Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാടു വിറപ്പിച്ചു സുന്ദരിയുടെ വന സൈന്യം; നേർക്കുനേർ പോരാട്ടം ഏത് നിമിഷവും; കാടുപിടിച്ചവർ ഇനി ലക്ഷ്യമിടുന്നത് ക്യാമ്പസുകളെ; പെണ്ണും ഭീതിയും കലർത്തി മാവോയിസ്റ്റ് സാഹിത്യം സൃഷ്ടിച്ച് മാദ്ധ്യമങ്ങളുടെ ആഘോഷം തുടങ്ങി

കാടു വിറപ്പിച്ചു സുന്ദരിയുടെ വന സൈന്യം; നേർക്കുനേർ പോരാട്ടം ഏത് നിമിഷവും; കാടുപിടിച്ചവർ ഇനി ലക്ഷ്യമിടുന്നത് ക്യാമ്പസുകളെ; പെണ്ണും ഭീതിയും കലർത്തി മാവോയിസ്റ്റ് സാഹിത്യം സൃഷ്ടിച്ച് മാദ്ധ്യമങ്ങളുടെ ആഘോഷം തുടങ്ങി

കോഴിക്കോട്: കേരള കൗമുദിയിൽ ഇന്നത്തെ പത്രത്തിൽ അര ഡസൻ വാർത്തകളാണ് മാറ്റി വച്ചിരിക്കുന്നത്. നിറം പിടിപ്പിച്ച കഥകൾ ജനം വായിക്കും എന്ന തോന്നലാണ് ഇതിന്റെ പിന്നിൽ. ലൗവ് ജിഹാദിന്റെ തുടക്കവും ഇങ്ങനെ ആയിരുന്നു. വാർത്തകൾ ഇല്ലാതെ വലയുന്ന ചാനലുകൾ കേറി പിടിക്കുമെന്നും അതോടെ തങ്ങൾ കൊണ്ടുവന്ന വാർത്ത ചർച്ചയാകുമെന്നുമുള്ള വിശ്വാസമാണ് ഇത്തരം റിപ്പോർട്ടുകളുടെ പിന്നിൽ. സ്ത്രീയുടെ സാന്നിധ്യവും ഭീതിയും കൂടി നന്നായി കൂട്ടിച്ചേർത്താൽ വാർത്ത വായിക്കപ്പെടുമെന്ന വിശ്വാസമാണ് പ്രധാന കാരണം. ഇതുവരെ മാവോയിസ്റ്റ് വാർത്തകൾക്ക് വായനക്കാരുടെ ഇടയിൽ കാര്യമായ സ്വീകരണം ലഭിക്കാതെ വന്നതുകൊണ്ടാണ് ഈ നിറം കലർത്തൽ.

വർഷങ്ങൾക്കുമുമ്പ് തലയ്ക്ക് പത്തുലക്ഷം രൂപ വരെ വിലയിട്ടിട്ടും മാവോയിസ്റ്റുകളുടെ പെൺപുലിയെന്നറിയപ്പെടുന്ന സുന്ദരിയുടെ വനസേനയെ തളയ്ക്കാൻ കഴിയുന്നില്ലെന്നാണ് കേരളകൗമുദിയുടെ കണ്ടെത്തൽ. മാവോയിസ്റ്റുകളുമായുള്ള വാർത്തകൾ സൂക്ഷിച്ച് കൊടുക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുന്നു. കരുതലോടെ വേണം കാര്യങ്ങളെ കാണാണെന്നാണ് രമേശ് ചെന്നിത്തലയുടെ വാദം. രാജ്യ സുരക്ഷയെ ഓർത്ത് എല്ലാം രഹസ്യമാക്കി വയ്ക്കുകയും ചെയ്യുന്നു. ചോദ്യങ്ങൾ അതിരുവിടുമ്പോൾ കുറച്ചൊന്ന് കടുപ്പിച്ച് മറുപടി നൽകിയാണ് ആഭ്യന്തര മന്ത്രി മാദ്ധ്യമങ്ങളെ ഒഴിവാക്കുന്നത്. എന്നാൽ പൊലീസിലെ പ്രമുഖർക്ക് ഇത് ബാധകമല്ലേ എന്ന് കേരള കൗമുദി വായിച്ചാൽ തോന്നും. ആധികാരിക ഉറപ്പിക്കാനായി മുതിർന്ന പൊലീസ് ഉദ്യാഗസ്ഥരുടെ പേരു സഹിതം വാർത്ത നൽകുന്നു.

കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുടെ കമാൻഡോ സേനയ്ക്ക് കഴിഞ്ഞിട്ടില്ല. കേരളത്തെ വിറപ്പിച്ച് വയനാട്ടിൽ പൊലീസുമായി നേർക്കുനേർ ഏറ്റുമുട്ടിയത് മാവോയിസ്?റ്റുകളുടെ പശ്ചിമഘട്ട സ്‌പെഷ്യൽ മേഖലാസമിതിയിൽപ്പെട്ടവരാണെന്നാണ് കരുതപ്പെടുന്നത്.
അതിർത്തിമേഖലയിൽ തമ്പടിച്ചിട്ടുള്ള സായുധ മാവോയിസ്റ്റ് സംഘത്തിൽ നേത്രാവതി ദളത്തിന്റെ മിലിട്ടറി കമാൻഡർ വിക്രംഗൗഡ (ശ്രീകാന്ത്), സഹകമാൻഡർ സുന്ദരി (ഗീത), ലത, കന്യാകുമാരി, ജയണ്ണ, രവീന്ദ്ര, വേൽമുരുകൻ, സുരേഷ് എന്നിവരും മലയാളിയായ രൂപേഷുമുണ്ടാകുമെന്ന് കർണാടക ദൗത്യസംഘത്തെ നയിക്കുന്ന ദക്ഷിണറേഞ്ച് ഐ.ജി ബി.കെ.സിങ് പറഞ്ഞു. മറ്റ് സ്‌ക്വാഡുകളുടെ കമാൻഡർമാരായ ബാലാജി, യോഗേഷ്, കൃഷ്ണമൂർത്തി എന്നിവരുമുണ്ടാകാം.

ഝാർഖണ്ഡിൽ ഗറില്ലാ ആർമിയുടെ സായുധ പരിശീലനം നേടിയവരാണ് സംഘത്തിലുള്ളത്. കർണാടക നക്‌സൽ വിരുദ്ധസേനയുമായുള്ള വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ദിനകറിന്റെ ഭാര്യയാണ് സുന്ദരി. ബൽത്തങ്ങാടിയിലെ മുതിർന്ന നക്‌സൽ നേതാവ് വസന്തിന്റെ സഹോദരിയാണ്. 2006ൽ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി നേതൃനിരയിലേക്കുയർന്ന വിക്രം ഗൗഡയാണ് സായുധ സ്‌ക്വാഡിന്റെ കമാൻഡർ. നേത്രാവതി ദളം, കരാവലി ദളം തുടങ്ങി ആറ് സ്‌ക്വാഡുകളുടെ ചുമതലയും ഗൗഡയ്ക്കാണ്. വർഷങ്ങളായി ഒളിവിലുള്ള മലയാളിദമ്പതികളായ മാവോയിസ്റ്റ് മുൻ സംസ്ഥാനകമ്മിറ്റി സെക്രട്ടറിയും ദക്ഷിണമേഖലാ കമ്മി?റ്റിയംഗവുമായ രൂപേഷ് (പ്രവീൺ), ഭാര്യ പി.എ.ഷൈന എന്നിവർക്കും ഈ സംഘവുമായി അടുത്തബന്ധമുണ്ട്. രൂപേഷിന് ആശയപ്രചാരണത്തിനുള്ള ചുമതല നൽകിയിരിക്കുകയാണിപ്പോൾ-ഇങ്ങനെ പോകുന്ന വെളിപ്പെടുത്തൽ

തൃശൂർ സ്വദേശി പി.എ. ഷൈന ആശയപ്രചാരണത്തിനായും യോഗങ്ങൾക്കായും സ്ഥിരമായി നഗരങ്ങളിൽ തങ്ങുകയാണ്. നിലമ്പൂരിൽ ട്രെയിൻ ബ്രേക്ക്‌പൈപ്പുകൾ മുറിച്ചതടക്കമുള്ള കേസുകളിൽ ഇരുവരെയും സംശയമുണ്ട്. ഷിമോഗ, ദക്ഷിണകന്നഡ ജില്ലകളിലെ വനമേഖലയിൽ രൂപേഷിനെ കണ്ടതായി കർണാടക പൊലീസ് നേരത്തേ അറിയിച്ചിരുന്നു. തൃശൂരിലുള്ള മക്കളെ കാണാൻ ഇരുവരും ഇടയ്ക്കിടെ കേരളത്തിലെത്താറുണ്ടെന്നും വിവരമുണ്ടെന്നും പത്രം പറയുന്നു. ഇതിനൊപ്പം വെള്ളമുണ്ടയിലെ ആക്രമത്തിൽ മാവോയിസ്റ്റുകളുടെ വിശദീകരണവും നൽകുന്നു. എന്നാൽ വെടിവയ്‌പ്പ് സ്ഥിരീകരിക്കുന്നുമുണ്ട്. വയനാട്ടിലെ വെള്ളമുണ്ടയിൽ പൊലീസുമായി ഏറ്റുമുട്ടുകയോ ആക്രമണം നടത്തുകയോ ആയിരുന്നില്ലെന്നാണ് മാവോയിസ്റ്റുകൾ തങ്ങളുമായി അടുപ്പമുള്ളവരെ അറിയിച്ചിട്ടുള്ളത്. ചാപ്പ കോളനിയിൽ പൊലീസിൽനിന്ന് രക്ഷപ്പെടാൻ വെടിവയ്ക്കുകയായിരുന്നുവെന്നും പൊലീസ് പ്രചരിപ്പിക്കുന്നതുപോലെ 60 റൗണ്ട് വെടിവയ്പുണ്ടായിട്ടില്ലെന്നും പറയുന്നു.

ഇതിനു വിരുദ്ധമായ വാർത്തയും കേരള കൗമുദി നൽകുന്നു. ചാപ്പയിൽ രക്ഷപ്പെടാനുള്ള വെടിവയ്‌പ്പായിരുന്നു എന്ന് പറയുന്ന പത്രം തന്നെ മറ്റൊരു വാദവും അവതരിപ്പിക്കുന്നു. വയനാട്ടിലെ വനമേഖലയിലും ആദിവാസി കോളനികളിലും ഒളിപ്രവർത്തനം നടത്തിയിരുന്ന മാവോയിസ്റ്റുകൾ പരസ്യമായി ഏറ്റുമുട്ടലിന് തയ്യാറായത് വരുംദിനങ്ങളിലെ ചെറുത്തുനില്പിന്റെ സൂചനയാണെന്ന് പൊലീസിന്റെ നിഗമനം എന്നാണ് അത്. അതുകൊണ്ടുതന്നെ ശക്തമായ പ്രത്യാക്രമണം പൊലീസ് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ ജില്ലയിൽ വനമേഖലയോട് ചേർന്നുള്ള വെള്ളമുണ്ട, തിരുനെല്ലി, പുൽപ്പളി, തലപ്പുഴ, കേണിച്ചിറ, മേപ്പാടി തുടങ്ങിയ പൊലീസ് സ്റ്റേഷനുകൾക്ക് ശക്തമായ പൊലീസ് കാവലേർപ്പെടുത്തി. പൊലീസ് സ്റ്റേഷനുകൾക്കുനേരെ ആക്രമണം ഉണ്ടായേക്കാമെന്ന് നേരത്തേതന്നെ ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു.

ഇതിനൊപ്പം മാവോയിസ്റ്റ് വേട്ടയിൽ പൊലീസിലുള്ള അസ്വാരസ്യങ്ങളും ആത്മാർത്ഥതയും മറ്റൊരുവാർത്തയിലൂടെ ചോദ്യം ചെയ്യുന്നു. ഐ.ജി സുരേഷ്‌രാജ് പുരോഹിതിന്റെ നേതൃത്വത്തിൽ എസ്‌പിമാരായ പുട്ടവിമലാദിത്യ, എ.ശ്രീനിവാസ്, മഞ്ജുനാഥ് എന്നിവരെ ഉൾപ്പെടുത്തി മാവോയിസ്റ്റ് വിരുദ്ധസേന രൂപീകരിച്ച് രണ്ടുമാസം കഴിയുംമുൻപ് എസ്‌പിമാരെ മാറ്റിയത് വിവാദത്തിനിടയാക്കിയിരുന്നു. ശ്രീനിവാസിനെയും മഞ്ജുനാഥിനെയും പൊലീസ് ആസ്ഥാനത്തേക്കും പുട്ടവിമലാദിത്യയെ വയനാട്ടിലേക്കുമാണ് അന്ന് മാറ്റിയത്. മാവോയിസ്റ്റ് വേട്ട ഏകോപിപ്പിക്കാൻ പൊലീസ് ആസ്ഥാനത്ത് നിയോഗിച്ചിരുന്ന എ.ശ്രീനിവാസിനെ പിന്നീട് പത്തനംതിട്ടയ്ക്ക് മാറ്റുകയും ചെയ്തു.

യുവ ഐ.പി.എസുകാരെ സ്ഥലംമാറ്റി മാവോയിസ്റ്റ് വിരുദ്ധസേനയെ പൊളിച്ചടുക്കിയതിനെത്തുടർന്ന് ഐ.ജി സുരേഷ്‌രാജ് സ്ഥാനമൊഴിയാൻ സന്നദ്ധനായി. സർക്കാരുമായി ഉടക്കിയ സുരേഷിനെ പൊലീസ് അക്കാഡമിയിലേക്ക് മാറ്റി പകരം എട്ടുവർഷം പൊലീസിന് പുറത്തായിരുന്ന ഡി.ഐ.ജി ദിനേന്ദ്ര കശ്യപിന് കണ്ണൂർ റേഞ്ചിന്റേയും മാവോയിസ്റ്റ് വിരുദ്ധസേനയുടേയും ചുമതല നൽകുകയായിരുന്നു. മാവോയിസ്റ്റ് ഓപ്പറേഷനിൽ തീരെ പരിചയമില്ലാത്ത ഡി.ഐ.ജിയെ സേനയുടെ തലവനാക്കിയതോടെ തണ്ടർബോൾട്ടിന്റെ കാട്ടിലെ തിരച്ചിലും പേരിനു മാത്രമായി. ഇതാണ് മാവോയിസ്റ്റ് സാന്നിധ്യം കൂടുന്നതിനുള്ള കാരണമായി കേരള കൗമുദി അവതരിപ്പിക്കുന്നത്.

പൊലീസിലനെ വെല്ലുന്ന ആയുധങ്ങൾ മാവോയിസ്റ്റുകൾക്കുണ്ടെന്നും ചാപ്പയിലെ ആക്രമണത്തിനിടെ അവർക്ക് പരിക്കേറ്റെന്നുമാണ് മറ്റൊരു കഥ. വെള്ളമുണ്ടയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സൂചന. ഇതേതുടർന്ന് കേരളത്തിലേയും തമിഴ്‌നാട് കർണ്ണാടക അതിർത്തിയിലേയും ആശുപത്രികളിലും ക്‌ളിനിക്കുകളിലും പൊലീസ് വ്യാപക പരിശോധന നടത്തി. ആക്രമണത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് മാവോയിസ്റ്റ് സംഘം പിൻവാങ്ങിയെന്നാണ് പൊലീസിന് ലഭിച്ച സൂചന.
എ.കെ 47 തോക്കും ഇരട്ട ബാരൽ തോക്കുമാണ് മാവോയിസ്റ്റ് സംഘം ഉപയോഗിച്ചത്. ഏതാനും നാൾമുമ്പ് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റേതെന്ന നിലയിൽ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ എ.കെ 47 തോക്കുകളും കാണാമായിരുന്നു. ഇതോടെ പൊലീസിനോട് കിടപിടിക്കാവുന്ന ആയുധങ്ങൾ ഇവരുടെ കൈവശമുണ്ടെന്ന കാര്യം ഉറപ്പായെന്നാണ് റിപ്പോർട്ട്.

കാട് പിടിച്ച മാവോയിസ്റ്റുകൾ ഇനി ലക്ഷ്യമിടുന്നത് ക്യാമ്പസുകളെയാണെന്നാണ് മറ്റൊരു വാദം. സംസ്ഥാനത്തെ കോളേജ് കാമ്പസുകളിൽ സ്വാധീനമുറപ്പിക്കാൻ മാവോയിസ്റ്റുകൾ രഹസ്യനീക്കം തുടങ്ങിയതായി സൂചനയുണ്ടെന്ന് കേരള കൗമുദി പറയുന്നു. വയനാട്, പാലക്കാട്, തൃശൂർ, കാസർകോട്, ഇടുക്കി ജില്ലകളിലെ കാമ്പസുകളാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. വയനാട്ടിലെ വനത്തിൽ മാവോയിസ്റ്റ് സായുധസംഘവുമായുള്ള തണ്ടർബോൾട്ടിന്റെ ഏറ്റുമുട്ടലിനു പിറകെ ഡി.ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ വ്യാപകമായി നടത്തിയ തിരച്ചിലിനിടയിലാണ് കാമ്പസ് ബന്ധത്തിന്റെ സൂചനകൾ ലഭിച്ചത്.

ഈ സാഹചര്യത്തിൽ കോളേജുകളിൽ നിരീക്ഷണം ശക്തമാക്കും. കോളേജ് വിദ്യാർത്ഥികൾക്കായി രഹസ്യ സ്റ്റഡിക്‌ളാസ് നടത്തിയതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വൻതുകയും വാഹനവും മറ്റും വാഗ്ദാനം ചെയ്താണ് വിദ്യാർത്ഥികൾക്കായി വലവീശുന്നത്. മാവോയിസ്റ്റ് സംഘടനകളോട് അനുഭാവമുള്ള യുവജനവേദി, പോരാട്ടം തുടങ്ങിയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് കാമ്പസുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഇവർ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം തലശ്ശേരിയിലെ ഒരു ലോഡ്ജ് മുറിയിൽ ചേർന്ന രഹസ്യയോഗത്തിലേക്കു കോളേജ് വിദ്യാർത്ഥികളെ കൂടി പങ്കെടുപ്പിക്കണമെന്ന നിർദ്ദേശവുമുണ്ടായിരുന്നുവെന്നും കേരള കൗമുദി വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP