Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

പ്രതിഷേധങ്ങളെയെല്ലാം തണുപ്പിച്ച് ഭൂമിയേറ്റെടുക്കലിൽ ബഹുദൂരം മുന്നേറി ഇടതു സർക്കാർ; കേരളത്തെ ഒന്നാം പട്ടികയിൽ നിന്നും ഒഴിവാക്കി കേന്ദ്രത്തിന്റെ രാഷ്ട്രീയ യുദ്ധം; ഈ സർക്കാരിന്റെ കാലത്ത് ദേശീയ പാത വികസനം വേണ്ടെന്ന് ശ്രീധരൻ പിള്ളയുടെ കത്ത്; പിഎച്ച്ഡി നേടിയതു കൊണ്ട് ഇംഗ്ലീഷ് അറിയണമെന്നില്ലെന്ന് പിള്ള; ആരോപണവും പരിഹാസവുമായി നേതാക്കൾ ചെളി വാരിയെറിയുമ്പോൾ ലോകത്തിനൊപ്പം കുതിക്കാനാകാതെ ദൈവത്തിന്റെ സ്വന്തം നാട്

പ്രതിഷേധങ്ങളെയെല്ലാം തണുപ്പിച്ച് ഭൂമിയേറ്റെടുക്കലിൽ ബഹുദൂരം മുന്നേറി ഇടതു സർക്കാർ; കേരളത്തെ ഒന്നാം പട്ടികയിൽ നിന്നും ഒഴിവാക്കി കേന്ദ്രത്തിന്റെ രാഷ്ട്രീയ യുദ്ധം; ഈ സർക്കാരിന്റെ കാലത്ത് ദേശീയ പാത വികസനം വേണ്ടെന്ന് ശ്രീധരൻ പിള്ളയുടെ കത്ത്; പിഎച്ച്ഡി നേടിയതു കൊണ്ട് ഇംഗ്ലീഷ് അറിയണമെന്നില്ലെന്ന് പിള്ള; ആരോപണവും പരിഹാസവുമായി നേതാക്കൾ ചെളി വാരിയെറിയുമ്പോൾ ലോകത്തിനൊപ്പം കുതിക്കാനാകാതെ ദൈവത്തിന്റെ സ്വന്തം നാട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാസർകോട് ഒഴികെയുള്ള കേരളത്തിലെ സ്ഥലങ്ങളെ ദേശീയ പാത വികസനത്തിന്റെ ഒന്നാം പട്ടികയിൽ നിന്നും ഒഴിവാക്കിയ നപടി വിവാദമായതോടെ ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. കാസർകോട് ഒഴികെ ബാക്കി സ്ഥലങ്ങളിൽ പുതിയതായി നിർമ്മാണ പ്രവൃത്തികളും ടെൻഡർ നടപടികളും ആരംഭിക്കാനാകില്ലെന്ന കേന്ദ്ര ഉത്തരവ് കഴിഞ്ഞ ദിവസമാണ് ദേശീയപാത മേഖലാ ഓഫീസുകളിൽ എത്തിയത്. ഈ ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് കേന്ദ്ര സർക്കാരിന് കത്തയച്ചത്.

ദേശീയ പാത വികസനത്തിനായി കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് നിർത്തിവയ്ക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. കാസർകോട് ഒഴികെയുള്ള ജില്ലകളെ ദേശീയ പാത വികസനത്തിന്റെ രണ്ടാം മുൻഗണനാ പട്ടികയിലേക്ക് മാറ്റിയിതിന് ശേഷമാണ് സംസ്ഥാന സർക്കാരിന് കേന്ദ്രം ഇത്തരമൊരു നിർദ്ദേശം നൽകിയത്.

Stories you may Like

എന്നാൽ, പല ജില്ലകളിലെയും സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായി വരികയാണെന്നും ഈ ഘട്ടത്തിൽ നിർത്തിവയ്ക്കാൻ കഴിയില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. കേരളത്തെ ഒന്നാം മുൻഗണനാ പട്ടികയിലേക്ക് മാറ്റണമെന്നും സംസ്ഥാന സർക്കാർ കേന്ദ്ര ഗതാഗത മന്ത്രിക്കു അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കണ്ണൂർ, കോഴിക്കോട്, തുടങ്ങിയ ജില്ലകളിൽ സ്ഥലം ഏറ്റെടുപ്പ് 80 ശതമാനത്തോളം പൂർത്തിയാക്കിയിട്ടുണ്ട്. തെക്കൻ ജില്ലകളിലും 50 ശതമാനത്തോളം സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായി. കണ്ണൂരിലും കാസർകോട്ടും സർക്കാരിന് സ്ഥലം നൽകിയവർക്കുള്ള നഷ്ടപരിഹാരത്തുക നൽകാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. എന്നാൽ, കേരളത്തെ രണ്ടാം മുൻഗണനാ പട്ടികയിലേക്ക് മാറ്റിയതോടെ സ്ഥലം ഏറ്റെടുപ്പിന് ശേഷവും സംസ്ഥാനത്തെ ദേശീയ പാത വികസനം നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് സർക്കാർ.

വലിയ പ്രതിഷേധങ്ങൾ മറികടന്നാണ് സംസ്ഥാന സർക്കാർ നിരവധി പ്രദേശങ്ങളിലെ സ്ഥലം ഏറ്റെടുപ്പ് നടപടികൾ പൂർത്തിയാക്കിവരുന്നത്. ഈ സാഹചര്യത്തിൽ സ്ഥലം ഏറ്റെടുപ്പ് പൂർണമായി നിർത്തിവയ്ക്കണമെന്ന കേന്ദ്ര ഉത്തരവ് ഒരു കാരണവശാലും നടപ്പാക്കാനാവില്ലെന്ന നിലപാടിലാണ് സംസ്ഥാനം. പ്രത്യേക കാരണമൊന്നും വ്യക്തമാക്കാതെയാണ് കേരളത്തെ ദേശീയ പാത വികസനത്തിന്റെ രണ്ടാം മുൻഗണന പട്ടികയിലേക്ക് മാറ്റിയത്. നേരെത്തെ സ്ഥലം ഏറ്റെടുപ്പിനുള്ള തുക സംബന്ധിച്ച് ദേശീയ പതാ വികസന അഥോറിറ്റിയും സംസ്ഥാന സർക്കാരും തമ്മിൽ കടുത്ത തർക്കം നിലനിന്നിരുന്നു.

ദേശീയപാത വികസനം ഈ സർക്കാരിന്റെ കാലത്ത് സാധ്യമാകില്ല എന്നതാണ് പുതിയ ഉത്തരവിന്റെ രത്‌നച്ചുരുക്കം. വിവിധ സംസ്ഥാനങ്ങളിലെ ദേശീയപാത വികസനത്തിന്റെ മുൻഗണനാ പട്ടിക തയ്യാറാക്കിയാണ് കേരളത്തെ ഒഴിവാക്കിയത്. ആദ്യ പട്ടികയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണുള്ളത്. രണ്ടാം പട്ടികയിലാണ് കേരളം, കർണാടകം തുടങ്ങിയ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ് നടപടിക്ക് പിന്നിലെന്നും ആരോപണമുണ്ട്. കേരളത്തെയും കർണാടകയെയും മാത്രമായി രണ്ടാം മുൻഗണനാ പട്ടികയിലേക്ക് മാറ്റിയതാണ് ഇത്തരമൊരു ആരോപണത്തിന്റെ അടിസ്ഥാനം.

അതേസമയം വിവാദം ഊതിക്കത്തിച്ച് ധനമന്ത്രി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെ സംഭവത്തിലെ രാഷ്ട്രീയ ഇടപെടൽ മറനീക്കി പുറത്തു വരികയും ചെയ്തു. ദേശീയപാതാ വികസനം അട്ടിമറിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയാണെന്ന് കേന്ദ്രത്തിനയച്ച കത്ത് പുറത്തുവിട്ട് തോമസ് ഐസക് ആരോപിച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ ഒന്നാം വികസനപട്ടികയിൽനിന്ന് രണ്ടാം പട്ടികയിലേക്ക് മാറ്റാൻ കാരണമെന്നും ഐസക് കുറ്റപ്പെടുത്തിയിരുന്നു.

ഔദ്യോഗിക ലെറ്റർപാഡിൽ 2018 സെപ്റ്റംബർ 14നായിരുന്നു കത്തയച്ചത്. ഭൂമി ഏറ്റെടുക്കാനുള്ള ത്രീ എ വിജ്ഞാപനം റദ്ദാക്കണമെന്നും ദേശീയപാത അഥോറിറ്റിയുടെ (എൻഎച്ച്‌ഐഎ) നടപടികൾ അവസാനിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ദേശീയപാത വികസനം നടത്തിയാൽ മതിയെന്നാണ് പുതിയ തീരുമാനം. ഭൂമി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നുവെന്ന ത്രീ എക്കുപുറമെ, ഭൂമി ഏറ്റെടുക്കുന്നുവെന്ന ത്രീ ഡി, നഷ്ടപരിഹാരത്തുക നിർണയിക്കുന്ന ത്രീ ജി വിജ്ഞാപനങ്ങൾ പുറത്തിറങ്ങിയശേഷമേ ദേശീയപാത അഥോറിറ്റിയുടെ (എൻഎച്ച്എഐ) മാനദണ്ഡപ്രകാരം ടെൻഡർ നടപടി ആരംഭിക്കൂ.

എന്നാൽ, സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടലും സമ്മർദവുംമൂലം ത്രീ എ വിജ്ഞാപനം ഇറക്കിയാൽ ടെൻഡർ നടപടി ആരംഭിക്കാൻ ദേശീയപാത അഥോറിറ്റി കേരളത്തിന് അനുമതി നൽകി. ഡൽഹിയിലെ യോഗത്തിൽ മന്ത്രി നിതിൻ ഗഡ്കരിയാണ് മന്ത്രി ജി സുധാകരന് ഇക്കാര്യത്തിൽ ഉറപ്പുനൽകിയത്. ഇതിനുപിന്നാലെയാണ് ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻപിള്ള കത്തയച്ചത്. ബിജെപി നേതാവ് വി മുരളീധരൻ എംപിയും ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രിയെ കണ്ടിരുന്നു എന്നാണ് സിപിഎം ആരോപണം

സിപിഎം നേതാക്കളുടെ ആരോപണത്തെ രൂക്ഷമായ ഭാഷയിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ എതിർക്കുന്നത്. പിള്ളയുടെ കത്തിലെ വാചകങ്ങൾ മനസ്സിലാകാതെയാണ് തോമസ് ഐസക്കിന്റെ ആരോപണം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞുവെക്കുന്നത്.
പിഎച്ച്ഡി കിട്ടിയതുകൊണ്ട് ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്ന് നിർബന്ധമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള പറഞ്ഞു.

പ്രളയദുരിതത്തിൽപ്പെട്ടവരുടെ സ്ഥലമേറ്റെടുക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്നാണ് കേന്ദ്രത്തിനയച്ച കത്തിലുള്ളത്. ജനങ്ങളുടെ ആശങ്ക അറിയിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ മന്ത്രി ആരോപിച്ചതുപോലെ ദേശീയപാത വികസനം അട്ടിമറിച്ചിട്ടില്ല. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ പലരും നിവേദനം നൽകാറുണ്ട്. വായിച്ചുനോക്കി അത് ബിജെപിയുടെ കവറിങ് ലെറ്റർവച്ച് കേന്ദ്രത്തിനോ സംസ്ഥാനത്തിനോ അയച്ചുനൽകാറുണ്ട്. അതാണ് ചെയ്തത്. സിപിഎമ്മിന്റെ ഒരു നേതാവും തന്നെ കാണാൻ വന്ന സംഘത്തിലുണ്ടായിരുന്നു. സിപിഎം മാനിയാക്കുകളെ പോലെയാണ് പെരുമാറുന്നത് എന്നും വാർത്താ സമ്മേളനത്തിൽ പിള്ള ആരോപിച്ചു. മനുഷ്യൻ അധപ്പതിച്ചാൽ മൃഗമാവുമെന്ന് അഴീക്കോട് പറഞ്ഞത് ഇപ്പോഴത്തെ ചില സിപിഎം നേതാക്കളെ കണ്ടാവും. സാമൂഹികദ്രോഹിയായി തന്നെ ചിത്രീകരിച്ച സിപിഎം നടപടി അപകടകരമാണെന്നും പിള്ള കൂട്ടിച്ചേർത്തു.

ദേശിയപാത വികസനത്തിലെ രാഷ്ട്രീയം
ദേശീയ പാത വികസനം എല്ലാക്കാലവും ഗവൺമെന്റുകൾക്ക് മുന്നിലെ പ്രധാന വെല്ലുവിളിയാകാറുണ്ട്. സ്ഥലം ഏറ്റെടുക്കലിനെതിരെ ഉയരുന്ന പ്രാദേശിക വികാരമാണ് ഇതിൽ പ്രധാനം. ഇതു കൊണ്ടു തന്നെ കഴിഞ്ഞ യുഡിഎഫ് സർക്കാർ 2013ൽ തന്നെ നടപടികൾ ഏതാണ്ട് അവസാനിപ്പിച്ചിരുന്നു.ജനരോഷത്തിന് ഇരയാകേണ്ടതില്ലെന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ, തുടർന്നു വന്ന ഇടതു സർക്കാർ ദേശീയ പാത വികസനം പ്രധാന അജണ്ടയായി ഏറ്റെടുക്കുകയായിരുന്നു. പ്രശ്‌നങ്ങൾ പരിഹരിച്ച് സംസ്ഥാനത്തിന്റെ വികസനം സാധ്യമാക്കി രാജ്യത്തിന് തന്നെ മാതൃകയാകാനായിരുന്നു ഇടത് നീക്കം.

്അപ്പോഴും സ്ഥലം ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ, പ്രശ്‌നങ്ങൾ പരിഹരിച്ച സംസ്ഥാന സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോയി. കണ്ണൂർ കീഴാറ്റൂർ, മലപ്പുറം ഉൾപ്പെടെ പല സ്ഥലങ്ങളിലും എതിർപ്പുണ്ടായെങ്കിലും സർക്കാർ പിന്നോട്ടു പോയില്ല. സ്‌ലമേറ്റെടുക്കാനായി ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ് കേന്ദ്രം പദ്ധതി അട്ടിമറിച്ചത്.

സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള തടസ്സങ്ങളുണ്ടായാലാണ് ദേശീയപാത നിർമ്മാണം മാറ്റിവയ്ക്കുക. എന്നാൽ, കേരളത്തിൽ ഏറ്റെടുക്കേണ്ട എല്ലാസ്ഥലങ്ങളിലും ത്രീ എ വിജ്ഞാപനം ഇറങ്ങി. പല റീച്ചുകളിലും പൂർണമായും ഭൂമി ഏറ്റെടുത്തു. വികസനം പൂർണമായും കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമാണെങ്കിലും കാലതാമസം ഒഴിവാക്കാൻ തൊണ്ടയാട്, രാമനാട്ടുകര, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമ്മാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തു. കരമന-കളിയിക്കാവിള റോഡ് നാലുവരിപ്പാതയാക്കുന്നതും സംസ്ഥാനത്തിന്റെ പണം ഉപയോഗിച്ചുമാണ്. നിശ്ചയിച്ച പ്രകാരം നിർമ്മാണം തുടങ്ങിയിരുന്നെങ്കിൽ 2020നകം പൂർത്തിയാകുമായിരുന്നു.

സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാരിന്റെ ഇടപെടലിലൂടെ തകിടം മറിക്കുകയാണ് ബിജെപി എന്നാണ് സിപിഎം വാദം. ഇതുവഴി സിപിഎമ്മിനെ ദുർബലപ്പെടുത്തി നേട്ടം കൊയ്യാമെന്ന് ബിജെപി കരുതുന്നു. അതു കൊണ്ടു തന്നെയാണ് ഈ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതു വരെ കേരളം മുൻഗണനാ പട്ടികയിൽ ഒന്നാമത് വരാത്തത്. പക്ഷേ വികസനം തടസ്സപ്പെടുന്നതോടെ ലോകത്തിനൊപ്പം ഓടിയെത്തേണ്ട ഒരു ജനത ഗതാഗതക്കുരുക്കുകളിൽ പെട്ട് വീർപ്പുമുട്ടും എന്നത് എല്ലാ നേതാക്കളും സൗകര്യപൂർവം മറക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP