Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെട്രോ കോച്ചുകൾ ഇന്ന് മുട്ടം യാർഡിൽ; പരീക്ഷണ ഓട്ടത്തിന് പാതകൾ സജ്ജമെന്ന് ഡിഎംആർസി; വികസനത്തിന്റെ പുത്തൻ പ്രതീക്ഷയിൽ കൊച്ചിക്കാർ ആവേശത്തിൽ

മെട്രോ കോച്ചുകൾ ഇന്ന് മുട്ടം യാർഡിൽ; പരീക്ഷണ ഓട്ടത്തിന് പാതകൾ സജ്ജമെന്ന് ഡിഎംആർസി; വികസനത്തിന്റെ പുത്തൻ പ്രതീക്ഷയിൽ കൊച്ചിക്കാർ ആവേശത്തിൽ

കൊച്ചി: കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിനുള്ള ക്രമീകരണങ്ങൾ മെട്രോ യാർഡിൽ പൂർത്തിയായെന്ന് ഡി.എം.ആർ.സി. അറിയിച്ചു. വികസന പ്രതീക്ഷകൾക്ക് പുതുമാനം നൽകി കൊച്ചി മെട്രോ റെയിലിന്റെ ആദ്യ കോച്ചുകൾ ആലുവയിലെത്തി. ഇന്നലെ രാത്രി എത്തുമെന്ന് കരുതിയിരുന്ന കോച്ചുകൾ പകൽ മൂന്നോടെതന്നെ ആലുവ പുളിഞ്ചുവട് ജംങ്ഷനിൽ എത്തി. ഇന്ന് രാവിലെ 8.30ന് കോച്ചുകൾ മുട്ടം യാർഡിലേക്ക് മാറ്റും. തുടർന്ന് ഉച്ചകഴിഞ്ഞ് പരിശോധനകൾക്കുശേഷം ആദ്യ കോച്ച് അൺലോഡിങ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റും. മറ്റു രണ്ടെണ്ണം തിങ്കളാഴ്ചയായിരിക്കും മാറ്റുക. മൂന്നു കോച്ചുകൾ 23 ന് പരീക്ഷണ ഓട്ടം നടത്തും.

അൺലോഡിങ് ഏരിയയിൽ ഇറക്കുന്ന കോച്ചുകൾ പാക്കിങ് മാറ്റി പത്തു ദിവസത്തോളം ഇൻസ്‌പെക്ഷൻ ലൈനിൽ പരിശോധനകൾക്കു വിധേയമാക്കും. ഇവിടെവച്ചാണു കോച്ചുകൾ കൂട്ടിയോജിപ്പിച്ച് ട്രെയിൻ ആക്കുന്നത്. പത്തു ദിവസത്തിനു ശേഷമേ ട്രെയിൻ ടെസ്റ്റ് ട്രാക്കിലേക്കു മാറ്റി ഓടിച്ചു നോക്കൂ. ഇലക്ട്രിക്കൽ മെക്കാനിക്കൽ പരിശോധനകളാണ് ഇവിടെ നടക്കുന്നത്. ബ്രേക്ക്, വിവര വിനിമയ സംവിധാനങ്ങൾ എന്നിവ ഈ ഘട്ടത്തിൽ പരിശോധിക്കും. ഈ മാസം 23 നു കൊച്ചി മെട്രോ കോച്ചുകളുടെ പരീക്ഷണ ഓട്ടം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഫ്‌ലാഗ് ഓഫ് ചെയ്യും. 900 മീറ്റർ നീളമുള്ള ട്രാക്കിലാണു പരീക്ഷണ ഓട്ടം.

ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലെ അൽസ്റ്റോം ഫാക്ടറിയിൽ നിർമ്മിച്ച കോച്ചുകളാണ് റോഡ് മാർഗം എത്തിച്ചത്. മൂന്ന് കൂറ്റൻ ട്രെയിലർ ലോറികളിലാണ് കോച്ചുകൾ കൊണ്ടുവരുന്നത്. യാർഡിലെ പൽറ്റ്‌ഫോമിൽ ഇറക്കുന്ന കോച്ചുകളിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ അൽസ്റ്റോമിന്റെ എൻജിനീയർമാർ വരുത്തും. പരീക്ഷണ ഓട്ടത്തിന് തയ്യാറാക്കാനാണിത്. തുടർന്ന് ഒന്നര കിലോമീറ്റർ ദൂരത്തിൽ ഒരുക്കിയ ട്രാക്കിൽ 23 ന് പരീക്ഷണ ഓട്ടം നടത്തും. വലിയവാഹനമായതിനാൽ പകൽ യാത്ര ഒഴിവാക്കി രാത്രിയിൽ മാത്രമാണ് സഞ്ചരിച്ചത്. ഡ്രൈവറുടെ കാബിൻ ഉൾപ്പെടെയുള്ളതാണ് മൂന്ന് കോച്ചുകൾ. 66 മീറ്റർ നീളമുള്ള കോച്ചിന് 2.99 മീറ്റർ വീതിയുണ്ട്. 8.3 കോടി രൂപയാണ് ചെലവ്. മൂന്ന് കോച്ചുകൾ വീതമുള്ള 25 ട്രെയിനുകളാണ് കൊച്ചി മെട്രോ ആദ്യഘട്ടത്തിൽ ഉപയോഗിക്കുക. രണ്ടാമത്തെ കോച്ച് സെറ്റുകൾ ഏപ്രിലിലെത്തും.

ഭീമൻ ട്രെയ്‌ലറുകളിൽ എത്തിയ കോച്ചുകൾ ആലുവയിലൂടെ കടന്നുപോയവർക്ക് കൗതുകമായി. ഈ മാസം രണ്ടിനാണ് ആദ്യഘട്ടത്തിലെ മൂന്നു കോച്ചുകൾ ആന്ധ്രയിലെ നിർമ്മാതാക്കളായ അൽസ്‌റ്റോം കെ.എം.ആർ.എലിന് കൈമാറിയത്. പ്രത്യേക ട്രെയ്‌ലർ ലോറികളിലാണ് കൊണ്ടുവന്നത്. വെള്ളിയാഴ്ച കോച്ചുകൾ വാളയാർ ചെക്‌പോസ്റ്റിൽ എത്തി.അവിടെ നിന്ന് ആലുവയിലും. ഇതിനിടെയാണ് പരീക്ഷണ ഓട്ടത്തിനുള്ള ക്രമീകരണങ്ങൾ മെട്രോ യാർഡിൽ പൂർത്തിയായെന്ന് ഡി.എം.ആർ.സി. അറിയിച്ചത്. ഡി.എം.ആർ.സി: എം.ഡി മങ്കു സിങ്ങും കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജും ഉൾപ്പെട്ട സംഘം ഇന്നലെ മുട്ടം യാർഡിലെ മറ്റ് ക്രമീകരണങ്ങൾ പരിശോധിച്ചു.

മെട്രോ കോച്ചിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ദേശീയപാതയിൽ പുളിഞ്ചോടിന് സമീപം ആദ്യ മൂന്ന് കോച്ചുകളും വഹിച്ചെത്തിയ ട്രെയിലറുകൾക്ക് ജനങ്ങൾ ഗംഭീര വരവേൽപ്പ് നൽകി. ഇന്ന് രാവിലെയാകും വരവെന്ന പ്രതീക്ഷയിൽ സ്വീകരണത്തിന് ജനപ്രതിനിധികളാരും ആദ്യം ഉണ്ടായില്ല. വിവരമറിഞ്ഞ് പിന്നീടാണ് നേതാക്കൾ എത്തിയത്. പറഞ്ഞതിലും നേരത്തേവന്ന ട്രെയിലറുകൾക്ക് അതിന്റെ കുറവൊന്നും കാണിക്കാതെയായിരുന്നു ജനകീയ വരവേൽപ്പ്. ട്രെയിലറുകൾക്ക് മുമ്പിൽ മെട്രോ കോച്ചിന് സ്വാഗതം എന്ന ബാനർ കെട്ടി ഡ്രൈവർക്ക് അൻവർ സാദത്ത് എംഎ‍ൽഎ മധുരം നൽകി.

തുടർന്ന് എംഎ‍ൽഎയും പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉദയകുമാറും ചേർന്ന് വാഹനത്തിൽ പൊന്നാട ചാർത്തി. കൗതുകത്തോടെ തിങ്ങിക്കൂടിയവർക്കും കടന്നുപോയ വാഹനങ്ങളിലെ യാത്രികർക്കുമെല്ലാം ലഡുവും പേടയും വിതരണം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP