓരോ പഞ്ചായത്ത് തലത്തിലും കോവിഡ് ചികിത്സയ്ക്കായി ലഭ്യമാക്കും. ഡോക്ടർമാരുടെയും മെഡിക്കൽ ഡെലിവറി സംവിധാനങ്ങളുടെയും ഈ ശൃംഖല ടെലി മെഡിസിൻ സംവിധാനവുമായി ബന്ധപ്പെടുത്തിയിരിക്കും. വിരമിച്ച ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും.

ഓരോ പഞ്ചായത്തിലെയും ജനങ്ങൾക്ക് ടെലിമെഡിസിൻ സംവിധാനത്തിലേക്ക് വിളിക്കാം. ഓരോ വാർഡിലെയും അംഗങ്ങളെ ആശ വൊളന്റിയർമാർ ബന്ധപ്പെടുകയും പനിയുള്ളവരുടെ വിവരങ്ങൾ മെഡിക്കൽ ഓഫീസറെ അറിയിക്കുകയും ചെയ്യും. അത്തരം രോഗികളെ പഞ്ചായത്ത് തലത്തിലുള്ള ടെലിമെഡിസിൻ യൂണിറ്റിൽ നിന്ന് ബന്ധപ്പെടും. ഡോക്ടർക്കോ മെഡിക്കൽ ഓഫീസർക്കോ രോഗിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള സംശയമുണ്ടായാൽ ജില്ലാതലത്തിലുള്ള ടെലിമെഡിസിൻ സംവിധാനവുമായി ബന്ധപ്പെടും. പനിയുണ്ടെങ്കിൽ വിളിക്കേണ്ട നമ്പർ ഓരോ വീടുകളിലും അറിയാമെന്ന കാര്യം സാക്ഷരത മിഷൻ ഉറപ്പാക്കും. മുഴുവൻ സമയവും പ്രവർത്തിക്കുന്ന ജില്ലാതല ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനവുമുണ്ട്.

വാർഡ് തലത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ. ജില്ലയിലെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾക്ക് പിന്തുണ നൽകാനായി താത്കാലികമായി തയാറാക്കുന്ന പ്രാഥമിക ചികിത്സാ കേന്ദ്രമാണിത്. 70-80% വരെ രോഗികൾക്ക് ഇവിടെ ചികിത്സ നൽകാനാകും. പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി ഹാളുകൾ പോലുള്ള കേന്ദ്രങ്ങളിലായിരിക്കും ഇത്തരം താത്ക്കാലിക സംവിധാനങ്ങൾ സജ്ജീകരിക്കുക. ആരോഗ്യപരിക്ഷാ സംവിധാനങ്ങളുടെ വികേന്ദ്രീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 25 കിടക്കകളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കാനാണ് തയ്യാറെടുക്കുന്നത്. ഓരോ പഞ്ചായത്തിലും ഒരു ആംബുലൻസും ഒരു ടെസ്റ്റിങ് കേന്ദ്രവുമുണ്ടായിരിക്കണം. കോവിഡ് രോഗലക്ഷണങ്ങളാണ് ഇവിടെ പരിശോധിക്കുക. പഞ്ചായത്ത് തലത്തിൽ കൈകാര്യം ചെയ്യാൻ കഴിയാത്ത രോഗികളെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

ഓരോ രണ്ട് പഞ്ചായത്തുകൾക്കുമായി ഡോക്ടർമാരും നഴ്‌സുമാരുമടങ്ങുന്ന ഫീൽഡ് റെസ്‌പോൺസ് ഹോം കെയർ ടീമിനെ വിന്യസിക്കും. ചെറിയ രോഗലക്ഷണങ്ങളുള്ള സന്ദർശിക്കുകയും പരിശോധന നടത്തുകയും വിലയിരുത്തൽ നടത്തുകയുമാണ് ഇവരുടെ ലക്ഷ്യം. ഇതോടൊപ്പം കോവിഡ് ഇതര രോഗങ്ങളുടെ കൈകാര്യം ചെയ്യലും ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. ഓൺലൈൻ ഫുഡ് ഡെലിവറി സംവിധാനത്തിന്റെ മാതൃകയിൽ മരുന്നുകളുടെ വിതരണവും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. കൂടാതെ കമ്മ്യൂണിറ്റി സർവെയ്‌ലൻസ് സംവിധാനത്തിനുള്ള മാർഗരേഖയും പദ്ധതിയിലുണ്ട്. ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. വാർഡ് തലം മുതൽ ജില്ലാതലം വരെ സർവെയ്‌ലൻസ് യൂണിറ്റ് പ്രവർത്തിക്കും. കൂടുതൽ സാംപിൾ ശേഖരണ കേന്ദ്രങ്ങളും സജ്ജമാക്കും.

ആദ്യഘട്ടത്തിൽ ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാകും സാംപിൾ ശേഖരണ കേന്ദ്രങ്ങൾ. രണ്ടാം ഘട്ടത്തിൽ തൃപ്പൂണിത്തുറ, നോർത്ത് പറവൂർ, പെരുമ്പാവൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രികളിലും തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ കോവിഡ് കെയർ ക്വാർട്ടേഴ്‌സ് എന്നിവിടങ്ങളിലും സാംപിളുകൾ ശേഖരിക്കും. വേഗത്തിൽ ഫലം ലഭിക്കാനും കൂടുതൽ സാംപിളുകൾ ശേഖരിക്കാനും ഇതുവഴി കഴിയും. വലിയ രീതിയിലുള്ള വൈറസ് വ്യാപനമുണ്ടായാൽ പഞ്ചായത്ത്/നഗരസഭ തലത്തിൽ മൊബൈൽ കളക്ഷൻ യൂണിറ്റുകൾ സ്ഥാപിക്കും. മൊബൈൽ സാംപിൾ കളക്ഷൻ ക്യാബിനെറ്റുകൾ രൂപകൽപ്പന ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ക്യാബിനെറ്റുകൾ ഇന്ത്യയിൽ ആദ്യമായായിരിക്കും പരീക്ഷിക്കപ്പെടുക. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (പിപിഇ) പ്രാദേശികമായി നിർമ്മിക്കാനുള്ള പദ്ധതിയും തയാറാക്കുന്നുണ്ട്. സിഎസ്ആർ സഹായത്തോടെ ഹാൻഡ് സാനിറ്റൈസർ ഇപ്പോൾ നിർമ്മിക്കുന്നുണ്ട്. തുണി കൊണ്ടുള്ള മാസ്‌കുകളുടെ നിർമ്മാണവും നടക്കുന്നുണ്ട്. 654 ആംബുലൻസുകളാണ് ജില്ലയിലുള്ളത്. ഇതിൽ 58 എണ്ണമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. കൂടുതൽ വൈറസ് വ്യാപനം കണ്ടെത്തിയാൽ ഓരോ പഞ്ചായത്തിനും രണ്ട് ആംബുലൻസുകൾ വീതം നൽകും. വാഹനങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള സ്റ്റേഷൻ ഓരോ പഞ്ചായത്തിലും/താലൂക്കിലും സജ്ജമാക്കും.

3.2 ദശലക്ഷമാണ് ജില്ലയിലെ ജനസംഖ്യ. 50% ത്തിലധികം ജനങ്ങളും നഗര മേഖലയിലാണ് ജീവിക്കുന്നത്. ഉയർന്ന ജനസാന്ദ്രതയുള്ള ജില്ലയിൽ ഒരു മെഡിക്കൽ കോളേജും രണ്ട് ജനറൽ ആശുപത്രികളും ഒരു സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും 11 താലൂക്ക് ആശുപത്രികളും 22 കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും 76 പിഎച്ച്‌സി/എഫ്എച്ച്‌സികളും 410 സബ്‌സെന്ററുകളും 15 അർബൻ പിഎച്ച്‌സികളുമാണുള്ളത്. കിടത്തി ചികിത്സാ സൗകര്യമുള്ള മറ്റ് ആശുപത്രികളും (സ്വകാര്യ/ഇഎസ്‌ഐ) ജില്ലയിലുണ്ട്. ഇതിനു പുറമേ മൂന്ന് മൊബൈൽ മെഡിക്കൽ യൂണിറ്റുകളും 27 ആയുർവേദ ആശുപത്രികളും 41 ഹോമിയോ ഡിസ്‌പെൻസറികളും ഒരു സിദ്ധ ഡിസ്‌പെൻസറിയുമുണ്ട്. സർക്കാർ മേഖലയിൽ ആകെ 2310 കിടക്കകളും 24 വെന്റിലേറ്ററുകളുമാണുള്ളത്. സ്വകാര്യ മേഖലയിൽ 6596 കിടക്കകളും 259 വെന്റിലേറ്ററുകളുമുണ്ട്. ആകെ 9906 കിടക്കകളും 283 വെന്റിലേറ്ററുകളുമാണുള്ളത്. സർക്കാർ മേഖലയിൽ ആകെ 518 ഡോക്ടർമാരും 11 അനസ്‌തെസ്റ്റിസ്റ്റുകളും 22 ഫിസിഷ്യൻസും 834 നഴ്‌സുമാരുമാണ് സേവനമനുഷ്ടിക്കുന്നത്.

ജില്ലയിൽ 65 വയസിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം 3,71,557 ആണ്. ആശ പ്രവർത്തകർക്ക് ലഭ്യമായ കണക്ക് പ്രകാരം വൃദ്ധസദനങ്ങൾ, ഷെൽറ്റർ ഹോമുകൾ, പാലിയേറ്റീവ് കെയർ ഹോമുകൾ തുടങ്ങിയ 229 സ്ഥാപനങ്ങളിലായി 5269 അന്തേവാസികളാണ് രോഗസാധ്യതയുള്ളവരായി കണക്കാക്കപ്പെടുന്നത്. ജില്ലയിൽ ഭൂപ്രദേശപരമായി രോഗസാധ്യതയുള്ള ജനവിഭാഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലാകെ 231 ചേരി പ്രദേശങ്ങളാണുള്ളത്. ഈ മേഖലയിലെ ആകെ ജനസംഖ്യ 60678 ആണ്.

ആധികാരിക വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പത്രക്കുറിപ്പുകളും സോഷ്യൽ മീഡിയ ക്യാംപെയ്‌നുകളും നൽകിവരുന്നുണ്ട്. ഡിജിറ്റൽ പോസ്റ്ററുകൾ, റേഡിയോ സന്ദേശങ്ങൾ എന്നിവയും നൽകുന്നുണ്ട്. ബ്രേക്ക് ദ ചെയ്ൻ, ലോക്ക് ഡൗൺ ക്യാംപെയ്‌ന്റെ ഭാഗമായുള്ള ലഘുലേഖകളും ഹോർഡിങ്‌സുകളും തയാറാക്കിയിട്ടുണ്ട്. ഡോക്ടർമാരോട് നേരിട്ട് സംശയങ്ങൾ ചോദിക്കാവുന്ന ഡോക്ടർ ഓൺ ഫേസ്‌ബുക്ക് ലൈവ് പരിപാടിയും ദിവസവും സംപ്രേഷണം ചെയ്യുന്നു.

വൈദ്യ സഹായം അഭ്യർത്ഥിക്കാനും ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്യാനും മാനസികപ്രശ്‌നങ്ങളുള്ളവർക്ക് കൗൺസലിങ് നൽകുന്നതിനും ആംബുലൻസ് സേവനങ്ങൾക്കുമായി ഓൺലൈൻ പ്ലാറ്റ്‌ഫോമും സജ്ജമാക്കിയിട്ടുണ്ട്. കൊറോണ കൺട്രോൾ റൂമിന്റെ നേതൃത്വത്തിൽ പ്രായമേറിയവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. കൂടാതെ ജില്ലയിലെ നവജാത ശിശുക്കളുടെ ആരോഗ്യ പരിപാലനവും നിർവഹിക്കുന്നുണ്ട്.

മാർച്ച് 26 മുതൽ ജില്ലയിൽ സമൂഹ അടുക്കളകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ കൺട്രോൾ റൂമിൽ ആശുപത്രികളിലെ കിടക്കകൾ/വെന്റിലേറ്റർ/ഐസിയു എന്നിവയുടെ ലഭ്യത സംബന്ധിച്ച തത്സമയ വിവരങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ആംബുലൻസിന്റെ സ്ഥാനവും മരുന്നുകളുടെയും മറ്റ് സാമഗ്രികളുടെയും നീക്കവും വിലയിരുത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP