Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202226Sunday

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന വെസൽ കൊച്ചി കപ്പൽശാല നിർമ്മിക്കും; ഗ്രീൻ ഷിപ്പിംഗിലേക്കുള്ള രാജ്യത്തിന്റെ പരിശ്രമങ്ങൾക്ക് തുടക്കം കൊച്ചിയിൽ നിന്നും; 100 പേർക്ക് സഞ്ചരിക്കാവുന്ന വെസ്സലിന് പ്രതീക്ഷിക്കുന്നത് ഏകദേശം 17.50 കോടി രൂപ

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന വെസൽ കൊച്ചി കപ്പൽശാല നിർമ്മിക്കും; ഗ്രീൻ ഷിപ്പിംഗിലേക്കുള്ള രാജ്യത്തിന്റെ പരിശ്രമങ്ങൾക്ക് തുടക്കം കൊച്ചിയിൽ നിന്നും; 100 പേർക്ക് സഞ്ചരിക്കാവുന്ന വെസ്സലിന് പ്രതീക്ഷിക്കുന്നത് ഏകദേശം 17.50 കോടി രൂപ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ തദ്ദേശീയ ഇലക്ട്രിക് വെസ്സലുകൾ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നിർമ്മിക്കാൻ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയം തീരുമാനിച്ചു. ഗ്രീൻ ഷിപ്പിംഗിലേക്കുള്ള രാജ്യത്തിന്റെ പരിശ്രമങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ് ഈ പദ്ധതിയെന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവൽ വ്യക്തമാക്കി.

തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയവും, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും എനർജി ആൻഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച ഗ്രീൻ ഷിപ്പിംഗിനെക്കുറിച്ചുള്ള ശിൽപശാലയിലാണ് ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് വെസ്സലുകൽ നിർമ്മിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതി കേന്ദ്രമന്ത്രി സർബാനന്ദ സോനോവൽ അവതരിപ്പിച്ചത്. ഗ്ലോബൽ മാരിടൈം ഗ്രീൻ ട്രാൻസിഷനുകൾക്ക് അനുസൃതമായാണ് ഇലക്ട്രിക് വെസ്സലുകൾ രൂപകൽപന ചെയ്യുക. ഗ്രീൻ എനർജിയിലേക്കും ചെലവ് കുറഞ്ഞ ബദൽ ഇന്ധനങ്ങളിലേക്കും ചുവടുമാറ്റുന്നതിനുള്ള രാജ്യത്തിന്റെ നൂതന ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്ത്യൻ പങ്കാളികളുമായി സഹകരിച്ചായിരിക്കും കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് പദ്ധതി നടപ്പിലാക്കുകയെന്നും ഇതിനുള്ള അടിസ്ഥാന ജോലികൾ ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി അറിയിച്ചു. ഇതിനായി കൊച്ചിൻ ഷിപ്പ്യാർഡ് കെപിഐടി ടെക്നോളജീസ് ലിമിറ്റഡുമായും ഹൈഡ്രജൻ ഫ്യൂവൽ സെൽ മേഖലകളിലുള്ള ഇന്ത്യയിലെ ഡെവലപ്പർമാരുമായും ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിംഗുമായും സഹകരിച്ചായിരിക്കും അത്തരം കപ്പലുകൾക്കുള്ള നിയമങ്ങളും വ്യവസ്ഥകളും വികസിപ്പിക്കുക. ലോ ടെമ്പറേച്ചർ പ്രോട്ടോൺ എക്സ്ചേഞ്ച് മെംബ്രൻ ടെക്നോളജി (എൽടിപിഇഎം) അടിസ്ഥാനമാക്കിയുള്ള ഹൈഡ്രജൻ ഫ്യൂവൽ സെൽ വെസ്സലുകൾ അറിയപ്പെടുന്നത് ഇലക്ട്രിക് വെസ്സൽ (എഫ്സിഇവി) എന്ന പേരിലാണ്. 100 പേർക്ക് സഞ്ചരിക്കാവുന്ന വെസ്സലിന് ഏകദേശം 17.50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 75 ശതമാനം ഇന്ത്യാ ഗവൺമെന്റ് ധനസഹായം നൽകും.

ഗതാഗതത്തിനും സാധനസാമഗ്രികൾ കൈകാര്യം ചെയ്യുന്നതിനും വിവിധതരം എമർജൻസി ബാക്കപ്പ് പവർ ആപ്ലിക്കേഷനുകളിലുമടക്കം ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോഗിക്കാം. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഫ്യൂവൽ സെല്ലുകൾ, ഹെവി ഡ്യൂട്ടി ബസ്, ട്രക്ക്, ട്രെയിൻ ആപ്ലിക്കേഷനുകളിൽ ഇതിനകം പ്രയോഗിച്ചിട്ടുള്ള കാര്യക്ഷമമായ, സീറോ എമിഷനുള്ള പരിസ്ഥിതി സൗഹൃദപരമായ ഊർജസ്രോതസ്സാണ്. ഇപ്പോഴാണ് അവ മറൈൻ ആപ്ലിക്കേഷനുകൾക്കായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ദേശീയ, അന്തർദേശീയ തലങ്ങളിൽ തീരദേശ- ഉൾനാടൻ കപ്പലുകളുടെ വിഭാഗത്തിലുള്ള വിപുലമായ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു ലോഞ്ച്പാഡായിട്ടാണ് ഹൈഡ്രജൻ ഇന്ധനമുള്ള ഇലക്ട്രിക് വെസലുകൾ വികസിപ്പിക്കുന്നതിനെ സർക്കാർ കണക്കാക്കുന്നത്. 2070ഓടെ കാർബൺ ന്യൂട്രൽ ആകുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം കൈവരിക്കുന്നതിനു സഹായകമാകുന്ന ഈ പദ്ധതി, 2030 ഓടെ അന്താരാഷ്ട്ര ഷിപ്പിംഗിന്റെ കാർബൺ തീവ്രത 40 ശതമാനവും 2050 ഓടെ 70 ശതമാനവുമായി കുറയ്ക്കാൻ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (ഐഎംഒ) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മനുഷ്യരാശിയുടെ നിലനിൽപ്പിനായി ഭൂമിയെ സംരക്ഷിക്കാൻ നമ്മൾ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. അന്താരാഷ്ട്ര സോളാർ സഖ്യത്തിന്റെ നേതൃ നിരയിലുള്ള ഇന്ത്യ 'വൺ സൺ, വൺ വേൾഡ്, വൺ ഗ്രിഡ്' സംരംഭത്തിന്റെ ആവശ്യകതക്കായി ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

തുറമുഖ, ഷിപ്പിങ്, ജലപാത സഹമന്ത്രി ശാന്തനു താക്കൂർ, മന്ത്രാലയ സെക്രട്ടറി ഡോ. സഞ്ജീവ് രഞ്ജൻ ഐ എ എസ്, നിതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത് ഐ എ എസ്, ദി എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. വിഭാ ധവൻ, ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ ഗ്ലോബൽ പാർട്ണർഷിപ്പ് ആൻഡ് പ്രോജക്ട്സ് മേധാവി ജോസ് മത്തേയ്ക്കൽ,ഇന്നൊവേഷൻ നോർവേ ഇന്ത്യ കൺട്രി ഡയറക്ടറും നോർവീജിയൻ എംബസിയിലെ കമേഴ്സ്യൽ കൗൺസിലറുമായ ക്രിസ്റ്റ്യൻ വാൽഡെസ് കാർട്ടർ തുടങ്ങിയവർ ശിൽപശാലയിൽ പ്രസംഗിച്ചു. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് സിഎംഡി മധു എസ് നായർ നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP