Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്കുമാറിന്റെ കുടുംബം സമരത്തിൽ നിന്നും പിന്മാറിയത് സർക്കാർ ഒപ്പമുണ്ടെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ; നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പിണറായി വിജയൻ; തൽക്കാലം സമരം ഇല്ലെങ്കിലും സർക്കാർ വാക്ക് പാലിച്ചില്ലെങ്കിൽ സമരം ചെയ്യുമെന്നും രാജ്കുമാറിന്റെ ഭാര്യ വിജയമ്മ

രാജ്കുമാറിന്റെ കുടുംബം സമരത്തിൽ നിന്നും പിന്മാറിയത് സർക്കാർ ഒപ്പമുണ്ടെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ; നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പിണറായി വിജയൻ; തൽക്കാലം സമരം ഇല്ലെങ്കിലും സർക്കാർ വാക്ക് പാലിച്ചില്ലെങ്കിൽ സമരം ചെയ്യുമെന്നും രാജ്കുമാറിന്റെ ഭാര്യ വിജയമ്മ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കസ്റ്റഡിമരണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതു വരെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുമെന്ന നിലപാടിൽ നിന്നും രാജ്കുമാറിന്റെ കുടുംബം പിന്മാറി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തിയതിന് ശേഷമാണ് നെടുങ്കണ്ടത്ത് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്കുമാറിന്റെ ഭാര്യയും ഭാര്യാമാതാവും സമരം ഉപേക്ഷിച്ചതായി അറിയിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് രാജ്കുമാറിന്റെ കുടുംബം പറഞ്ഞു. സർക്കാർ കൂടെയുണ്ടെന്നും ഭയപ്പെടേണ്ടെന്നും അറിയിച്ചതായും രാജ്കുമാറിന്റെ ഭാര്യാമാതാവ് സുന്ദരി പറഞ്ഞു.

തൽക്കാലം നടപടി ആവശ്യപ്പെട്ട് നാളെ സമരം തുടങ്ങില്ലെന്നും സർക്കാർ വാക്ക് പാലിച്ചില്ലെങ്കിൽ മാത്രം സമരമെന്നും രാജ്കുമാറിന്റെ ഭാര്യ വിജയമ്മ അറിയിച്ചു. മുഖ്യമന്ത്രിയെ കണ്ടതിൽ പൂർണ സംതൃപ്തിയുണ്ട്. എല്ലാ ആവശ്യങ്ങളോടും അനുകൂലമായി പ്രതികരിച്ചു. സാധ്യമായതെല്ലാം ചെയ്യാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും വിജയമ്മ പറഞ്ഞു.

ജൂൺ 12-നാണ് ഹരിത ഫിനാൻസ് ചിട്ടി തട്ടിപ്പിൽ പ്രതിയാക്കി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാൽ ജൂൺ 15-ന് രാത്രിയിൽ മാത്രമാണ് പൊലീസ് രാജ് കുമാറിനെ കോടതിയിൽ ഹാജരാക്കുന്നത്. ജൂൺ 16-ന് രാത്രി 9.30-നു രാജ്കുമാറിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജൂൺ 21-ന് ആരോഗ്യ നില മോശമായതിനെത്തുടർന്ന് രാജ്കുമാറിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വച്ചാണ് രാജ്കുമാർ മരിച്ചത്.

രാജ്കുമാറിന് ഏറ്റത് മൃഗീയ മർദ്ദനമാണെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നേരത്തേ പുറത്തു വന്നിരുന്നു. ഗുരുതരമായ ആന്തരിക മുറിവുകൾ രാജ്കുമാറിന്റെ ശരീരത്തിലുണ്ടായിരുന്നെന്നും, ഇതിന് കാരണം ക്രൂരമായ മർദ്ദനമായിരുന്നെന്നും തെളിയിക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

രാജ്കുമാറിന്റെ ശരീരത്തിൽ ഗുരുതരമായ ആന്തരിക മുറിവുകളുണ്ടായിരുന്നു. ഈ മുറിവുകളുണ്ടാകാൻ കാരണം മൃഗീയമായി മർദ്ദനമേറ്റതാണ്. രാജ്കുമാറിന്റെ ദേഹത്താകെ ഏഴ് ചതവുകളും 22 പരിക്കുകളും ഉണ്ട്. തുടയിലും കാൽവെള്ളയിലും ചതവുകളും അടിയേറ്റ പാടുകളും കാണാം. മരണകാരണം ആന്തരിക മുറിവുകളെ തുടർന്നുണ്ടായ ന്യൂമോണിയയാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു.രാജ്കുമാറിന്റെ മൂത്രസഞ്ചി കാലിയായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

രാജ്കുമാറിന്റെ ദേഹത്ത് പ്രധാനമായും അരയ്ക്ക് താഴെയാണ് പരിക്കുകളുള്ളത്. പൊലീസ് ആരോപിക്കുന്നത് പോലെ നാട്ടുകാർ തല്ലിയതാണെങ്കിൽ ദേഹത്തെമ്പാടും പരിക്കുകളുണ്ടാകണമായിരുന്നു. എന്നാൽ അരയ്ക്ക് താഴെ കാൽവെള്ളയിലും തുടയിലുമാണ് രാജ്കുമാറിന് പ്രധാനമായും പരിക്കേറ്റിരിക്കുന്നത്. അതായത് കസ്റ്റഡിയിലിരിക്കെ തന്നെയാണ് രാജ്കുമാറിന് മർദ്ദനമേറ്റിരിക്കുന്നത് എന്ന് കൃത്യമായി സൂചിപ്പിക്കുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

കസ്റ്റഡിമരണത്തിൽ ഉത്തരവാദികളായവരെ സർക്കാർ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിലും പറഞ്ഞിരുന്നു. കസ്റ്റഡി മരണക്കേസ് വളരെ ഗൗരവമായാണ് സർക്കാർ കാണുന്നത്. അത് ആ തരത്തിൽ തന്നെ സർക്കാർ കൈകാര്യം ചെയ്യും. കേസിൽ വകുപ്പുതല അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്. കേസിൽ നാട്ടുകാർക്കെതിരെ പരാതി നൽകിയതിന് പിന്നിൽ പൊലീസിന്റെ സ്വാധീനമുണ്ടോ എന്നും അന്വേഷിക്കുമെന്നും കസ്റ്റഡി മരണക്കേസിൽ കുറ്റക്കാരായവർ ആരും സർവീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP