Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

മായം കലർന്ന വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിക്കുന്നതോടെ വിപണിയിൽ എത്തുന്നത് പുതിയ പേരിൽ പഴയ 'സാധനം' തന്നെ; കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നൂറിലധികം ബ്രാൻഡുകൾ നിരോധിച്ചിട്ടും 'കള്ള വെളിച്ചെണ്ണ' ഇപ്പോഴും സുലഭം; വില്ലനാകുന്നത് തമിഴ്‌നാട്ടിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കെതിരെ നടപടി എടുക്കാൻ കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന് കഴിയാത്തത്

മായം കലർന്ന വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിക്കുന്നതോടെ വിപണിയിൽ എത്തുന്നത് പുതിയ പേരിൽ പഴയ 'സാധനം' തന്നെ; കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നൂറിലധികം ബ്രാൻഡുകൾ നിരോധിച്ചിട്ടും 'കള്ള വെളിച്ചെണ്ണ' ഇപ്പോഴും സുലഭം; വില്ലനാകുന്നത് തമിഴ്‌നാട്ടിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കെതിരെ നടപടി എടുക്കാൻ കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന് കഴിയാത്തത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മായം കലർന്ന വെളിച്ചെണ്ണയുടെ മലയാളക്കരയിലേക്കുള്ള ഒഴുക്കിൽ കുറവൊന്നുമില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകളിൽ മായം കലർന്ന വെളിച്ചെണ്ണകൾ കണ്ടെത്തിയാൽ കമ്പനികൾക്കെതിരെ നടപടി എടുക്കാതെ ബ്രാൻഡുകൾ മാത്രം നിരോധിക്കുന്നതാണ് 'കള്ള വെളിച്ചെണ്ണ' മലയാളികൾക്ക് വീണ്ടും കഴിക്കേണ്ടി വരുന്നത്. ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ബ്രാൻഡുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിക്കുമ്പോൾ അതേ സാധനം തന്നെ വേറെ പേരുകളിൽ പുറത്തിറക്കുകയാണ് കമ്പനികളുടെ രീതി. തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു കമ്പനിയുടെ മാത്രം നാല് വെളിച്ചെണ്ണ ബ്രാൻഡുകളാണ് മൂന്ന് മാസത്തിനുള്ളിൽ നിരോധിച്ചത്.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കേരളത്തിൽ നൂറിലധികം വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ചിട്ടുണ്ട്. ഇതിൽ നല്ലൊരു ശതമാനം തമിഴ്‌നാട്ടിലെ എണ്ണ മില്ലുകളിൽ നിന്ന് എത്തുന്നതാണ്. ചെറിയ കടകളിലും ഗ്രാമങ്ങളിലുമാണ് ഇത്തരം മായം ചേർത്ത വെളിച്ചെണ്ണകൾ വ്യാപകമായി വിൽക്കുന്നത്. അഞ്ച് ലക്ഷം രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ഗുണനിലവാരം കുറഞ്ഞ സൂര്യ, ആയില്യം എന്നീ വെളിച്ചെണ്ണ ബ്രാൻഡുകളാണ് കഴിഞ്ഞയാഴ്ച നിരോധിച്ചത്. രണ്ടും നിർമ്മിക്കുന്നത് തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നുള്ള കമ്പനിയാണ്. ഇതേ കമ്പനിയുടെ സൗഭാഗ്യ, സുരഭി എന്നീ വെളിച്ചെണ്ണ ബ്രാൻഡുകൾ മൂന്ന് മാസം മുമ്പ് നിരോധിച്ചിരുന്നു. പിടിക്കപ്പെട്ടതോടെ കമ്പനി പുതിയ പേരിൽ മായം ചേർത്ത വെളിച്ചെണ്ണ കേരളത്തിൽ എത്തിക്കുകയായിരുന്നു.

തമിഴ്‌നാട്ടിൽ നിന്നുള്ള മായം കലർത്തിയ വെളിച്ചെണ്ണകൾ നിരോധിക്കുന്നതിനപ്പുറം ഇത്തരം കമ്പനികൾക്ക് തടയിടാൻ കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിവിധ പേരുകളിലായി അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത് പതിവായിരിക്കുകയാണ്.

മറ്റ് ഏത് എണ്ണ വെളിച്ചെണ്ണയിൽ ചേർത്താലും തിരിച്ചറിയാൻ മാർഗമുണ്ട്.

 വെളിച്ചെണ്ണയിൽ മറ്റ് എണ്ണകൾ ചേർത്താൽ: വെളിച്ചെണ്ണയിൽ ഒരൽപ്പം ചെറിയ കുപ്പിയിൽ എടുക്കുക. തുടർന്ന് അത് റഫ്രിജറേറ്ററിൽ വയ്ക്കുക. വെൡച്ചണ്ണ വേഗം കട്ടിപിടിക്കുന്നതു കാണാം. അതിൽ മറ്റ് എണ്ണകൾ കലർത്തിയിട്ടുണ്ടെങ്കിൽ അത് പ്രത്യേക പാളിയായി മാറി നിൽക്കുന്നതിനാൽ പെട്ടെന്നുതന്നെ തിരിച്ചറിയാം. ശുദ്ധമായ വെളിച്ചെണ്ണ ഇളം വെള്ള നിറത്തിൽ കട്ടിപിടിച്ചു നിൽക്കും. പാചകത്തിനിടയിലും മായമുണ്ടെങ്കിൽ മനസ്സിലാകും. ശുദ്ധമായ വെളിച്ചെണ്ണ ചൂടാകുമ്പോഴുള്ള ഗന്ധമല്ല കലർപ്പുള്ള എണ്ണ ചൂടാക്കുമ്പോൾ.

ഒലിവ് എണ്ണയിൽ മായം ചേർത്താൽ: മറ്റ് എണ്ണകളെ പോലെ നിത്യോപയോഗ വസ്തുവായി ഒലിവെണ്ണ മാറിയിട്ടില്ല. എന്നാൽ ഹൃദയാരോഗ്യത്തിനുതകുന്നു എന്ന രീതിയിൽ ഒലിവെണ്ണ നമ്മുടെ നാട്ടിൽ പ്രചാരം നേടുന്നുണ്ട്. പ്രത്യേകിച്ചും ഗൾഫ് മലയാളികൾ ഒലിവെണ്ണയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാറുണ്ട്. വാങ്ങുന്ന എണ്ണയിൽ രണ്ടോ മൂന്നോ ടേബിൾ സ്പൂൺ ഒരു കുപ്പിയിലാക്കി റഫ്രിജറേറ്ററിൽ 24 മണിക്കൂർ സൂക്ഷിക്കുക. യഥാർഥ ഒലിവ് എണ്ണ മാത്രം കട്ടിപിടിക്കും. മായം ചേർത്ത എണ്ണ വേർതിരിഞ്ഞു നിൽക്കും.

നല്ലെണ്ണയിൽ(എള്ളെണ്ണ) മായം ചേർത്താൽ: പരുത്തിക്കുരു എണ്ണ, നിലക്കടലയെണ്ണ എന്നിവയാണ് മായമായി ചേർക്കുന്നത്. ലാബ് പരിശോധനയിലൂടെ ഇതു തിരിച്ചറിയാം. എന്നാൽ ഗന്ധത്തിൽ മാറ്റം വരുന്നത് നല്ലെണ്ണയുടെ മണം പരിചയിച്ചവർക്ക് പെട്ടെന്നു മനസ്സിലാകും. ഒരു തുള്ളി എണ്ണ വിരലിൽ തൊട്ട് നന്നായി തിരുമ്മി മണത്താൽ മായം ചേർത്തതാണെങ്കിൽ വ്യത്യാസം അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP