Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമൂഹ അടുക്കളയിലും കുടിവെള്ള വിതരണത്തിലും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആരെയും അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെറുംവാക്കായി; സിപിഎം ഏരിയാ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിനെതിരെ കോൺഗ്രസും ബിജെപിയും; തിരുവല്ല പെരിങ്ങര ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചൻ പ്രവർത്തനം വിവാദത്തിൽ

എസ്.രാജീവ്

തിരുവല്ല : കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആരെയും അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവനകൾക്കിടെ സമൂഹ അടുക്കളയിലും കുടിവെള്ള വിതരണത്തിലുമടക്കം സിപിഎം പ്രാദേശിക നേതൃത്വം അനാവശ്യ കൈ കടത്തലുകൾ നടത്തുന്നതായി പരാതി.

പെരിങ്ങര ഗ്രാമ പഞ്ചായത്തിലാണ് വിവാദം. സിപിഎം ഏരിയാ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്തെത്തിയതോടെയാണ് സംഭവങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയായി മാറിയത്. പെരിങ്ങര 11-ാം വാർഡിൽ പിഎംവി ഹൈസ്‌കൂളിൽ തുടങ്ങിയ സമൂഹ അടുക്കള പാർട്ടിക്കാരെ അണി നിരത്തി പിടിച്ചടക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ നീക്കം.

ഇതിനായി വാർഡ് മെമ്പർ പോലുമറിയാതെ പത്തംഗ സംഘത്തെ സന്നദ്ധ പ്രവർത്തകരായി സമൂഹ അടുക്കയിൽ തിരുകിക്കയറ്റാനുള്ള ശ്രമമാണ് ഇയാൾ ആദ്യം നടത്തിയത്. സന്നദ്ധ സേവകർക്കുള്ള പാസിനായി സഖാവ് തയാറാക്കി നൽകിയ ലിസ്റ്റ് വാർഡ് മെമ്പറെ പോലും കാണിക്കാതെ പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട് രഹസ്യമായി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പാസിനുള്ള അനുമതി പത്രവും ലിസ്റ്റും ഫോട്ടോകളും പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച വിവരം ഇതിനിടെ എങ്ങനെയോ വാർഡ് മെമ്പറുടെ ചെവിയിലെത്തി.

മെമ്പർ ഉടൻ തന്നെ പഞ്ചായത്ത് പ്രസിഡന്റിനെ വിവരം ധരിപ്പിച്ചു. ഇതോടെയാണ് സഖാവും സെക്രട്ടറിയും ചേർന്ന് നടത്തിയ കള്ളക്കളി പൊളിഞ്ഞത്. സംഭവമറിഞ്ഞ പ്രസിഡന്റ് ഉടൻ തന്നെ സെക്രട്ടറിയോട് ഇതു സംബന്ധിച്ച വിശദീകരണം ആരാഞ്ഞു. സംഗതി പൊല്ലാപ്പാകുമെന്ന് ഉറപ്പായതോടെ തനിക്ക് പിഴവ് പറ്റിയതാണെന്ന മാപ്പപേക്ഷയുമായി സെക്രട്ടറി സംഭത്തിൽ നിന്നും തടിയൂരി. ഇതിന് പിന്നാലെ പാസ് മോഹം ഉപേക്ഷിച്ച് സഖാവ് സ്റ്റേഷൻ കാലിയാക്കുകയായിരുന്നു.

സ്വന്തം പേരിലുള്ള ടെമ്പോ ട്രാക്‌സിൽ പഞ്ചായത്തിലെ ശുദ്ധജലക്ഷാമം നേരിടുന്ന ഭാഗങളിൽ കുടിവെള്ളം വിതരണം ചെയ്യാനുള്ള താൽക്കാലിക അനുമതി സെക്രട്ടറിയെ കൂട്ടുപിടിച്ച് പ്രസിഡന്റ് പോലുമറിയാതെ പിൻവാതിലിലൂടെ സഖാവ് നേടിയെടുക്കുകയായിരുന്നു. പാർട്ടിക്കൊടി കെട്ടിയ വണ്ടിയിൽ സഖാവിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം തുടങ്ങിയതോടെ ബിജെപി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും കുടിവെള്ള വിതരണത്തിന് അനുമതി തേടി പഞ്ചായത്ത് അധികൃതരെ സമീപിച്ചു. ഇതോടെ സഖാവിന്റെ നേതൃത്വത്തിൽ നടത്തുന്ന കുടിവെള്ള വിതരണം ഇന്നത്തോടെ അവസാനിപ്പിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയായിരുന്നു. പഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റി കൂട്ടി കരാർ നൽകിയ ശേഷം മാത്രം മതി കുടിവെള്ള വിതരണമെന്ന നിലപാടാണ് ഇപ്പോൾ ഗ്രാമ പഞ്ചായത്ത് സ്വീകരിച്ചിരിക്കുന്നത്.

പഞ്ചായത്ത് ഭരണത്തിലടക്കം സെകട്ടറി കാട്ടുന്ന രാഷ്ട്രീയ വേർതിരിവുകൾക്കെതിരെയും ജനപ്രതിനിധികൾ അടക്കമുള്ളവരോടുള്ള മോശം പെരുമാറ്റത്തിനെതിരെയും പഞ്ചായത്ത് ഭരണ സമിതിയിലെ 15 അംഗങ്ങൾ ഒപ്പിട്ട നിവേദനം രണ്ട് മാസം മുമ്പ് തദ്ദേശ സ്വയം ഭരണ ഡയറക്ടർ ഉൾപ്പടെയുള്ളവർക്ക് നൽകിയിരുന്നു. ഇത്തരം വിവാദങ്ങൾ കൊഴുക്കുന്നതിനിടെ സിപിഎമ്മിന് കുട പിടിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയെ കൊറോണാക്കാലം കഴിയുന്നതോടെ കണ്ടം വഴി ഓടിക്കണമെന്ന ബിജെപി പഞ്ചായത്ത് പ്രസിഡന്റിന്റെ ഫേസ് ബുക്ക് പോസ്റ്റും ഇതിനിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP