Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യം 37 രൂപ പറഞ്ഞ് ആക്ഷേപിച്ചു; പ്രതിഷേധിച്ചപ്പോൾ 150 ആക്കി; ഒടുവിൽ 200ന് സമ്മതിച്ചു; കർഷകർ ഒരുമിച്ചപ്പോൾ സർക്കാർ മുട്ടു മടക്കി; ആശങ്ക വേണ്ടെന്നും മനുഷ്യരിലേക്ക് പകരുന്ന വെറസുകൾ ഇല്ലെന്നും മുഖ്യമന്ത്രി

ആദ്യം 37 രൂപ പറഞ്ഞ് ആക്ഷേപിച്ചു; പ്രതിഷേധിച്ചപ്പോൾ 150 ആക്കി; ഒടുവിൽ 200ന് സമ്മതിച്ചു; കർഷകർ ഒരുമിച്ചപ്പോൾ സർക്കാർ മുട്ടു മടക്കി; ആശങ്ക വേണ്ടെന്നും മനുഷ്യരിലേക്ക് പകരുന്ന വെറസുകൾ ഇല്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ആലപ്പുഴയിൽ പക്ഷിപ്പനി പ്രതിരോധത്തിനായി രണ്ട് ലക്ഷം താറാവുകളെയാണ് കൊല്ലേണ്ടത്. എളുപ്പത്തിൽ സാധിക്കുമെന്നാണ് സർക്കാർ കരുതിയത്. രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ താറാവുകളെ കൊല്ലാൻ പ്രത്യേക സംഘവുമെത്തി. പക്ഷിപ്പനി മനുഷ്യരിലെത്തിയാലുള്ള ഭീതിയിൽ കർഷകർ വഴങ്ങുമെന്ന് തന്നെയാണ് കരുതിയത്. എന്നാൽ കൊല്ലാൻ വന്നവരോട് കർഷകർ ചോദിച്ചു. താറാവിലെ തരാം. പക്ഷേ എത്രരൂപ ഒന്നിന് കിട്ടും. 37 രൂപയെന്നായിരുന്നു മറുപടി. ഇതു കേട്ടതോടെ കർഷകർ തിരിച്ചു പറഞ്ഞു. ഞങ്ങളുടെ താറാവിന് പക്ഷിപ്പനിയൊന്നുമല്ല. അതുകൊണ്ട് ആരും അതിനെ കൊല്ലേണ്ടെന്നും.

ഇതോടെ ചർച്ച ചൂടുപിടിച്ചു. മുഖ്യന്ത്രി ഉമൻചാണ്ടി ഉന്നതതല യോഗം വിളിച്ചു. താറാവിനെ എല്ലാം കൊല്ലണമെന്ന് തീരുമാനവുമെടുത്തു. താറാവ് ഒന്നിന് 150 രൂപയും കുഞ്ഞിന് 70 രൂപയും നൽകാമെന്ന് പ്രഖ്യാപിച്ചു. പക്ഷേ കർഷകർ വഴങ്ങിയില്ല. അവർ ഒന്നിച്ചു നിന്നു. ദേശീയ പാത ഉപരോധിച്ചു. തങ്ങളുടെ വിയർപ്പിന് മതിയായ നഷ്ടപരിഹാരം നൽകാതെ ഒന്നും നടക്കില്ലെന്നും പ്രഖ്യാപിച്ചു. ഇതോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് സ്ഥലത്ത് എത്തി. പ്രശ്‌നങ്ങൾ മനസ്സിലാക്കി. കർഷകരുടെ എതിർപ്പിന്റെ കാഠിന്യവും മനസ്സിലായി. ഇതോടെ സർക്കാർ വഴങ്ങി.

മന്ത്രിസഭായോഗം നഷ്ടപരിഹാര തുക ഉയർത്തി. ഒരു താറാവിന് 200 രൂപ നൽകും. കുഞ്ഞു താറാവിന് 1500 രൂപയും. രണ്ട് മാസത്തിൽ താഴെയുള്ളതിനാണ് 100 രൂപ നൽകുക. ഇതോടെ പക്ഷിപ്പനി മൂലം താറാവ് കർഷകർ വലിയ പ്രതിസന്ധിയിലാകില്ലെന്നും ഉറപ്പായി. ഇനി താറാവുകളെ കൊല്ലാൻ കർഷകർ സമ്മതിക്കും. രോഗത്തിന്റെ ഭീതി ഉയർത്തി തുച്ഛമായ നഷ്ടപരിഹാരം നൽകാനുള്ള സർക്കാർ നീക്കത്തെയാണ് കുട്ടനാട്ടിലെ താറാവ് കർഷകർ ഒരുമിച്ച് നിന്ന് എതിർത്ത് തോൽപ്പിച്ചത്. ഒരു ഘട്ടത്തിൽ പക്ഷിപ്പനിയെന്ന നിലപാടിനെ പോലും അവർ ചോദ്യം ചെയ്തു. അങ്ങനെ പ്രതിഷേധത്തിന് മുന്നിൽ സർക്കാരിന് മുട്ട് മടക്കേണ്ടിയും വന്നു.

ജനപ്രതിനിധികൾ അടക്കമുള്ളവരുമായി നടത്തിയ ചർച്ചയിൽ ഉയർന്ന ആവശ്യം പരിഗണിച്ചാണ് നഷ്ടപരിഹാരത്തുക വർധിപ്പിച്ചതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിശദീകരിച്ചു. മനുഷ്യരിലേക്ക് പകരുന്ന വൈറസുകളുടെ സാന്നിധ്യം സംസ്ഥാനത്ത് എവിടെയും കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാൽ ആശങ്കയ്ക്ക് വകയില്ല. എന്നാൽ അതീവ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. സ്ഥിതിഗതികഗൾ നിയന്ത്രണ വിധേയമാണ്. സംസ്ഥാനത്ത് ആവശ്യമുള്ള മരുന്നുകൾ ഇല്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഒൻപത് ദിവസത്തേക്കുള്ള കരുതൽ മരുന്ന് ശേഖരമുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വസ്ത്രങ്ങളുടെ ശേഖരവുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 പക്ഷിപ്പനി നേരിടുന്നതിന് സംസ്ഥാന സർക്കാർ രണ്ടു കോടിരൂപയും അനുവദിച്ചു. പക്ഷിപ്പനി നേരിടുന്നതിന് രാജസ്ഥാനിൽ നിന്ന് മരുന്നുകൾ എത്തിക്കുവാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. എച്ച് 1 എൻ 1 രോഗത്തിന് നൽകുന്ന മരുന്നുകളാണ് എത്തിക്കുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ വളർത്തുപക്ഷികളെയാണ് കൊന്നൊടുക്കുന്നത്. പത്ത് കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് രോഗ നിർമ്മാർജന പ്രവർത്തനങ്ങൾ നടത്തുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ചത്തപക്ഷികളെ കുഴിച്ചിടുവാൻ പാടില്ലെന്നും കത്തിച്ചുകളയണമെന്നും ജില്ലാ കളക്ടർമാർക്ക് നിർദ്ദേശവും നൽകി. പക്ഷിപ്പനി നേരിടുന്നതിന് കേന്ദ്ര സർക്കാരിന്റെ സഹായം തേടാനും തീരുമാനമായി. ഇതു സംബന്ധിച്ച് വിശദമായ കത്ത് സംസ്ഥാനം കേന്ദ്രത്തിന് അയച്ചു.

ഇതിനിടെ ആലപ്പുഴ പുറക്കാട് പഞ്ചായത്തിൽ താറാവുകളെ കൊല്ലുവാനുള്ള നടപടികൾ ആരംഭിച്ചു. പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് താറാവുകളെ കൊല്ലുന്നത്. നഷ്ടപരിഹാര തുകയിൽ സർക്കാർ വ്യക്തവരുത്തിയതോടെയാണ് ഇത്. നാട്ടുകാരും ഇതുമായി സഹകരിക്കുന്നുണ്ട്. അതിനിടെ പക്ഷിപ്പനിയെ കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ മൂന്നംഗ് കേന്ദ്ര സംഘവും ആലപ്പുഴയിലെത്തു. സ്ഥിതി അതീവ ഗൗരവമാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വിലയിരുത്തുന്നുണ്ട്.

അതിനിടെ പക്ഷിപ്പനി ബാധിച്ച മേഖലകളിൽ ജനങ്ങൾക്കും പനി ബാധിച്ചതായി ആശങ്കയുണ്ട്. ആലപ്പുഴ ജില്ലയിലെ പുറക്കാട്, ഇല്ലിച്ചിറ മേഖലയിൽ നിന്ന് രണ്ട് കുടുംബങ്ങളിലെ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു കുടുംബങ്ങളിലെയും മൂന്നും നാലും പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പക്ഷിപ്പനി ഭീതിയെ തുടർന്ന് കുട്ടനാട്, ആമ്പലപ്പുഴ, താലൂക്കുകളിലെ വിവിധ ആശുപത്രികളിലെ ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ ക്രമാതീതമായ വർധനുമുണ്ട്.

പക്ഷിപ്പനി ഭീതി പടർന്നതോടെ ജനങ്ങൾ കൂട്ടമായി ആശുപത്രിയിൽ എത്തുകയാണ്. ശ്വാസകോശ സംബന്ധിയായ രോഗങ്ങളാണ് വരുന്നവരിൽ കൂടുതൽ പേർക്കും ഉള്ളത്. ഇത്തരം രോഗലക്ഷണങ്ങളുമായി വരുന്നവരുടെ കണക്കെടുപ്പ് ആരോഗ്യവകുപ്പ് ആരംഭിച്ചു. രോഗ ലക്ഷണം, രോഗിയുടെ വിവരം, രോഗി താമസിക്കുന്ന പ്രദേശത്തിന്റെ വിവരം എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക രജിസ്റ്റർ എഴുതി തയാറാക്കി സൂക്ഷിക്കാൻ ആരോഗ്യ വകുപ്പ് ഡോക്ടർമാർക്ക് നിർദ്ദേശം നൽകി.

പക്ഷിപ്പി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗനിയന്ത്രണ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ആലപ്പുഴ കളക്റ്റ്രേറ്റ്, ജില്ലാ മൃഗസംരക്ഷണ ഓഫീസ് എന്നിവിടങ്ങളിൽ കൺട്രോൾ റൂമും ജില്ലാ മെഡിക്കൽ ഓഫീസിൽ ഹെൽപ്പ് ഡെസ്‌കും തുടങ്ങി. ഇവ 24 മണിക്കൂറും പ്രവർത്തിക്കും. ഹെൽപ്പ് ഡസ്‌ക് ഫോൺ: 0477 2251650, 9446075229. കളക് ട്രേറ്റ് കൺട്രോൾ റൂം: 0477 2238630 ജില്ലാ മൃഗസംരക്ഷണ ഓഫീസ് കൺട്രോൾ റൂം : 0477 2252635/2252636.

പത്തനംതിട്ട കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ദുരന്തനിവാരണ സെല്ലിന്റെ കൺട്രോൾ റൂമിൽ 1077 എന്ന ടോൾ ഫ്രീ നമ്പരിൽ പക്ഷിപ്പനി സംബന്ധിച്ച അടിയന്തിര വിവരങ്ങൾ അറിയിക്കാം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പുളിക്കീഴ് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു-ഫോൺ മ്പർ 04692617991.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP