Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

മൂന്നാറിലെ അനധികൃത നിർമ്മാണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല; നിയന്ത്രണപരിധി കുറക്കുന്ന കാര്യത്തിൽ കൂടുതൽ പരിശോധന ആവശ്യം; ഇടുക്കിയിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി

മൂന്നാറിലെ അനധികൃത നിർമ്മാണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല; നിയന്ത്രണപരിധി കുറക്കുന്ന കാര്യത്തിൽ കൂടുതൽ പരിശോധന ആവശ്യം; ഇടുക്കിയിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടുക്കിയിലെ കർഷകരുടെയും മറ്റു വിഭാഗം ജനങ്ങളുടെയും ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗത്തിൽ ഉറപ്പു നൽകി. ഭൂമി പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 2019 ഓഗസ്റ്റ് 22 ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഇടുക്കിയിലെ കർഷകർക്കും അവിടുത്തെ താമസക്കാർക്കും പ്രയാസമുണ്ടാക്കുന്നുവെന്ന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും യോഗത്തിൽ ഉന്നയിക്കുയുണ്ടായി. ഈ അഭിപ്രായങ്ങൾ കണക്കിലെടുത്ത് നിയമപരമായ പരിശോധന നടത്തുമെന്നും ക്രിയാത്മകമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്നാറിന്റെ സവിശേഷതകൾ കണക്കിലെടുത്ത് ആ പ്രദേശം പ്രത്യേകമായി സംരക്ഷിക്കപ്പെടണം എന്നതാണ് സർക്കാരിന്റെ നിലപാട്. ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് ഓരോ വർഷവും അവിടെ എത്തുന്നത്. സഞ്ചാരികൾക്കു മുഴുവൻ മൂന്നാറിൽ തന്നെ താമസം ഒരുക്കേണ്ടതില്ല. മൂന്നാറിന് ഉൾക്കൊള്ളാവുന്ന ടൂറിസ്റ്റുകൾ എത്രയാണെന്ന് കണക്കാക്കേണ്ടതുണ്ട്. അതിനുസരിച്ചുള്ള നിയന്ത്രണങ്ങൾ വേണ്ടി വരും. മൂന്നാറിന് പ്രത്യേകമായി കെട്ടിട നിർമ്മാണ ചട്ടങ്ങൾ ഉണ്ടാക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. അതിനുസരിച്ചുള്ള നടപടികൾ എടുത്തുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

മൂന്നാറിലെ അനധികൃത നിർമ്മാണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. മൂന്നാറിന്റെ പ്രത്യേകതകൾ സംരക്ഷിക്കുന്നതിന് എത്ര വില്ലേജുകൾ അതിൽ ഉൾപ്പെടുത്തണം എന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇപ്പോൾ എട്ട് വില്ലേജുകളിലാണ് കോടതി ഉത്തരവിനെ തുടർന്ന് റവന്യൂ വകുപ്പിന്റെ എൻഒസി ആവശ്യമായി വരുന്നത്. ഈ നിയന്ത്രണപരിധി കുറക്കുന്ന കാര്യത്തിൽ കൂടുതൽ പരിശോധന ആവശ്യമാണ്. സർക്കാർ ഇക്കാര്യം പരിശോധിക്കും. എന്നാൽ ആരാധനാലയങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ മുതലായ പൊതുകെട്ടിടങ്ങൾ സംരക്ഷിക്കുന്നതിന് പ്രത്യേക സമീപനം വേണ്ടി വരും.

കേരളത്തിന്റെ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്ന ഇടുക്കി ജില്ലയിലെ ഭൂപ്രശ്നം പരിഹരിക്കുന്നതിന് സജീവമായ ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളത്. ഇതിനുവേണ്ടി സർവകക്ഷി യോഗവും സാമൂഹിക സഘടനകളുടെയും പരിസ്ഥിതി സംഘടനകളുടെയും യോഗങ്ങളും സർക്കാർ വിവിധ ഘട്ടങ്ങളിൽ വിളിച്ചു ചേർത്തിരുന്നു. എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചാണ് സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചത്.

1964 -ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുകിട്ടാവുന്ന ഭൂമിയുടെ അളവ് നാല് ഏക്കറിൽ നിന്ന് ഒരു ഏക്കറായി ചുരുക്കിയിരുന്നു. അത് നാല് ഏക്കറായി പുനഃസ്ഥാപിച്ചു. കുടുംബത്തിന്റെ വരുമാന പരിധി ഒരു ലക്ഷം രൂപയായി നിജപ്പെടുത്തിയിരുന്നു. ആ നിബന്ധന ഒഴിവാക്കി. പത്തുചങ്ങല പ്രദേശത്ത് ദശാബ്ദങ്ങളായി താമസിച്ച് കൃഷി ചെയ്തു വരുന്ന കുടുംബങ്ങൾക്ക് മൂന്നുചെയിൻ വിട്ടുള്ള പ്രദേശത്ത് പട്ടയം നൽകുന്നതിന് അനുമതി നൽകി. 1993 ലെ ഭൂപതിവ് പ്രത്യേക ചട്ടപ്രകാരം പട്ടിക വർഗ്ഗക്കാർ കൈവശം വച്ചുവരുന്ന ഭൂമിക്ക് പട്ടയം നൽകാൻ നിർദ്ദേശം നൽകി. സുപ്രീം കോടതിയുടെ അനുമതി ലഭിച്ച 19,000 ഏക്കർ ഭൂമി ഭൂരഹിതർക്ക് നൽകുന്നതിനുള്ള നടപടി വേഗത്തിലാക്കുന്നതിന് സമിതി രൂപീകരിച്ചു.

ഇടുക്കി ഡാമിന്റെ മൂന്നുചെയിൻ പ്രദേശത്ത് പട്ടയം കൊടുക്കുന്നതിന് തർക്കമില്ലെന്ന് കെ.എസ്.ഇ.ബി റവന്യൂ വകുപ്പിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ എടുത്തു വരുന്നു. കൃഷിക്കാർ വച്ചു പിടിപ്പിക്കുന്ന മരം മുറിച്ചു മാറ്റുന്നതിന് തടസ്സമായ ഉത്തരവുകൾ ഭേദഗതി ചെയ്ത് പ്രശ്നം ശാശ്വതമായി പരിഹരിച്ചു. പദ്ധതികൾ ഉപേക്ഷിച്ച പ്രദേശത്തെ പട്ടയ നടപടികൾ വേഗത്തിലാക്കി. ഇതിനുവേണ്ടി 1964 ലെ ഭൂപതിവ് ചട്ടങ്ങളിലെ അവ്യക്തകൾ പരിഹരിച്ചു. ജനങ്ങൾക്ക് അസൗകര്യമാണെന്ന് കണ്ടെതിനാൽ മൂന്നാർ ട്രിബ്യൂണൽ വേണ്ടെന്ന് വച്ചു.

സർവേ നമ്പർ തെറ്റായി രേഖപ്പെടുത്തിയതു മൂലം പട്ടയ അവകാശികളും ഉടമസ്ഥരും നേരിട്ടിരുന്ന പ്രതിസന്ധി പരിഹരിച്ചു. ഇതിനുവേണ്ടി ഭൂമിയുടെ നിജസ്ഥിതി പരിശോധിച്ച് രേഖകകളിൽ തിരുത്തലുകൾ വരുത്താൻ ഉത്തരവിറക്കി.നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിരുകൾ നിർണ്ണയിക്കുന്നതിൽ ജനങ്ങൾക്കുണ്ടായിരുന്ന ആശങ്കകൾ പരിഹരിക്കുന്നതിന് സർക്കാർ ഇടപെട്ടു. മൂന്നു മന്ത്രിമാർ ജനങ്ങളുമായി ആശയവിനിമയം നടത്തി പ്രശ്നപരിഹാരത്തിന് രൂപരേഖ തയ്യാറാക്കി അത് നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കർഷകരുടെയും ഭൂരഹിതരുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃഷിക്കായി സർക്കാർ ഭൂമി പതിച്ചു നൽകുന്നതിനുള്ള 1964 ലെ ഭൂപതിവു ചട്ടങ്ങൾക്കും 1993 ലെ പ്രത്യേക ചട്ടങ്ങൾക്കും കാലോചിതമായ ഭേദഗതി ആവശ്യമാണെന്ന് യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പൊതുവേ ആവശ്യപ്പെട്ടു.

യോഗത്തിൽ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, വൈദ്യുതി മന്ത്രി എം.എം. മണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.ജെ.തോമസ്, കെ.കെ.ജയചന്ദ്രൻ (സിപിഐ.എം), ഇബ്രാഹിം കുട്ടി കല്ലാർ, റോയി.കെ. പൗലോസ് (കോൺഗ്രസ്സ്), കെ. പ്രകാശ് ബാബു, കെ.കെ.ശിവരാമൻ (സിപിഐ), എം ടി.രമേശ് (ബിജെപി), ടി.എം. സലിം (മുസ്ലിം ലീഗ്), എം.ജെ. ജേക്കബ് (കേരള കോൺഗ്രസ്സ് എം), ജോണി നെല്ലൂർ (കേരള കോൺഗ്രസ്സ് ജേക്കബ്) എം.കെ. ജോസഫ്, കെ.എം.തോമസ് (ജനദാദൾ എസ്), ഷെയ്ക്ക് പി.ഹാരിസ് (ലോക് താന്ത്രിക് ജനതാദൾ), പി.ജി പ്രസന്നകുമാർ (ആർ.എസ്‌പി) സലിം പി.മാത്യു (എൻ.സി.പി), സി.വേണുഗോപാലൻ നായർ (കേരള കോൺഗ്രസ്സ് ബി), ഡീൻ കുര്യാക്കോസ് എംപി, എംഎ‍ൽഎമാരായ പി.ജെ. ജോസഫ്, എസ്.രാജേന്ദ്രൻ, പി.സി ജോർജ്, റോഷി അഗസ്റ്റിൻ, ഇ.എസ്. ബിജിമോൾ എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു, ലാന്റ് റവന്യൂ കമ്മീഷണർ സി.എസ്.ലത, ഇടുക്കി കളക്ടർ എച്ച്.ദിനേശ് എന്നിവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP